ADVERTISEMENT

ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് നടി മുക്ത ജോര്‍ജ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മുക്ത വെള്ളിത്തിരയ്ക്ക് പ്രിയങ്കരിയായി. ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കുഞ്ഞുമകള്‍ കണ്മണിയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

 

 

മുക്തയും കുടുംബവും ഇടക്കിടെ അവധിക്കാല യാത്രകള്‍ നടത്താറുണ്ട്‌. യാത്രാചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇക്കുറി മുക്തയുടെയും കുടുംബത്തിന്‍റെയും ക്രിസ്മസ് അവധിക്കാലം വയനാട്ടിലായിരുന്നു. വയനാട്ടില്‍ നിന്നുള്ള മനോഹരമായ വിഡിയോയും ചിത്രങ്ങളുമെല്ലാം മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മുക്തയുടെയും കുടുംബത്തിന്‍റെയും സന്തോഷം എന്നും ഇങ്ങനെതന്നെ നിലനില്‍ക്കട്ടെ എന്ന് നിരവധി ആളുകള്‍ ഇതിനു താഴെ കമന്‍റ് ചെയ്തിട്ടുണ്ട്.

 

മുന്‍കൂട്ടി പ്ലാൻ ചെയ്യുന്ന യാത്രകളോടാണ് മുക്തയ്ക്ക് പ്രിയം. ഒഴിവുസമയം കൂടുതലും വീട്ടിൽ ചെലവഴിക്കാനാണ് ഇഷ്ടം. ഇപ്പോൾ മകളുടെ വരവോടെ ഒന്നിനും സമയം പോരാ എന്ന മട്ടാണ്. ഒഴിവു ദിവസം കിട്ടിയാൽ വീട്ടില്‍ ഒരുപാടു ജോലി ചെയ്തുതീർക്കാനുണ്ടാവും. വീട് എപ്പോഴും പുതുതായി മിനുക്കിയെടുക്കലാണ് എന്റെ ഹോബിയെന്നും മുക്ത പറയുന്നു.

 

ഷൂട്ട് കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ ബാക്കിയുള്ള ദിവസങ്ങൾ എന്റെ കൺമണിയുമായി അടിച്ചുപൊളിക്കും. തിരക്കിട്ട ജീവിതത്തിൽ ആശ്വാസം നൽകുന്നത് യാത്രകളാണ്. ഞാനും റിങ്കുവും മകളോടൊപ്പം ചെറുയാത്രകൾ നടത്താറുണ്ട്. കൂടുതലും അടുത്തുള്ള സ്ഥലങ്ങളിലേക്കാണ്. ഹില്‍സ്റ്റേഷനാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്നും മനോരമ ഒാണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ മുക്ത പറഞ്ഞിട്ടുണ്ട്.

 

വയനാട്ടിലെ കോടമഞ്ഞും മരങ്ങളും നിറഞ്ഞ പ്രദേശത്തു നിന്നാണ് ഈ സുന്ദരദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളിലെ മഞ്ഞുകാലത്ത് വയനാടിന്‍റെ കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമെല്ലാം ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി വരികയാണ്. കേരളത്തില്‍ നിന്ന് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ ഇവിടേക്ക് എത്തുന്നു. 

 

മഞ്ഞുകാലത്ത് വയനാട്ടിലെ മലനിരകളിലെ ട്രെക്കിങ് ഒരു ജനപ്രിയ വിനോദമാണ്‌. പലയിടങ്ങളിലും രാത്രിയുടെ കുളിര്‍ ആസ്വദിച്ച് പ്രകൃതിയില്‍ ക്യാമ്പിംഗ് ചെയ്യാനുള്ള അവസരവുമുണ്ട്. കൂടാതെ, സിപ്പ് ലൈനിംഗ്, ഹൈക്കിംഗ്, ബോട്ടിംഗ് തുടങ്ങിയവയ്ക്ക് അവസരമുള്ള ഒട്ടേറെ ഇടങ്ങളും വയനാട്ടിലുണ്ട്. ഒറ്റയ്ക്ക് ചെയ്യാന്‍ മടിയുള്ളവര്‍ക്ക്, ഈ അവസരങ്ങള്‍ ഒരുക്കിനല്‍കുന്ന ഒട്ടേറെ റിസോര്‍ട്ടുകളും വയനാട്ടില്‍ സജീവമാണ്. 

 

വയനാട് മലനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര. മൂടൽമഞ്ഞ് നിറഞ്ഞ മേഘങ്ങൾക്കും പച്ചപ്പിനും ഇടയിൽ കിടക്കുന്ന ഈ സ്ഥലം വയനാട്ടിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ബാണാസുര സാഗർ അണക്കെട്ടിന്‍റെ സുന്ദരകാഴ്ചകളിലേക്ക് മിഴിതുറക്കുന്ന വ്യൂപോയിന്‍റും ഇവിടെയുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ട് പ്രദേശത്താകട്ടെ, ബോട്ടിംഗ്, ട്രെക്കിങ്, കുതിരപ്പന്തയം, ഒട്ടക സവാരി തുടങ്ങി നിരവധി സാഹസികവിനോദങ്ങള്‍ക്കും അവസരമുണ്ട്.

 

വയനാട്ടില്‍, കബനി നദിയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കുറുവ ദ്വീപ് പ്രകൃതി സ്‌നേഹികളുടെ പറുദീസയാണ്. ഇവിടെ മുള ചങ്ങാടങ്ങളിൽ സവാരി നടത്തുന്നത് അവിസ്മരണീയമായ അനുഭവമാണ്.  വയനാട്ടിലെ മറ്റൊരു വിനോദസഞ്ചാര ആകര്‍ഷണമായ പൂക്കോട് തടാകത്തിലും ബോട്ടിംഗ് പോലുള്ള വിനോദങ്ങള്‍ ഉണ്ട്, ഇവിടെ കുട്ടികൾക്കായി ഒരു അക്വേറിയവും ഉണ്ട്.

 

ജൈവസമൃദ്ധമായ തോൽപ്പെട്ടി വന്യജീവി സങ്കേതം, ഗുഹാചിത്രങ്ങള്‍ നിറഞ്ഞ എടക്കല്‍ ഗുഹകള്‍, നീലിമല വ്യൂ പോയിന്‍റ്, തിരുനെല്ലി ക്ഷേത്രം, ബ്രഹ്മ ഗിരി കുന്നുകളിൽ സ്ഥിതിചെയ്യുന്ന പക്ഷിപാതാളം, മീൻമുട്ടി വെള്ളച്ചാട്ടം, ചെതലയം വെള്ളച്ചാട്ടം തുടങ്ങിയവയെല്ലാം വയനാട്ടിലെ മറ്റു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. വയനാടിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായ കോഴിക്കോട് വരെ സഞ്ചാരികൾക്ക് ട്രെയിൻ ലഭിക്കും. കോഴിക്കോട്ടുനിന്ന് ടാക്സിയിലോ ബസിലോ വയനാട്ടിലേക്ക് പോകാം.

English Summary: Muktha Shares Travel Pictures from Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com