വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? കൊല്ലത്തെ ഈ 5 സ്ഥലങ്ങൾ കാണാതെ പോകരുത്

Mail This Article
കൊല്ലം കണ്ടവർക്ക് ഇല്ലം വേണ്ടന്നാണ് പഴമൊഴി. കൊല്ലത്തെത്തിയാൽ കുടുംബവുമായി ഒന്നാസ്വദിച്ച് യാത്ര ചെയ്യാൻ മലയോര മേഖലയായ കിഴക്കൻ ഭാഗത്തെ സഞ്ചാര കേന്ദ്രങ്ങൾ ഇതാ...
∙ മീൻപിടിപ്പാറ
മീൻപിടിപ്പാറയിലെ പാറക്കെട്ടുകളിൽ ചിന്നിച്ചിതറി ഒഴുകി എത്തുന്ന വെള്ളത്തിൽ കുളിക്കാനും മനോഹരമായ കാഴ്ചകളും കാണാനും അവസരം. ആകർഷകമായ കുളം, ചെറിയ റൈഡുകൾ ഉൾപ്പെട്ട ചിൽഡ്രൻസ് പാർക്ക്, പുനലൂർ തൂക്കുപാലം മോഡൽ, ഇരിപ്പിടങ്ങൾ, തോടിന് ചുറ്റും വോക്ക് വേ, കോഫി ബാർ എന്നിവ. രാവിലെ 10 മുതൽ 6 വരെയാണ് പ്രവർത്തന സമയം.
ഫീസ്: കുട്ടികൾക്കും 60 വയസ്സ് കഴിഞ്ഞവർക്കും 10 രൂപ, ബാക്കിയുള്ളവർക്ക് 20 രൂപ. കൊട്ടാരക്കര പുലമൺ ജംക്‌ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം.

∙ ജടായു എർത്ത് സെന്റർ
രണ്ടായിരത്തിലധികം അടി ഉയരമുള്ള പാറയ്ക്ക് മുകളിൽ തീർത്ത ജടായുവിന്റെ ശിൽപമാണ് ചടയമംഗലം ജടായു എർത്ത് സെന്റർ സമ്മാനിക്കുന്ന വിസ്മയക്കാഴ്ച. എർത്ത് സെന്ററിന്റെ പ്രധാന കവാടത്തിൽ നിന്നു പാറയ്ക്ക് മുകളിലേക്ക് റോപ് വേ ഉണ്ട്. പാറയിലേക്ക് കാൽ നടയായും റോപ് വേ വഴിയും എത്താം. കാൽനടയായി കയറുന്നതിന് 295 രൂപയാണ് ടിക്കറ്റ് നിരക്ക്. റോപ് വേ വഴി ഒരാൾക്ക് 500 രൂപയും. 3 മണിക്കൂർ സമയം പാറയ്ക്ക് മുകളിൽ ചെലവഴിക്കാം.
പാറയിൽ എത്തുന്നവർക്ക് കോദണ്ഡ രാമ ക്ഷേത്രവും സന്ദർശിക്കാം. ഉച്ചയ്ക്ക് 12 മണിവരെയും വൈകിട്ട് 4.30ന് ശേഷവും ആണ് ക്ഷേത്രത്തിലെ സന്ദർശനം. കൊല്ലത്ത് നിന്നു 45 കിലോമീറ്റർ ദൂരം.

∙ അച്ചൻകോവിൽ മണലാർ കുംഭാവുരുട്ടി വെള്ളച്ചാട്ടം
അച്ചൻകോവിൽ മലനിരകളിൽ നിന്നും ഉദ്ഭവിക്കുന്ന വെള്ളച്ചാട്ടം. അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രവും അടുത്താണ്. അപകട സാധ്യത ഏറിയതിനാൽ വനംവകുപ്പിന്റെ ഗൈഡുകളുടെ സഹായത്തോടെ പോകാം. ഫീ: മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 25 രൂപ. പുനലൂരിൽ നിന്നു 45 കിലോമീറ്റർ ദൂരം
∙ മലമേൽ ടൂറിസം സെന്റർ
ഇടമുളയ്ക്കൽ പഞ്ചായത്തിലെ മലമേൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മലമേൽ ടൂറിസം സെന്റർ.
പാറയ്ക്കു മുകളിൽ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനോടൊപ്പം പട്ടം പറത്തുകയും ചെയ്യാം. സമുദ്ര നിരപ്പിൽ നിന്ന് 700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാടുകാണിപ്പാറയാണ് പ്രധാന ആകർഷണം.
പാറയ്ക്കു മുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മലമേൽ ക്ഷേത്രം. രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവേശനം. ഫീസ്: കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് 10 രൂപ, മറ്റുള്ളവർക്ക് 20 രൂപ. കൊട്ടാരക്കര ഭാഗത്തു നിന്നു വരുന്നവർ വാളകം മേഴ്സി ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് തടിക്കാട് റോഡ് വഴി മലമേൽ ശങ്കരനാരായണ ക്ഷേത്രം ആർച്ച് വഴിയുള്ള റോഡിലൂടെ എത്താം

∙ പുനലൂർ തൂക്കുപാലം
പുരാവസ്തു വകുപ്പിന്റെ പ്രധാന സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ തിങ്കൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 7വരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യം. കൊല്ലത്ത് നിന്ന് 43 കിലോമീറ്റർ.