ആമപ്പാറയിലെ 'പുനർജനി വിടവിലൂടെ' നൂണ്ടുപോകാം; ജീപ്പിലേറി ഹൈറേഞ്ച് ചുറ്റാം

amappara1
SHARE

‘ജീപ്പ്’ ഇല്ലായിരുന്നെങ്കിൽ ഇടുക്കിക്കാർ എന്തു ചെയ്യുമായിരുന്നു...? രാമക്കൽമേടിന്റെ ഇപ്പുറത്തുള്ള ആമപ്പാറയിലേക്ക് ഹനുമാൻ ഗിയറിട്ടു കയറുമ്പോൾ ജീപ്പിലിരുന്നു തന്നെയായിരുന്നു ആ ചോദ്യം. ഉത്തരം പറഞ്ഞത് ആ ജീപ്പിന്റെ ഫോർ വീൽ ഡ്രൈവാണ്. കുന്നിനു മുകളിലേക്ക് ഏന്തിവലിഞ്ഞു കിടക്കുന്ന ചെമ്മൺപാതയിൽ മുരണ്ടും അട്ടഹസിച്ചും ആ സിജെ 550 എംഡിഐ ഓടി. കുന്നിനു മുകളിലെത്തുമ്പോൾ പലരും കൂവി. ‘ഞാനില്ലായിരുന്നെങ്കിൽ നിങ്ങളിങ്ങനെ കൂവുമായിരുന്നില്ല’– എന്നതായിരിക്കാം ആ വട്ടക്കണ്ണന്റെ മറുപടി. സാങ്കേതികമായി പല നാമങ്ങളുണ്ടെങ്കിലും ജീപ്പ് എന്നു പറഞ്ഞാലേ ഹൈറേഞ്ചിനു മനസ്സിലാകൂ. ഇന്ന് ഏതു കാറും കയറുന്ന തരത്തിൽ ഇടുക്കിയുടെ മലമ്പാതകൾ മാറി. 

amappara77

വർഷങ്ങൾക്കു മുൻപ് ജീപ്പിനു മാത്രം എത്തിപ്പിടിക്കാൻ കഴിയുന്ന ഇടങ്ങളായിരുന്നു ഇടുക്കിയിൽ കൂടുതലും. അന്നത്തെപ്പോലെ ചെമ്മൺപാതയൊന്നു തേടിയാണ് ട്രാവലോഗ്. കിടിലൻ ഓഫ്–റോഡ് അനുഭവം. അരിയെത്തിയിരുന്ന മേട്ഇടുക്കി–നെടുങ്കണ്ടം–രാമക്കൽമേട്–ആമപ്പാറ. ഇതാണ് റൂട്ട്. നെടുങ്കണ്ടത്തുനിന്ന്  അനീഷിന്റെ സിജെ 550 എംഡിഐ ജീപ്പിൽ കയറി. ‘ആമപ്പാറ എന്റെ വീടിനടുത്താണ്’.  ഓഫ്–റോഡ് ട്രിപ്പ് ആയതിനാൽ മോട്ടർ വാഹനവകുപ്പ് അംഗീകരിച്ച ടാക്സികൾക്കു മാത്രമേ കുന്നു കയറാൻ അനുമതിയുള്ളൂ. ആ സ്റ്റിക്കർ വിൻഡ് ഷീൽഡിന് ഇടതുവശത്തുണ്ട്.  

രാമക്കൽമേട് പ്രസിദ്ധമാണ്. കുറവന്റെയും കുറത്തിയുടെയും പ്രതിമകൾ കണ്ടാസ്വദിച്ച് രാമക്കൽ എന്നു പേരുള്ള പാറക്കൂട്ടത്തിന്റെ മുകളിലേക്കു സാഹസികമായി കയറിച്ചെന്നു താഴേക്കു നോക്കണം. അവിടെ ഭൂമിയിൽ അവകാശമുള്ളവർ തങ്ങളുടെ കൃഷിയിടങ്ങളെ കള്ളികളാക്കി തിരിച്ചിട്ടുണ്ട്. 

ആ പാടങ്ങളിൽനിന്ന് ഇടുക്കിയിലേക്കു തലച്ചുമാടായി അരിച്ചാക്കുകൾ  എത്തിയിരുന്നത് രാമക്കൽ മേട് വഴിയായിരുന്നത്രേ. പ്രസിദ്ധ സംഗീത സംവിധായകൻ ഇളയരാജയൊക്കെ തന്റെ ഗ്രാമത്തിൽനിന്ന് അരി ചുമന്ന് ഇങ്ങോട്ടെത്തിച്ചിരുന്ന കഥ ഒരു നാട്ടുകാരൻ പറഞ്ഞു. ആമപ്പാറയിലേക്ക് മഴ പെയ്താൽ നല്ല തെന്നലാണ്. അല്ലെങ്കിലോ? അപ്പോഴും നല്ല തെന്നലാണ്. അതെന്തു പ്രകൃതി? 

amappara4

നനഞ്ഞാൽ ചെമ്മൺപാതയിൽ വാഹനം തെന്നിപ്പോകും. അല്ലാത്തപ്പോൾ കുളിർ തെന്നൽ ആസ്വദിച്ചുപോകാം. തെന്നലിന്റെ അർഥം കാലാസ്ഥയ്ക്കനുസരിച്ചു തെന്നിപ്പോകും ആമപ്പാറയിൽ. ജീപ്പ് മുകളിലേക്കു കയറും തോറും തെന്നലിനു ശക്തിയേറി വരുന്നുണ്ട്. തൈലപ്പുല്ലുകൾ എതിർപ്പോടെ കാറ്റിൽ തലയാട്ടുന്നതു പോലെ. ആ പുല്ലുകൾ ഒന്നൊടിച്ചുനോക്കിയാൽ കുന്നിൽ സുഗന്ധം പടരും. ഇടയ്ക്കു ചെറിയ വെള്ളക്കെട്ടുകൾ. കാട്ടുതെച്ചികളും കാട്ടുനാരകങ്ങളും കടുംപച്ചപ്പിന്റെ തുരുത്തുകളായി അങ്ങിങ്ങുണ്ട്.

ആമപ്പാറയിലേക്കു കയറിയെത്തുന്നതിനു മുൻപു ജീപ്പിന്റെ വിൻഡോയിലൂടെ ആമപ്പാറയുടെ ദൃശ്യം അനീഷ് കാണിച്ചുതന്നു. ഒരു ആമ കുന്നിന്റെ അറ്റത്തേക്ക് ഇഴഞ്ഞു കയറുന്നതു പോലെ പാറക്കൂട്ടങ്ങൾ. തൊട്ടടുത്ത് തുറന്നു കൊടുക്കാത്ത ഒരു വാച്ച്ടവർ. സൗകര്യങ്ങളൊന്നും സജ്ജമായിട്ടില്ല. ഒരു ചെറിയ തട്ടുകടയുണ്ടവിടെ. കട്ടൻചായ വാങ്ങി  പാറപ്പുറത്തിരുന്നു കുടിക്കാം. അത് ഒരൊന്നൊന്നര ഫീലാണ്. ആമപ്പാറയിലെ പുനർജനികാപ്പി കുടിച്ചശേഷം ആമയുടെ അടുത്തേക്കു നടക്കാം. 

amappara2

ചുറ്റും ചെടികൾ വളർന്നു കിടക്കുന്ന ആമപ്പാറയുടെ അടിയിലേക്കു നടക്കാം. പാറയുടെ ഉള്ളിലേക്കു ഗുഹപോലെ വഴികളുണ്ട്. ഇറങ്ങുമ്പോൾ തന്നെ ഇടുങ്ങിയ കൽവിടവാണ്. താഴേക്കു പോയാൽ വീണ്ടും പാറവിടവുകൾ. പുനർജനി നൂണ്ടു കടക്കുന്ന മട്ടിൽ പാറയ്ക്കടിയിലൂടെ അപ്പുറത്തേക്കു പോകാം. പട്ടാളക്കാർ മുള്ളുവേലിക്കടിയിലൂടെ ഇഴഞ്ഞുനീങ്ങുന്നതുപോലെ വേണം നൂണ്ടു കടക്കാൻ. പലയിടത്തും  സ്റ്റീൽ കൈവരികളുണ്ട്. പാറവിടവിലുടെ താഴേക്കു പോകാതിരിക്കാൻ താഴെയും സ്റ്റീൽ കവചങ്ങളുണ്ട്. മുൻപ് അരിക്കടത്തു കാലത്ത് കോടാലി പരമു എന്ന കള്ളൻ ഇവിടെ താമസിച്ചിരുന്നു എന്നു ചിലർ പറയുന്നു. രണ്ടുപേർക്കു താമസിക്കാൻ യോജിച്ചതാണ് ആമപ്പാറയുടെ ഉൾവശം. 

ആമപ്പാറയിൽനിന്നു രാമക്കല്ലിലേക്ക് ആമപ്പാറയിൽനിന്നു കുന്നിറങ്ങിയും കയറിയും വീണ്ടുമൊരു യാത്ര. രാമക്കൽ കാണാൻ. തമിഴ്നാടിന്റ കാർഷികക്കാഴ്ചയും മേടിന്റെ കാറ്റും ആസ്വദിക്കാൻ..ജീപ്പ് മറ്റൊരു കുന്നിൻമണ്ടയിൽ നിർത്തി. ഇനി താഴേക്കു നടന്നിറങ്ങണം. ‘‘വഴികളില്ലാതെ ഞാൻ ഉഴറുന്നു വാക്കിന്റെ പെരിയതാം കാട്ടിലെൻ തോഴീ’’ എന്ന് ഉമ്പായി    പാടുന്നുണ്ട് ഏതോ പയ്യൻസിന്റെ സ്പീക്കറിലൂടെ.. ഇവിടെ വഴികൾ വേണ്ട. പുൽമേടിലൂടെ എങ്ങോട്ടും നടക്കാം. അതിരുകളില്ലാത്ത ആകാശം. വേലികളില്ലാത്ത പുൽമേട്. രാമക്കല്ലിന്റെ അടരുകൾ.. കുന്നിനെ കഷണ്ടിയാക്കുന്ന കാറ്റ്.. അകലെ കോംബൈ പട്ടണത്തിന്റെയും തമിഴ് ഗ്രാമങ്ങളുടെയും ദൂരക്കാഴ്ച. രാമക്കല്ല് ആമപ്പാറയുടെ ആംഗിളിൽനിന്നു കാണാൻ രസമാണ്. 

amappara3

ഐതിഹ്യകഥാപാത്രങ്ങൾ ഇവിടെ സന്ദർശിച്ച കഥകളേറെ. അതുകൊണ്ടാണ് രാമക്കൽമേട് എന്ന പേരു തന്നെ വീണത്. എന്നാൽ അതിനു മുൻപു പ്രസിദ്ധമാകേണ്ടതാണ് ആമപ്പാറ. ദശാവതാരങ്ങളിൽ രണ്ടാമത്തേതാണല്ലോ ആമ. ആദികാലത്ത് ഈ താഴ്‌വാരം കടലോരമായിരുന്നുവെന്നു പറയപ്പെടുന്നു. അന്നൊരു കടലാമ കര കയറിവന്നപ്പോൾ ശാപം കിട്ടി കല്ലായി മാറിയതായിരിക്കാം. 

രാമക്കല്ലിന്റെ മറ്റൊരു മുഖം ഇങ്ങേ കുന്നിൽനിന്നു രാമക്കല്ലിന്റെ വേറിട്ടൊരു കാഴ്ചയാസ്വദിക്കാം. പച്ചച്ചെരിവിൽ നിറയെ കൽരൂപങ്ങൾ. കുറച്ചുനേരം നോക്കനിന്നാൽ അവയിലോരോ ബിംബങ്ങൾ കണ്ടുപിടിക്കാം. രാമക്കല്ല് ഒരു ഗൊറില്ലയുടെ തലപോലെയാണ്. ഈയിടെ ഇറങ്ങിയ ‘ട്രോൾ’ എന്ന സിനിമയിലെ പർവത മനുഷ്യനെ പോലെ തോന്നിപ്പിക്കുന്ന രൂപം. അതിനോടു ചോർന്ന് ചെറു കല്ലുകൾ പടയാളികളെപ്പോലെ.  ഇതെല്ലാം കണ്ടാസ്വദിച്ച് സന്ധ്യ ചെലവിടാം. പാറപ്പുറത്തു കയറുമ്പോൾ സൂക്ഷിക്കണമെന്നു മാത്രം.ജീപ്പൊരു വീട്ടംഗം ആമപ്പാറയിലേക്കുള്ള യാത്രയിൽ രസങ്ങൾ പലതായിരുന്നു. സാധാരണ റോഡ് വിട്ടുള്ള ജീപ്പ് യാത്ര. പിന്നെ ആമപ്പാറയിലെ പുനർജനി വിടവിലൂടെയുള്ള നൂണ്ടുപോകൽ. ഇരുട്ടാകുംനേരം ആമപ്പാറയിൽനിന്നു തിരിച്ചിറങ്ങി. പിന്നെ ‘ജീപ്പി’ന്റെ യഥാർഥ സ്വഭാവം അരക്കിട്ടുറപ്പിച്ച മറ്റൊരു  ഓഫ് റോഡ് യാത്ര കൂടി.

amappara5

നെടുങ്കണ്ടം പട്ടണത്തിനടുത്തുള്ള മെട്ട് (കുന്ന്) കയറി. അതും രാത്രിയിൽ. നമ്മളോടെന്തോ പറയുന്നതുപോലെ എൻജിൻ മുരണ്ടു. കാട്ടുപുല്ലുകളെ വകഞ്ഞുമാറ്റിയാണു ടയറുകൾ ഉരുണ്ടത്. കനത്ത ഇരുട്ടിൽ മുന്നിൽ രണ്ടു കണ്ണുകൾ. മെട്ടിനു മുകളിലെത്തിയപ്പോൾ നെടുങ്കണ്ടം പട്ടണം ക്രിസ്‌മസ് ആഘോഷിക്കാൻ ദീപങ്ങളിട്ട് ഒരുങ്ങിയ താരക്കാഴ്ച. നേരിയ മഞ്ഞിന്റെ തലോടലേറ്റ് മെട്ടുകളുടെ മുകളിൽ ഇരിക്കുക– നെടുങ്കണ്ടം സഞ്ചാരികൾക്കു നൽകുന്ന ഫീൽ ഇതാണ്. തിരിച്ചിറങ്ങുമ്പോൾ കണ്ണുടക്കിയത് ജീപ്പിന്റെ  ഉള്ളിൽ നമുക്കു നിർദേശം നൽകാൻ രണ്ടു മീറ്റർ കൺസോളുകളിൽ. ഇന്നത്തെ വാഹനങ്ങൾക്കുള്ളതുപോലെ അസംഖ്യം സെൻസറുകളോ മുന്നറിയിപ്പുസംവിധാനങ്ങളോ ഇല്ല. എങ്കിലും ഹൈറേഞ്ചുകാർക്ക് ഇഷ്ടം മഹീന്ദ്രയുടെ ഈ പരുക്കനെയാണ്. അതിനു കാരണം ‘ജീപ്പ്’ മലയോര കുടുംബങ്ങളിലെ ഒരംഗമാണെന്നതു തന്നെ. ഏതു കാലാവസ്ഥയിലും കൈവിടാത്ത സഹചാരി.

റൂട്ട്

എറണാകുളം–പെരുമ്പാവൂർ–കോതമംഗലം–നേര്യമംഗലം–അടിമാലി– രാജാക്കാട്–നെടുങ്കണ്ടം   131 കിമീ

നെടുങ്കണ്ടം– തൂക്കുപാലം –രാമക്കൽമേട്   13 കിമീ

English Summary: Amappara Caves and Hills Idukki 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS