വീക്കെന്‍ഡില്‍ പോകാന്‍ തിരക്കില്ലാത്ത ഒരിടം; മഞ്ഞു വീഴുന്ന ഒട്ടകത്തലമേട്
Mail This Article
തേക്കടിയുടെ മനോഹാരിതയില്‍ വീണുപോകാത്ത സഞ്ചാരികളില്ല. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന തേക്കടി. മാത്രമല്ല, സഞ്ചാരികള്‍ക്കുള്ള സൗകര്യത്തിന്‍റെ കാര്യത്തിലും തേക്കടി പൊതുവേ മുന്നിലാണ്. തേക്കടിക്ക് ചുറ്റുമായി ഒട്ടേറെ സുന്ദരമായ പ്രദേശങ്ങളുണ്ട്. പെരിയാർ തടാകം, പെരിയാർ നാഷണൽ പാർക്ക്, മംഗളാ ദേവി ക്ഷേത്രം തുടങ്ങി പ്രശസ്തമായ അനവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ഒറ്റ യാത്രയില്‍ തന്നെ ഇവയെല്ലാം കണ്ടുവരാം എന്നത് ഈ യാത്രയെ കൂടുതല്‍ മൂല്യവത്താക്കുന്നു. തേക്കടിക്കരികിലെ അത്തരമൊരു മനോഹരമായ കാഴ്ചയാണ് ഒട്ടകത്തലമേട്.
തേക്കടിയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ഒട്ടകത്തലമേട് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾ അധികമെത്താത്ത ഒരിടമാണ് ഇത്. സുഗന്ധവ്യഞ്ജനത്തോട്ടങ്ങള്‍ക്കിടയിലൂടെ ബൈക്കോടിച്ച് പതിയെ അങ്ങനെ കയറിപ്പോകാം. മഞ്ഞണിഞ്ഞ മലനിരകളുടെ കാഴ്ചയാണ് ചുറ്റിനും. ഒപ്പം നനുത്ത മഴ കൂടി ഉള്ള സമയമാണെങ്കില്‍ ഉഷാറായി! ബൈക്ക് തന്നെ വേണമെന്നില്ല. ചുറ്റുമുള്ള മറ്റു സ്ഥലങ്ങള്‍ക്കൊപ്പം ഒരു പാക്കേജായി ഇവിടേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ജീപ്പ് ഡ്രൈവർമാരും ഉണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 1300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒട്ടകത്തലമേട്ടിലെത്തിയാല്‍ 360 ഡിഗ്രിയില്‍ സ്വര്‍ഗ്ഗീയസുന്ദരമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. ഒട്ടകത്തലമേട് വ്യൂപോയിന്റിൽനിന്ന് ഇരുനൂറു മീറ്റര്‍ താണ്ടിയാൽ വാച്ച്ടവറിൽ എത്താം. അല്‍പ്പം ദുര്‍ഘടമാണ് ഈ വഴി. ഓഫ് റോഡ് വാഹനങ്ങളാണ് യാത്രയ്ക്കനുകൂലം. നാലുനിലയുള്ള വാച്ച്ടവറിൽ നിന്നാൽ പെരിയാര്‍ കടുവാസങ്കേതവും തേക്കടി തടാകവും കുമളി പട്ടണവും സമീപത്തുള്ള ഗ്രാമങ്ങളുമെല്ലാം കാണാം. കൂടാതെ ഇവിടുത്തെ ഹെലിപാഡും കാണാം. വാച്ച്ടവറിന് സമീപം ഏറുമാടവും ഒരുക്കിയിട്ടുണ്ട്.
തെളിഞ്ഞ ദിനങ്ങളില്‍ ഒട്ടകത്തലമേട്ടില്‍ നിന്നുള്ള സൂര്യോദയവും അസ്തമയക്കാഴ്ചയുമെല്ലാം മായികമായ അനുഭവമാണ്. ഫോട്ടോഗ്രഫി പ്രേമികള്‍ക്കാവട്ടെ, ഇവിടുത്തെ സുന്ദരമായ കാഴ്ചകള്‍ മെമ്മറി കാര്‍ഡ് തീര്‍ന്നാലും ഒപ്പിയെടുത്ത് തീരില്ല. മാത്രമല്ല, സഞ്ചാരികള്‍ക്ക് നൈറ്റ് ക്യാമ്പ് ചെയ്യാന്‍ അവസരമൊരുക്കുന്ന ചില ടൂറിസ്റ്റ് കമ്പനികളും ഈ ഭാഗത്തുണ്ട്. വിശ്രമിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പമോ കുടുംബത്തോടൊപ്പമോ ശാന്തമായി അല്‍പ്പനേരം ചിലവഴിക്കാനും ഏറെ അനുയോജ്യമാണ് ഒട്ടകത്തലമേട്. ചുറ്റും കഫേകളോ റെസ്റ്റോറന്റുകളോ ഇല്ല, അതിനാല്‍ ലഘുഭക്ഷണവും മറ്റും കൂടെ കൊണ്ടുപോകണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുപോവുകയും വേണം.
English Summary: Ottakathalamedu View point in Thekkady