വേമ്പനാട്ടുകായൽ ഇപ്പോൾ തടാകമായി; കുമരകത്തിന്റെ സൗന്ദര്യം നശിച്ചാൽ പിന്നെന്ത് ടൂറിസം?
Mail This Article
മമ്മൂട്ടിയുടെ യഥാർഥ ഇൻവെസ്റ്റ്മെന്റ് എന്താണ്? കുമരകത്തെത്തിയ ഒരു രാജ്യാന്തര ടൂറിസം കൺസൽറ്റന്റിന്റേതാണു ചോദ്യം. “മമ്മൂട്ടിയുടെ ശരീരസൗന്ദര്യമാണ് അദ്ദേഹത്തിന്റെ ഇൻവെസ്റ്റ്മെന്റ്. അതുകൊണ്ട് അതു വളരെ കാര്യമായി സൂക്ഷിക്കുന്നു. കുമരകത്തിന്റെ ഇൻവെസ്റ്റ്മെന്റും അതിന്റെ സൗന്ദര്യമാണ്. അതാണു വിൽക്കാൻ ശ്രമിക്കേണ്ടത്. ആ സൗന്ദര്യം തീർന്നാൽ പിന്നെ ന്തു വിൽക്കും? വേമ്പനാട്ടുകായൽ മരിക്കുകയാണ്. അതിന്റെ സംരക്ഷണവും നാട്ടുകാരുടെ ഉപജീവനവും ഉൾക്കൊണ്ടുവേണം ടൂറിസം പദ്ധതികൾ വരാൻ’’– അദ്ദേഹം പറഞ്ഞു.
read more: കണ്ടിരിക്കേണ്ട ലോകത്തെ 52 സ്ഥലങ്ങളിലൊന്ന്; കുമരകത്തിന് കുതിക്കാൻ ഇനിയും സാധ്യതകൾ ഏറെ
വേമ്പനാട്, അഷ്ടമുടി കായലുകൾ സംരക്ഷിക്കുന്നതിലെ വീഴ്ചയ്ക്കു സംസ്ഥാന സർക്കാരിനു 10 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണൽ പിഴയിട്ടത് ഈയിടെയാണ്. വേമ്പനാട്ടുകായൽ അത്രയ്ക്കു മലിനമായി. ആഴവും കുറഞ്ഞു. കയ്യേറ്റം കാരണം പലയിടങ്ങളിൽ വീതിയും കുറഞ്ഞു. 117 ഇനം മീനുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 82 ഇനങ്ങളായി. കുമരകത്തെ പ്രശസ്തമായ പല കൊഞ്ചിനങ്ങളും ഇപ്പോഴില്ല. ലോകത്തെ ഏറ്റവും വലുപ്പമുള്ള കൊഞ്ചിനമായ ആറ്റുകൊഞ്ച് (കുട്ടനാടൻ കൊഞ്ച്) തീരെ ലഭിക്കാതായി.
“വേമ്പനാട്ടുകായൽ ഇപ്പോൾ തടാകമായി. വെള്ളം ഒഴുകാത്തതു വലിയ പ്രശ്നമാണ്. ലോകത്ത് എല്ലായിടവും ബണ്ടു നിർമിക്കുമ്പോൾ മീനുകൾക്കു സഞ്ചരിക്കാൻ വഴികൾ ഉണ്ടാക്കിയിട്ടും. ഫിഷ് പാസ് (മീൻവഴി) എന്നാണ് ഇവ അറിയപ്പെടുന്നത്. തണ്ണീർമുക്കം ബണ്ട് നിർമിച്ചപ്പോൾ ഫിഷ് പാസ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല’’-ഗവേഷകനായ ഡോ. കെ.ജി.പത്മകുമാർ പറഞ്ഞു.
Read more: എല്ലാ അർഥത്തിലും അതിഥികൾ കേരളത്തെ അറിഞ്ഞു; വാനോളം ഉയർന്ന് കുമരകം
നീറ്റുകക്ക വാരി ജീവിച്ചിരുന്നവർക്ക് ഇപ്പോൾ പോളകയറി ജലം മലിനമായിക്കിടക്കുന്നതിനാൽ കായലിൽ ഇറങ്ങാൻ കഴിയുന്നില്ല. വെള്ളക്കക്ക കിട്ടാനില്ല. ‘‘കാലാവസ്ഥയും കൃഷി രീതിയുമെല്ലാം മാറിയതിന്റെ ദൂഷ്യഫലം അനുഭവിക്കുകയാണ്. മുൻപ് പ്രതിദിനം 1400 വാഴയില വെട്ടി ജീവിച്ചിരുന്ന ആളാണു ഞാൻ. ഇപ്പോൾ കഷ്ടിച്ച് 200 ഇല വെട്ടാൻ കഴിയുന്നില്ല. കുമരകത്തെ വാഴക്കൃഷി കുറഞ്ഞു”-35 വർഷമായി ഈ രംഗത്തുള്ള അച്ചൻകുഞ്ഞ് (74) പറഞ്ഞു.
കുഴിച്ചിലന്തി വല നെയ്യുന്നതു കണ്ടാൽ മഴ പ്രവചിക്കാം. കിഴുക്കാംതൂക്കാണു വലയെങ്കിൽ മഴ ഉടനെ പെയ്യും. പരന്ന രീതിയിലാണെങ്കിൽ മൂന്നാലു ദിവസത്തേക്കു മഴ പ്രതീക്ഷിക്കേണ്ട. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ കാണാതെ പോകരുത്. ആ പ്രകൃതിയെയാണ് നമ്മൾ മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുന്നത്. അവിടെയാണു ജീവിതം പച്ചപിടിക്കേണ്ടത്. ഇക്കാര്യത്തിൽ കുമരകത്തിനു ചിലതു പറയാനുണ്ട്.
ദുബായ് കനാൽ കേരളത്തിന് ചൂണ്ടുപലക
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്നു പറഞ്ഞതു പോലെയാണു കുമരകത്തെ കാര്യം. എങ്ങോട്ടു തിരിഞ്ഞാലും നല്ല പച്ചപ്പ്. നല്ല വെള്ളം. ഇതു രണ്ടും ഇടകലർന്നു കിടക്കുന്നിന്റെ ഭംഗി ഒന്നു വേറെതന്നെ. ഗൾഫ് നാടുകളിൽ എത്തുമ്പോഴാണു പ്രകൃതി ഒരുക്കുന്ന ഈ വശ്യതയുടെ സാധ്യത മനസ്സിലാകുന്നത്.
Read more: ഇനി കുമരകം പറപറക്കും, ബ്രാൻഡ് വാല്യൂ കുതിച്ചുയരും
ദുബായിൽ വെള്ളത്തിന് അഭിമുഖമായി കെട്ടിടങ്ങൾ പണിയാൻ അവർ നഗരത്തിലേക്കു കടലിൽനിന്നു കൈവഴി വെട്ടി. ദുബായ് കനാൽ എന്നറിയപ്പെടുന്ന ഇതിന്റെ തീരത്താണ് അംബരചുംബികളായ ഹോട്ടലുകളുള്ളത്. 450 റസ്റ്ററന്റുകൾ ഇരുകരകളിലുമുണ്ട്. ആഡംബര വില്ലകളും ഏറെ. മൂന്നു വർഷമെടുത്താണ് 3.2 കിലോമീറ്റർ നീളത്തിലും 20 അടി ആഴത്തിലുമുള്ള ഈ കനാൽ നിർമിച്ചത്. 260 അടിയോളം വീതിയുള്ള കനാൽ നിർമിച്ചതിലൂടെ എട്ടര ലക്ഷം ചതുരശ്രയടി സ്ഥലമാണ് വാണിജ്യകേന്ദ്രങ്ങളാക്കി മാറ്റിയത്. നമ്മുടെ നാട്ടിൽ പ്രകൃതി തന്നെ കൈവഴികൾ സമ്മാനിച്ചിട്ടുണ്ട്. അതു മലിനമാകാതെ സൂക്ഷിച്ചാൽ മാത്രം മതി.
English Summary: Kottayam Kumarakom Tourism