മേഘമാലകളും കോടമഞ്ഞിന് പുതപ്പുമണിഞ്ഞ്, ചാര്‍ളിയുടെ സ്വന്തം സുന്ദരി ഇവിടെയുണ്ട്!

Mail This Article
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചാര്‍ളി എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ അതിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന അതിന്‍റെ ലൊക്കേഷന്‍. എവിടെയാണ് ഈ സ്ഥലം എന്ന് അന്വേഷിച്ച് നടന്നവര്‍ എത്തിയത് പീരുമേട്ടിലെ തെപ്പക്കുളത്ത് സ്ഥിതി ചെയ്യുന്ന ലാഡ്രം എസ്റ്റേറ്റിലായിരുന്നു. കുട്ടിക്കാനം - വാഗമൺ റൂട്ടിന് സമീപമുള്ള ഈ സുന്ദരഭൂമിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്നു.
കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ഒരു ദിവസം ചിലവഴിക്കാൻ വളരെ മികച്ച ഒരിടമാണ് ഇത്. അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ ഇവിടേക്ക് എത്തിച്ചേരാനാവും. മുണ്ടക്കയം വഴി പോകുമ്പോള്‍ കൊടികുത്തിമലയിലെ മനോഹരമായ കാഴ്ചകള്‍ കണ്ടു നേരെ വളഞ്ഞങ്ങാനത്തേക്ക് വെച്ചുപിടിക്കാം. വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച ആസ്വദിച്ച് ഒരു ചൂടുചായയൊക്കെ കുടിച്ച് കുറച്ചു നേരം അവിടെ ചിലവഴിക്കാം. അവിടെ നിന്ന് നേരെ കുട്ടിക്കാനത്തേക്ക്. കുട്ടിക്കാനത്ത് നിന്നും പത്തുകിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. പോകുംവഴി ചുറ്റുമുള്ള മലകളില്‍ നിന്നും മഞ്ഞിറങ്ങിവരുന്നത് കാണാം. ഒപ്പം ചെറിയ ചെറിയ നീര്‍ച്ചോലകളും വെള്ളച്ചാട്ടങ്ങളും സമൃദ്ധം. വണ്ടി അല്‍പ്പനേരം നിര്‍ത്തിയിട്ട് ഈ കാഴ്ചകള്‍ ആസ്വദിക്കുന്ന സഞ്ചാരികളെ വഴിനീളെ കാണാം.
പാമ്പനാര്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞു വലത്തേക്ക് ഒരു നാലു കിലോമീറ്റര്‍ പോയാല്‍ ലാഡ്രം എസ്റ്റേറ്റിലേക്കുള്ള വഴിയെത്തി. ചാർലിയുടെ ഭൂരിഭാഗം രംഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചത്. എസ്റ്റേറ്റിലേക്കുള്ള വഴി നടന്നുകയറുന്നത് മനോഹരമായ അനുഭവമാണ്. അരികിലായി ഓടിട്ട കുഞ്ഞു വീടുകള്‍ കാണാം. നീലയുടെ വിവിധ ഷേഡുകളില്‍ ഒരേ നിരയില്‍ നിർമിച്ച ചെറുവീടുകള്‍ ഒരു പെയിന്‍റിംഗ് പോലെ തോന്നിക്കും. വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ നിന്നുള്ള ആളുകള്‍ താമസിക്കുന്ന പ്രദേശമാണിത്. അടുത്തുള്ള തേയിലത്തോട്ടങ്ങളില്‍ പണിയെടുത്താണ് ഇവരില്‍ കൂടുതല്‍പേരും ജീവിക്കുന്നത്.
ദൂരെയായി ശിവമല എന്നൊരു മലയും കാണാം. തെപ്പക്കുളത്തെത്തുന്ന സഞ്ചാരികള്‍ സാധാരണയായി ഈ മലയും കയറാറുണ്ട്. കാഴ്ചകള്‍ കണ്ടുകണ്ട് നടന്നാല്‍ നേര ലാഡ്രം തേയില എസ്റ്റേറ്റില്‍ എത്തും.
തേയിലത്തോട്ടങ്ങള്‍ക്കും പച്ചപ്പിനും മലകള്‍ക്കും അവയ്ക്കിടയിലൂടെ പറന്നുനടക്കുന്ന മേഘക്കൂട്ടങ്ങള്‍ക്കുമെല്ലാമിടയില്‍ ഒരു അടിപൊളി എല്‍പി സ്കൂളുണ്ട് ഇവിടെ. ഇടയ്ക്കിടെ അവിടവിടെയായി മേയുന്ന ആട്ടിന്‍കുട്ടികളെ കെട്ടിയിട്ടിരിക്കുന്നതു കാണാം. ചുറ്റുമുള്ള ആളുകള്‍ വളര്‍ത്തുന്നവയാണ്.
സ്കൂളിനു താഴെയായി തെപ്പക്കുളം എന്നു പേരുള്ള ഒരു കുളമുണ്ട്. സിനിമ ഇറങ്ങിയതില്‍പ്പിന്നെ ചാര്‍ളിക്കുളം എന്നാണ് ഇത് അറിയപ്പെടുന്നത്. ചാര്‍ളി കൂടാതെ സഖാവ് എന്നൊരു സിനിമയുടെ ഒരു സ്റ്റണ്ട് സീനും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ചുറ്റും നിരന്നുനില്‍ക്കുന്ന പൈന്‍ മരങ്ങളും തേയിലച്ചെടികളും പച്ചപ്പുമെല്ലാം നിറഞ്ഞ് വളരെയധികം ശാന്തമാണ് കുളവും പരിസരവും. കുളത്തില്‍ നിറയെ ആമ്പല്‍ച്ചെടികളാണ്. മഴക്കാലത്ത് മാത്രമാണ് ഈ കുളത്തില്‍ വെള്ളമുണ്ടാവുക. സാധാരണയായി വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ക്കും മറ്റുമായി നിരവധി ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്.
മഴക്കാലത്തും വേനല്‍ക്കാലത്തും വ്യത്യസ്ത മുഖമാണ് എസ്റ്റേറ്റിനും ചുറ്റുമുള്ള പ്രകൃതിയ്ക്കും. മണ്‍സൂണ്‍ കഴിയുമ്പോള്‍ ഇവിടം മുഴുവന്‍ പച്ചപ്പു നിറഞ്ഞു കൂടുതല്‍ മനോഹരമാകും. അതുകൊണ്ടുതന്നെ ഇവിടേക്കുള്ള യാത്രയ്ക്ക് വേനല്‍മാസങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
English Summary: Ladram Estate Charlie Movie Location