ഇടുക്കിയിലെ എല്ല് കറിയും മൊരിഞ്ഞ പൊറോട്ടയും ഏഷ്യാഡും; വൈബ് മാത്രമല്ല രുചിയിലും കേമനാണ് ഇവിടം

kappa
Image Source: balme24/Instagram
SHARE

ഓരോ നാടിനും അവർക്കു സ്വന്തമായ രുചികളുണ്ട്. അത്തരത്തിൽ ഏറെ വ്യത്യസ്തമായ പേര് നൽകപ്പെട്ടിട്ടുള്ള ഒരു വിഭവമാണ് ഏഷ്യാഡ്‌. എന്താണ് ഏഷ്യാഡ്‌ എന്ന് തിരഞ്ഞു പോയാൽ കപ്പയും എല്ലും ഒരുമിച്ചു ചേർത്ത് വേവിച്ചെടുക്കുന്ന, ഇടുക്കിക്കാരുടെ സ്വന്തം വിഭവത്തിലേക്കെത്തും. മറ്റുള്ള നാട്ടുകാർ കപ്പ ബിരിയാണി എന്ന് പേരിട്ടു വിളിക്കുന്ന ഈ രുചികൂട്ടിനു ഏതു നാട്ടിലും ആരാധകരേറെയാണ്. പോത്തിന്റെ എല്ലും അതിൽ നിന്നു ഒഴുകിയിറങ്ങുന്ന നെയ്യും ഗ്രാമ്പുവും കറുവപ്പട്ടയും കുരുമുളകുമൊക്കെ ചേർന്ന മസാല സമ്മാനിക്കുന്ന മണവും കൂടിയാകുമ്പോൾ കാണുന്നവന്റെ ഉള്ളിൽ കൊതിയുടെ പെരുമ്പറ മുഴങ്ങും. ഇതുമാത്രമല്ല, ഈ മലയോര നാടിനു പറയാൻ വേറൊരു വിശേഷ വിഭവം കൂടിയുണ്ട്, എല്ല് കറി. നല്ല മൊരിഞ്ഞ പൊറോട്ടയുടെ മുകളിൽ ആ എല്ലു കറിയുടെ ചാറൊഴിക്കണം. എന്നിട്ടു കുതിർന്നു തുടങ്ങുന്ന ആ പൊറോട്ട മുറിച്ചെടുത്തു വായിൽ വെക്കണം. ഹാ ! എല്ലാ ചിന്തകളെയും വിസ്മരിപ്പിക്കുന്ന രുചിയുടെ പെരുമഴ.

എല്ലും കപ്പയും ഒരുമിച്ചു വേവിക്കുന്ന ഏഷ്യാഡും നല്ല എല്ല് കറിയും, ഇത് രണ്ടും വിളമ്പുന്ന ഒരു ചെറിയ ഹോട്ടലുണ്ട്, തൊടുപുഴയിൽ. കൃത്യമായി പറഞ്ഞാൽ തൊടുപുഴ - മൂലമറ്റം റോഡിൽ 14 കിലോമീറ്റർ മാറി കുടയത്തൂരിൽ. ലിജു ഹോട്ടൽ, കപ്പ ബിരിയാണിയും എല്ലുകറിയും മാത്രമല്ല ഇടിയിറച്ചിയും ഇവിടുത്തെ സ്പെഷ്യൽ വിഭവമാണ്. പ്രഭാത ഭക്ഷണം വിളമ്പുമ്പോൾ മുതൽ തന്നെ ഇവിടെയെത്തുന്നവർക്കു എല്ലുകറിയുടെ സ്വാദറിയാം. ഏതു പ്രധാനഭക്ഷണത്തിനൊപ്പവും ആ കറി കൂടി ചേരുമ്പോൾ രുചി അൽപം കൂടുമെന്നാണ് ഹോട്ടലിലെത്തുന്ന സ്ഥിരം സന്ദർശകരുടെ സാക്ഷ്യം.

beef-bone-curry

വൈകുന്നേരങ്ങളിലാണ് ഹോട്ടലിൽ തിരക്കേറുക. അന്നേരങ്ങളിൽ പൊറോട്ടക്കൊപ്പം എല്ലുകറി കൂട്ടി കഴിക്കാൻ വരുന്നവരിൽ പ്രദേശവാസികൾ മാത്രമല്ല, ആ രുചി വൈവിധ്യം കേട്ടറിഞ്ഞെത്തുന്ന അതിഥികളും ധാരാളം ഉണ്ടാകും. സ്വന്തം നാട്ടിൽ തന്നെ ഉണ്ടായ ചേരുവകൾ ചേർത്തു തയാറാക്കുന്നതു കൊണ്ട് വിഭവങ്ങളെല്ലാം രുചിയിലും മണത്തിലുമൊക്കെ ഒരല്പം മുമ്പിൽ തന്നെയാണ്. നാട്ടിൻപുറത്തിന്റെ എല്ലാ കാഴ്ചകളും ഇവിടെയും കാണാവുന്നതാണ്. പത്രാസോ പ്രൗഢിയോ ഒന്നുമില്ലാത്ത, തനി നാടൻ അടുക്കളയിൽ, വിറകടുപ്പിലാണ് ഈ വിഭവങ്ങളെല്ലാം തയാറാക്കുന്നത്. 

ഉരുളിയിലെ ചൂടിൽ വെന്തു പാകമാകുന്ന ബീഫ് ഉലർത്തിയതും കൊഴുത്ത ചാറിൽ മുങ്ങി കിടക്കുന്ന പോത്തിന്റെ എല്ലും, വെന്തു ഉടഞ്ഞ് എല്ലേത് കപ്പയേതെന്നു അറിയാത്ത ഏഷ്യാഡുമൊക്കെ കഴിക്കണമെന്നുള്ളവർ പതിയെ തൊടുപുഴയിലേക്ക് വണ്ടി വിട്ടോ. നാട്ടിൻപുറത്തിന്റെ ശീലങ്ങളും രുചി നിറച്ച വിഭവങ്ങളും വയറു നിറയുന്നതുവരെ മിതമായ വിലയിൽ വാങ്ങി കഴിക്കാം.

English Summary:  Eatouts Idukki special Beef Bone Curry and Asiad

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS