ADVERTISEMENT

വൈകുന്നേരങ്ങളില്‍ കാറ്റുംകൊണ്ട് സൊറ പറഞ്ഞിരിക്കാന്‍ കടലും മലയും കാടുകളുമെല്ലാമായി ഒട്ടേറെ ഇടങ്ങളുണ്ട് തിരുവനന്തപുരത്ത്. ഇവയില്‍ പലതും സഞ്ചാരികളുടെ ബാഹുല്യം മൂലം പലര്‍ക്കും അല്‍പ്പം ശ്വാസംമുട്ടലുണ്ടാക്കും. തിരക്ക് അത്ര പ്രിയമില്ലാത്തവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് തമ്പുരാൻ പാറ. പേരുകേള്‍ക്കുമ്പോള്‍ അത്ര പരിചയം പോരെങ്കിലും ആദ്യകാഴ്ചയില്‍ തന്നെ ഈ പാറക്കൂട്ടങ്ങളുമായി ആരും പ്രണയത്തിലാകും!

 

വെമ്പായത്തു നിന്നും നാലു കിലോമീറ്റര്‍ അകലെ, വെമ്പായം-ഒഴുക്കുപാറ റൂട്ടിൽ,  മാണിക്കൽ പഞ്ചായത്തില്‍ മദപുരം എന്ന സ്ഥലത്താണ് തമ്പുരാൻ പാറ. രാമായണകാലത്ത്, ഹനുമാൻ, മരുത്വാമലയുമായി ലങ്കയിലേക്ക് പോകുമ്പോള്‍ അതിന്‍റെ ഒരുഭാഗം ഇവിടെ വീണെന്നും അങ്ങനെയാണ് തമ്പുരാൻ പാറ രൂപപ്പെട്ടതെന്നും ഒരു കഥയുണ്ട്.

 

സമുദ്രനിരപ്പിൽ നിന്ന് 700 അടി ഉയരത്തിലാണ് ഈ പാറക്കൂട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ചെറിയൊരു ട്രെക്കിംഗ് നടത്തിവേണം, പാറയ്ക്ക് മുകളില്‍ എത്താന്‍. ഈയിടെയായി തിരക്ക് വർധിച്ചതിനാൽ സുരക്ഷിതമായ യാത്രയ്ക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പാറയുടെ മുകളിൽ കൈവരി ഒരുക്കിയിട്ടുണ്ട്. 

 

അതിമനോഹരമായ കാഴ്ചകള്‍ ഒരുക്കുന്ന ഒരു വ്യൂപോയിന്റാണിത്. മഞ്ഞുകാലത്ത് മൂടല്‍മഞ്ഞും തണുത്തകാറ്റും ഇവിടം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. സമൃദ്ധമായ പച്ചപ്പിനും ഉയരമുള്ള റബ്ബർ മരങ്ങൾക്കുമിടയിൽ, പക്ഷികളുടെ ശബ്ദം കേട്ടുനടക്കാം. സൂര്യോദയവും സൂര്യാസ്തമയവും കാണുന്നതും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.  

 

മുകളിലെ 15 അടി ഉയരമുള്ള ഗണപതി ശിലാവിഗ്രഹമാണ് മറ്റൊരു ആകർഷണം. ഇവിടെ ഒരു ചെറിയ ശിവക്ഷേത്രവുമുണ്ട്. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരിക്കലും വറ്റാത്ത ചെറിയ നീരുറവകളുണ്ട്. വളരെക്കാലം മുമ്പ്, ഈ ഉറവകളിൽ നിന്നുള്ള വെള്ളം ക്ഷേത്രത്തിലെ ആചാരങ്ങൾക്കായി എടുത്തിരുന്നു.

 

എല്ലായ്പ്പോഴും പോകാന്‍ പറ്റിയ ഇടമാണെങ്കിലും മണ്‍സൂണ്‍ മാസങ്ങളില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. പാറക്കെട്ടുകളില്‍ വഴുക്കല്‍ ഉണ്ടാകുന്നതിനാല്‍ അപകടം ഉണ്ടാകാന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പിക്നിക്കിന് പോകുന്നവര്‍ക്ക് ലഘുഭക്ഷണം കൊണ്ടുപോകാമെങ്കിലും മാലിന്യങ്ങള്‍ ഇവിടെ ഉപേക്ഷിക്കാന്‍ പാടില്ല. കൂടാതെ, കുട്ടികള്‍ക്കും ഇവിടം അത്ര സുരക്ഷിതമല്ല.

 

English Summary: Know More About Thampuranpara Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com