ഇനി കുമരകം പറപറക്കും, ബ്രാൻഡ് വാല്യൂ കുതിച്ചുയരും

kumarakom
SHARE

കോട്ടയം∙ ‘ജി 20യുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ 30 പട്ടണങ്ങളിൽ സമ്മേളനങ്ങൾ നടത്തി. അതിൽ ഏറ്റവും മനോഹരമാണ് കുമരകം. ഏറ്റവും വൃത്തിയായും ചിട്ടയോടെയും കാര്യങ്ങൾ നടന്നത് ഇവിടെയാണ്. ഇവിടത്തെ മീനാണ് ഏറ്റവും ഇഷ്ടപ്പെട്ടത്’- ഡൽഹിയിൽ നിന്നെത്തിയ, വിദേശകാര്യ മന്ത്രാലത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മലയാളിയല്ലാത്ത അദ്ദേഹം മലയാളത്തിൽ മീൻ എന്നു പറയുന്നത് കേട്ടപ്പോൾ ഒന്നു ഞെട്ടി.

കുമരകം ലേക് റിസോർട്ടിൽ ജപ്പാൻ ഷെർപ്പയ്ക്കൊപ്പമുണ്ടായിരുന്ന യുവതിയോട് ഇഷ്ടഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോഴും പറഞ്ഞു ‘മീൻ’. മലയാളത്തിലെ മീനും നമസ്കാരവും അവർ പഠിച്ചു. കെടിഡിസി എംഡി വി.വിഗ്നേശ്വരിയോടു സംസാരിച്ചപ്പോഴാണ് മീൻ എങ്ങനെയാണ് ഇവരുടെയെല്ലാം നാവിൽ ഓടിക്കളിച്ചതെന്ന് മനസ്സിലായത്.  മെനു കാർഡിൽ അവർ മീൻ എന്നു തന്നെയാണ് എഴുതിയിരുന്നത്. അതിനൊപ്പം വിശദീകരണം നൽകിയ സ്ഥലത്ത് മാത്രം ഫിഷ് എന്ന് ഇംഗ്ലിഷിൽ എഴുതി. ഇതാണ് ബ്രാൻഡിങ്ങിന്റെ രീതിയും ശക്തിയും. ജി 20 എന്ന വാക്ക് ഇപ്പോൾ കുമരകംകാരുടെ മനസ്സിൽ പതിഞ്ഞപോലെ തന്നെ കുരമകത്തെ പച്ചപ്പും പ്രശാന്തതയും മീനും മനസ്സിലേറ്റിയാണ് നാൽപതിലേറെ രാജ്യങ്ങളിൽ നിന്നുവന്നവർ മടങ്ങിപ്പോയത്.

ആന കയറുന്നതു കണ്ട് ഓട്ടോറിക്ഷ കയറരുത്! 4 ടൺ ഭാരമുള്ള ആന കയറിയിട്ടും കുലുക്കമില്ലാത്ത പാലത്തിൽ ഓട്ടോറിക്ഷ കടത്തിവിടാൻ പാടില്ലെന്ന് അധികൃതർ.

ജി 20 ഷെർപ്പ സമ്മേളനത്തിന്റെ കലാശക്കൊട്ടിന്റെ ഭാഗമായി കോക്കനട്ട് ലഗൂണിൽ ഓണാഘോഷം ഒരുക്കിയിരുന്നു. ഇതിനായി ഹോട്ടലിലെ മറ്റ് അതിഥികളിൽ ചിലരെ മറ്റിടങ്ങളിലേക്കു മാറ്റിതാമസിപ്പിക്കേണ്ടി വന്നു. ‘ജി 20 ഷെർപ്പ സമ്മേളനം നടക്കുന്നതു കൊണ്ടാണ് ഇങ്ങനെ മാറ്റുന്നതെന്ന് പറഞ്ഞപ്പോൾ അവർക്കും അദ്ഭുതം. വലിയ രാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന ജി 20 കുമരകത്തോയെന്ന്! ഷെർപ്പ സമ്മേളനത്തോടെ നമ്മുടെ ലവൽ മാറിയിരിക്കുകയാണ്’- കോക്കനട്ട് ലഗൂണിലെ ജനറൽ മാനേജർ ശംഭു പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി സംവിധായകൻ ടി.കെ.രാജീവ് കുമാർ സൂരി റിസോർട്ടിൽ നടത്തിയ സാംസ്കാരിക പരിപാടിയും കഴിഞ്ഞദിവസം നടത്തിയ ഓണാഘോഷവുമെല്ലാം ഷെർപ്പകളെ ശരിക്കും കയ്യിലെടുത്തു. കേരളം രുചി വൈവിധ്യങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും ഇത്ര സമ്പന്നമാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് നൈജീരിയയിൽ നിന്നുള്ള ഷെർപ്പ സാംസൺ സണ്ടേ പറഞ്ഞത്.

sherparavakal-kumarakom
യൂ ‘മീൻ’ ഫിഷ്? ജി 20 ഷെർപ്പ സമ്മേളനത്തിനിടെ ബാക്ക് വാട്ടർ റിപ്പിൾസിലെ വിരുന്നിൽ കേരളീയ വിഭവങ്ങളുമായി പ്രതിനിധി. ചിത്രം: മനോരമ

തിരക്കുകൾ കാരണം ഇത്തവണ അത്ര രസിക്കാൻ പറ്റിയില്ലെന്നും കൂട്ടുകാരും വീട്ടുകാരുമായെല്ലാം ഉടൻ എത്തുമെന്നും നൈജീരിയൻ നയതന്ത്ര പ്രതിനിധി കൂടിയായ സാംസൺ പറഞ്ഞു. 10 കോടി രൂപയുടെ ഒരുക്കമാണ് കെടിഡിസിയിൽ നടത്തിയത്. ബാക്ക് വാട്ടർ റിപ്പിൾസിൽ അടക്കം എല്ലായിടത്തും ഒരുക്കങ്ങൾ നടന്നു.

ജി 20 ഷെർപ്പ സമ്മേളനം നടത്തിയതോടെ ഏതു വമ്പൻ സമ്മേളനവും കുമരകത്ത് നടത്താമെന്ന ആത്മവിശ്വാസമാണ് എല്ലാവർക്കും ഉണ്ടായതെന്നും ചില മേഖലകൾ സംബന്ധിച്ച കാഴ്ചപ്പാട് തന്നെ മാറാൻ ഇത് ഉപകരിച്ചെന്നും ബാക്ക് വാട്ടർ റിപ്പിൾസ് സിഒഒ സതീഷ് കരുണാകരൻ പറഞ്ഞു. 

കെടിഡിസിയിൽ 10,000 ചതുരശ്ര അടി വലുപ്പത്തിലുള്ള കൺവൻഷൻ സെന്റർ വെറും 100 ദിവസം കൊണ്ട് ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമിച്ചതെന്ന് എംഡി വിഗ്നേശ്വരി പറഞ്ഞു. ഇത്രവേഗം സംവിധാനങ്ങൾ ഒരുങ്ങിയതിൽ ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തും ആശ്ചര്യവും സന്തോഷവും പങ്കിട്ടു.

കലക്ടർ ഡോ.പി.കെ ജയശ്രീയുടെ നേതൃത്വത്തിൽ ഒരേ മനസ്സോടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തിച്ചത് 15 സർക്കാർ വകുപ്പുകളാണ്. സെപ്റ്റംബറിൽ ആദ്യ യോഗത്തിനു ശേഷം എണ്ണയിട്ട യന്ത്രം പോലെയാണ് സംവിധാനങ്ങൾ ചലിച്ചത്. ഒരിക്കൽ പോലും വൈദ്യുതി മുടങ്ങാതെ, മൊബൈൽ റേഞ്ച് നഷ്ടപ്പെടാതെ, ട്രാഫിക് തടസ്സങ്ങളില്ലാതെ എല്ലാം ഭംഗിയായി. ഇങ്ങനെയും കാര്യങ്ങൾ നടത്താൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർക്കു സ്വയം ബോധ്യം വരാനും ലോകത്തിനു മുൻപിൽ കുമരകത്തെ അവതരിപ്പിക്കാനുമായി.

20 അംഗരാജ്യങ്ങൾ, 23 രാജ്യാന്തര സംഘടനകളുടെ പ്രതിനിധികൾ അങ്ങനെ 43ലധികം രാജ്യങ്ങളിൽ വമ്പന്മാരാണ് കുമരകത്ത്  4  ദിവസം ആഹ്ലാദപൂർവം ചെലവിട്ടത്. ഇത്രയധികം രാജ്യങ്ങളിലെ പ്രതിനിധികൾ ഒരു സ്ഥലത്ത് കൂടുന്നതും അപൂർവം.  അതുവഴി കുമരകത്തിനു ലഭിച്ച ബ്രാൻഡ് വാല്യു അളക്കാനാവില്ല. അതു പ്രയോജനപ്പെടുത്താനായാൽ നമ്മൾ വേറെ ലെവലാകുമെന്നതിനു സംശയമില്ല.  നടത്തിപ്പിലൂടെ നമ്മൾ പഠിച്ച പാഠങ്ങളും വിലമതിക്കാനാകാത്തത്. അമിതാഭ്കാന്ത് ഒറ്റക്കാര്യമാണ് ആദ്യംതന്നെ കർശനമായി പറഞ്ഞത്. അതൊരു പാഠമാണ്. അതെക്കുറിച്ച് നാളെ.

English Summary: g20 meet gives great push to kumarakom as a tourist place

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA