ADVERTISEMENT

ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ശരീരത്തെയും മനസ്സിനെയും കുളിർപ്പിക്കുവാനായി തണുപ്പുള്ള ഇടത്തേക്ക് സഞ്ചാരികളുടെ തിക്കുംതിരക്കുമാണ്. ഇക്കഴിഞ്ഞ ആഴ്ച കോഴിക്കോട് കോടഞ്ചേരിയിലെ തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കുവാനായി സന്ദർശകരുടെ തിരക്കായിരുന്നു. അവധിയായതോടെ കുടംബവുമൊത്തും അല്ലാതെയും നിരവധിപേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. ഞായറാഴ്ച മാത്രം ഇവിടെ എത്തിയത് 2900 സന്ദര്‍ശകരാണ്. പ്രവേശനഫീസനത്തില്‍ മാത്രം ലഭിച്ചത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയായിരുന്നു. യാത്രികരുടെ തിരക്കു ചെറിയതോതിൽ ഗതാഗത തടസത്തിനിടയാക്കി. 

 

Thusharagiri1
Image Source: Kerala Tourism official site

വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. കാഴ്ചയ്ക്ക് മികവേകുന്ന ചെറു നീർച്ചാലുകള്‍ ഉൾപ്പടെ ഈരാറ്റുമുക്ക്, മഴവില്ല‌്‌ വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയിലുള്ളത്. ചാലിപ്പുഴ വറ്റിയതോടെ വെള്ളച്ചാട്ടങ്ങള്‍ നിലച്ചെങ്കിലും സഞ്ചാരികള്‍ കുറയുന്നില്ല. ഒന്നാം വെള്ളച്ചാട്ടത്തിന് താഴെ പ്രകൃതിയൊരുക്കിയ തടാകത്തില്‍ മുങ്ങിക്കുളിക്കാന്‍ സഞ്ചാരികളുടെ തിരക്കായിരുന്നു.

 

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. കോഴിക്കോട്ടു നിന്നും 53 കിലോമീറ്റർ പിന്നിട്ടാൽ പ്രകൃതി ഒരുക്കിയ അദ്ഭുത വെള്ളച്ചാട്ടത്തിലേക്ക് കൂട്ടുകൂടാം. കാതുകളിൽ തുളഞ്ഞു കയറുന്ന ചീവിടിന്റ ശബ്ദവും കിളികളുടെ കളകളാരവും കൊണ്ടും മുഖരിതമായ നിത്യ ഹരിതവനം. 

 

 വനം വകുപ്പ് നൽകുന്ന പാസ് എടുത്തതിനു ശേഷമാണ് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് കടക്കാൻ സാധിക്കുക. തുഷാരഗിരിയിൽ എത്തുന്ന സഞ്ചാരികളിൽ കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ് അഞ്ഞൂറു വർഷം പഴക്കം ചെന്ന താന്നിമുത്തശ്ശി എന്ന വൃക്ഷം. മലകൾ കയറിയിറങ്ങി കാട്ടിലൂടെയുള്ള യാത്ര ആരെയും ആകർഷിക്കും. സാഹസിക യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഹരം പകരുന്ന ഉല്ലാ‌സകേന്ദ്രമാണിവിടമെന്ന് തുഷാരഗിരി ഒരിക്കലെങ്കിലും സന്ദർശിച്ചവർ പറയും.

English Summary: Tourists rush in Thusharagiri Waterfall Kozhikode

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com