ADVERTISEMENT

യാത്രാപ്രേമികൾക്ക് വയനാട് എന്നാല്‍ ഒരു പറുദീസയാണ്. കോടമഞ്ഞ്‌ പാല്‍ പോലെ പരന്നൊഴുകുന്ന കുന്നിന്‍ചെരിവുകളും നുരയിട്ട്‌ തുള്ളിയൊഴുകുന്ന ചോലകളും ശാന്തമായ കാടും വളഞ്ഞുപുളഞ്ഞു പോകുന്ന കാട്ടുപാതകളുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം ഏതൊരു സഞ്ചാരിയെയും മറ്റൊരു മായാലോകത്തെത്തിക്കും. ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കാവട്ടെ, എണ്ണിയാല്‍ ഒടുങ്ങാത്തത്ര പാതകള്‍ വയനാട്ടിലെ മലനിരകളിലുണ്ട്.

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട വയനാട്ടിലെ രണ്ടു പാതകളാണ് ബാണാസുര മലനിരകളിലെയും കാട്ടുകുന്നിലെയും ട്രെക്കിങ് റൂട്ടുകൾ. പച്ചപ്പ് നിറഞ്ഞ പുൽമേടുകളാണ് ഇവിടുത്തെ ഹൈലൈറ്റ്. ഈ പ്രദേശങ്ങളില്‍ സൈക്ലിങ്, ക്യാംപിങ് മുതലായവയ്ക്കും സൗകര്യമുണ്ട്.

രാത്രി മുഴുവന്‍ ബാണാസുര ട്രെക്കിങ്

ട്രെക്കിങ്ങിനും സൈക്കിൾ സവാരിക്കുമായി ഒരുക്കിയിട്ടുള്ള ഒട്ടേറെ പാതകള്‍ ബാണാസുര കുന്നുകളിലുണ്ട്. മനോഹരമായ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള സൈക്ലിങ്ങിനും ട്രെക്കിങ്ങിനും ട്രാവൽ ഏജന്‍റ് മുഖേന പാക്കേജ് ബുക്ക് ചെയ്യണം.

ഏകദേശം 2000 മീറ്ററിൽ കൂടുതല്‍ ഉയരമുള്ള പര്‍വതനിരകളിലേയ്ക്ക്  20 കിലോമീറ്ററാണ് ട്രെക്കിങ്. ഈ യാത്ര പൂര്‍ത്തിയാക്കാന്‍ ഒരു രാത്രി മുഴുവന്‍ എടുക്കും. അതുകൊണ്ടുതന്നെ, പകല്‍ സമയത്ത് നന്നായി വിശ്രമിച്ച ശേഷം വേണം രാത്രി ട്രെക്കിങ് നടത്താന്‍. ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റും കൂടെ കരുതുകയും വേണം. വഴിയിലെങ്ങും മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് എല്ലാ സഞ്ചാരികളും ഉറപ്പുവരുത്തണം.  

ട്രെക്കിങ്ങിനിടെ ചില മാനുകളെയും  കാട്ടുപന്നികളെയും ആനക്കൂട്ടങ്ങളെയുമെല്ലാം കാണാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളില്‍ പരിചയസമ്പന്നരായ ഗൈഡുകള്‍ക്കൊപ്പം വേണം യാത്ര ചെയ്യാന്‍. ഏറ്റവും മുകളിലെത്തിയാല്‍ ക്യാമ്പ് ചെയ്തു ക്ഷീണം തീര്‍ക്കാം.

wayanad1
JBShots/Istock

കാട്ടുകുന്നിലെ കാഴ്ചകള്‍

ബാണാസുര കുന്നുകൾക്ക് സമീപത്തു തന്നെയാണ് കാട്ടുകുന്ന് പർവതനിരകള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ ബാണാസുര റിസർവോയർ കാണാനാകും. സ്വര്‍ഗീയ സുന്ദരമായ ഒട്ടേറെ തടാകങ്ങള്‍ ഇവിടെയുണ്ട്. അവയ്ക്ക് മുകളില്‍ പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങള്‍ പറന്നു നടക്കുന്നത് കാണാം. ഇവയില്‍ മുങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്ക് അധിക വസ്ത്രങ്ങള്‍ കയ്യില്‍ കരുതാം. മരങ്ങളും കുറ്റിക്കാടുകളുമെല്ലാം ധാരാളം ഉള്ള പ്രദേശമായതിനാല്‍ ഇവിടെ കൊതുകിന്‍റെ ശല്യം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ, കൊതുകിനെ അകറ്റുന്ന ക്രീമുകള്‍ ശരീരമാസകലം തേക്കുന്നത് നല്ലതാണ്.  ഈ ട്രെക്കിങ് സാധാരണയായി 4-5 മണിക്കൂറിനുള്ളിൽ അവസാനിക്കും. താല്‍പര്യമുള്ളവര്‍ക്ക് കാട്ടുകുന്നിന് മുകളിൽ ഒന്നുറങ്ങിയെണീറ്റ ശേഷം, അടുത്തുള്ള സായിപ്പു  കുന്നിലേക്ക് ട്രെക്കിങ് തുടങ്ങാം.

മീന്മുട്ടി വെള്ളച്ചാട്ടത്തിലിറങ്ങി കുളിക്കാം

കാട്ടുകുന്നിനും ബാണാസുര മലനിരകള്‍ക്കും അടുത്തായാണ്‌ മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഏകദേശം, 1000 അടി ഉയരത്തിലുള്ള വെള്ളച്ചാട്ടത്തിലേക്ക് പോകുന്നതും കാട്ടിലൂടെയുള്ള വഴിയിലൂടെയാണ്. സന്ദര്‍ശകര്‍ക്ക് വേണമെങ്കില്‍ വെള്ളച്ചാട്ടത്തിലിറങ്ങി കുളിക്കാം. രാവിലെ 10 മണി മുതൽ വെള്ളച്ചാട്ടം സന്ദർശകർക്കായി തുറന്നിരിക്കുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ കടകളിൽ നിന്ന് പ്രഭാതഭക്ഷണം ലഭിക്കും.

വെയിലെത്തും മുന്‍പേ

ഈ പ്രദേശങ്ങളെല്ലാം തന്നെ സൂര്യാസ്തമയ ശേഷമോ അല്ലെങ്കില്‍ പ്രഭാതത്തിലോ സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉത്തമം. വെയിലേല്‍ക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനാണിത്. ബാണാസുര കുന്നുകളായാലും കാട്ടുകുന്നായാലും താഴ്‌വര പ്രദേശങ്ങൾ രാവിലെ 10 മണിയോടെ തന്നെ ചൂടാവാന്‍ തുടങ്ങും.  

English Summary: Best Places for Trekking in Wayanad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com