ADVERTISEMENT

കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന കാട്. അതിന് നടുവിലായി മുന്നു പാറകള്‍ ചേര്‍ന്ന് ആകാശം നോക്കിയിരിക്കും പോലൊരു പാറ അതാണ് കുടുക്കത്തുപാറ. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2,756 അടി ഉയരത്തിലുള്ള കുടുക്കത്തുപാറ കാടും മലകയറ്റവും ഇഷ്ടപ്പടുന്നവര്‍ക്ക് പറുദീസയാണ്. കുടുക്കത്തുപാറയുടെ മുകളിലെത്തിയാല്‍ കേരളത്തിലെ നാലു ജില്ലകളും തമിഴ്‌നാടിന്റെ ഒരു ഭാഗവും കാണാം. കൊല്ലം ജില്ലയിലെ അലയമണ്‍ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് ഈ സ്ഥലം. അഞ്ചലില്‍ നിന്നും ആനക്കുളം ഓന്തുപച്ച റോഡിലൂടെ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടുക്കത്തുപാറയിലേക്ക് സ്വാഗതം പറയുന്ന ആര്‍ച്ച് കാണാം. 

 

100 പടികള്‍ കയറിയാൽ സായിപ്പിന്റെ ഗുഹ

 

Kudukkathupara
Nabeel milash/shutterstock

ഇവിടെ നിന്നുള്ള രണ്ടു കിലോമീറ്ററോളം ദൂരം നടന്നോ ജീപ്പിലോ കാറിലോ ബൈക്കിലോ പോകാം. കാടിനു നടുവിലൂടെയുള്ള ഈ വഴിയില്‍ നടന്നുപോവുന്നതുതന്നെ കുടുക്കത്തുപാറയിലേക്കുള്ള സ്വാഗതമാവും. പിന്നീട് കാല്‍നട തന്നെ യാത്രക്ക് ശരണം. ചെക്‌പോസ്റ്റില്‍ നിന്നും കുടുക്കത്തുപാറയിലേക്കുള്ള പടികള്‍ ആരംഭിക്കും. ആകെ 360 പടികള്‍ കയറി വേണം മുകളിലേക്കെത്താന്‍. പാതയില്‍ ഇരുമ്പു കൈവരികള്‍ കൊണ്ട് സുരക്ഷയൊരുക്കിയിട്ടുണ്ട്. മലകയറി ക്ഷീണിച്ചാല്‍ ഇടക്കിരുന്നൊന്നു വിശ്രമിക്കാന്‍ കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. 

100 പടികള്‍ കയറി കഴിഞ്ഞാല്‍ സായിപ്പിന്റെ ഗുഹയിലെത്തും. ഇവിടെ രണ്ടാംലോക മഹായുദ്ധകാലത്ത് ഒരു ജര്‍മന്‍ സായിപ്പ് താമസിച്ചിരുന്നുവെന്നും അതാണ് ഈ പേരിന് പിന്നിലെന്നുമാണ് പറയപ്പെടുന്നത്. പെട്ടെന്നൊരു ദിവസം സായിപ്പ് അപ്രത്യക്ഷമായെന്ന കൂട്ടിച്ചേര്‍ക്കലും ഈ കഥക്കുണ്ട്. സായിപ്പ് മാത്രമല്ല നമ്മുടെ നാട്ടുകാരും പല സാഹചര്യങ്ങളിലും അഞ്ച് പേര്‍ക്ക് കഴിയാന്‍ സൗകര്യമുള്ള ഈ സായിപ്പിന്റെ ഗുഹയില്‍ മുമ്പ് ഒളിവില്‍ കഴിച്ചിരുന്നുവെന്നും കഥകളുണ്ട്. 

 

കുറച്ചുകൂടി മുകളിലേക്ക് കയറിയാല്‍ കോണ്‍ഫറന്‍സ് പാറയെത്തും. അഞ്ചൂറാളെ പേരെ വെച്ച് ഒരു ചെറിയ സമ്മേളനം തന്നെ നടത്താന്‍ വിസ്താരമുള്ള ഈ പാറക്ക് വേറെന്ത് പേരിടുമല്ലേ... ഈ വനമേഖലയില്‍ ആരോഗ്യപച്ചയെന്ന ഔഷധചെടിയും കണ്ടുവരാറുണ്ട്. ആരോഗ്യപച്ച സ്ഥിരമായി കഴിച്ചാല്‍ പ്രായമാവുന്നത് തടയാനാവുമെന്നാണ് ഇവിടെയുള്ള ആദിവാസികളുടെ വിശ്വാസം. 

2,756 അടി ഉയരത്തിലുള്ള കുടുക്കത്തുപാറയുടെ 2,559 അടി ഉയരം വരെ മാത്രമേ കയറി ചെല്ലാനാവൂ. ഇനിയുള്ള ഉയരം കുത്തനെയായതിനാല്‍ കയറാനാവില്ല. ഇവിടെ നിന്നുള്ള കാഴ്ച്ചകള്‍ തന്നെ മനം നിറയ്ക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ഭാഗങ്ങള്‍ ഇവിടെ നിന്നും കാണാനാവും. 

 

കുടുക്കത്തുപാറയ്ക്കു മുകളില്‍

 

360 കല്‍പടവുകള്‍ക്കു മുകളിലുള്ള കുടുക്കത്തുപാറയ്ക്കു മുകളില്‍ അടുക്കളപാറയെന്നും ട്രെയിന്‍ പാറയെന്നും പേരുള്ള പാറകളുണ്ട്. മുകളിലെത്തുന്ന സഞ്ചാരികള്‍ ഭക്ഷണം പാകം ചെയ്താണ് അടുക്കള പാറക്ക് ആ പേര് ലഭിച്ചത്. കുടുക്കത്തുപാറയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗത്താണ് ജഡായുപാറ. തെക്കു കിഴക്കേ ഭാഗത്തായി പൊന്മുടി മലനിരകളും തെളിഞ്ഞ കാലാവസ്ഥയില്‍ സന്ധ്യാ നേരങ്ങളില്‍ തങ്കശേരി വിളക്കു മരത്തിന്റെ പ്രകാശവും കുടുക്കത്തുപാറയില്‍ നിന്നും കാണാനാകും. സഞ്ചാരികളുടെ വലിയ ബഹളങ്ങളില്ലാതെ പ്രകൃതിയില്‍ അലിഞ്ഞുകൊണ്ടുള്ള യാത്രക്കു പുറപ്പെടുന്നവര്‍ക്ക് കുടുക്കത്തുപാറ തെരഞ്ഞെടുക്കാം. 

English Summary: Kudukkathupara Eco tourism in kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com