എത്രകണ്ടാലും വീണ്ടും രഹസ്യങ്ങളുടെ കലവറ തുറന്ന് നമ്മെ അമ്പരപ്പിക്കുന്ന ഒരിടം. മഞ്ഞുമുടിയ കന്യകാമലകളും വനങ്ങളും എന്നും സഞ്ചാരികളെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും. ഇത്തവണത്തെ യാത്ര പാവങ്ങളുടേയും സ്വന്തം ഊട്ടിയിലേക്കായാലോ? നെല്ലിയാമ്പതിയെ അറിയാത്ത മലയാളികള്‍ ചുരുക്കമാകും. എന്നാല്‍ നെല്ലിയാമ്പതിയുടെ എല്ലാ രഹസ്യങ്ങളും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമുണ്ടാകില്ല. മിക്കപ്പോഴും പോകുന്നയിടമാണെങ്കിലും വീണ്ടും അവിടെ എത്തുമ്പോള്‍ പുതിയൊരു സ്ഥലത്തെത്തിയ പ്രതീതിയാകും. അതാണ് നെല്ലിയാമ്പതിയെന്ന സുന്ദരിയുടെ ഏറ്റവും വലിയ രഹസ്യം.
കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിയുടെ സമൃദ്ധിയും ചായ, കാപ്പി, ഏലം തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുമുള്ള നെല്ലിയാമ്പതി എന്നും സഞ്ചാരികളെ ഹരം പിടിപ്പിക്കുന്നയൊരിടം തന്നെയാണ്. പാലക്കാട് ജില്ലയിലെ നെന്മാറ ടൗണില്‍ നിന്ന് നോക്കുമ്പോള്‍ മേഘങ്ങള്‍ ഓമനിക്കുന്ന നെല്ലിയാമ്പതി മലനിരകള്‍ ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെയാണ് കടല്‍ നിരപ്പില്‍ നിന്ന് ഈ മലനിരകളുടെ ഉയരം. പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്ന് നെല്ലിയാമ്പതി മലനിരകളുടെ ഈ കാഴ്ച തന്നെ കുളിര്‍മയേകും. നെല്ലിയാമ്പതിയുടെ കാഴ്ചകള്‍ അക്കമിട്ട് തന്നെ പറഞ്ഞുപോകണം.

മഞ്ഞുമൂടിയ കന്യാമലകള്‍ ,പറമ്പിക്കുളം വന്യജീവി സങ്കേതം, സീതാര്‍കുണ്ട് വ്യൂ പോയിന്റ്, നെന്മാറ ഗ്രാമം, മലമ്പുഴ ഗാര്‍ഡന്‍സ്, പോത്തുണ്ടി ഡാം എന്നിങ്ങനെ നീളുന്നു. നെല്ലിയാമ്പതിയുടെ ഓറഞ്ച് തോട്ടങ്ങള്‍ പ്രസിദ്ധമാണ്. പലകപ്പാണ്ടി എസ്റ്റേറ്റിലേയ്ക്ക് പോകും വഴി ഇരുവശത്തും നിങ്ങള്‍ക്ക് നിറയെ പഴവര്‍ഗങ്ങള്‍ കായ്ച്ചുനില്‍ക്കുന്ന തോട്ടങ്ങള്‍ കാണാം. ഇവിടെ അനേകം റിസോര്‍ട്ടുകളും ഹോട്ടലുകളുമുള്ളതിനാല്‍ താമസസൗകര്യം അന്വേഷിച്ച് മറ്റെവിടെയും പോകേണ്ടതില്ല.
പലകപ്പാണ്ടി എസ്റ്റേറ്റില്‍ എത്തുന്നതു വരെ ഇരുവശത്തുമുള്ള കൃഷിത്തോട്ടങ്ങളിലും ചിലര്‍ താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പലകപ്പാണ്ടി എസ്റ്റേറ്റില്‍ ബ്രിട്ടീഷുകാരുടെ കാലത്തു പണിത ബംഗ്ലാവും ഇന്നൊരു സ്വകാര്യ റിസോര്‍ട്ടാക്കി മാറ്റി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
സീതാര്‍കുണ്ട് ഇതിനടുത്തായിട്ടായതിനാല്‍ പെട്ടെന്ന് തന്നെ എത്തിപ്പെടാനാകും.പലകപ്പാണ്ടിയില്‍ നിന്ന് മാമ്പാറ വരെ ജീപ്പിലോ, നടന്നോ പ്രകൃതി ഭംഗി ആസ്വദിച്ച് സീതാര്‍ കുണ്ടിലേയ്‌ക്കെത്താം. മലനിരകള്‍ക്ക് പദസ്വരം അണിഞ്ഞതുപോലെ സീതാര്‍കുണ്ട് ഒഴുകുന്നത് കാണാന്‍ തന്നെ കുളിര്‍മയേകുന്ന കാഴ്ചയാണ്.
നെല്ലിയാമ്പതിയുടെ അറിയാത്തിടങ്ങള്‍
മാന്‍പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് കുന്ന്, കാരപ്പാറ ഡാം തുടങ്ങി സഞ്ചാരികള്‍ അധികമെത്താത്ത എന്നാല്‍ അതിമനോഹരമായ നിരവധിയിടങ്ങള്‍ നെല്ലിയാമ്പതിയിലുണ്ട്. പോകും വഴികളില്‍ വണ്ടി നിര്‍ത്തി കുറച്ച് തണുത്ത കാറ്റൊക്കെ കൊള്ളണം. തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്കു തുറന്നു കിടക്കുന്ന സ്വാഭാവിക തുറസ്സായ പാലക്കാടന്‍ ഗ്യാപ്പിന്റേയും വിശാലമായ ദൃശ്യം ഇവിടെ ചില സ്ഥലങ്ങളില്‍ നിന്നു ലഭിക്കും.
നെല്ലിയാമ്പതിയുടെ കാടകങ്ങള്‍
കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങി വന്യജീവികളുടെ ആവാസകേന്ദ്രമാണ് നെല്ലിയാമ്പതിയുടെ കാടകങ്ങള്‍. പക്ഷികളുടെ വൈവിധ്യവും വൈപുല്യവും നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്. പക്ഷി നിരീക്ഷകരുടെ പറുദീസയാണിവിടം എന്നും പറയാം.നെല്ലിയാമ്പതിയില്‍ എത്താന്‍ നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡില്‍ പോകണം. ഏകദേശം 10 - ഓളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാലാണ് മുകളിലെത്തുക.വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ നിന്നും ഒരു മാറ്റിചിന്ത നല്ലതാണ്. പെട്ടെന്നൊരു ട്രിപ്പ് പോയിവരാം. പാലക്കാടിന്റെ വരണ്ട സമതലങ്ങളില്‍ നിന്നും തണുപ്പിന്റെ മൂടുപടത്തിലേയ്ക്ക് മാറ്റം പെട്ടെന്നായിരിക്കും.നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുമ്പോള്‍ വഴി നീളെ അവിടവിടെ പാലക്കാടന്‍ സമതലങ്ങളും നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പും കാഴ്ച വിരുന്നൊരുക്കും.
English Summary: The complete guide to Nelliyampathy