മാരാരി മുതൽ അന്ധകാരനാഴി വരെ; ആലപ്പുഴയിലെ അതിമനോഹരമായ 6 ബീച്ചുകൾ

Mail This Article
കിഴക്കിന്റെ വെനീസ് എന്നു പേരെടുത്തതു കൊണ്ടുതന്നെ ആലപ്പുഴയെന്നാൽ കടലും കായലുമാണെന്ന തോന്നലുണ്ട് പലർക്കും. എന്നാൽ, അതിനുമപ്പുറത്തേക്ക് ചെറുതും വലുതുമായ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആലപ്പുഴയ്ക്ക് സ്വന്തമായുണ്ട്. ഇവിടുത്തെ ആയുർവേദ തിരുമ്മൽ കേന്ദ്രങ്ങളും ചികിത്സാ കേന്ദ്രങ്ങളും ആലപ്പുഴയിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നു. സാംസ്കാരിക വൈവിധ്യം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന ആലപ്പുഴ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകർഷണമാണ്.
കായലുകളും വഞ്ചി വീടുകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. കൂടാതെ വലിയ തിരക്കില്ലാത്ത കടൽത്തീരങ്ങളും കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാടും നെഹ്റു ട്രോഫി വള്ളം കളിയും അമ്പലപ്പുഴ ലൈറ്റ് ഹൗസുമെല്ലാം ആലപ്പുഴയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ടത് കടൽത്തീരങ്ങളാണ്. ആലപ്പുഴയിലെ പ്രധാനപ്പെട്ട ബീച്ചുകളിലൂടെ ഒന്നു പോയി വരാം.

∙ മാരാരി ബീച്ച്
ഒട്ടും തിരക്കില്ലാത്ത സമാധാനം നിറഞ്ഞ ഒരു കടൽത്തീരമാണ് മാരാരി ബീച്ച്. സ്വകാര്യത തേടിയെത്തുന്നവർക്ക് മാരാരി ബീച്ച് ഒരു നല്ല തിരഞ്ഞെടുപ്പ് ആയിരിക്കും. നഗരത്തിൽ നിന്നു ഒരു ചെറിയ ഡ്രൈവ് എടുത്താൽ മാരാരി ബീച്ചിലേക്ക് എത്താം. മത്സ്യത്തൊഴിലാളികൾ അവരുടെ ദൈനംദിന ജോലികൾ ഏർപ്പെട്ടിരിക്കുന്നതും മീൻ പിടിച്ചു കൊണ്ടുവരുന്നതുമെല്ലാം കാണാം. തീരത്തെ സ്വർണമണലിൽ പാദം പതിപ്പിച്ച് അൽപനേരം നടക്കാം. ബീച്ച് യോഗ, ധ്യാനം എന്നിവയ്ക്ക് കൂടി പറ്റിയ ഇടമാണ് മാരാരി ബീച്ച്. നീന്തൽ, സൺ ബാത്തിങ്, ആയുർവേദിക് മസാജിങ് എന്നിവയെല്ലാം മാരാരി ബീച്ചിൽ ആസ്വദിക്കാവുന്നതാണ്. ആലപ്പുഴ–എറണാകുളം ദേശീയപാതയിൽ കളിത്തട്ട് ജംക്ഷനിൽനിന്ന് ഇടത്തോട്ട് 3 കിലോമീറ്റർ വന്നാൽ മരാരി ബീച്ചിൽ എത്താം.

∙ തുമ്പോളി ബീച്ച്
മലയാളത്തിൽ 1995ൽ പുറത്തിറങ്ങിയ ഒരു സിനിമയാണ് തുമ്പോളി കടപ്പുറം. എന്നാൽ, ആലപ്പുഴയിൽ എത്തിയാൽ തുമ്പോളി കടപ്പുറത്ത് നിരവധി കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. തിരക്കൊഴിഞ്ഞ, ശാന്തമായ തീരമെന്നതാണ് തുമ്പോളി ബീച്ചിന്റെ പ്രധാന ആകർഷണം. ആളും ബഹളവുമില്ലാത്തതിനാൽ ശാന്തത തേടിയെത്തുന്നവർക്കു പറ്റിയ സ്ഥലമാണ് ഇവിടം. മത്സ്യത്തൊഴിലാളികളുടെ പറുദീസ എന്നൊരു പേരു കൂടി ഈ ബീച്ചിനുണ്ട്. അറബിക്കടലിനും ശാന്തമായ കായലിനും ഇടയിലാണ് തുമ്പോളി ബീച്ച്. മനോഹരമായ സൂര്യാസ്തമയമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. പ്രകൃതിയെ സ്നേഹിക്കുന്നവർക്കും ഏകാന്തത ആഗ്രഹിക്കുന്നവർക്കും തുമ്പോളി ബീച്ച് ഇഷ്ടപ്പെടും.

∙ ആലപ്പുഴ ബീച്ച്
ആലപ്പുഴ ബീച്ചിലെ പ്രധാന ആകർഷണം 150 വർഷം പഴക്കമുള്ള, കടലിലേക്കു വ്യാപിച്ചു കിടക്കുന്ന കടൽപ്പാലമാണ്. ഇതിന്റെ സമീപത്തു തന്നെയുള്ള ലൈറ്റ് ഹൗസ് ചരിത്ര പ്രാധാന്യമുള്ളതാണ്. വെറുതെ ഒന്നു നടക്കാനും സൂര്യാസ്തമയം ആസ്വദിക്കാനും പറ്റിയ കടൽത്തീരമാണിത്. ആലപ്പുഴ ടൗണിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആലപ്പുഴ ബീച്ച്, ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ബീച്ചിനു സമീപമാണ് ആലപ്പുഴ ലൈറ്റ് ഹൗസും അഡ്വഞ്ചർ പാർക്കും. വൈകിട്ടു 4 മണിയോടെ ബീച്ചിലെത്തിയാൽ ബീച്ചിനൊപ്പം ഈ രണ്ടു സ്ഥലങ്ങളും കണ്ടുമടങ്ങാം. തകഴിയിൽ നിന്ന് തിരിച്ച് അമ്പലപ്പുഴ ജംക്ഷനിലെത്തി, അവിടെനിന്നു ദേശീയപാതയിലേക്കു കയറി എറണാകുളം ഭാഗത്തേക്കു വരുമ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽനിന്ന് ഇടത്തേക്ക് 3 കിലോമീറ്റർ വന്നാൽ ബീച്ചിലെത്തും. ആലപ്പുഴ ബൈപാസിനു താഴെയുള്ള റോഡ് വഴിയും ബീച്ചിലേക്ക് വരാം.

∙ പാതിരാമണൽ ദ്വീപ് അഥവാ പാതിരാമണൽ ബീച്ച്
ഒരു ചെറിയ ബോട്ട് യാത്ര നടത്തി വേണം പാതിരാമണൽ ബീച്ചിലേക്ക് എത്താൻ. വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട ഈ ദ്വീപ് വിവിധ ദേശാടന, പ്രാദേശിക പക്ഷികളുടെ ആവാസ കേന്ദ്രമാണ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലമായ ഈ ദ്വീപ് പക്ഷിനിരീക്ഷണം താൽപര്യമുള്ളവരുടെ ഇഷ്ടകേന്ദ്രമാണ്. ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ധൈര്യമായി പാതിരാമണലിലേക്ക് പോകാം. ഏകദേശം 50 ഏക്കറോളം വിസ്തൃതിയുണ്ട്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്‍, മീന്‍ കൊത്തി, ചൂളന്‍ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികള്‍ പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗമായി ഇതിനെ മാറ്റിയിട്ടുണ്ട്.

∙ പുന്നപ്ര ബീച്ച്
ആലപ്പുഴ നഗരത്തിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ദൂരെയാണ് പുന്നപ്ര ബീച്ച്. തിരക്ക് കുറവായതിനാൽ തന്നെ സമാധാനപരമായ അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് ഈ കടൽത്തീരം. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ബീച്ചിലൂടെ നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി പുന്നപ്ര ബീച്ചിലേക്ക് പോകാം. വിനോദസഞ്ചാരികളുടെ തിരക്ക് ഒഴിവാക്കി കുടുംബത്തിനൊപ്പം സ്വസ്ഥമായി ഇരിക്കാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ ഇടം കൂടിയാണിത്. സ്വർണമണലുകൾക്കും തെളിഞ്ഞ വെള്ളത്തിനും ഒപ്പം മനോഹരമായ സൂര്യാസ്തമയങ്ങൾക്കും പേര് കേട്ടതാണ് പുന്നപ്ര ബീച്ച്.

∙ അന്ധകാരനാഴി ബീച്ച്
ദ ലഗൂൺ ഓഫ് ഡാർക്നെസ് അഥവാ ഇരുട്ടിന്റെ ലഗൂൺ എന്നാണ് അന്ധകാരനാഴി ബീച്ച് അറിയപ്പെടുന്നത്. ആലപ്പുഴയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അന്ധകാരനാഴി ബീച്ച്. കായലിന്റെയും കടലിന്റെയും സംഗമ സ്ഥാനമാണ് അന്ധകാരനാഴി, ഇത് ആഴി എന്നും അറിയപ്പെടുന്നു. ആലപ്പുഴയിലെ പട്ടണക്കാട് ഗ്രാമത്തിലാണ് അന്ധകാരനാഴി. ശാന്തമായ അന്തരീക്ഷവും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുമാണ് അന്ധകാരനാഴി ബീച്ചിനെ ആകർഷകമാക്കുന്നത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇത്. ഏകദേശം 30 വർഷം പഴക്കമുള്ള ഒരു വിളക്കുമാടം ഇവിടുത്തെ പ്രത്യേകതയാണ്. നിരവധി മലയാള സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ശാന്തമായ വെള്ളത്തിനും സൂര്യാസ്തമയത്തിനും പ്രശസ്തമാണ് ഈ കടൽത്തീരം.
ഇത് മാത്രമല്ല ഏറ്റവും മികച്ച ആയുർവേദ വിശ്രമകേന്ദ്രങ്ങളുടെ നാട് കൂടിയാണ് ആലപ്പുഴ. പ്യൂരിഫൈയിങ് തെറാപ്പികൾ മുതൽ മസാജുകൾ വരെ ഇവിടെയുള്ള ആയുർവേദ കേന്ദ്രങ്ങളിൽ ലഭ്യമാണ്. അതുപോലെ ആലപ്പുഴയിലെ കായൽപ്പരപ്പുകളിലെ വഞ്ചിവീടുകളാണ് പ്രധാന ആകർഷണം. അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രവും കൃഷ്ണപുരം കൊട്ടാരവും മറ്റ് പ്രധാന ആകർഷണങ്ങളാണ്.
കടലോളം കാഴ്ചയിലേക്കുള്ള ദൂരം
∙ തുമ്പോളി ബീച്ച്
ആലപ്പുഴ ബീച്ചിൽനിന്ന് 4 കിലോമീറ്റർ.
∙ ചെത്തി ബീച്ച്
ആലപ്പുഴ ബീച്ചിൽനിന്ന് 7.6 കിലോമീറ്റർ.
∙ പൊള്ളേത്തൈ ബീച്ച്
ആലപ്പുഴ ബീച്ചിൽനിന്ന് 10 കിലോമീറ്റർ.
∙ മാരാരി ബീച്ച്
ആലപ്പുഴ ബീച്ചിൽനിന്ന് 14 കിലോമീറ്റർ.
∙ അർത്തുങ്കൽ ബീച്ച്
ആലപ്പുഴ ബീച്ചിൽനിന്ന് 20 കിലോമീറ്റർ.
∙ തൈക്കൽ ബീച്ച്
ആലപ്പുഴ ബീച്ചിൽനിന്ന് 21 കിലോമീറ്റർ.
∙ ആറാട്ടുവഴി ബീച്ച്
ആലപ്പുഴ ബീച്ചിൽനിന്ന് 27 കിലോമീറ്റർ.
∙ അന്ധകാരനഴി ബീച്ച്
ആലപ്പുഴ ബീച്ചിൽ നിന്നു തീരദേശപാത വഴി 30 കിലോമീറ്റർ. ലൈറ്റ്ഹൗസും വോക്‌വേയുമുണ്ട്. അസ്തമയം കാണാൻ മനോഹരമായ സ്ഥലം. അന്ധകാരനഴിയിൽ നിന്നു തീരദേശ റോഡിലൂടെ പോയാൽ ചെല്ലാനം വഴി കൊച്ചിയിലേക്കു പോകാം. ദേശീയപാതയിൽ പ്രവേശിച്ച് അരൂർ റൂട്ടിലൂടെയും കൊച്ചിയിലേക്കു പോകാം.
അന്ധകാരനഴിയിൽനിന്നു ചേർത്തല–കുമരകം വഴി കോട്ടയത്തേക്കു മടങ്ങുകയുമാകാം.