മലനിരകളിലൂടെ ഒഴുകുന്ന കാറ്റ് പേറിവരുന്ന ഏലഗന്ധവും കണ്ണിനു കുളിരേകുന്ന പച്ചപ്പും മലനിരകളിലൂടെ വെള്ളപ്പായ വിരിച്ച് തെന്നിനീങ്ങുന്ന കോടമഞ്ഞും... തേക്കടിയെന്ന സുന്ദരിയുടെ വിശേഷങ്ങള്‍ പറഞ്ഞാലും തീരില്ല. കടുവകളുടെ വീടായ ഇടുക്കിയിലെ ഈ മനോഹര ഭൂമിയിലേക്ക് ഏതു സീസണിലും സഞ്ചാരികളുടെ വരവിന് കുറവുണ്ടാകാറില്ല. വണ്‍ ഡേ ട്രിപ്പിനു പറ്റിയ സ്ഥലമാണ് തേക്കടി, അല്‍പം നന്നായി പ്ലാന്‍ ചെയ്‌താല്‍ ഒട്ടേറെ സ്ഥലങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ടുതന്നെ കാണാം. തേക്കടിയുടെ പരിസരത്തുള്ള അത്തരം ചില കാഴ്ചകളും അനുഭവങ്ങളും അറിയാം.
പെരിയാർ വന്യജീവി സങ്കേതം
ഇന്ത്യയിൽ എല്ലാ സീസണുകളിലും തുറന്നിരിക്കുന്ന ദേശീയ പാർക്കുകൾ വളരെ കുറവാണ്, പെരിയാർ ദേശീയ ഉദ്യാനവും വന്യജീവി സങ്കേതവും അത്തരത്തിൽ ഒന്നാണ്. ആഴ്ചയിലെ ഏത് ദിവസവും രാവിലെ 6 നും വൈകുന്നേരം 7 നും ഇടയിൽ സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ട്. വന്യജീവി പ്രേമികൾക്ക് അതിരാവിലെ തന്നെ സഫാരി ടൂര്‍ ഉണ്ട് ഇവിടെ, രാത്രികാലങ്ങളിലാകട്ടെ നൈറ്റ് സഫാരിയും നടത്തുന്നു. കൂടാതെ, ദേശീയോദ്യാനത്തിന് നടുവിലുള്ള പെരിയാർ തടാകത്തില്‍ ഒന്നര മണിക്കൂർ ബോട്ടിങ് നടത്താനും സൗകര്യമുണ്ട്.

കുരിശുമല
തേക്കടിയിൽ നിന്ന് 4 കി.മീ ദൂരെയാണ് കുരിശുമല അഥവാ സ്പ്രിങ് വാലി മൗണ്ടൻ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലമുകളില്‍ നിന്നും നോക്കിയാല്‍ പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ മനോഹരമായ ദൃശ്യം കാണാം. ഏറ്റവും മുകളിലായി സെന്‍റ് തോമസ് ചര്‍ച്ചുണ്ട്, പുലർച്ചെ 4 മുതൽ രാത്രി 8:30 വരെ ഇവിടം സന്ദര്‍ശിക്കാം.
മുരിക്കടി
ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിശാലമായ തോട്ടങ്ങളാണ് മുരിക്കടിയിലെ പ്രധാനകാഴ്ച. ഇവയ്ക്കിടയില്‍ പിക്നിക് നടത്താനായി തേക്കടിയിലെത്തുന്ന സഞ്ചാരികള്‍ ഇവിടേക്ക് എത്താറുണ്ട്. തേക്കടിയിൽ നിന്ന് 5 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.

എലിഫന്‍റ് ക്യാംപ്
തേക്കടിയിലെ ആനവച്ചൽ റോഡിലാണ് എലിഫന്‍റ് ക്യാംപ് ഉള്ളത്. അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ നീളുന്ന ആന സവാരികളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ആനസവാരി സൗജന്യമല്ല എന്നകാര്യം പ്രത്യേകം ഓര്‍ക്കുക. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഇവിടം തുറന്നിരിക്കും.
മംഗളാദേവി ക്ഷേത്രം
പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തില്‍ നിന്നും 14 കിലോമീറ്റർ അകലെയാണ് പ്രശസ്തമായ മംഗളാദേവി ക്ഷേത്രം. പുരാതന ചേര- പല്ലവ- പാണ്ഡ്യ ശൈലിയിൽ പണികഴിപ്പിച്ച ക്ഷേത്രമാണിത്. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് ഇവിടുത്തെ പ്രതിഷ്ഠ. നിരപ്പിൽ നിന്നും ഏകദേശം 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ട്. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ടതാണ് മംഗളാദേവി ക്ഷേത്രം, ചിത്രപൗര്‍ണമി നാളിലെ വിശേഷ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഒട്ടേറെ ആളുകള്‍ എത്തുന്നു.
English Summary: English Summary: Places to Visit in Thekkady in 1 Day Trip