ആലപ്പുഴയിലെ പുന്നമടക്കായലിൽ കാഴ്ചകൾ ആസ്വദിച്ച് സ്വാസിക
Mail This Article
ആലപ്പുഴയുടെ മനോഹാരിതയിൽ കണ്ണും മനസ്സും ഉടക്കാത്തവർ ആരുണ്ട്? അതിപ്പോൾ വിദേശികളായാലും സ്വദേശികളായാലും ആ സൗന്ദര്യത്തെ ആവോളം ആസ്വദിക്കാൻ ഇടയ്ക്കൊരു ഹൗസ്ബോട്ട് യാത്ര മതിയാകും. കായലിന്റെ കാഴ്ചകളിൽ പച്ചയുടെ മോഹിപ്പിക്കുന്ന നിറം കൂടി വന്നുനിറയുമ്പോൾ ഹൃദയത്തിനതു പുത്തനുണർവാകും. അത്തരമൊരു സുന്ദരമായ യാത്രയിലാണ് ചലച്ചിത്ര താരങ്ങളായ സ്വാസികയും ഭർത്താവ് പ്രേമും. ഹൗസ് ബോട്ടിലെ യാത്രയും രുചികരമായ വിഭവങ്ങളും കായലിന്റെ കാഴ്ചകളുമൊക്കെ താരം പങ്കുവച്ച ദൃശ്യങ്ങളിലുണ്ട്. ആലപ്പുഴയുടെ സൗന്ദര്യത്തെക്കുറിച്ചും പ്രകൃതിയുടെ മനോഹാരിതയെപ്പറ്റിയും സ്വാസിക യാത്രാ ചിത്രങ്ങൾക്കൊപ്പം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ബീച്ചുകളും കായലുകളുമാണ് ആലപ്പുഴക്കു മായിക ഭംഗി സമ്മാനിക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയിലെ പതിവുകാഴ്ചകളിൽ ഒന്നാണ് ഹൗസ് ബോട്ട് യാത്ര. വേമ്പനാട്ടു കായലിന്റെയും അതിനു സമീപമുള്ള കൊച്ചുഗ്രാമങ്ങളുടെയും സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഏതൊരാളുടെയും ഉള്ളുനിറയ്ക്കും. അതിനൊപ്പം തന്നെ രുചികരമായ വിഭവങ്ങൾ കൂടി ചേരുമ്പോൾ ആ യാത്ര അവിസ്മരണീയമായ അനുഭവമായി മാറുമെന്നതിൽ തർക്കമില്ല. കരിമീൻ പൊള്ളിച്ചതും കപ്പയും കൂടെ അവിയലും സാമ്പാറും തോരനും മീൻകറിയുമൊക്കെ ചേരുന്ന വിഭവസമൃദ്ധമായ തനിനാടൻ ഊണും ഇത്തരം ഹൗസ് ബോട്ടുകളിൽ നിന്നും ലഭിക്കും.
ലൈറ്റ് ഹൗസും കടൽ പാലവും
ആലപ്പുഴയിൽ കാണാൻ ഈ കാഴ്ചകൾ മാത്രമല്ല, ബീച്ചുകളും ആ നാടിന്റെ മാറ്റുകൂട്ടുന്നു. വൈകുന്നേരങ്ങളിൽ അസ്തമയ കാഴ്ചകളും കണ്ട്, കുറച്ചു സമയം അലയടിച്ചു വരുന്ന തിരകളെ നോക്കി ആ തീരത്തിരിക്കാം. എത്ര നേരമിരുന്നാലും കടൽ ഒരിക്കലും മടുക്കാത്ത ഒരു കാഴ്ചയാകുന്നത് അപ്പോഴായിരിക്കും. തിരകളെണ്ണിയും പട്ടം പറത്തിയും കടല കൊറിച്ചും ആ സായന്തനം മറക്കാനാകാത്ത ഒന്നാക്കി മാറ്റാൻ ആ കടൽത്തീരങ്ങൾ സഹായിക്കും. കുട്ടികൾക്ക് കളിക്കാൻ ബീച്ചിനോടു ചേർന്നൊരു പാർക്കുണ്ട്. ലൈറ്റ് ഹൗസും കടൽപാലവുമൊക്കെ കണ്ടുമടങ്ങാം.
കടലും കായലും മാത്രമല്ലാതെ, ആ നാടിന്റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കാൻ സഹായിക്കുന്ന നിരവധി കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് ആലപ്പുഴ. അതിലേറെ പ്രധാനപ്പെട്ടതാണ് തകഴി മ്യൂസിയം. അക്ഷരങ്ങൾ കൊണ്ട് ഒരു നാടിന്റെ മുഴുവൻ സൗന്ദര്യത്തെയും മനുഷ്യ ജീവിതത്തിലെ സങ്കീർണമായ അവസ്ഥകളെയും വാക്കുകളിലൂടെ വരച്ചിട്ട കുട്ടനാടിന്റെ ഇതിഹാസകാരന്റെ മണ്ണ്. തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലം തറവാട് 2000 ലാണ് ഗവൺമെന്റ് ഏറ്റെടുത്ത് മ്യൂസിയമാക്കിയത്. ആലപ്പുഴ ടൗണിൽനിന്ന് 22 കിലോമീറ്ററാണ് ഈ സ്മാരകമണ്ഡപത്തിലേക്കുള്ള ദൂരം. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ കാലത്തു 9.30 മുതൽ വൈകിട്ട് 5.30 വരെ ഇവിടെ സന്ദർശകർക്ക് പ്രവേശനമുണ്ട്.
തകഴിക്കടുത്തു തന്നെയാണ് കരുമാടിക്കുട്ടന്റെയും സ്ഥാനം. പുരാവസ്തു വകുപ്പ് സംരക്ഷിച്ചു പോരുന്ന ഈ ബുദ്ധപ്രതിമ കരുമാടിത്തോട്ടിൽനിന്ന് സർ റോബർട്ട് ബ്രിസ്റ്റോയ്ക്ക് ലഭിച്ചതാണ്. വളരെ അപൂർവമായ ഈ പ്രതിമ പകുതിയോളം നശിച്ച അവസ്ഥയിലാണു കണ്ടെടുത്തത്. ചരിത്രകാരൻമാരുടെ നിഗമനങ്ങൾ പ്രകാരം ഇതൊരു ബുദ്ധപ്രതിമയാണ്. ബുദ്ധമതവിശ്വാസികൾ നിരവധിയുണ്ടായിരുന്ന നാടായിരുന്നു എന്നതാണ് വിഗ്രഹം ബുദ്ധന്റെയാണെന്ന അനുമാനത്തിലെത്താൻ കാരണം.
പ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾ ഈ മണ്ണിലുണ്ട്. പാൽപായസത്തിന്റെ രുചിപ്പെരുമയുള്ള ശ്രീ കൃഷ്ണക്ഷേത്രം ആലപ്പുഴയിൽനിന്നു 13 കിലോമീറ്റർ മാത്രം മാറിയാണ് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴ വേലകളിക്കു പ്രശസ്തമായ ഈ ക്ഷേത്രം നിരവധി ഐതിഹ്യങ്ങൾ പേറുന്ന ഇടം കൂടിയാണ്. കേരളീയ ക്ഷേത്ര മാതൃകയിൽ നിർമിച്ചിട്ടുള്ള ഇവിടെ ശ്രീകൃഷ്ണനെ പാർഥസാരഥിയായി സങ്കല്പിച്ചുകൊണ്ടാണ് പ്രതിഷ്ഠ. കേരളത്തിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നായ ഇത് തെക്കൻ ഗുരുവായൂർ എന്നും അറിയപ്പെടുന്നു.
കായംകുളത്തിനടുത്താണ് കൃഷ്ണപുരം കൊട്ടാരം. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമയാണ് ഈ കൊട്ടാരം നിർമിച്ചത്. ചുവർചിത്രങ്ങളും പുരാവസ്തുക്കളും ശില്പങ്ങളും രാജകൊട്ടാരത്തിലെ ആയുധങ്ങളും പണ്ടുപയോഗിച്ചിരുന്ന നാണയങ്ങളും തുടങ്ങി നിരവധി പൗരാണിക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഇവിടം സന്ദർശിക്കുന്നത് ചരിത്രത്തിൽ താൽപര്യമുള്ളവർക്കു വലിയൊരു മുതൽക്കൂട്ടായിരിക്കും. കേരളത്തിന്റെ തനതു വാസ്തുവിദ്യാശൈലിയിൽ തന്നെയാണ് കൃഷ്ണപുരം കൊട്ടാരത്തിന്റെ നിർമിതി. പതിനാറു കെട്ടാണിത്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ ഇവിടം സന്ദർശിക്കാം.
കേരളത്തിലെ അതിപുരാതന പള്ളികളുടെ ഗണത്തിൽപ്പെട്ടതാണ് കുട്ടനാട്ടിലെ എടത്വയിൽ സ്ഥിതി ചെയ്യുന്ന പള്ളി. വിശുദ്ധ ഗീവർഗീസ് പുണ്യാളന്റെ തിരുനാളാണ് ഈ പള്ളിയിലെ പ്രധാനാഘോഷം. മനോഹരമായ നിർമിതിയാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.