ADVERTISEMENT

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. ഇത്രയും മികച്ചൊരു സംവിധായകനെ മലയാളത്തിന് ലഭിച്ചത് വിധിയുടെ വൈപരീത്യം മൂലമാണെന്നറിയാമോ? ആ കഥയും കഥയിലെ ‘വില്ലനെ’യും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുകയാണ് സഞ്ചാരിയും വ്ലോഗറുമായ ബല്‍റാം മേനോന്‍.

halais-restaurant2
Image Source: Halais Alappuzha Facebook page

ചെറുപ്പകാലത്ത് ക്രിക്കറ്റെന്നു വച്ചാല്‍ ജീവനായിരുന്നു പ്രിയദര്‍ശന്. നന്നായി പഠിച്ച് ഒരു ബാങ്ക് ജോലിയൊക്കെ നേടണം, കുറേ ക്രിക്കറ്റ് കളിക്കണം എന്നൊക്കെ വിചാരിച്ചു നടന്ന പ്രായം. അങ്ങനെയിരിക്കെ ഒരു ദിനം ക്രിക്കറ്റ് കളിക്കിടെ പന്ത് വന്ന് പ്രിയദര്‍ശന്‍റെ ഇടതു കണ്ണില്‍ കൊണ്ടു. കണ്ണിനു സാരമായി പരുക്കേറ്റു. അതിനു ശേഷം പ്രിയദർശന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു.

പിന്നീട് ശ്രദ്ധ സിനിമയിലേക്കായി. അന്ന് പ്രിയദര്‍ശന്‍റെ കണ്ണില്‍ പന്തെറിഞ്ഞ ആ കൂട്ടുകാരനും പിന്നീട് കളി നിര്‍ത്തി, രുചിയുടെ ലോകത്തേക്ക് കാലെടുത്തു വച്ചു. ഇന്ന് ആലപ്പുഴക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബിരിയാണി വിളമ്പുന്ന ഹലായീസ് റസ്റ്ററന്‍റ് നടത്തുകയാണ് അദ്ദേഹം. ഹനീഫ എന്നാണ് ഇദ്ദേഹത്തിന്‍റെ പേര്. ആളുകള്‍ സ്നേഹത്തോടെ ഹനീഫിക്ക എന്നു വിളിക്കും.

കാഴ്ച കണ്ട്, രുചിയറിഞ്ഞ യാത്ര

ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായൽത്തീ‌രങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതകളാണ്. കായല്‍പ്പരപ്പില്‍  അത്യാഡബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്.

halais-restaurant1
Image Source: Halais Alappuzha Facebook page

ഒാളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ്. ആലപ്പുഴയിലെ പ്രധാന ആകർഷണം ബീച്ചാണ്. കടൽത്തീരം മാത്രമല്ല നാവിന്റെ രസമുകുളങ്ങളെ രുചിയിലാഴ്ത്തുന്ന നാടൻ വിഭവങ്ങളുടെ കലവറ കൂടിയാണ് ആലപ്പുഴ.

halais-restaurant3
Image Source: Halais Alappuzha Facebook page

ആലപ്പുഴയിലെ ഒരു കൊച്ചുഡല്‍ഹി എന്നാണ് ബല്‍റാം മേനോന്‍ ഹലായീസ് റസ്റ്ററന്‍റിനെ വിശേഷിപ്പിക്കുന്നത്. ഡല്‍ഹിയിലൊക്കെ കാണുന്നതു പോലെയുള്ള ക്രമീകരണങ്ങളാണ് ഇവിടെയുള്ളത്. പ്രശസ്ത യാത്രാ വെബ്സൈറ്റായ ട്രിപ്പ്‌അഡ്വൈസര്‍ റാങ്കിങ് പ്രകാരം ആലപ്പുഴയിലെ റസ്റ്ററന്‍റുകളില്‍ ജനപ്രീതിയില്‍ രണ്ടാം സ്ഥാനമാണ് ഹലായീസിനുള്ളത്.

ഭക്ഷണപ്രിയരെ കാത്ത് രുചിനിറച്ച വിഭവങ്ങൾ

ആലപ്പുഴയിലേക്ക് യാത്ര പോകുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ് ഇവിടം. അനന്തനാരായണപുരത്താണ് ഹലായീസ്. മട്ടൺ ബിരിയാണി, ബീഫ് ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കന്‍ ബിരിയാണി, ചിക്കന്‍ മന്തി, മിക്സഡ് ഫ്രൈഡ് റൈസ്, എഗ്ഗ് ഫ്രൈഡ് റൈസ്, വെജ് ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ, പെപ്പർ ചിക്കൻ ഫ്രൈ, പെപ്പർ ചിക്കൻ ഇന്ത്യൻ തുടങ്ങി ധാരാളം വിഭവങ്ങള്‍ ഇവിടെ വിളമ്പുന്നുണ്ട്. കൂടാതെ ലഘുഭക്ഷണങ്ങളും ജ്യൂസുകളുമുണ്ട്. നോമ്പ് സമയത്ത് വെറും 250 രൂപയ്ക്ക് പത്തിനങ്ങള്‍ അടങ്ങിയ ഇഫ്താര്‍ കിറ്റും വന്‍ ഹിറ്റായിരുന്നു.

English Summary: Eatouts, Halais Restaurant Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com