ശനിദശ മാറുന്നു, തുടരെ ഹിറ്റുകൾ; സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി വയനാട്

1602475450
mahfoozcc/shutterstock
SHARE

കോടമഞ്ഞിൽ പൊതിഞ്ഞ വയനാട് സഞ്ചാരികൾക്ക് മാത്രമല്ല സിനിമാപ്രേമികളുടെയും ഇഷ്ടലൊക്കേഷനാണ്. വയലും നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണിവിടം. താമരശ്ശരി ചുരം കയറുന്നതുമുതൽ വയനാടിന്റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടേക്ക് കണ്ണുപായിച്ചാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ്. സഞ്ചാരികളുടെ പ്രിയ നാട് നിരവധി സിനിമകൾക്ക് ലൊക്കേഷനായിട്ടുണ്ട്. 

സിനിമാക്കാരുടെ ഇഷ്ടഭൂമികയായി വീണ്ടും വയനാട്

ഒരു കാലത്ത് നിരവധി സിനിമകൾ വയനാട് ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ ലൊക്കേഷനാക്കിയെത്തിയ ചില സിനിമകൾ പരാജയമായതോടെ വയനാടൊരു ഭാഗ്യം കെട്ട ലൊക്കേഷനാണെന്ന് സിനിമാകാർക്കിടയിൽ ഒരു സംസാരമുണ്ടായിരുന്നു. ഇതോടെ വയനാട്ടിലുള്ള ഷൂട്ടും നിലച്ചു. എന്നാൽ ഇപ്പോഴിതാ മിന്നൽ മുരളി, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, പ്രണയവിലാസം സിനിമകളുടെ വലിയ വിജയം വയനാടിനെ വീണ്ടും സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷനാക്കി മാറ്റിയിരിക്കുകയാണ്.

1602475450
Sarath maroli/shutterstock

പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ രാമു കര്യാട്ടിന്‍റെ ‘നെല്ല്‌’ എന്ന സിനിമയാണ് വയനാട്‌ ലൊക്കേഷനാക്കിയ സൂപ്പർ ഹിറ്റ്‌ സിനിമയിലൊന്ന്‌. നസീറും ജയഭാരതിയുമൊക്കെയൊന്നിച്ച ആ സിനിമയ്ക്ക് ശേഷം ലെനിൻ രാജേന്ദ്രേൻ സംവിധാനം ചെയ്‌ത പുരാവൃത്തമായിരുന്നു പിന്നീട്‌ ഷൂട്ട് ചെയ്തത്. മുരളിയും രേവതിയുമൊക്കെയൊന്നിച്ച ചിത്രമായ പക്ഷേ പരാജയമായിരുന്നു. പിന്നീട്‌ സുരേഷ്‌ ഗോപിയുടെ പൊന്നുച്ചാമി, മോഹൻലാലിന്‍റെ ഫോട്ടോഗ്രാഫർ, റഹ്‌മാന്‍റെ  മറുപടി, സമർപ്പണം തുടങ്ങിയ സിനിമകൾ വയനാട്ടിലെത്തി. പക്ഷേ വയനാട്ടിൽ ഷൂട്ട് ചെയ്ത സിനിമകൾ ബോക്സോഫീസിൽ പരാജയമായി തുടങ്ങിയതോടെ സിനിമാക്കാർ വയനാടിനെ കൈവിടുകയായിരുന്നു.  

മിന്നൽ മുരളി വിതറിയ ആവേശം

വർഷങ്ങൾ കഴിഞ്ഞ് പൃഥ്വിരാജും പാർ‍വതിയും ഒന്നിച്ച എന്നു നിന്‍റെ മൊയ്തീനിലെ പാട്ടു സീനുകളാണ് ഇവിടെ ഷൂട്ട് ചെയ്തത്. അതിന് പിന്നാലെ മമ്മൂട്ടി സിനിമ ‘അങ്കിൾ’ സൂപ്പർ ഹിറ്റായതോടെ സിനിമാക്കാർ വീണ്ടും വയനാട് ചുരം കയറി വന്നു തുടങ്ങി. ടൊവിനോ തോമസ് നായകനായെത്തിയ മിന്നൽ മുരളി വിതറിയ ആവേശമാണ് പിന്നെ വയനാടിനെ സിനിമാക്കാരുടെ ഇഷ്ടഭൂമിയാക്കിയത്. കുറുക്കൻ മൂലയുടെ പ്രശസ്തി മിന്നൽ മുരളിയിലൂടെ ലോകമെങ്ങും പരന്നു. അതോടെ സിനിമാ ഷൂട്ടിങുകൾ അപൂർവമായെത്തുന്ന‌ വയനാട്ടിൽ പിന്നെ സിനിമാക്കാലമായിരുന്നു. ഷൂട്ടിങ്ങിനായി തുടരെ സിനിമാക്കാർ വയനാട്‌ ചുരം കയറി തുടങ്ങി. 

movie

ഏറ്റവും ഒടുവിൽ വിനീത് ശ്രീനിവാസൻ നായകനായെത്തിയ മുകുന്ദൻ ഉണ്ണിയും അ‍ർജുൻ അശോകനും അനശ്വരയും ഒന്നിച്ച പ്രണയവിലാസവുമാണ് വയനാട് ഷൂട്ട് ചെയ്ത് തിയേറ്ററുകളിലെത്തിയത്. ഇരു ചിത്രങ്ങളും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ആസാദ്‌ അലവി സംവിധാനംചെയ്യുന്ന ക്രൈം ത്രില്ലർ ‘അസ്‌ത്ര’, മിഥുൻ മാനുവൽ തോമസ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, കൈലാഷ്‌ നായകനായ ‘മാത്തുക്കുട്ടിയുടെ വിശേഷങ്ങൾ’ തുടങ്ങിയ സിനിമകളാണ് വയനാട് ലൊക്കേഷനാക്കി തിയേറ്ററുകളിലിറങ്ങാനിരിക്കുന്ന സിനിമകൾ.

Wayanad best Shooting Location in kerala

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA