മേലെ ആകാശത്തു കാണുന്ന മേഘങ്ങള്‍ക്കും മുകളിലാണ് സ്വര്‍ഗമെങ്കില്‍ ചൊക്രമുടിയും സ്വര്‍ഗമാണ്. കാരണം സൂര്യനുദിക്കും മുമ്പ് ചൊക്രമുടിക്ക് മുകളിലെത്തിയാല്‍ അങ്ങുതാഴെ പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ നിരന്നു കിടക്കുന്നത് കാണാം. ഇതുകൊണ്ടൊക്കെയാണ് മൂന്നാറിലെ ചൊക്രമുടിയിലേക്കുള്ള ട്രെക്കിങ് ഓരോ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ടതാവുന്നത്.

പ്രശസ്തിയുടേയും ഉയരത്തിന്റെയും കാര്യത്തില്‍ ആനമുടിയോടും മീശപ്പുലിമലയോടും കട്ടക്കു നില്‍ക്കുന്ന മലയാണ് ചൊക്രമുടി. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിക്ക് 2,695 മീറ്ററും രണ്ടാമതുള്ള മീശപ്പുലിമലക്ക് 2,650 മീറ്ററും ഉയരമുണ്ടെങ്കില്‍ മൂന്നാമതുള്ള ചൊക്രമുടിക്ക് 2,643 മീറ്റര്‍ ഉയരമുണ്ട്. തേയിലതോട്ടങ്ങളുടേയും ആനമുടിയുടേയും ഇടുക്കി ഡാമിന്റേയുമെല്ലാം വ്യത്യസ്തമായ കാഴ്ചകള്‍ ചൊക്രമുടിയില്‍ നിന്നും ആസ്വദിക്കാനാവും.
എവിടെ?
മൂന്നാറില്‍ നിന്നും ദേവികുളം വഴിയാണ് ചൊക്രമുടിയിലേക്കെത്തുക. ചിന്നക്കനാല്‍ റോഡിലൂടെ ഗ്യാപ് റോഡിലെത്തി മുന്നോട്ട് പോവുമ്പോള്‍ വലതു വശത്തായി ചൊക്രമുടി ട്രെക്കിങ് ബേസ് ക്യാംപ് കാണാനാവും. സ്വദേശികള്‍ക്ക് 400 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് ഒരാളില്‍ നിന്നും ഈടാക്കുന്ന ടിക്കറ്റ് നിരക്ക്. മൂന്നാറിനടുത്തുള്ള പോതമേട്ടില്‍ നിന്നും ചൊക്രമുടിയിലേക്ക് കയറാനാവും.
മലകയറ്റം
അതിരാവിലെയും വൈകുന്നേരവും ചൊക്രമുടി മല കയറാമെങ്കിലും സൂര്യന്‍ ഉദിച്ചു വരുമ്പോഴാണ് ചൊക്രമുടി സമാനതകളില്ലാത്ത സുന്ദരഭൂമിയായി മാറുന്നത്. ബേസ് ക്യാംപില്‍ നിന്നും ചൊക്രമുടിയുടെ മുകളിലെത്തണമെങ്കില്‍ രണ്ട് മണിക്കൂര്‍ സമയമെടുക്കും. അനുഭവ സമ്പന്നരായ മലകയറ്റക്കാര്‍ക്ക് ഒന്നര മണിക്കൂറില്‍ താഴെ സമയം മതിയാവും. ഇത്രയും സമയമെടുക്കുന്നതിനാല്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രക്കിങ് ആരംഭിക്കുന്ന സ്ഥലത്തെത്തി റിപ്പോര്‍ട്ടു ചെയ്താല്‍ മാത്രമേ സൂര്യോദയത്തിന്റെ മായക്കാഴ്ച ആസ്വദിക്കാനാവൂ.
ട്രെക്കിങ് ആരംഭിച്ച് അര മണിക്കൂറിനകം തന്നെ മഞ്ഞും കാടും ചേര്‍ന്ന് നമ്മളെ മറ്റൊരു ലോകത്തെത്തിക്കും. ഒരോ നിമിഷവും മാറി മറിയുന്ന കാഴ്ച്ചകളാണ് ചൊക്രമുടിക്ക് മുകളിലുള്ളത്. നീലാകാശവും മഞ്ഞും മേഘവുമെല്ലാം മാറിക്കൊണ്ടേയിരിക്കും. ചൊക്രമുടിക്ക് മുകളിലെത്തിക്കഴിഞ്ഞാല്‍ വിശ്രമിക്കാന്‍ നിരവധി സ്ഥലങ്ങളുമുണ്ട്. അതുകൊണ്ട് വൈകുന്നേരം വരെ ഇവിടെ സമയം ചിലവഴിച്ച് തിരിച്ചിറങ്ങുന്നവരുമുണ്ട്. കയറാനെടുത്ത അത്രയും സമയം തിരിച്ചിറങ്ങുവാനായി വേണ്ടി വരില്ല.
ക്യാംപിങ്
ചൊക്രമുടിയിലെ കാഴ്ചകള്‍ കണ്ടുകൊണ്ട് മലമുകളില്‍ തന്നെ കഴിയാന്‍ ആഗ്രഹമുണ്ടോ? ഉള്ളവര്‍ക്ക് അതിനും ഇവിടെ സൗകര്യമുണ്ട്. ക്യാംപിങ്ങിനും ടെന്റിലെ താമസത്തിനുമായി അംഗീകാരമുള്ള ഏജന്റുമാരെ സമീപിച്ചാല്‍ മതിയാകും. പല തരത്തിലുള്ള പാക്കേജുകള്‍ സഞ്ചാരികള്‍ക്ക് ലഭിക്കും. ഉറങ്ങാനുള്ള സൗകര്യങ്ങള്‍ക്കൊപ്പം ഭക്ഷണവും വെള്ളവും ക്യാംപ് ഫയറുമൊക്കെ ലഭ്യമാണ്.
കൂടുതല്‍ സമയം ചൊക്രമുടിക്ക് മുകളില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ തണുപ്പ് നേരിടാന്‍ വേണ്ട വസ്ത്രങ്ങള്‍ കൂടി കയ്യില്‍ കരുതണമെന്ന് മാത്രം. ഇല്ലെങ്കില്‍ മരം കോച്ചുന്ന തണുപ്പില്‍ നിങ്ങളുടെ ശരീരം കൂടി മരവിച്ചു പോവാനിടയുണ്ട്. സാധനങ്ങളുടെ കൂട്ടത്തില്‍ ഒരു പവര്‍ബാങ്കും കരുതുന്നത് നല്ലതാണ്. ഇവിടെ റേഞ്ച് കൂടുതലുള്ളത് ബി.എസ്.എന്‍.എല്ലിനാണ്.
പറ്റിയ സമയം
മഞ്ഞുകാലമാണ് മൂന്നാറും ചൊക്രമുടിയുമൊക്കെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. കോടമഞ്ഞും തണുത്ത കാറ്റും വീശുന്ന സെപ്തംബര്‍ മുതല്‍ ഫെബ്രുവരി- മാര്‍ച്ച് വരെയുള്ള കാലമാണ് മലകയറാന്‍ ഏറ്റവും യോജിച്ചത്. മഴക്കാലവും കന്നത്ത വേനലും ഒഴിവാക്കുന്നതാണ് നല്ലത്.
English Summary: Chokramudi Peak Trekking Munnar