ADVERTISEMENT

പോക്കറ്റില്‍ ഒതുങ്ങുന്ന ചെലവില്‍ കുട്ടനാടിന്‍റെ കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാന്‍ അവസരമൊരുക്കി സംസ്ഥാന ജലഗതാഗത വകുപ്പ്. ഒരു കോടി 90 ലക്ഷം രൂപ ചെലവില്‍ സര്‍ക്കാര്‍ കറ്റാമറൈൻ ബോട്ട് നീറ്റിലിറങ്ങി. ശനിയാഴ്ച ആലപ്പുഴ മാതാജെട്ടിയിൽ നിന്ന് തുടങ്ങിയ രണ്ടു ട്രിപ്പിലും ബോട്ട് നിറയെ സഞ്ചാരികളുണ്ടായിരുന്നു. 

see-kuttanad-boat-2

 

see-kuttanad-boat-1

കുട്ടനാട്ടില്‍ നിന്ന് പിടിച്ച ഫ്രഷ്‌ മീനിന്‍റെ കറിയും കപ്പയുമായിരുന്നു യാത്രക്കാര്‍ക്ക് ഉച്ചഭക്ഷണമായി വിളമ്പിയത്. വൈകീട്ട് ലഘുഭക്ഷണവും നല്‍കി. കുടുംബശ്രീ ആണ് ഭക്ഷണം ഒരുക്കുന്നത്. വരുംദിനങ്ങളില്‍ നൂറുരൂപയ്ക്ക് കുടുംബശ്രീയുടെ ഉച്ചഭക്ഷണം ബോട്ടിനുള്ളില്‍ ലഭ്യമാക്കും. ഭക്ഷണവിതരണത്തിന്‌ പ്രത്യേക കഫ്റ്റീരിയ ഭാഗവും ഇതിനുള്ളില്‍ ഉണ്ട്.

see-kuttanad-boat-3

 

മൂന്നുമണിക്കൂര്‍ നീളുന്ന യാത്രയാണിത്. രാവിലെ പത്ത് മുതൽ ഒന്നു വരെയും മൂന്നു മുതൽ ആറു വരെയും രണ്ടു ട്രിപ്പാണ് ഇപ്പോഴുള്ളത്. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ സഞ്ചാരികൾക്ക്‌ കായൽക്കാഴ്‌ചകൾ കാണാൻ അവസരമൊരുക്കുകയാണ്‌ സീ കുട്ടനാട്‌. ഐആർഎസിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട്‌ നിർമിച്ച സ്‌റ്റീല്‍ ബോട്ടാണിത്. പുതിയ ബോട്ടിന് 20 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉണ്ട്. ഇതിന് 7 നോട്ടിക്കൽ മൈൽ (മണിക്കൂറിൽ 13 കിലോമീറ്ററോളം) വേഗം കൈവരിക്കാൻ കഴിയും. രണ്ടു നിലകളുള്ള ബോട്ടിന്‍റെ മുകള്‍ഭാഗത്ത് 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. മുകൾ നിലയ്‌ക്ക്‌ 300 രൂപയും താഴെ 250 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌.

 

പുന്നമട ഫിനിഷിങ്‌ പോയിന്‍റ്, സ്‌റ്റാർട്ടിങ്‌ പോയിന്‍റ് , സായികേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്‍റെ മൂല, രംഗനാഥ്‌, സി ബ്ലോക്ക്‌, വട്ടക്കായൽ, ചെറുകായൽ, കൈനകരിയിലെ ചാവറയച്ചന്‍റെ ജന്മഗൃഹം എന്നിവിടങ്ങളിലേക്കാണ് ഒരുവശത്തേക്കുള്ള യാത്ര. പിന്നീട് മംഗലശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക്‌ പാലസ്‌ റിസോർട്ട്‌ വഴി ആലപ്പുഴയിലെത്തും. ആദ്യയാത്രയില്‍ ബോട്ടിലെ യാത്രക്കാര്‍ കൈനകരിയിലെ ചാവറയച്ചന്‍റെ ജന്മഗൃഹത്തിൽ 20 മിനിറ്റിലേറെ സമയം ചെലവഴിച്ചു. 

 

English Summary: See Kuttanad Boat Service By State Water Transport Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com