പ്രകൃതിയുടെ ചാരുത അതേപോലെ നിലനിർത്തുന്ന, എന്നാൽ സഞ്ചാരികളുടെ ഇടയിൽ അധികം അറിയപ്പെടാത്ത നിരവധിയിടങ്ങളുണ്ട്. സമൂഹമാധ്യമത്തിലൂടെ യാത്രികരുടെ ഹൃദയം കവർന്നിടമാണ് തലസ്ഥാന നഗരത്തിലെ വെള്ളാണിക്കൽ പാറ. തിരുവനന്തപുരത്തിന്റെ മിനി പൊൻമുടി എന്നു തന്നെ പറയാം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 അടി ഉയരത്തിൽ നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാറയിൽ നിന്നു നോക്കിയാൽ അറബിക്കടൽ മുതൽ സഹ്യപർവതം വരെയുള്ള കാഴ്ചകൾ കാണാം. പോത്തൻകോട് മടവൂർപ്പാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന 5 ഏക്കർ പാറക്കെട്ടുള്ള കുന്നാണിത്.
ഉദയവും അസ്തമയവും ഒരേ ഭംഗിയോടെ കാണാവുന്ന സ്ഥലമാണ്. തെളിഞ്ഞ കാലവസ്ഥയാണെങ്കില്‍ വെള്ളാണിക്കല്‍ പാറയില്‍ നിന്ന് നോക്കിയാല്‍ തെക്കുപടിഞ്ഞാറ് വശത്ത് തിരുവനന്തപുരത്തെ നഗരക്കാഴ്ചകളും കിഴക്ക് കോടമൂടിയ പൊന്മുടിയുടെ വിദൂരദൃശ്യവും ആസ്വദിക്കാം. സൂര്യോദയകാഴ്ചകൾ പകർത്താനും സ്ഥലത്തിന്റെ മനോഹാരിതയിൽ ഫോട്ടോ എടുക്കുവാനും നിരവധിപേർ ഇവിടേയ്ക്ക് എത്തിച്ചേരാറുണ്ട്.
read more: ഇൗഫൽ ടവറിനരികിലെ നൃത്തം; വിഡിയോ പങ്കിട്ട് ദിയ
അവധി ദിനങ്ങളിലുൾപ്പെടെ കുടുംബങ്ങളും സുഹൃദ് സംഘങ്ങളും ഇവിടെ ധാരാളമായി എത്താറുണ്ട്. തിരുവന്തപുരം ജില്ലയിലെ പോത്തൻകോട് മാണിക്കൽ മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് വെള്ളാണിക്കൽ പാറ. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കും ചെറിയ സാഹസികതകളിൽ താൽപര്യമുള്ളവർക്കും പറ്റിയൊരുയിടമാണ് ഈ പ്രദേശം. വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവുമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. തിരുവനന്തപുരം നഗരത്തിൽ നിന്നും തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും 20 കി.മീ അകലെയാണ് വെള്ളാണിക്കൽ പാറ. ഒഴിവ് ദിനം കുടുംബവുമൊത്ത് ചെലവഴിക്കാൻ പറ്റിയിടം.
English Summary: Visit Vellanikkal Para in Thiruvananthapuram