ADVERTISEMENT

അതിരപ്പിള്ളിയിലേക്ക് ഉല്ലാസയാത്രയുമായി നടി നമിത പ്രമോദ്. വെള്ളച്ചാട്ടത്തിനരികില്‍ നിന്ന് എടുത്ത ചിത്രം നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകര്‍ ചിത്രത്തിന് താഴെ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. ഇളംനീല നിറമുള്ള കുര്‍ത്തി ടോപ്പും കൂളിങ് ഗ്ലാസുമണിഞ്ഞ് നില്‍ക്കുന്ന നമിതയെ ചിത്രത്തില്‍ കാണാം. ദിവ്യ പിള്ള, ദീപ്തി വിധുപ്രതാപ് തുടങ്ങിയവരും നമിതയുടെ ചിത്രത്തിന് കമന്‍റു ചെയ്തിട്ടുണ്ട്.

യാത്രകൾ നടത്താൻ ഒരുപാട് ഇഷ്ടമുള്ളയാളാണ് നമിത. കുടുംബമായും അല്ലാതെയും യാത്രകൾ നടത്താറുണ്ട്. ഒറ്റയ്ക്കിരിക്കാനും അൽപനേരം തിരക്കുകളിൽനിന്ന് ഒഴിഞ്ഞിരിക്കാനുമൊക്കെ ഇഷ്ടമാണെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഒട്ടും താൽപര്യമില്ലാത്തയാളാണ് താനെന്ന് നമിത. കൂട്ടിന് ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ മാത്രമേ യാത്രയ്ക്ക് ഒരർഥവും ഓളവുമൊക്കെയുണ്ടാവൂ എന്നാണ് നമിതയുടെ അഭിപ്രായം. ‘എപ്പോഴും ആളുകൾ ചുറ്റുമുള്ളതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഒറ്റയ്ക്ക് പോയി സ്ഥലങ്ങൾ കാണുക എന്നത് എനിക്ക് ആലോചിക്കാനാവില്ലെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ നമിത പറയുന്നുണ്ട്. 

നയാഗ്രയുടെ സൗന്ദര്യത്തിൽ മതിമറന്ന്– നമിത

ഇന്ത്യക്ക് പുറത്തു യാത്ര പോയിട്ടുള്ളതിൽ ഏറ്റവും ഇഷ്ടവും താല്പര്യവും തോന്നിയിട്ടുള്ള സ്ഥലം കാനഡയാണ്. നയാഗ്ര വെള്ളച്ചാട്ടവും ആ വെള്ളചാട്ടത്തിനടുത്തേക്കു പോകാനുള്ള ബോട്ട് യാത്രയുമൊക്കെ ഏറെ ഹരം പിടിപ്പിക്കുന്നതാണെന്നും നമിത പറയുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്. 

ദക്ഷിണേന്ത്യയിലെ നയാഗ്ര

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിപ്പുഴയില്‍, പശ്ചിമഘട്ടത്തിന് മുകൾ ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. ദക്ഷിണേന്ത്യയിലെ നയാഗ്ര എന്നാണ് വെള്ളച്ചാട്ടത്തിന്‍റെ ഓമനപ്പേര് തന്നെ. വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമായ ഇടതൂർന്ന ഹരിത വനങ്ങൾക്കരികിലായാണ് വെള്ളച്ചാട്ടം. 

തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലാണ് അതിരപ്പിള്ളി സ്ഥിതി ചെയ്യുന്നത്, കൊടും വനത്തിലായതിനാൽ രാത്രി യാത്ര അനുവദനീയമല്ല. രണ്ടിടങ്ങളിലെയും ചെക്ക്‌പോസ്റ്റുകൾ വൈകുന്നേരം ആറരയോടെ അടയ്ക്കും. അതിന് മുമ്പ് എല്ലാ വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളിലൂടെ പുറത്തുകടക്കണം.

വളഞ്ഞുപുളഞ്ഞ റോഡുകളും ചെറുഗ്രാമങ്ങളും പച്ചപ്പ് നിറഞ്ഞ മരങ്ങളും നിറഞ്ഞ ഭൂപ്രകൃതിയിലൂടെയാണ് ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര. ഇടതൂര്‍ന്ന മുളങ്കൂട്ടങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന നടപ്പാതയിലൂടെ സന്ദർശകർക്ക് വെള്ളച്ചാട്ടത്തിന് മുകളിൽ എത്താം. ഏഴാറ്റുമുഖം ടൂറിസം വില്ലേജിലെ ഓയിൽ പാം റിസർവിനു നടുവിലാണ് പാത.

ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മണ്‍സൂണ്‍ സമയത്താണ് വെള്ളച്ചാട്ടം ഏറ്റവും മനോഹരമാകുന്നത്. ഓരോ വർഷവും മൺസൂൺ മാസങ്ങളിൽ നിരവധി വിനോദസഞ്ചാരികളാണ് അതിരപ്പിള്ളി വെള്ളച്ചാട്ടവും അടുത്തുള്ള വാഴച്ചാൽ പിക്നിക് സ്ഥലവും സന്ദർശിക്കുന്നത്. നിരവധി മലയാള സിനിമകൾക്കും ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷാ സിനിമകൾക്കുമെല്ലാം ഇവിടം ലൊക്കേഷനായിട്ടുണ്ട്.

സഞ്ചാരികള്‍ക്കായി തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെയും അതിരപ്പിള്ളി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലിന്‍റെയും നേതൃത്വത്തിൽ ചാലക്കുടി മുതൽ മലക്കപ്പാറ വരെ പ്രതിദിന ജംഗിൾ സഫാരി യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. മണ്‍സൂണ്‍ കഴിഞ്ഞുള്ള സമയമായതിനാല്‍ ഈ സമയത്ത് കാണാന്‍ അതിസുന്ദരമാണ് അതിരപ്പള്ളി വെള്ളച്ചാട്ടം.

English Summary: Namitha Pramod Shares Travel Pictures from Athirappilly Waterfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com