ADVERTISEMENT

കുമരകം നല്ല ആവേശത്തിലാണ്. ഇനിയും ഏറെ വികസനം വരുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ട്. ആ ആവേശം കെട്ടടങ്ങും മുൻപ് ചില മികച്ച തുടക്കമിടാൻ സാധിക്കണം. ചെറിയ ഇടപെടലുകൾ മുതൽ വൻതയാറെടുപ്പുകളോടെ നടത്തുന്ന ഹ്രസ്വ-ദീർഘകാല പദ്ധതികൾ ഈ മാറ്റത്തിന് ആക്കം കൂട്ടണം.

കണിയായി താമരക്കുളം

കവണാറ്റിൻകരയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിനു മുന്നിലെത്തിയാൽ ഒരു ചെറിയ ഇടപെടലിന്റെ ഗുണം കാണാം. പോള കയറിക്കിടന്ന ഭാഗത്ത് ഇപ്പോൾ താമരപ്പൊയ്കയാണ്. ഗവേഷണ കേന്ദ്രം അസോഷ്യേറ്റ് ഡയറക്ടർ ഷീബ റബേക്കയും സഹപ്രവർത്തകരും മനസ്സുവച്ചപ്പോഴുണ്ടായ മാറ്റമാണിത്. സ്ഥാപനത്തിന്റെ മുൻഭാഗം വൃത്തിഹീനമായി കിടക്കരുതെന്ന ചിന്തയിൽ നിന്നുണ്ടായ ആശയം. സമീപത്തുള്ള കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ മുൻപിലും ഇപ്പോൾ താമരക്കുളമുണ്ട്.

വേമ്പനാട്ടുകായൽ ഇപ്പോൾ തടാകമായി; കുമരകത്തിന്റെ സൗന്ദര്യം നശിച്ചാൽ പിന്നെന്ത് ടൂറിസം? 

ജി 20 സമ്മേളനത്തിനു വന്ന അതിഥികളും ഈ കാഴ്ച കണ്ടുരസിച്ചു. ഒരു താമരത്തണ്ടിന് 150 രൂപയാണു കുറഞ്ഞ വില. ഇതു വിൽക്കാൻ കൂടി തീരുമാനിച്ചാൽ സ്ഥാപനത്തിനു ചെറിയ തോതിൽ വരുമാനവുമാകും.പണ്ട് കുമരകത്ത് മഞ്ഞക്കൂരി ഏറെയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത്രയില്ല. കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഇടപെടലിലൂടെ അവയെ കൂടുതലായി വളർത്താൻ സാധിച്ചു. ഇപ്പോൾ ലഭ്യതയുടെ 11% വർധിച്ചു. അധികം കിട്ടാനില്ലാത്ത കരിമീനിന്റെ കാര്യത്തിലും ഇടപെടൽ ഉണ്ടാകണം.

house-boat

വൃത്തിയുള്ള കുമരകം

വേമ്പനാട്ടുകായലിന്റെ കാര്യത്തിൽ ശാസ്ത്രീയമായ ഇടപെടൽ ഉണ്ടാകണമെന്ന് കലക്ടർ ഉൾപ്പെടെ അധികൃതരും ആഗ്രഹിക്കുന്നു. കായലിന്റെയും പരിസ്ഥിതിയുടെയും പുനരുജ്ജീവനം ഉണ്ടായാലേ ഇവിടത്തെ മനുഷ്യർക്കു പ്രയോജനമുണ്ടാകൂ. നാടിന്റെ വികസനവും മനുഷ്യരുടെ വികസനവും ഒന്നിച്ചു നേടാനാകൂ. പ്ലാസ്റ്റിക് മാലിന്യം ഇല്ലാത്ത കുമരകം സൃഷ്ടിക്കാൻ നാട്ടുകാരുടെ സഹകരണവും പിന്തുണയും അത്യാവശ്യമാണ്. സന്ദർശകരും ശ്രദ്ധിക്കണം. പ്ലാസ്റ്റിക് നിർമാർജനം ഉൾപ്പെടെ മുന്നിൽക്കണ്ട് ഇന്ത്യൻ ഹോട്ടൽസ് കമ്പനി പാത്തിയാ പദ്ധതി 2022ൽ ആരംഭിച്ചതായി താജ് ഹോട്ടൽ ജനറൽ മാനേജർ ദിനേശ്‌വർമ വ്യക്തമാക്കി.

കണ്ടിരിക്കേണ്ട ലോകത്തെ 52 സ്ഥലങ്ങളിലൊന്ന്; കുമരകത്തിന് കുതിക്കാൻ ഇനിയും സാധ്യതകൾ ഏറെ

ജി20 പ്രതീക്ഷ

2000ൽ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയി കുമരകത്ത് എത്തിയ ശേഷമാണ് ഇവിടത്തെ ടൂറിസം കുതിച്ചുയർന്നത്. അന്നു ഹോട്ടലുകൾ കുറവായിരുന്നു. പിന്നീട് വമ്പൻ ഗ്രൂപ്പുകളുടേത് ഉൾപ്പെടെ ഹോട്ടലുകളും റിസോർട്ടുകളും ഉയർന്നു. നിലവിൽ 20 ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. ഫൈവ് സ്റ്റാർ ഡീലക്സ് മുതൽ ത്രീ സ്റ്റാർ വരെ ഉള്ളവയാണിവ. പ്രമുഖഗ്രൂപ്പുകൾ കായലോരത്തു സ്ഥലം വാങ്ങിയിട്ടിരിക്കുന്നു. ഇപ്പോൾ കുമരകം പഞ്ചായത്തിനു കെട്ടിടനികുതി ഇനിത്തിൽ 30–35 ലക്ഷം രൂപ വാർഷിക വരുമാനം കിട്ടുന്നു. തൊഴിൽനികുതി ഇനത്തിൽ 7 ലക്ഷം വരെ കിട്ടുന്നു. ജി20 ഷെർപ്പ സമ്മേളനം കഴിഞ്ഞതോടെ ടൂറിസം രംഗത്തു കൂടുതൽ വളർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

എല്ലാ അർഥത്തിലും അതിഥികൾ കേരളത്തെ അറിഞ്ഞു; വാനോളം ഉയർന്ന് കുമരകം

പ്രശ്നങ്ങൾ ബാക്കി

‘‘ സാധാരണക്കാർക്ക‌ു പ്രാഥമികകൃത്യങ്ങൾക്ക് ഇപ്പോഴും സൗകര്യമില്ല. കഴിഞ്ഞദിവസം വിദേശത്തു നിന്നുള്ള ദമ്പതികൾ മൂക്കും പൊത്തിയാണ് ഓടിയത്. ശുചിമുറി തുറക്കാൻ നടപടിയില്ലെന്നതു കഷ്ടമാണ്. ടേക് എ ബ്രേക് എന്നൊരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മുട്ടിയാൽ ഇപ്പോഴും എവിടേക്കെങ്കിലും ഓടുകമാത്രമാണു വഴി”- കുമരകം ബോട്ടുജെട്ടിയിലെ ബോട്ട് ദുരന്ത സ്മാരകത്തിലെ തുറക്കാത്ത ശുചിമുറിയും വൃത്തികേടായ താൽക്കാലിക ശുചിമുറിയും ചൂണ്ടിക്കാട്ടി നാട്ടുകാരൻ തമ്പിയും ഇവിടെ കട നടത്തുന്ന പീതാംബരനും പറഞ്ഞു. കെട്ടിടം പണിതു വെറുതേ ഇട്ടിരിക്കുകയാണ്. ജലസേചനവകുപ്പിന്റെ സ്ഥലമാണ്. റോഡ് കൂടി നന്നാക്കിയാൽ എത്ര നല്ലതായിരുന്നു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ബോട്ട് ദുരന്ത സ്മാരകത്തിനും ദു‍ർഗതിയാണ് – പീതാംബരൻ കൂട്ടിച്ചേർത്തു.

ഇനി കുമരകം പറപറക്കും, ബ്രാൻഡ് വാല്യൂ കുതിച്ചുയരും

കാണണം, അറിയണം

ജി 20 ഷെർപ്പ സമ്മേളനത്തിലെ പ്രതിനിധികൾ ഹൗസ് ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു. ബോട്ട് തണ്ണീർമുക്കത്ത് എത്തിയപ്പോൾ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു- ‘‘ഷെർപ്പ സമ്മേളനം നടക്കുന്നതിനാൽ നല്ല വെളിച്ചവും കൊടികളും ഒക്കെയായി ഉത്സവപ്രതീതിയാണ്. ഇതിനു ശേഷവും ഇതുപോലെത്തന്നെ ആയാൽ രസമായിരിക്കില്ലേ"”- ഇതുതന്നെയാണു നാട്ടുകാരും ചോദിക്കുന്നത്.

കുമരകം വിനോദസഞ്ചാര ഗ്രാമമായി പ്രഖ്യാപിക്കുന്നതിനു വേണ്ട നടപടികളുമായി  മുന്നോട്ടുപോകും. കുമരകം ഫെസ്റ്റ് നടത്തുന്നത് ഇതിനു മുന്നോടിയായാണ്. ∙ ധന്യാ സാബു (കുമരകം പഞ്ചായത്ത് പ്രസിഡന്റ്)

കുമരകത്തെ കായൽയാത്ര കഴിഞ്ഞുവരുന്ന വരുന്ന വിനോദസഞ്ചാരികളെ അയ്മനത്തെ ക്ഷേത്രങ്ങളും മനകളും മറ്റു കാഴ്ചകളും കാണിക്കാൻ സൗകര്യം ഒരുക്കും. ∙ സബിത പ്രേംജി (അയ്മനം പഞ്ചായത്ത് പ്രസിഡന്റ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com