ADVERTISEMENT

ൺമറഞ്ഞുപോയ നടൻ കുതിരവട്ടം പപ്പുവിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന ഡയലോഗുകളിൽ ഒന്നാണ് 'നമ്മുടെ താമരശ്ശേരി ചുരം' എന്നത്. ആ ഡയലോഗ് കേൾക്കുമ്പോൾ തന്നെ താമരശ്ശേരി ചുരം ഒന്ന് കയറാൻ മനസ്സ് കൊതിക്കുന്ന യാത്രാപ്രേമികളാണ് മിക്കവരും. ചില മഴക്കാല കെടുതികളും ചൂരൽമല, മുണ്ടക്കൈ സ്ഥലങ്ങളിലെ ഉരുൾപൊട്ടൽ എന്നിവ സഞ്ചാരികളെ വയനാട്ടിൽ നിന്ന് ചെറുതായെങ്കിലും അകറ്റി. എന്നാൽ, ഇനി പേടിക്കേണ്ട മഞ്ഞും കോടയും ആസ്വദിക്കാൻ താമരശ്ശേരി ചുരം കയറി നമുക്ക് വയനാട്ടിലേക്ക് പോകാം. മലകളും കുന്നുകളും തടാകങ്ങളും സാഹസിക വിനോദങ്ങളും വയനാട്ടിൽ സഞ്ചാരികൾക്കായി കാത്തിരിക്കുന്നു.

wayanad-tourist-places-001-mob_gif
ലക്കിടി ചുരം മുതൽ കുറുമ്പാല കോട്ടവരെ, വയനാട്ടിലെ 5 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ
wayanad-tourist-places-001-mob_gif
ലക്കിടി ചുരം മുതൽ കുറുമ്പാല കോട്ടവരെ, വയനാട്ടിലെ 5 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ

ചുരം കയറിയെത്തിയാൽ വ്യൂപോയിന്റ്

താമരശ്ശേരി ചുരത്തിന്റെ ഒമ്പത് ഹെയർപിൻ വളവുകളും പിന്നിട്ട് എത്തുന്നത് ചുരം വ്യൂ പോയിന്റിലേക്കാണ്. മലനിരകളുടെയും താഴ്​വാരത്തിന്റെയും മനോഹരമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വിശേഷങ്ങൾ ചോദിച്ചറിയാൻ വാനരസേനയും എത്തും. സഞ്ചാരികൾ പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾക്ക് പ്ലാസ്റ്റിക്, വെള്ളക്കുപ്പികൾ തുടങ്ങി മാലിന്യങ്ങൾ വലിച്ചെറിയാനുള്ള സ്ഥലമല്ല ചുരവും വ്യൂ പോയിന്റും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും. നിങ്ങളുടെ വീടിനു മുന്നിലേക്ക് ഒരാൾ മാലിന്യം വലിച്ചെറിഞ്ഞാൽ നിങ്ങൾക്ക് എന്ത് തോന്നും. ആ തോന്നൽ തന്നെയാണ് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഒരുങ്ങുമ്പോൾ  നിങ്ങളുടെ മനസ്സിലും ഉണ്ടാകേണ്ടത്. അതുകൊണ്ട് വീട്ടിലെ മാലിന്യങ്ങൾ വീട്ടിലും യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഉചിതമായ സ്ഥലത്തും സംസ്കരിക്കാൻ ശീലിക്കുക. വളർന്നുവരുന്ന കുട്ടികളെയും ഇക്കാര്യം പരിശീലിപ്പിക്കുക. എന്നാൽ, താമരശ്ശേരി ചുരം കയറി നമുക്ക് വയനാട് ഒന്ന് കറങ്ങിവരാം.

003wayanadtouristplaces_gif
എടക്കൽ, ചിങ്ങേരി മല, കാരാപ്പുഴ ഡാം, നെല്ലാറച്ചാൽ. വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
003wayanadtouristplaces_gif
എടക്കൽ, ചിങ്ങേരി മല, കാരാപ്പുഴ ഡാം, നെല്ലാറച്ചാൽ. വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

∙ എൻ ഊര്, പൂക്കോട് തടാകം - വൈത്തിരി

താമരശ്ശേരി ചുരം കയറിച്ചെന്നാൽ ലക്കിടികുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ആദിവാസി പൈതൃക ഗ്രാമമാണ് എൻ ഊര്. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ഊർജ്ജസ്വലമായ പാരമ്പര്യവും സംസ്കാരവും ആണ് എൻ ഊര് എന്ന ഗ്രാമം സഞ്ചാരികളുമായി പങ്കുവയ്ക്കുന്നത്. കുന്നിൻമുകളിൽ വൈക്കോൽ കൊണ്ട് മേഞ്ഞ പരമ്പരാഗത ആദിവാസി കുടിലുകളാണ് പ്രധാന ആകർഷണം. 25 ഏക്കറോളം പരന്നു കിടക്കുന്ന ഇവിടം ആദിവാസികളുടെ ജീവിതരീതിയെയും പാരമ്പര്യത്തെയും കുറിച്ച് മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. ആദിവാസി കരകൗശലത്തൊഴിലാളികളുടെ സുവനീറുകൾ, സുഗന്ധദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കുന്ന സ്റ്റാളുകൾ, കരകൗശലവസ്തുക്കൾ ശേഖരിക്കുന്നതിനുള്ള സംഭരണശാല, ഫെലിസിറ്റേഷൻ സെന്റർ, 300 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

wayanad-tourist-places-004-mob_gif
കാട്ടിക്കുളത്തിൽ നിന്നും പോകാം തിരുനെല്ലി ക്ഷേത്രം, തോൽപ്പെട്ടി വന്യജീവി സങ്കേതം, കുറുവ ദ്വീപ്, പഴശി കുടീരം.
wayanad-tourist-places-004-mob_gif
കാട്ടിക്കുളത്തിൽ നിന്നും പോകാം തിരുനെല്ലി ക്ഷേത്രം, തോൽപ്പെട്ടി വന്യജീവി സങ്കേതം, കുറുവ ദ്വീപ്, പഴശി കുടീരം.

എൻ ഊര് സന്ദർശിച്ചു കഴിഞ്ഞാൽ നേരെ പൂക്കോട് തടാകത്തിലേക്ക് പോകാം. തടാകത്തിന് ചുറ്റുമുള്ള ഇടതൂർന്ന വനവും നടപ്പാതയും സഞ്ചാരികളെ ആകർഷിക്കും. സമുദ്രനിരപ്പിൽ നിന്ന് 2100 അടി ഉയരത്തിലാണ് തടാകത്തിന്റെ സ്ഥാനം. പെഡൽ ബോട്ടുകളിൽ തടാകം ചുറ്റിക്കറങ്ങി വരാം. കൂടാതെ, തടാകത്തെ ചുറ്റി കിടക്കുന്ന നടപ്പാതയിലൂടെ ഒന്ന് നടന്നു വരികയോ അല്ലെങ്കിൽ ഒരു സൈക്കിൾ സവാരി നടത്തുകയോ ചെയ്യാം. 

wayanad-tourist-places-006-mob_gif
ചില്ലുപാലത്തിലൂടെ നടക്കാൻ 900 കണ്ടി, ചെമ്പ്ര മല, കാന്തൻപാറ വെള്ളച്ചാട്ടം
wayanad-tourist-places-006-mob_gif
ചില്ലുപാലത്തിലൂടെ നടക്കാൻ 900 കണ്ടി, ചെമ്പ്ര മല, കാന്തൻപാറ വെള്ളച്ചാട്ടം

കർലാട് തടാകം പടിഞ്ഞാറത്തറ

പൂക്കോട് തടാകത്തിന്റെ അത്ര വലിപ്പമില്ലെങ്കിലും സാഹസിക സഞ്ചാരികളെ കാത്തിരിക്കുന്ന തടാകമാണ് പടിഞ്ഞാറത്തറയിലുള്ള കർലാട് തടാകം. 2016 മാര്‍ച്ചിലാണ് കർലാട് തടാകം സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. സമുദ്രനിരപ്പില്‍ നിന്ന് 1,200 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്ന ഇവിടുത്തെ പ്രവേശന സമയം രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ്. ബോട്ടിങ്ങാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കയാക്കിങ്, സിപ് ലൈൻ, റോക്ക് ക്ലൈംപിങ്, ബോട്ടിങ്, നേചർ വാക്ക്, ബാംബൂ റാഫ്റ്റിങ് എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. കുട്ടികൾക്കായി ഒരു പാർക്കും അടുത്തു തന്നെയുണ്ട്. 

wayanad-tourist-places-007-mob_gif
ബത്തേരിയിൽ നിന്ന് ജൈന ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്റർ ദൂരം, 15 കിലോമീറ്റർ ദൂരത്തിൽ മുത്തങ്ങ വന്യജീവി സങ്കേതം
wayanad-tourist-places-007-mob_gif
ബത്തേരിയിൽ നിന്ന് ജൈന ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്റർ ദൂരം, 15 കിലോമീറ്റർ ദൂരത്തിൽ മുത്തങ്ങ വന്യജീവി സങ്കേതം

ബാണാസുര സാഗർ ഡാം പടിഞ്ഞാറത്തറ

മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് ബാണാസുര സാഗർ അണക്കെട്ട്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലേക്ക് ജലം എത്തിക്കുന്നത് ബാണാസുര സാഗർ അണക്കെട്ടിൽ നിന്നാണ്. നിരവധി വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ കേന്ദ്രം കൂടിയാണ് ഇവിടം. പച്ചപ്പാർന്ന മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നത് ഇതിന്റെ ഭംഗി കൂട്ടുന്നു. ബോട്ടിങ് ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് ധൈര്യമായി പോരാം. സാധാരണ ബോട്ട് യാത്ര കൂടാതെ സ്പീഡ് ബോട്ട് യാത്രയും ഇവിടുണ്ട്. ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ബാണാസുര അണക്കെട്ട്. അണക്കെട്ടിനടുത്തുള്ള മനോഹരമായ മലകളിലേക്ക് ഇവിടെ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്.

wayanad-tourist-places-008-mob_gif
വയനാട്ടിലെ 20 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒറ്റനോട്ടത്തിൽ
wayanad-tourist-places-008-mob_gif
വയനാട്ടിലെ 20 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒറ്റനോട്ടത്തിൽ

കുറുമ്പാലകോട്ട മല

കുറുമ്പപാലകൻ എന്ന രാജാവിന്റെ കോട്ടയായതിനാലാണ് കുറുമ്പാല കോട്ട എന്ന പേരു വന്നതെന്നാണ് ഐതിഹ്യം. എന്നാൽ കുറിയ പാലയുള്ള മലയായതിനാലാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നുണ്ട്. വയനാട്ടിലെ മറ്റ് മലകളെ അപേക്ഷിച്ച് ഉയരം കുറവായതിനാൽ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഒന്നരകിലോമീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാണ് മലമുകളിലേക്ക് എത്തേണ്ടത്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമിയായതിനാൽ ടിക്കറ്റോ മറ്റ് പ്രവേശന നിയന്ത്രണങ്ങളോ ഇല്ല. നേരത്തെ ആളുകൾ രാത്രിയിൽ ഇവിടെത്തി ടെന്റ് അടിച്ച് താമസിക്കുമായിരുന്നു. എന്നാൽ, ടെന്റ് അടിക്കുന്നതിന് ഇപ്പോൾ ഇവിടെ അനുമതിയില്ല. കൽപറ്റയിൽ നിന്ന് കമ്പളക്കാട് വഴി കുറുമ്പാലകോട്ടയിലേക്ക് പോകുന്നതാണ് എളുപ്പം.

പഴശി കുടീരം, മാനന്തവാടി

കേരളത്തിന്റെ സിംഹം എന്നറിയപ്പെട്ടിരുന്ന കേരള വർമ പഴശ്ശി രാജയുടെ ശവകുടീരമാണ് പഴശ്ശി കുടീരം. ഓരോ ദിവസവും നിരവധി ആളുകളാണ് വീര പഴശ്ശിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പഴശ്ശി കുടീരത്തിലേക്ക് എത്തുന്നത്. മാനന്തവാടിയിൽ കബനി നദിയുടെ തീരത്താണ് പഴശ്ശി കുടീരം. അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചിരിക്കുന്ന സ്ഥലത്താണ് പഴശ്ശി കുടീരം നിർമിച്ചിരിക്കുന്നത്. 1996ൽ പഴശ്ശി കുടീരം മ്യൂസിയമാക്കി മാറ്റി. ഇന്ന് നിരവധി ചരിത്രകാരൻമാരും ഗവേഷകരും വിദ്യാർത്ഥികളുമാണ് ഇവിടേക്ക് എത്തുന്നത്. പഴശ്ശിയുടെ വാളും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും മ്യൂസിയത്തിലുണ്ട്. സ്മാരകം കൈകാര്യം ചെയ്യുന്നത് കേരള സംസ്ഥാന പുരാവസ്തു വകുപ്പാണ്.

PazhassiRajaTomb-image-845-440
പഴശ്ശിയുടെ ശവകുടീരം

മുനീശ്വരൻ മല തലപ്പുഴ, മാനന്തവാടി

ബേഗൂർ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ ഉൾപ്പെടുന്ന തലപ്പുഴയ്ക്ക് സമീപമുള്ള ഒരു പ്രദേശമാണ് മുനീശ്വരൻ മല. മുനീശ്വരൻ മലയിൽ ട്രക്കിംഗ് നടത്താനായി നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും എത്താറുള്ളത്. കുന്നിൻ മുകളിലാണ് മുനിശ്വരൻ ക്ഷേത്രം ഉള്ളത്. ഇതിൽ നിന്നാണ് കുന്നിന് മുനീശ്വരൻ കുന്ന് എന്ന പേര് ലഭിച്ചത്. മലമുകളിലേക്ക് ട്രക്കിംഗ് നടത്തുന്നവരെ കാത്തിരിക്കുന്നത് കുന്നിൻ മുകളിൽ നിന്നുള്ള മനോഹരമായ കാഴ്ചകളാണ്. സാഹസിക വിനോദസഞ്ചാരം ആഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 960 അടിയോളം ഉയരമുണ്ട് മുനീശ്വരൻ കുന്നിന്. വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന ഇവിടേക്ക് കുന്ന് കയറിയെത്തുമ്പോൾ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് പച്ചപ്പുൽമേടാണ്. ബ്രഹ്മഗിരി പർവതനിരയുടെ ഭാഗമാണ് മുനീശ്വരൻ കുന്ന്. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് മുനീശ്വരൻ കുന്നിലേക്കുള്ള പ്രവേശനം.

tholpetty-trip-gif
തോൽപ്പെട്ടി

തോൽപ്പെട്ടി വന്യജീവി സങ്കേതം, മാനന്തവാടി

വന്യമൃഗങ്ങളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. കുടക് റോഡിൽ മാനന്തവാടിയിൽ നിന്ന് 20 കിലോമീറ്റർ വടക്കു കിഴക്കായാണ് തോൽപ്പെട്ടി വന്യജീവി സങ്കേതം. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ കാണാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും തോൽപ്പെട്ടി വന്യജീവി സങ്കേതം ഒരിക്കലെങ്കിലും സന്ദർശിക്കണം. 

wayanad-tourist-places-009-mob_gif
കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ സ്ഥലങ്ങൾക്ക് അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ
wayanad-tourist-places-009-mob_gif
കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ സ്ഥലങ്ങൾക്ക് അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ

സംസ്ഥാനത്ത് പെരിയാർ വന്യജീവി സങ്കേതം കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമാണ് തോൽപ്പെട്ടി. മറ്റൊന്ന് മുത്തങ്ങയാണ്. വയനാട് വന്യജീവി സങ്കേതം സ്ഥാപിതമായത് 1973ലാണ്. ഏകദേശം 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

തിരുനെല്ലി ക്ഷേത്രം, മാനന്തവാടി

പരമ്പരാഗത കേരളീയ വാസ്തുവിദ്യയിൽ പണി കഴിപ്പിച്ച തിരുനെല്ലി ക്ഷേത്രം കമ്പമല, കരിമല, വരാഡിഗ കൊടുമുടി എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ക്ഷേത്രമാണ്. ബ്രഹ്മഗിരി ക്ഷേത്രം എന്നും സഹ്യമലക്ഷേത്രം എന്നും ഇതിന് പേരുണ്ട്. ഈ തീർത്ഥാടന കേന്ദ്രം മരിച്ചു പോയവരുടെ ആത്മശാന്തിക്കായി ബലിപൂജകൾ നടത്തുന്നതിന് പ്രസിദ്ധമാണ്. ഭഗവാൻ വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 30 കരിങ്കൽ തൂണുകളിലാണ് ക്ഷേത്രം താങ്ങിനിൽക്കുന്നത്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിട്ടുണ്ട്. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പക്ഷിപ്പാതാളം ഇവിടെ നിന്നും ഏഴു കിലോമീറ്റർ അകലെയാണ്.

1280126446
തിരുനെല്ലി ക്ഷേത്രം

കുറുവ ദ്വീപ്, മാനന്തവാടി

വയനാട് ജില്ലയിൽ കബനി നദിയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങളിൽ പുഴയിലൂടെ ഒരു യാത്രയാണ് കുറുവ ദ്വീപിലെ പ്രധാന ആകർഷണം. ഏകദേശം എട്ടുമാസത്തെ അടച്ചിടലിന് ശേഷമാണ് കുറുവ ദ്വീപ് സഞ്ചാരികൾക്കായ ഇന്ന് തുറന്നത്. കുറുവ ദ്വീപിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് കാടും ദ്വീപും ആസ്വദിക്കാം. ചങ്ങാടത്തിൽ കബനി നദി മുറിച്ചു കടക്കാം.  പാക്കം വഴി വനം വകുപ്പ് 200 പേർക്കും മാനന്തവാടി പാൽവെളിച്ചം വഴി കെ റ്റി ടി സി 200 പേർക്കും പ്രവേശനം നൽകും. 

മാനന്തവാടി പഴശി പാർക്ക്.
മാനന്തവാടി പഴശി പാർക്ക്.

പഴശി പാർക്ക് പുൽപ്പള്ളി മാവിലാം തോട്

വീര കേരള വർമ പഴശ്ശിരാജ വീരചരമം പ്രാപിച്ച പുൽപ്പള്ളി വണ്ടിക്കടവ് മാവിലാം തോട്ടിലാണ് പഴശ്ശിരാജ മ്യൂസിയം. 15 അടി ഉയരമുള്ള പഴശ്ശിരാജാവിന്റെ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം.  കുട്ടികൾക്ക് കളിക്കുന്നതിനായി വൈവിധ്യമാർന്ന സൌകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മനോഹരമായ പൂന്തോട്ടത്തിന് നടുവിലായി നിലകൊള്ളുന്ന ഓപ്പൺ ആർട്ട് ഗാലറിയാണ് പഴശ്ശി ലാൻഡ് സ്കേപ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. 1805 നവംബർ 30ന് ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തെ തുടർന്ന് പഴശ്ശിരാജ ജീവത്യാഗം ചെയ്ത സ്ഥലം കൂടിയാണ് മാവിലാംതോട്. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം അഞ്ചര വരെയാണ് ഇവിടുത്തെ പ്രവേശന സമയം. പ്രവേശന നിരക്ക് മുതിർന്നവർക്ക് 30 രൂപയാണ്. കുട്ടികൾ 20 രൂപയും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 15 രൂപയുമാണ്. ടോയിലറ്റ്, പാർക്കിംഗ് സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

മുത്തങ്ങ വന്യജീവി സങ്കേതം
മുത്തങ്ങ വന്യജീവി സങ്കേതം

മുത്തങ്ങ വന്യജീവി സങ്കേതം

സംസ്ഥാനത്ത് പെരിയാർ വന്യജീവി സങ്കേതം കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗങ്ങളാണ് മുത്തങ്ങയും തോൽപ്പെട്ടിയും. കർണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും മുത്തങ്ങ ബന്ധപ്പെട്ടു കിടക്കുന്നു.  നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാല്‍ ഈ പ്രദേശം 'പ്രോജക്ട് എലിഫന്റി'ന്റെ ഭാഗം കൂടിയാണ്. കടുവകളുടെയും പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. കാട്ടുപോത്ത്, പുള്ളിമാന്‍, മ്ലാവ് എന്നിവയും കാണാം. വനമേഖലയുടെ സംരക്ഷണത്തിനായി മുത്തങ്ങ വഴി കര്‍ണ്ണാടകയിലേക്കു രാത്രി വാഹനയാത്രയ്ക്കു വിലക്കു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജൈന ക്ഷേത്രം, ബത്തേരി

ജൈന ക്ഷേത്രം ബത്തേരി

കേരളത്തിലെ പുരാതനകാലത്തെ ജൈനമതസ്വാധീനത്തിന് തെളിവായി സംസ്ഥാനത്ത് പലയിടങ്ങളിലും ജൈനക്ഷേത്ര അവശിഷ്ടങ്ങൾ കാണാം. ഇതിൽ പ്രധാനമാണ് ബത്തേരിയിലെ ജൈനക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ടു എന്ന് കരുതുന്ന ഈ ക്ഷേത്രം സുൽത്താൻ ബത്തേരിയിലെ കിടങ്ങനാട്ടിലാണ്. ഈ മഹാവീർ ശിലാക്ഷേത്രം ദിഗംബര ജൈനക്ഷേത്രം എന്നും കിടങ്ങനാട് ബസ്തി എന്നും അറിയപ്പെടുന്നു. ക്ഷേത്ര വാസ്തുവിദ്യ, ലിഖിതങ്ങൾ, തൂണുകളിലെയും ഭിത്തികളിലെയും ഡ്രോയിംഗുകൾ എന്നിവയിൽ വിജയനഗര രാജവംശത്തിൻ്റെ വാസ്തുവിദ്യാ ശൈലിയുടെ ശക്തമായ സ്വാധീനം കാണാം. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം. ഹിന്ദു ക്ഷേത്രമായും വാണിജ്യകേന്ദ്രമായും ടിപ്പു സുൽത്താന്റെ ആയുധസൂക്ഷിപ്പു കേന്ദ്രമായും ഈ ക്ഷേത്രം ഒരു കാലത്ത് വർത്തിച്ചിരുന്നു. രാവിലെ അഞ്ചുമണി മുതൽ 12 വരെയും വൈകുന്നേരം നാലുമുതൽ ഒമ്പതു വരെയുമാണ് ഈ ക്ഷേത്രം സന്ദർശിക്കാനുള്ള സമയം.

edakkal-cave
എടയ്ക്കൽ ഗുഹ

എടക്കൽ ഗുഹ, അമ്പലവയൽ

അമ്പലവയലിന് അടുത്തുള്ള അമ്പുകുത്തി മലയിലെ രണ്ട് പ്രകൃതിദത്ത ഗുഹകളാണ് എടക്കൽ ഗുഹകൾ. 7000 വർഷം പഴക്കമുള്ള വിസ്മയകരമായ ഒരു അത്ഭുതമായി ഇത് വിശ്വസിക്കപ്പെടുന്നു. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്. പല കാലഘട്ടങ്ങളിലായി ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഗുഹാചിത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഭൂമിശാസ്ത്രപരമായ നോക്കുകയാണെങ്കിൽ ഇത് ഒരു ഗുഹ അല്ല. നിരവധി ചരിത്ര, പുരാവസ്തു ഗവേഷകരാണ് ഇവിടേക്ക് ഓരോ ദിവസവും എത്തുന്നത്. 1894-ൽ ഈ സ്ഥലം നിയോലിത്തിക്ക് മനുഷ്യരുടെ ആവാസകേന്ദ്രമായി തിരിച്ചറിഞ്ഞു. 1985-ൽ ഇത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു.

ചീങ്ങേരി മല, അമ്പലവയൽ

സൂര്യോദയവും സൂര്യാസ്തമയവും കാണാൻ നിരവധി പേരാണ് വയനാട്ടിലെ ചീങ്ങേരി മലയിലേക്ക് എത്തുന്നത്. വയനാട്ടിൽ ഒരു മികച്ച ട്രക്കിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിന് പറ്റിയ ഒരു ഇടം കൂടിയാണ് ചീങ്ങേരി മല. സമുദ്രനിരപ്പിൽ നിന്നും 2600 അടി ഉയരത്തിലാണ് വയനാടിന്റെ ആകാശക്കാഴ്ചകൾ സഞ്ചാരികൾക്കായി ഒരുക്കുന്ന ചീങ്ങേരി മല. യാത്രയിൽ അൽപം സാഹസികത താൽപര്യമുള്ളവർക്ക് ധൈര്യമായി ഇവിടേക്ക് വരാം. ചീങ്ങേരി മലയുടെ മുകളിൽ നിന്നാൽ വയനാടിന്റെ മിക്ക ഇടങ്ങളും കാണാൻ കഴിയും. അമ്പുകുത്തി മലയ്ക്ക് അഭിമുഖമായാണ് ചീങ്ങേരി മല സ്ഥിതി ചെയ്യുന്നത്. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ചീങ്ങേരിയിലെ ട്രക്കിംഗ് സമയം. മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ട്രക്കിംഗ് ചാർജ്.

കാരാപ്പുഴ ഡാം റിസർവോയർ.     ചിത്രം: മനോരമ
കാരാപ്പുഴ ഡാം റിസർവോയർ. ചിത്രം: മനോരമ

കാരാപ്പുഴ ഡാം

രാജ്യത്തെ ഏറ്റവും വലിയ എർത്ത് ഡാമുകളിൽ ഒന്നാണ് കാരാപ്പുഴ ഡാം. വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 13 കിലോമീറ്റർ വടക്കുകിഴക്കായാണ് കാരാപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്. എടയ്ക്കൽ ഗുഹയിൽ നിന്ന് വെറും അഞ്ചു കിലോമീറ്റർ മാത്രമാണ് കാരാപ്പുഴ ഡാമിലേക്കുള്ള ദൂരം. അണക്കെട്ട് മാത്രമല്ല സാഹസിക റൈഡുകൾ ആസ്വദിക്കാനും കാരാപ്പുഴയിലേക്ക് പോകാം. നാഷണൽ അഡ്വെഞ്ചർ ഫൌണ്ടേഷൻ ആണ് സാഹസിക റൈഡുകൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള സിപ് ലൈൻ, ജയന്റ് സ്വിങ്ങ്, സ്പെയ്സ് ടവർ, ട്വിസ്റ്റർ എന്നു തുടങ്ങി സാഹസികത നിറഞ്ഞ റൈഡുകളുടെ ഒരു മേളം തന്നെ കാരാപ്പുഴയിലുണ്ട്. അണക്കെട്ടിന്റെ മുകളിലൂടെയുള്ള യാത്രയ്ക്ക് വിലക്കുണ്ട്. ഏതായാലും ജില്ലയിലെ ഏറ്റവും ജനപ്രീതിയാർജിച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് കാരാപ്പുഴ ഡാം.

നെല്ലാറച്ചാൽ വ്യൂപോയിന്റ്

വയനാട്ടിലെ കാരാപ്പുഴ ഡാമിന്റെ റിസർവോയർ പരിസരമാണ് നെല്ലാറച്ചാൽ. സമാധാനപരമായി പ്രകൃതിഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് നെല്ലാറച്ചാൽ വ്യൂപോയിന്റിലേക്ക് പോകാം. സായാഹ്നങ്ങളിൽ ഇവിടേക്ക് പോകുന്നതാണ് മിക്ക വിനോദസഞ്ചാരികളും ഇഷ്ടപ്പെടുന്നത്. കാരണം അസ്തമയസൂര്യന്റെ പ്രഭയിൽ കാരാപ്പുഴ ഡാമിന്റെ കാഴ്ച അതിമനോഹരമാണ്. വാരാന്ത്യങ്ങളിൽ വ്യൂ പോയിന്റിലേക്ക് എത്തിപ്പെടുക എന്നത് ഗതാഗത തിരക്ക് മൂലം ചിലപ്പോൾ കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും.കൽപ്പറ്റയിൽ നിന്ന് 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 17 കിലോമീറ്ററും അകലെയാണ് നെല്ലാറച്ചാൽ വ്യൂ പോയിന്റ്. 

kanthanpara-waterfalls
കാന്തൻപാറ വെള്ളച്ചാട്ടം

കാന്തൻപാറ വെള്ളച്ചാട്ടം

വയനാട്ടിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് കാന്തൻപാറ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ വലിയ തിരക്കും ബഹളവുമില്ലാതെ സമാധാനപരമായി വെള്ളച്ചാട്ടം ആസ്വദിക്കാവുന്നതാണ്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തിൽ നടന്ന് ഇവിടേക്ക് എത്തിച്ചേരാമെന്നതിനാൽ തന്നെ വിനോദയാത്രകൾക്ക് വളരെ അനുയോജ്യമായ സ്ഥലമാണ് ഇത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് നോക്കിയാൽ കാന്തൻപാറ വെള്ളച്ചാട്ടം കാണാവുന്നതാണ്. നവംബർ ഒന്നുമുതൽ സൂചിപ്പാറ വെള്ളച്ചാട്ടം വിനോദസഞ്ചാരികൾക്കായി നവംബർ ഒന്നുമുതൽ തുറന്നു കൊടുക്കും.

900 Kandi

900 കണ്ടി

തൊള്ളായിരം കണ്ടിയിലെ പ്രധാന ആകർഷണം ഇവിടുത്തെ ഗ്ലാസ് ബ്രിഡ്ജ് ആണ്. ഗ്ലാസ് ബ്രിഡ്ജിൽ കയറിയാൽ വയനാടിന്റെ പച്ചപ്പ് ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഓഫ് റോഡ് ട്രിപ്പോടെയാണ് 900 കണ്ടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വഴിയിൽ വെള്ളച്ചാട്ടങ്ങളും ചതുപ്പുനിലങ്ങളും ഇടതൂർന്ന വനങ്ങളും കാണാൻ കഴിയും. ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള സ്കൈ വാക്കാണ് സഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്. കാൽനടയാത്ര നടത്തുന്നതാണ് ഈ പ്രദേശത്തിന്റെ സൌന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം.

ചെമ്പ്ര മലയുടെ മുകളിലെ ഹൃദയ തടാകത്തിന്റെ കാഴ്ച.
ചെമ്പ്ര മലയുടെ മുകളിലെ ഹൃദയ തടാകത്തിന്റെ കാഴ്ച.

ഹൃദയതടാകമുള്ള ചെമ്പ്ര മല

മേപ്പാടിയിൽ എത്തിയാണ് ചെമ്പ്ര മലയിലേക്കുള്ള വഴി പിടിക്കേണ്ടത്. ഏകദേശം ഏഴു കിലോമീറ്റർ യാത്ര ചെയ്താൽ ചെമ്പ്ര മലയടിവാരത്തിലേക്ക് എത്താം. രാവിലെ ഏഴു മണിമുതൽ ടിക്കറ്റ് കിട്ടിത്തുടങ്ങും. ഒരു ദിവസം 200 പേരെയാണ് പ്രവേശിപ്പിക്കുക. ടിക്കറ്റ് കൌണ്ടറിൽ നിന്ന് മുന്നോട്ട് പോയാൽ പാർക്കിംഗ് ഏരിയ. അവിടെ നിന്ന് നടന്നു കയറാം. ചെറുമരങ്ങൾ തിങ്ങിനിറഞ്ഞ ഒറ്റയടിപ്പാത കഴിഞ്ഞാൽ പിന്നെ തെരുവപ്പുല്ലുകൾ മാത്രമായിരിക്കും കാണാൻ കഴിയുക. പ്രകൃതിസ്നേഹികൾക്കും സാഹസിക മലകയറ്റക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചെമ്പ്ര മല. വഴികാട്ടികൾക്കൊപ്പം മാത്രമേ ഇവിടെ മലകയറ്റം അനുവദിക്കുകയുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com