ADVERTISEMENT

ഒരു ദിവസത്തെ യാത്ര എന്നു പറയാം. പത്തനംതിട്ടയിൽ നിന്ന് കുമളിവഴി ഇടുക്കിയെന്ന മിടുക്കിയുടെ അടുത്തേക്ക് ഞങ്ങൾ യാത്ര തിരിച്ചു. യാത്രയില്‍ മലനാടിന്റെ സൗന്ദര്യം ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. പ്രകൃതി കനിഞ്ഞു കൊടുത്ത സൗന്ദര്യമാണ്‌ ഇടുക്കിയുടേത്. ഇവിടം സന്ദർശിക്കുന്നവർക്ക് കാഴ്ചകളുടെ ഗംഭീരസദ്യ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കൂടെ തമിഴ്നാടിന്റെ ദൃശ്യഭംഗി കൂടിയാവുമ്പോൾ അതിഗംഭീരം എന്നു തന്നെ പറയാം. 

ഇവിടുത്തെ കാറ്റാണ് കാറ്റ്....

ഇവിടുത്തെ കാറ്റാണ് കാറ്റ്.... എന്നു പാടിയാണ് ചെല്ലാർകോവിലിൽ വീശുന്ന കാറ്റ്. ഇവിടുത്തെ കാറ്റിന്റെ ശക്തമായ ഇരമ്പൽ കാതുകളിൽ തുളച്ചു കയറും. ഇടുക്കിയുടെ മലഞ്ചെരുവുകളിൽ മൂടി കിടക്കുന്ന കോടമഞ്ഞിനെയും തഴുകി ഉണർത്തിക്കൊണ്ടാണ് ഈ കാറ്റ് മലനാടിനെ കുളിരണിയിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ കാറ്റും തണുപ്പും ഏവരേയും ഒരു പോലെ പുളകം കൊള്ളിക്കും. രാമക്കൽമേട്ടിൽ വീശുന്ന കാറ്റ് പോലെയാണ് ചെല്ലാർകോവിലെകാറ്റും.

idukki-trip4

കേരള - തമിഴ്നാട് അതിർത്തി പ്രദേശമാണ് ചെല്ലാർകോവിൽ. കേരള സർക്കാറിന്റെ കീഴിലുള്ള ഒരു ഇക്കോ ടൂറിസം സ്ഥലം കൂടിയാണിത്. അരുവിക്കുഴി വ്യൂ പോയിന്റ് എന്നാണിവിടം അറിയപ്പെടുന്നത്. പ്രകൃതി എന്നും മനുഷ്യനു സന്തോഷം തരുന്ന കാഴ്ചകളാണ് ഈ ലോകത്ത് ഒരുക്കിയിരിക്കുന്നത്. അതിനു ഉത്തമ ഉദാഹരണമാണ് ചെല്ലാർകോവിൽ. മലകളും പുഴകളും കാറ്റുമെല്ലാം ഉരുൾപ്പൊട്ടലോ, ഒരു പ്രളയമോ ആകാതെ നമ്മളെ സന്തോഷിപ്പിക്കുമ്പോൾ ,അത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു അനുഭൂതിയിലേക്ക് നമ്മളെ കൊണ്ടു ചെന്നെത്തിക്കും.

idukki-trip5

ചെല്ലാർക്കോവിലിലെ പ്രധാന പ്രത്യേകത എന്നു പറയുന്നത് അരുവിക്കുഴി വെള്ളച്ചാട്ടമാണ്. മഴക്കാലമാണ് ഇതിന്റെ ഭംഗിയ്ക്ക് മാറ്റുകൂട്ടുന്നത്. അരുവിക്കുഴി വെള്ളച്ചാട്ടം എന്നു കേൾക്കുമ്പോൾ കോട്ടയത്തും പത്തനംതിട്ടയിലും ഇതേ പേരിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടമാണ് ആദ്യം ഓർമ വരുന്നത്. വേനലിൽ ഇവിടം വറ്റി വരണ്ടാണ്‌ കിടക്കുന്നത്. ഒഴുക്കിനുള്ള വെള്ളം കാണില്ല .ഇവിടെ നിന്നു നോക്കിയാൽ ദൂരെ മലനിരകളും താഴ്ഭാഗത്ത് തമിഴ്നാടിന്റെ കൃഷിസ്ഥലങ്ങളും കാണാം. കമ്പം, തേനി ഭാഗത്തെ കൃഷി സ്ഥലങ്ങളാണിത്. സായാഹ്നങ്ങളിൽ ഇവിടെ വിശ്രമിച്ചു കൊണ്ട് തന്നെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഈ സമയം ഇവിടെ വന്നിരിക്കുന്നത് അത്യധികം ആനന്ദം തരുന്ന നിമിഷങ്ങളാണ്.

idukki-trip6

റോസ്പാർക്ക്

കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ സന്തോഷം നൽകുന്ന സ്ഥലമാണ് റോസ് പാർക്ക്‌. തേക്കടി അട്ടക്കളം എന്ന സ്ഥലത്താണ് റോസ് പാർക്ക്‌ സ്ഥിതി ചെയ്യുന്നത്. ഇതൊരു അമ്യൂസ്മെൻറ് തീം പാർക്കാണ്. നടന്നു കാണാൻ തന്നെയുണ്ട് ഈ പാർക്ക്. ആമ്പൽ പൊയ്ക, വള്ളം, കുതിര, റിക്ഷാവണ്ടി ,ഉറി, കാലചക്രം, കാളവണ്ടി തുടങ്ങിയ നിരവധി തീമുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫോട്ടോഷൂട്ടിനു പറ്റിയ ലോക്കേഷൻ കൂടിയാണിത്. 

idukki-trip9

നല്ലൊരു ഗാർഡനിങ്ങും ഇവിടെ ഉണ്ട്. ആമ്പൽ പൊയ്ക കൂടാതെ അപൂർവമായി കാണുന്ന വെള്ളത്താമരകൾ വിരിയുന്ന താമരപൊയ്കയുമുണ്ട്. കുട്ടികൾക്കുള്ള റൈഡറുകൾ കൂടാതെ മുതിർന്നവർക്കായുള്ള വിനോദങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. അമ്പെയ്ത്ത്, ഷൂട്ടിങ്ങ്, 20 ഡി തിയറ്റർ , സ്കൈ സൈക്കിളിങ്, കയാക്കിങ്ങ് തുടങ്ങിയ ഒട്ടേറെ വ്യത്യസ്തമായ രസകരമായ റൈഡറുകളുമുണ്ട്. രുചിനിറച്ച വിഭവങ്ങളുമായി അടിപൊളി  റെസ്റ്ററന്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തേക്കടി സന്ദർശിക്കുന്നവർ റോസ് പാർക്ക്‌ സന്ദർശിക്കാതെ പോയാൽ അതൊരു വലിയൊരു നഷ്ടമായിരിക്കും എന്നുള്ളതിൽ സംശയമില്ല.

idukki-trip1

നമുക്കു പാർക്കാം മുന്തിരിത്തോപ്പുകൾ

തേക്കടിയിൽ നിന്നു അധികം ദൂരമില്ല കമ്പത്തിന്. തമിഴ്നാട്ടിലാണ് ഈ മുന്തിരിത്തോപ്പുകൾ. ചെക്പോസ്റ്റ് കടന്നു വേണം കമ്പത്തെ മുന്തിരിത്തോട്ടത്തിൽ എത്തേണ്ടത്. മുന്തിരിത്തോട്ടം കാണാൻ പോകാൻ തീരുമാനിച്ചപ്പോൾ മനസ്സിലേക്കു വന്നത് നമ്മുക്കു പാർക്കാം മുന്തിരിത്തോപ്പുകൾ എന്ന സിനിമയാണ്. മുന്തിരിവള്ളിയിൽ പഴുത്തു പാകമായ മുന്തിരിക്കൊലകൾ തൂങ്ങി കിടക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. പഴുത്തു കിടക്കുന്ന മുന്തിരിക്കൊലകളുടെ ഇടയിലൂടെ ഫോട്ടോ എടുക്കാനും വിഡിയോ എടുക്കാനുമുള്ള തിരക്ക് അവിടെയും കാണാം. മുന്തിരി പിടിച്ചു കൊണ്ട് ഫോട്ടോ എടുക്കാമെങ്കിലും അത് പറിക്കാൻ അനുവാദമില്ല. മുന്തിരി പറിച്ചാൽ അഞ്ഞൂറു രൂപയാണ് പിഴ ഈടാക്കുന്നുത്. ഇത് ശ്രദ്ധിക്കാൻ ആൾക്കാരും അവിടെയുണ്ട്.  ഇവിടെ നിന്നു നല്ല ഫ്രെഷ് മുന്തിരിജ്യൂസ് കൂടിക്കുകയുമാകാം. അതിനായി ഒരു ചെറിയ സ്‌റ്റാളുമുണ്ട്. കൂടാതെ മുന്തിരിയും മറ്റു കൃഷിയുമായി ബന്ധപ്പെട്ട് മറ്റൊരു ഷോപ്പും ഉണ്ട്‌ . ഇവിടെ നിന്നു നല്ല വൈനും ലഭിക്കും. ഇവിടെ പ്രവേശനം സൗജന്യമാണ്.

idukki-trip3

കാഴ്ചകൾക്ക്‌ തല്ക്കാലം വിരാമമിട്ട് ഞങ്ങൾ ഇടുക്കിയോടു യാത്ര പറഞ്ഞു തിരിച്ചു. ഒരു ദിവസത്തെ ചെറിയൊരു യാത്രയാണങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിനു തൃപ്തിയേകുന്ന കാഴ്ചകൾ സമ്മാനിച്ച ട്രിപ്പായിരുന്നു. മലനാടിന്റെ സൗന്ദര്യം അവർണ്ണനീയം തന്നെയാണന്നു പറയാതെ വയ്യ. ഒരു ദിവസം കൊണ്ടൊന്നും ഇടുക്കിയിലെ കാഴ്ചകൾ കണ്ടു തീരില്ല. ഇടുക്കി  പ്രകൃതിയുടെ കൈയ്യൊപ്പ് പതിഞ്ഞ സ്ഥലം എന്നു പറയുന്നതിൽ അദ്‌ഭുതപ്പെടാനില്ല.

English Summary: Idukki Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com