ADVERTISEMENT

പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. പഴമയുടെ ഭംഗിയുള്ള ഒട്ടേറെ കാഴ്ചകളുറങ്ങുന്ന ഗ്രാമങ്ങളാണ് ഈ പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
 

kollengode-map

അതിരപ്പിള്ളിയിൽ നിന്നു കൊല്ലങ്കോട്ടേക്ക്

അതിരപ്പിള്ളിയിൽ നിന്നു കൊല്ലങ്കോട്ടേയ്ക്കുള്ള യാത്രയിൽ ആദ്യത്തെ ഡെസ്റ്റിനേഷൻ മരോട്ടിക്കച്ചാൽ വെള്ളച്ചാട്ടമായിരുന്നു. ഗൂഗിൾ നോക്കി വെള്ളച്ചാട്ടത്തിലേക്ക് ഒരു കിലോമീറ്റർ ദൂരം കൂടി എന്നു കണ്ടു, വെള്ളച്ചാട്ടത്തിലേക്ക് എത്തണമെങ്കിൽ കുറച്ചു നടക്കണം, ‘ഇതിലെ അതിക്രമിച്ചു നടക്കുന്നത് കുറ്റകരം’എന്ന ബോർഡ് കണ്ടതോടെ വെള്ളച്ചാട്ടത്തിലേക്കുള്ള ചാട്ടം വേണോ വേണ്ടയോ എന്നായി... ‘‘ഫോറസ്റ്റുകാര് ഈ സമയം വരില്ല, നിങ്ങൾ പൊയ്ക്കോളൂ’’ എന്ന് ആ വഴിവന്നൊരാൾ പറഞ്ഞെങ്കിലും, പോയില്ല. വെള്ളച്ചാട്ടം കാണാൻ വേണ്ടിമാത്രമായിരുന്നു ഈ വഴി വന്നത്.

ചെറിയ വഴികൾ, മനോഹരയിടങ്ങൾ

അവിടെ നിന്നു തൃശൂർ – പാലക്കാട് റോഡിലേക്ക്. കുതിരാൻ തുരങ്കം വഴി നേരെ നെന്മാറയിലെത്തി...കൊല്ലങ്കോട്, കുടിലിടം, സീതാർകുണ്ട് വെള്ളച്ചാട്ടം, തേക്കിൻചിറ, പെരിങ്ങോട്ടുശ്ശേരി കളം, ചുള്ളിയാർ ഡാം, ചിങ്ങൻചിറ കറുപ്പസ്വാമി ക്ഷേത്രം, ചെല്ലപ്പൻ ചേട്ടന്റെ ചായക്കട, വാമല ബാലദണ്ഡായുധ പാണിക്ഷേത്രം, മലമ്പുഴ ഡാം, കവ... ഈ സ്ഥലങ്ങളൊക്കെ കണ്ട് രണ്ടു ദിവസത്തെ യാത്ര. ഏതാണ്ട് 40 കിലോമീറ്റർ പരിധിക്കുള്ളിലാണ് ഈ കാഴ്ചകളൊക്കെ, ചെറിയ വഴികളാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

സീതാർകുണ്ട് വെള്ളച്ചാട്ടത്തിന്റെ വിദൂര കാഴ്ച.
സീതാർകുണ്ട് വെള്ളച്ചാട്ടത്തിന്റെ വിദൂര കാഴ്ച.
സീതാർ കുണ്ട് വെള്ളച്ചാട്ടത്തിനടുത്തുള്ള സൈൻ ബോർഡ്.
സീതാർ കുണ്ട് വെള്ളച്ചാട്ടത്തിനടുത്തുള്ള സൈൻ ബോർഡ്.

സീതാർ കുണ്ട് വെള്ളച്ചാട്ടം
 

കുടിലിടത്തിലെ പച്ചവിരിച്ച പാടവും റാന്തൽ വിളക്കും കുടിലുകളും കണ്ട് മുന്നോട്ട് പോയാൽ സീതർ കുണ്ട് വെള്ളച്ചാട്ടത്തിലെത്താം. വഴിയിൽ അങ്ങ് ദൂരെ മലനിരകളിലേക്കു നോക്കിയാൽ വെള്ളച്ചാട്ടത്തിന്റെ വിദൂര കാഴ്ച കാണാം. നെന്മാറയിൽ നിന്നു ഉച്ചഭക്ഷണം കഴിച്ചിരുന്നു. പോകുന്ന വഴിയിൽ കടകൾ കുറവാണ്. സീതാർ കുണ്ട് വെള്ളച്ചാട്ടത്തിനടുത്തുള്ള മാന്തോപ്പിൽ വണ്ടി പാർക്ക് ചെയ്തു വെള്ളച്ചാട്ടത്തിനടുത്തേക്ക് നടക്കാം. ഒന്നു രണ്ടു കിലോമീറ്ററുകൾ മുൻപേ പാർക്കിങ് സൗകര്യങ്ങൾ കാണാം, അവിടെ നിന്നു കുറേ ദൂരം നടക്കേണ്ടി വരും. പാലക്കാടുള്ളൊരു സുഹൃത്ത് കൃത്യമായ നിർദേശം തന്നതു കൊണ്ട് ഏറ്റവും മുകളിലെ പാർക്കിങിൽ എത്തി. ഇവിടെ നിന്നു വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാൻ കൃത്യമായൊരു വഴി ഇവിടേക്ക് ഇല്ല, ഫെൻസിങ് ഉയർത്തി നൂഴ്ന്നിറങ്ങി വേണം താഴേക്ക് പോകാൻ. അതുകൊണ്ടു തന്നെ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയില്ല. മുൻപോട്ടുള്ള വഴി തീരുകയും ചെയ്തു. കൂടെ വന്നവർക്കെല്ലാം ഈ ആശങ്കയുണ്ടായിരുന്നു. ‘പ്രവേശനം ഇല്ല’ എന്ന് എഴുതി വച്ചിട്ടുള്ള ബോർഡിനോട് ചേർന്ന് ഒരു കാമറയും കാണുന്നുണ്ട്; കുറച്ച് അധികം ആളുകൾ അത് മറികടന്നു കയറുന്നുമുണ്ട്! മഴക്കാലത്ത് വളരെ അപകടകരമായി വെള്ളം ഇരച്ചെത്തുന്ന പുഴകൂടിയാണിത്. അൽപം മോഹഭംഗത്തോടെ പെരിങ്ങോട്ടുശ്ശേരി കളത്തിലേക്കായി അടുത്ത യാത്ര. വൈകിട്ടത്തെ ഇളംകാറ്റും സ്വർണവെയിലിൽ തിളങ്ങുന്ന പെരിങ്ങോട്ടുശ്ശേരി കളവും തേക്കിൻ ചിറയും കണ്ട് നെന്മാറയിലെ താമസ സ്ഥലത്തേക്ക് മടങ്ങി.

ചിങ്ങൻചിറ കറുപ്പസ്വാമി ക്ഷേത്രത്തിനടുത്തുള്ള കുളം.
ചിങ്ങൻചിറ കറുപ്പസ്വാമി ക്ഷേത്രത്തിനടുത്തുള്ള കുളം.
പെരിങ്ങോട്ടുശ്ശേരി കളം
പെരിങ്ങോട്ടുശ്ശേരി കളം
ശ്രീ കരുവോട്ടു വാമല ബാലദണ്ഡായുധ പാണിക്ഷേത്രം
ശ്രീ കരുവോട്ടു വാമല ബാലദണ്ഡായുധ പാണിക്ഷേത്രം
സീതാർകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി
സീതാർകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി

ഈയിടങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലാണ്
 

രണ്ടാം ദിവസം രാവിലെ ചുള്ളിയാർ ഡാമിലേക്കായിരുന്നു യാത്ര. മുതലമട ഗ്രാമപഞ്ചായത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നു നേരെ ചിങ്ങൻചിറ കറുപ്പസ്വാമി പ്രകൃതി ക്ഷേത്രത്തിലേക്ക്. ആഗ്രഹ സാഫല്യത്തിനായി ആടിനെയും കോഴിയെയുമെല്ലാം സമർപ്പിക്കുന്ന ക്ഷേത്രം. അവിടെ നിന്നും ചെല്ലപ്പൻ ചേട്ടന്റെ ചായക്കടയ്ക്കു മുന്നിലൂടെ നെന്മാറയിലെത്തി പ്രഭാത ഭക്ഷണം കഴിച്ച് വാമലയ്ക്ക്. പോകുന്ന വഴിയ്ക്ക് രസകരമായ നിരവധി കാഴ്ചകളുണ്ട്. ഹൃദയം, കുഞ്ഞിരാമായണം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങി ജനപ്രിയ സിനിമകളിലെ പ്രധാനരംഗങ്ങള്‍ ചിത്രീകരിച്ച വാമല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും മുന്നിലെ പാലമരവും ഇതിനോടകം സോഷ്യൽ മീഡിയായിൽ വൈറലാണ്. ഒരുഭാഗത്ത് നിറയെ വയലുകള്‍, മറുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വാമല ക്ഷേത്രം. താഴെ നിന്ന് നോക്കിയാല്‍ ക്ഷേത്രം ഒരു പൊട്ടുപോലെ കാണാം. മലകയറി എത്തുന്നത് പാലമരത്തിന്റെ ചുവട്ടിലേയ്ക്കാണ്. വാമലയിൽ നിന്നാൽ നെല്ലിയാമ്പതി മലയുടെയും താഴ്വരയുടെയും വിദൂര ദൃശ്യം  കാണാം.

മലമ്പുഴ ഡാം, റോപ് വേയിൽ നിന്നുള്ള കാഴ്ച.
മലമ്പുഴ ഡാം, റോപ് വേയിൽ നിന്നുള്ള കാഴ്ച.
മലമ്പുഴ ഡാം, റോപ് വേയിൽ നിന്നുള്ള കാഴ്ച.
മലമ്പുഴ ഡാം, റോപ് വേയിൽ നിന്നുള്ള കാഴ്ച.
മലമ്പുഴ ഡാം ഏരിയ.
മലമ്പുഴ ഡാം ഏരിയ.

മലമ്പുഴ ഡാമും റോപ് വേയും
 

അടുത്ത ലക്ഷ്യം മലമ്പുഴ ഡാമും അവിടുത്തെ റോപ് വേയുമായിരുന്നു. ഉച്ചകഴിഞ്ഞു രണ്ടുമണിക്കു ശേഷമേ ഇത് തുറക്കുകയുള്ളു. പണ്ട് സ്കൂളിൽ നിന്നുള്ള വിനോദയാത്രയിൽ ഇവിടെത്തി റോപ് വേയിൽ കയറിയതാണ്, അന്ന് പേടിച്ചു വിറച്ചിരുന്നു ഇതൊന്നു തീർന്നാൽ മതിയെന്നായിരുന്നു മനസ്സിൽ. ഇന്നിപ്പോൾ ഇത് കുറച്ചു കൂടി സമയം ഉണ്ടെങ്കിലും കുഴപ്പമില്ലെന്നായി. ഡാമിന്റെ ആകാശ കാഴ്ച കാണേണ്ടതു തന്നെ. റോപ് വേ യാത്രയ്ക്കു ശേഷം ഡാമിന്റെ പുറകിലേയ്ക്കുള്ള വഴിയിലൂടെ കുറേ ദൂരം ഡ്രൈവ് ചെയ്തു പോയി. ഒരു വശത്തു ഡാമിന്റെ ഭംഗിയും മറു വശത്തു പാറക്കൂട്ടങ്ങളും കാണാം. ഇവിടെയും വെള്ളത്തിൽ ഇറങ്ങുന്നത് സുരക്ഷിതമല്ല,  റോഡിനോടു ചേർന്നുള്ള പാറപ്പുറത്തിരുന്നു കാഴ്ചകൾ ആസ്വദിക്കാം.

കവ
കവ

ഈ കാഴ്ചകൾക്കു ശേഷം ഗൂഗിൾ മാപ്പിൽ തിരഞ്ഞത് ‘കവ’  എന്ന സ്ഥലമായിരുന്നു. ‘ഒടിയൻ’ ഉൾപ്പെടെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കരിമ്പനകളും വമ്പൻ മലകളും നിറഞ്ഞൊരു പ്രദേശം.  ഇരുൾ വീഴും മുൻപേ മടങ്ങണം. പാലക്കാടൻ ഗ്രാമഭംഗി മനസ്സിൽ നിറച്ച് മടക്കം.

English Summary:

A travel to Kollengode in Palakkad district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com