ADVERTISEMENT

അനേകവര്‍ഷങ്ങളായി, പാപപുണ്യങ്ങളുടെ തുലാസില്‍ തൂങ്ങിയാടുന്ന മനുഷ്യജന്മങ്ങള്‍ക്ക് മോക്ഷപ്രാപ്തിയേകുന്ന തിരുനെല്ലി ക്ഷേത്രം. ജന്മാന്തരങ്ങളുടെ കണക്കുകള്‍ തീര്‍ത്ത് ശുദ്ധിയാക്കുന്ന പാപനാശിനിപ്പുഴയുടെ കരുതല്‍. ബ്രഹ്മഗിരി മലനിരകളുടെ ഹരിതഭംഗി തഴുകിത്തലോടിയെത്തുന്ന കാറ്റ്. ഘോരവനത്തിന്‍റെ കുളിരിനു മേല്‍ പാട പോലെ ചുറ്റുന്ന കോടമഞ്ഞിന്‍റെ കംബളം... തിരുനെല്ലിയെന്നാല്‍ സഞ്ചാരികൾക്ക് നിഗൂഢതയും ആശ്ചര്യവും ആവേശവുമെല്ലാം നിറഞ്ഞൊരു അനുഭവമാണ്. വയനാടന്‍ കാടുകളില്‍നിന്നു തുടങ്ങി കാടിന്‍റെ ഹൃദയത്തിലൂടെ നീളുന്ന ഈ യാത്രയ്ക്ക്, കാലമേറെ കഴിഞ്ഞാലും പത്തരമാറ്റ് തന്നെ.

വയനാട് വന്യജീവി സംരക്ഷണകേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം. തോല്‍പെട്ടിയില്‍നിന്നു കാടിനുള്ളിലൂടെ കടന്ന്, കാട്ടുമൃഗങ്ങളുടെ കാഴ്ച കണ്ടങ്ങനെ പോകാം. ഇരുവശവും മുളങ്കാടുകള്‍ കമാനം തീര്‍ത്തിരിക്കുന്ന കാഴ്ച കണ്ണുകള്‍ക്ക് കുളിരായി നിറയും. കാട്ടുവഴികളില്‍ കുരങ്ങന്മാരും മ്ലാവുകളും മറ്റും വരവേല്‍ക്കും. ഇടയ്ക്ക് ഭീകരന്മാരായ കാട്ടുപോത്തുകളെ കണ്ടുമുട്ടാനും സാധ്യതയുണ്ട്. മാത്രമല്ല, ആനയിറങ്ങുന്ന വഴിയായതിനാല്‍ വനം വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

1280126446
Ancient Thirunelli Temple-tijogemini/shutterstock

കാടായതു കൊണ്ട് എന്തുമാവാം എന്നൊരു ചിന്ത പലര്‍ക്കും ഉണ്ടാകും. ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളുമെല്ലാം വഴിയരികില്‍ വലിച്ചെറിയുന്ന ശീലം ഒഴിവാക്കേണ്ടതു തന്നെയാണ്. ഇവ മൃഗങ്ങളുടെ ജീവനു തന്നെ വന്‍ ഭീഷണിയായതിനാല്‍ ഇത്തരം വസ്തുക്കള്‍ കയ്യില്‍ത്തന്നെ വച്ച്, വേസ്റ്റ്ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുകയോ തിരികെ കൊണ്ടുപോവുകയോ ചെയ്യണം. 

ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്ത സുന്ദരമായ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന തിരുനെല്ലി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കാഴ്ച. കോടമഞ്ഞില്‍ അഴകോടെ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രം ദൂരക്കാഴ്ചയില്‍ത്തന്നെ ആരുടെയും മനംമയക്കും. 3000 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രമാണിത്. 30 കരിങ്കൽ തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന ക്ഷേത്രത്തിൽ സ്രഷ്ടാവായ ബ്രഹ്മാവ് തന്നെയാണ് വിഷ്ണുവിന്‍റെ വിഗ്രഹം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തെക്കൻ കാശി എന്നും സഹ്യമലാക്ഷേത്രം എന്നുമെല്ലാം തിരുനെല്ലിയെ വിളിക്കാറുണ്ട്.

ഐതിഹ്യങ്ങള്‍ക്കും കഥകള്‍ക്കും പുറമേ, ചരിത്രവുമായും ക്ഷേത്രം ഇഴചേര്‍ന്നുകിടക്കുന്നു. കാസർകോട് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാ‍ജാക്കന്മാരുമൊക്കെയായി ക്ഷേത്രത്തിന് ബന്ധമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി ചരിത്ര രേഖകളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്, കൂടാതെ ക്ഷേത്രത്തിന് ചുറ്റും നിരവധി പുരാവസ്തു സൈറ്റുകളും ഉണ്ട്. തിരുനെല്ലി ക്ഷേത്രത്തിനു സമീപം നടത്തിയ ഖനനത്തിൽ 9, 10 നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

1083889121
Aathi94/shutterstock

തിരുനെല്ലി ക്ഷേത്രത്തിന് തെക്കുഭാഗത്തായി പഞ്ചതീർഥമെന്ന ക്ഷേത്രക്കുളം കാണാം. ക്ഷേത്രത്തിന്‍റെ പുറകിലെ പടികള്‍ കടന്ന് ഇവിടെയെത്താം. അഞ്ചുനദികളില്‍ നിന്നുള്ള ജലം ഒഴുകിയെത്തുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ പുണ്യ കുളത്തിന് സമീപം നിരവധി കൊത്തുപണികളും ശിൽപങ്ങളും കാണാം. തീർഥക്കുളത്തിന് മധ്യഭാഗത്തായുള്ള പാറയില്‍ രണ്ട് കാലടി രൂപങ്ങള്‍ കൊത്തിവച്ചതു കാണാം, വിഷ്ണുവിന്‍റെ പാദങ്ങളാണ് ഇവയെന്നാണ് വിശ്വാസം. കൂടാതെ ശംഖ്, ചക്രം, ഗദ, പത്മം എന്നീ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഈ പാറയില്‍ നിന്നു കൊണ്ടായിരുന്നുവത്രേ മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശങ്ങള്‍ നല്‍കിയത്.

ക്ഷേത്ര സമുച്ചയത്തിനടുത്തു തന്നെയാണ് പാപനാശിനി എന്ന അരുവി. ക്ഷേത്രത്തില്‍നിന്ന് ഉരുളന്‍ പാറക്കല്ലുകള്‍ക്കിടയിലൂടെ നടന്നുവേണം പാപനാശിനിയില്‍ എത്താന്‍. പോകുന്ന വഴിയ്ക്കാണ് പഞ്ചതീർഥ കുളവും ഗുണ്ഡികാ ശിവക്ഷേത്രവും. ജന്മാന്തരങ്ങളുടെ പാപം തീര്‍ക്കാന്‍ ഈ അരുവിക്ക് ശക്തിയുണ്ട് എന്നാണ് വിശ്വാസം. പിതൃകർമം ചെയ്യാനായി രാജ്യമെങ്ങു നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഇവിടെ വരാതെ പോകാറില്ല. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാല്‍ താമസിക്കാന്‍ വയനാട് മേഖലയിൽ ചില മികച്ച ഹോട്ടലുകളും റിസോർട്ടുകളും ഉണ്ട്. ബജറ്റ് അനുസരിച്ച്, വളരെ കുറഞ്ഞ ചെലവില്‍ ഉള്ളത് മുതല്‍ ആഡംബരഹോട്ടലുകള്‍ വരെയുണ്ട്. തിരിച്ചുപോകും മുന്‍പ്, ബ്രഹ്മഗിരി മലനിരകളില്‍ നിന്നുള്ള സൂര്യോദയവും അസ്തമയക്കാഴ്ചയും കാണാന്‍ മറക്കരുത്.

തിരുനെല്ലി യാത്രയില്‍ സന്ദര്‍ശിക്കാവുന്ന മറ്റു ഇടങ്ങളാണ്  പക്ഷിപാതാളം, തോൽപെട്ടി വന്യജീവി സങ്കേതം എന്നിവ. കേരള –കർണാടക അതിർത്തിയിൽ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷിപാതാളത്തിലെ പാറഗുഹകളില്‍ ഒട്ടേറെ പക്ഷികളും വന്യമൃഗങ്ങളുമുണ്ട്. തിരുനെല്ലി - കുടക് പാതയിൽ തിരുനെല്ലിയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് തോൽപെട്ടി. തിരുനെല്ലിയിൽ നിന്ന് മാനന്തവാടിയിലേക്കുള്ള വഴിയിൽ ശിവന് സമർപ്പിച്ചിരിക്കുന്ന മനോഹരമായ തൃശ്ശിലേരി ക്ഷേത്രവുമുണ്ട്.

English Summary: Thirunelli Travel Guide 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com