വയനാട്ടിലെ പുരാതന ഗ്രാമങ്ങളിൽ ഒന്ന്, ഇവിടെ പുല്ലുമേഞ്ഞ വീടുകൾക്ക് പ്രായം 100!
Mail This Article
ഗന്ധകശാല അരിയുടെ സുഗന്ധം പരക്കുന്ന നാടാണ് ചേകാടി. വിശാലമായ നെൽപ്പാടങ്ങളും അരിക് തീർത്ത് കബനി നദിയും ഒഴുകുന്ന സുന്ദര ഗ്രാമം. വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്ന് പത്തു കിലോമീറ്ററളം ദൂരമാണ് േചകാടിയിലേക്കുള്ളത്. വനത്തിലൂടെ സഞ്ചരിച്ചുവേണം ചേകാടിയിൽ എത്താൻ. ആനയും കടുവയും കാട്ടുപോത്തുമെല്ലാം വിവരിക്കുന്ന കാട്ടിലൂടെയാണ് യാത്ര. വഴിയരികിൽ വൻമരങ്ങൾ പടർന്നു നിൽക്കുന്നുണ്ടാകും.
വയനാട്ടിലെ പുരാതന ഗ്രാമങ്ങളിൽ ഒന്നാണ് ചേകാടി. 100 വർഷം പഴക്കമുള്ള പുല്ലുമേഞ്ഞ വീടുകൾ ഇപ്പോഴും ചേകാടിയിലുണ്ട്. ആദിവാസികളാണ് ആ വീടുകളുടെ ഉടമകൾ. പാരമ്പര്യവും പഴമയുമെല്ലാം മാഞ്ഞുപോകാതെ കാത്തുസൂക്ഷിക്കുകയാണവർ. ജീവിതത്തെക്കുറിച്ച് വലിയ ആകുലതകളോ ആശങ്കകളോ ഇല്ലാത്ത മനുഷ്യരെ ഇവിടെ കാണാം. കൃഷിയിടത്തിൽ പണിയെടുത്തും കാലിവളർത്തിയും മീൻ പിടിച്ചും സമാധാനമായി ജീവിക്കുന്നവർ.
അടുത്ത കാലത്താണ് ചേകാടിയുടെ സൗന്ദര്യം തേടി ആളുകൾ എത്താൻ തുടങ്ങിയത്. ഇതോടെ പുറത്തു നിന്ന് വരുന്നവർക്ക് ചെറിയ താമസ സൗകര്യങ്ങളും ആദിവാസികളുടെ തനത് ഭക്ഷണങ്ങളും ലഭിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാർ സംഘം രൂപീകരിച്ചാണ് ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. കട്ടൻ കാപ്പിയും കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയുമുൾപ്പെടെ നിരവധി വിഭവങ്ങൾ ലഭിക്കും.
ചേകാടായിലേക്ക് മൂന്ന് വഴിയുണ്ട്. പുൽപ്പള്ളിയിൽ നിന്ന് വാടാനക്കവല നേരെ ചേകാടിയിൽ എത്താം. കർണാടകയിൽ നിന്നു വരുന്നവർക്ക് ബാവലിയിൽ നിന്ന് തിരിഞ്ഞു വരാം. മാനന്തവാടിയിൽ നിന്ന് കുറവ ദ്വീപിലേക്ക് പോകുന്ന വഴിയിലൂടെയാണ് ചേകാടിയിലേക്ക് എത്താൻ സാധിക്കുന്നത്.