ADVERTISEMENT

എയർഹോസ്റ്റസ് ലുക്കിൽ എക്സിക്യൂട്ടീവ് സ്റ്റൈലിൽ വന്ദേഭാരതിൽ ചടുലതയോടെ ഡ്യൂട്ടിക്കെത്തുന്ന രണ്ട് യുവതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരളത്തിലെ മാറിയ ട്രെയിൻ യാത്രാ സൗകര്യങ്ങളുടെ അംബാസഡർമാരായാണ് വൈറൽ റീലിലെ കമന്റ് ബോക്സിൽ ഇവരെ പലരും വിശേഷിപ്പിക്കുന്നതും. ഡയാനയും ഷിജിനയും ഈ വൈറൽ വിഡിയോയിലെ നായികമാർ, ഒരുതരത്തിൽ കേരളത്തിലെ വന്ദേഭാരത് ട്രെയിനിൽ ഇതിനകം ഏറ്റവും കൂടുതൽ യാത്ര ചെയ്ത യുവതികൾ, തിരുവനന്തപുരം സ്വദേശികളായ ഡയാന ക്ലിന്റണും ഷിജിന രാജനും വന്ദേഭാരതിലെ ഡെപ്യൂട്ടി ടിടിഇമാരാണ്. കായികതാരങ്ങൾ കൂടിയായ ഇവർ പതിനഞ്ചു വർഷത്തിലേറെയായി റെയിൽവേയിൽ ജോലി തുടങ്ങിയിട്ട്. ഏപ്രിൽ 20 ന് വന്ദേഭാരതിനൊപ്പമുള്ള യാത്രയിൽ അണിചേർന്നു. നാലു പേരാണ് ഡ്യൂട്ടിയിൽ, പതിനാറ് കോച്ചുള്ള വന്ദേഭാരതിൽ ഒരാൾക്ക് നാലു കോച്ചിന്റെ വീതം ചുമതലയാണുള്ളത്. എങ്ങനെയുണ്ട് ഈ യാത്ര? ടിക്കറ്റില്ലാതെ വന്ദേഭാരതിൽ കയറിയവരെ നേരിട്ടതെങ്ങനെ? ജോലിയിലെ അനുഭവങ്ങൾ എന്നിവ ഇവർ മനോരമ ഓൺലൈനോടു പങ്കുവച്ചു.

vande-bharat-express-tte
ഡയാന ക്ലിന്റൺ, ഷിജിന രാജൻ - വന്ദേഭാരത് യാത്രയിൽ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ലാൽ ജോസ് എന്നിവർക്കൊപ്പം.

സൂപ്പറാണ് വന്ദേഭാരത്

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസിന്റെ മകളാണ് ഡയാന. റെയിൽവേയിലെ പ്രത്യേകിച്ച് വന്ദേഭാരതിലെ ജോലിയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ഡയാനയ്ക്ക്.

‘‘മികച്ചൊരു അനുഭവമാണിത്. സുരക്ഷിതമായ യാത്രാനുഭവമാണ് വന്ദേഭാരതിലുളളത്. ടിടിഇ എന്നതിലുപരി ഒരു കുടുംബം പോലെയാണ് ഇവിടെ. ട്രെയിനിൽ ബുക്കിങ് തിരക്കേറുമ്പോൾ പലപ്പോഴും ഒരു ഫാമിലിയിലെ തന്നെ അച്ഛനും അമ്മയും കുഞ്ഞും പലയിടത്തായി മൂന്ന് സീറ്റിലായിരിക്കും. ഇങ്ങനെ വരുമ്പോൾ ഇവരെ ഒന്നിച്ച് ഇരുത്താൻ ശ്രദ്ധിക്കാറുണ്ട്. കൗതുകരമായ മറ്റൊരു കാഴ്ച തിരുവനന്തപുരത്തു നിന്നു ചിലർ പ്രായമായ മാതാപിതാക്കളുമായി തിരുവനന്തപുരത്ത് നിന്ന് കാസർകോടെത്തി അവിടെ നിന്ന് തിരിച്ചും വരുന്നതാണ്. പ്രായമായവരുടെ സന്തോഷത്തിനു വേണ്ടി മക്കൾ നടത്തുന്ന യാത്രകൾ. വന്ദേഭാരതിൽ വരുന്ന യാത്രക്കാർക്ക് ടിടിഇയെ ടിക്കറ്റ് പരിശോധിക്കാറുള്ള ആളായല്ല ഫാമിലിയെ കെയർ ചെയ്യുന്ന ഒരാളായിട്ടാണ് ഫീൽ ചെയ്യുന്നത്. ‘കെയർ ഫീലിങ് കണ്ട് നിങ്ങൾ റെയിൽവേയിലെ സ്റ്റാഫ് തന്നെ അല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.’ യൂണിഫോം കണ്ടാൽ ഫ്ലൈറ്റിലെ എയർഹോസ്റ്റസിനെപ്പോലെയുണ്ടല്ലോ എന്നു പറഞ്ഞ് ചിലർ അഭിനന്ദിക്കാറുണ്ട്’’ – ഡയാന പറയുന്നു.

‘‘ദിവസവും പുതിയ യാത്രാ അനുഭവങ്ങളാണ്, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെല്ലാം വന്ദേഭാരതിൽ സഞ്ചരിക്കുന്നുണ്ട്. എറണാകുളം – തിരുവനന്തപുരം റോഡ് പണി നടക്കുന്നതിനാൽ 7 മണിക്കൂർ വരെയൊക്കെ എടുക്കുന്ന റോഡ് യാത്ര ഒഴിവാക്കാനാണ് ഇവരിൽ പലരും വന്ദേഭാരത് യാത്ര തിരഞ്ഞെടുക്കുന്നത്. വന്ദേഭാരതിൽ മൂന്ന് – മൂന്നര മണിക്കൂറു കൊണ്ട് ഈ ദൂരം എത്താം. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ശ്വേതാ മേനോൻ, മേജർ രവി, സുരേഷ് ഗോപി...ഒരു പാടു ചലച്ചിത്ര താരങ്ങളും വന്ദേഭാരതിൽ യാത്ര ചെയ്തു. വിഐപി പാസഞ്ചേഴ്സ് രാജ്യത്തിന്റെ പുറത്ത് പലയിടത്തും യാത്ര ചെയ്തുള്ള അനുഭവങ്ങളുള്ളവരാണ്. നമ്മുടെ നാട്ടിലും പുറംനാട്ടിലേതു പോലുള്ള യാത്രാ സൗകര്യം എത്തിയെന്ന അഭിപ്രായം അവർ പങ്കുവയ്ക്കുമ്പോൾ സന്തോഷം തോന്നും.’’ – ഷിജിന പറഞ്ഞു.

vande-bharat-express-tte2
വന്ദേഭാരതിലെ റെയിൽവേ ഉദ്യോഗസ്ഥർ.

ഷിജിനയുടെ യാത്രയിൽ എവറസ്റ്റും

എവറസ്റ്റ് ബേസ്ക്യംപിലേക്കു യാത്ര ചെയ്ത ആദ്യത്തെ റെയിൽവേ ജീവനക്കാരി കൂടിയാണ് വോളിബോൾ താരമായ ഷിജിന രാജൻ, കഴിഞ്ഞ വർഷം ഈ സമയം ഷിജിന എവറസ്റ്റ് ബേസ് ക്യാംപിലെ ട്രക്കിങ്ങിലായിരുന്നു. നേപ്പാൾ കാഠ്മണ്ഡു വഴിയായിരുന്നു ആ യാത്ര. ‘‘യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നൊരാൾക്ക് ദിവസവും യാത്ര കൂടി ചെയ്യാനാകുന്ന ജോലി നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലെന്ന് ഷിജിന. ദിവസവും പുതിയ ആൾക്കാരെ കാണുന്നതും മറ്റൊരു സന്തോഷം.

Shijina Rajan
Shijina Rajan Image Credit : travelling_tte/instagram

വന്ദേഭാരതിലെ ‘വെല്ലുവിളികൾ’

കണ്ണൂരിൽ ഒരു ദിവസം വൈദ്യുതി തകരാറു കാരണം വന്ദേഭാരത് ഓഫായി. രണ്ടര മണിക്കൂറോളമാണ് അന്ന് യാത്ര തടസ്സപ്പെട്ടത്. എസി പ്രവർത്തിച്ചില്ല, ലൈറ്റും ഉണ്ടായില്ല. പ്ലാറ്റ്‌ഫോമിന് അടുത്തായിരുന്നതുകൊണ്ട് വാതിലുകൾ തുറന്നിട്ടും യാത്രക്കാരെ പുറത്തിറക്കിയുമൊക്കെയാണ് ആ സാഹചര്യം നേരിട്ടത്. യാത്രക്കാരിൽ കോഴിക്കോട്, നെടുമ്പാശേരി എയർപോർട്ടുകളിൽ പോകുന്നവരുണ്ടായിരുന്നു. റെയിൽവേ ഓഫിസിൽ പ്രത്യേകം വിവരം അറിയിച്ച് ഫറോക്കിലും അങ്കമാലിയിലും അന്നു വന്ദേഭാരതിന് പ്രത്യേകം സ്റ്റോപ്പ് കൊടുത്തു. എയർപോർട്ടിലേക്ക് പെട്ടെന്ന് എത്താൻ വേണ്ടിയായിരുന്നു ഇത്. യാത്രക്കാരുടെ നമ്പർ വാങ്ങി അവർ വിമാനത്താവളങ്ങളിൽ എത്തിയോ എന്നത് വിളിച്ചുറപ്പിക്കുകയും ചെയ്തു. വന്ദേഭാരതിൽ വന്നവർക്ക് എയർപോർട്ടിൽ കാര്യമായ ക്യൂ നിൽക്കാതെയുള്ള സൗകര്യങ്ങളും റെയിൽവേയിൽ നിന്നും അന്ന് ഒരുക്കി. വന്ദേഭാരത് കൃത്യസമയത്ത് എത്തും വീട്ടിൽ നിന്ന് തിരിക്കുന്നതിന് 3 മണിക്കൂർ കൂടി സാവകാശം കിട്ടുമല്ലോ എന്നോർത്താണല്ലോ യാത്രക്കാർ മറ്റു ട്രെയിനുകൾ ഒഴിവാക്കി വന്ദേഭാരത് യാത്ര തിരഞ്ഞെടുത്തത്, ആ വിശ്വാസം കാത്തു സൂക്ഷിക്കാനാണ് ഫറോക്കിലും അങ്കമാലിയിലും അന്ന് സ്റ്റോപ്പ് അനുവദിച്ചത്. ഇതിലൂടെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കി യാത്രക്കാർക്ക് എയർപോട്ടിൽ പെട്ടെന്ന് എത്താനായി. കാര്യങ്ങൾ യാത്രക്കാരിലേക്ക് കൃത്യമായി എത്തിക്കാനായതു കൊണ്ടാണ് സാഹചര്യം മോശമാകാതെ ഈ അവസ്ഥ തരണം ചെയ്യാനായത്. എല്ലാവരെയും കൃത്യസമയത്ത് കൃത്യസ്ഥലത്ത് എത്തിക്കാൻ പറ്റി.

യാത്രയിൽ വിഷമമുണ്ടായ കാര്യം ട്രെയിനിനു നേരെയുണ്ടായ കല്ലേറാണ്, ഞങ്ങൾ ഡ്യൂട്ടിയിലുണ്ടായിരുന്നു ദിവസമായിരുന്നു അത് സംഭവിച്ചത്. ചില്ല് പൊട്ടി അകത്തേയ്ക്കു വീഴില്ല. ഏറ് കൊണ്ട വശത്ത് ഇരുന്നയാൾ പോലും അതറിഞ്ഞില്ല, ഹെഡ്സെറ്റ് വച്ചിരുന്നതുകൊണ്ട് അടുത്തിരുന്നവർ പറഞ്ഞപ്പോഴാണ് അദ്ദേഹം ഇതറിഞ്ഞത്.

വന്ദേഭാരതിൽ ടിക്കറ്റ് ഇല്ലാതെ കയറുന്നവരുണ്ടോ?

സമൂഹമാധ്യമത്തിൽ അടുത്തിടെ പ്രചരിച്ച ഒരു വിഡിയോ ജനങ്ങളിൽ ചില തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു. ‘‘വന്ദേഭാരതിൽ ടിക്കറ്റ് ഇല്ലാതെ കയറാം, ഇവിടെ സീറ്റ് ധാരാളം ഒഴിവ് ഉണ്ട്, കയറി കാശ് കൊടുത്തു യാത്ര ചെയ്യാം’’...ഇങ്ങനെ ഒരു വിവരമായിരുന്നു ആ വിഡിയോയിൽ. റെയിൽവേയുടെ നിമയപ്രകാരം തിരുവനന്തപുരത്തു നിന്നും ടിക്കറ്റ് ഇല്ലാതെ കയറിക്കഴിഞ്ഞാൽ യാത്രയുടെ ഫൈൻ വാങ്ങി കൊല്ലത്ത് ഇറക്കി വിടണം എന്നാണ്. തൊട്ടടുത്ത സ്റ്റേഷനിൽ ഇറക്കിവിട്ടാലും യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള യാത്രയുടെ നിരക്കാണ് പിഴയായി ചുമത്തുക.

vande-bharat-express-tte1

വന്ദേഭാരതിൽ കറന്റ് റിസർവേഷൻ ലഭ്യമാണ്. തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് ഈ നാല് സ്റ്റേഷനിലും ട്രെയിൻ എത്തുന്നതിന് 5 മിനിറ്റ് മുൻപ് കറന്റ് റിസർവേഷനുള്ള സംവിധാനം ലഭ്യമാണ്. ഇതൊന്നു പറയാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ കുഴപ്പമില്ല എന്നു വിഡിയോയിൽ കണ്ടെന്നു പറഞ്ഞു യാത്ര ചെയ്താൽ പിഴ ഉറപ്പാണ്. കോച്ച് മുഴുവൻ ഒഴിവാണ് എന്നൊക്കെ ആ വിഡിയോയിൽ വന്നതും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്. പ്രീമിയം ട്രെയിനിൽ പോയിന്റ് ടു പോയിന്റാണ് ഫൈൻ ചാർജ് വരുന്നത്, തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങിയാലും 2340 രൂപ ഫൈൻ അടയ്ക്കേണ്ടി വരും. വെയിറ്റിങ് സീറ്റിൽ കൂടെ കയറുന്നവർക്ക് പലപ്പോഴും ടിടി സീറ്റാണ് ഞങ്ങൾ കൊടുക്കുന്നത്. അതുപോലെ തിരക്കുണ്ട് പലപ്പോഴും. കേരളത്തിലൂടെ യാത്ര ചെയ്യുന്ന നേത്രാവതി എക്സ്പ്രസിലൊക്കെ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്, റിസർവേഷൻ കിട്ടിയില്ലെങ്കിലും ആളുകൾ കയറുന്നതിലൂടെയാണിത്. അതു പോലൊരു അവസ്ഥയിൽ വന്ദേഭാരതിനെ കൊണ്ടു പോകാൻ പറ്റില്ലല്ലോ. കൂടിയ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവർക്ക് സമീപം തിങ്ങി നിറഞ്ഞ് യാത്രക്കാരെ കൊണ്ടു പോകാനാവില്ല.

കോഴിക്കോട് അടുത്തിടെ റിപ്പോർട്ട് ചെയ്ത നിപ്പയുടെ കാലയളവിൽ മാത്രമേ വന്ദേഭാരതിൽ കുറച്ചു സീറ്റുകൾ ഒഴിവു വന്നുള്ളു, ഫൈൻ അടച്ചു യാത്ര ചെയ്യാം എന്ന വിഡിയോ കണ്ട് കുറച്ചുപേർ കയറി, ആ സമയത്ത് നല്ല തിരക്കാണ്, അവരെ ഇത് കാണിച്ചു കൊടുത്തു ഫൈൻ അടപ്പിച്ച് അടുത്ത സ്റ്റേഷനിൽ ഇറക്കി വിട്ടു. അതല്ലാതെ വേറെ വഴിയില്ല. അതു കൊണ്ട് ടിക്കറ്റില്ലാതെ ആരും ഈ വഴി വന്നിട്ടു കാര്യമില്ലെന്നത് ഓർമിക്കണമെന്നും ഇവർ പറയുന്നു.

Content Summary : Diana Clinton and Shijina Rajan, TTE Vande Bharat Express Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com