വര്‍ഷം മുഴുവന്‍ മൂടല്‍മഞ്ഞും തണുപ്പും; തിരുവനന്തപുരത്തിന്‍റെ ഊട്ടി

Mail This Article
വര്‍ഷം മുഴുവനും മൂടല്‍മഞ്ഞും തണുപ്പും കാടുമൂടിക്കിടക്കുന്ന പര്‍വതനിരകളുടെ അതിസുന്ദരമായ കാഴ്ചകളുമെല്ലാമുള്ള ഹില്‍സ്റ്റേഷനാണ് പൊന്മുടി. തിരുവനന്തപുരത്തിന്‍റെ ഊട്ടി എന്നാണ് പൊന്മുടിയെ വിളിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് 56 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പൊന്‍മുടി സാഹസിക വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലും പ്രസിദ്ധമാണ്. വിസ്മയിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും പൊന്മുടിയിലും പരിസരപ്രദേശത്തുമായി ഉണ്ട്. സഞ്ചാരികള്‍ക്ക് മനസ്സു നിറഞ്ഞേ ഇവിടെ നിന്നും തിരിച്ചുപോരാനാവൂ. പൊന്‍മുടിയില്‍ യാത്ര പോകുമ്പോള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിലയിടങ്ങള്‍...
പേപ്പാറ വന്യജീവി സങ്കേതം
ഏകദേശം 75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ വന്യജീവി സങ്കേതത്തില്‍ സാമ്പാർ മാൻ, ആന, എന്നിവയുൾപ്പെടെ ഒട്ടേറെ മൃഗങ്ങളും വൈറ്റ് ബെല്ലിഡ് ട്രീപ്പി, മലബാർ ഗ്രേ ഹോൺബിൽ, ചെറിയ സൺബേർഡ് എന്നിങ്ങനെയുള്ള നിരവധി പക്ഷികളുമുണ്ട്. പ്രകൃതിസ്നേഹികള്‍ക്ക് സന്തോഷകരമായി ഒരു ദിനം ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുമണി വരെ ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. തിരുവനന്തപുരത്ത് നിന്നും ഏകദേശം 39 കിലോമീറ്റർ അകലെയാണ് പേപ്പാറ.
കോയിക്കൽ കൊട്ടാരം

വേണാട് രാജകുടുംബത്തിലെ ഉമയമ്മ റാണിക്ക് വേണ്ടി നിർമിച്ചതാണ് വാസ്തുചാരുത വഴിഞ്ഞൊഴുകുന്ന കോയിക്കൽ കൊട്ടാരം. തിരുവനന്തപുരത്ത് നിന്ന് 18 കിലോമീറ്റർ അകലെ നെടുമങ്ങാട് ഗ്രാമത്തിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഫോക്ക്‌ലോർ മ്യൂസിയവും വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള നാണയ ശേഖരം സൂക്ഷിച്ചിട്ടുള്ള മറ്റൊരു മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നു. രാവിലെ ഒന്‍പതുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഇവിടെ പ്രവേശനമുണ്ട്.

മങ്കയം വെള്ളച്ചാട്ടം
തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന മങ്കയം, പൊൻമുടിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ചേമുഞ്ചിയിലെ കൂറ്റൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചിറ്റാർ നദിയുടെ ഭാഗമാണ് മങ്കയം നദി. കൊടുംവനത്തിലൂടെ ഒഴുകുന്ന ഈ നദിയില്‍, കാലക്കയം, കുരിശടി എന്നിങ്ങനെ രണ്ടു വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. വംശനാശഭീഷണി നേരിടുന്ന ആടുകളുടെ ആവാസ കേന്ദ്രമായ വരയാടിൻ മൊട്ടയിലേക്ക് ഇവിടെ നിന്നും ട്രെക്കിംഗും നടത്താം. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് നാലുമണി വരെയാണ് ഇവിടേക്ക് പ്രവേശനമുള്ളത്.
അഗസ്ത്യമല ബയോസ്ഫിയർ റിസർവ്
സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിൽ, പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യമല ബയോസ്ഫിയർ റിസർവില്‍ ഏകദേശം 2254 ഓളം സസ്യ ഇനങ്ങളുണ്ട് എന്നാണ് കണക്കാക്കുന്നത്. നെയ്യാർ, പേപ്പാറ, ശെന്തുരുണി എന്നിവയുൾപ്പെടെയുള്ള വന്യജീവി സങ്കേതങ്ങളും ഇതിന്‍റെ ഭാഗമാണ്. പ്രകൃതിരമണീയമായ ഈ പ്രദേശത്ത് കൂടിയുള്ള യാത്ര സഞ്ചാരികള്‍ക്ക് പുത്തനുണര്‍വ് പകരുന്ന അനുഭവമാണ്.
ഗോള്‍ഡന്‍ വാലി
ചില്ലുപോലെ തെളിഞ്ഞ വെള്ളമൊഴുകുന്ന കൊച്ചരുവികളും പച്ചവിരിച്ച താഴ്വരകളും കോടമഞ്ഞണിഞ്ഞ കൊടുമുടികളുടെ കാഴ്ചയുമെല്ലാമായി, മനോഹരമായ ഒരിടമാണ് ഗോൾഡൻ വാലി. കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോൾഡൻ വാലിയില്‍ സ്വര്‍ണനിറമുള്ള കല്ലുകള്‍ കാണപ്പെടുന്നു. അടുത്തുള്ള മലനിരകളിലേക്ക് ട്രെക്കിംഗ് നടത്താനുള്ള ഒട്ടേറെ പാതകളുമുണ്ട്.
വരയാട്ടുമൊട്ട
പൊൻമുടി പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായി കണക്കാക്കപ്പെടുന്ന വരയാട്ടുമൊട്ട, നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ ആവാസകേന്ദ്രമെന്ന നിലയിൽ പ്രശസ്തമാണ്. 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പർവതശിഖരത്തിൽ പൊൻമുടിയിൽ നിന്നോ മങ്കയം ചെക്ക് പോസ്റ്റിൽ നിന്നോ എളുപ്പത്തിൽ എത്തിച്ചേരാം. അല്‍പ്പം കുത്തനെയുള്ള മലനിരകളും പാതകളും ആയതിനാല്‍ ഇങ്ങോട്ടേക്കുള്ള ട്രെക്കിംഗ് അത്ര എളുപ്പമല്ല. സഞ്ചാരികള്‍ക്കൊപ്പം സാധാരണയായി ഒരു ഫോറസ്റ്റ് ഗൈഡും ഉണ്ടാകും.
English Summary: Best Tourist Places to Visit in Ponmudi