ADVERTISEMENT

സൗന്ദര്യം ആവോളമുണ്ട് നമ്മുടെ കേരളത്തിന്. കായലും കടലും കുന്നും മലയുമെല്ലാം നിറഞ്ഞ് മഴയും കാറ്റും മഞ്ഞും വെയിലുമെല്ലാമായി എപ്പോഴും പച്ചയണിഞ്ഞ പ്രകൃതിയുടെ നാട്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സുന്ദരകാഴ്ചകളൊരുക്കുന്ന ഭൂമികയാണ് നമ്മുടേത്. സുന്ദര കാഴ്ചകൾക്ക് അല്‍പം ഭയത്തിന്റെ മൂടുപടം നൽകിയൊരു യാത്ര പോയാലോ? ഇപ്പോഴും ആത്മാക്കൾ വസിക്കുന്നുണ്ടെന്നു വിശ്വസിക്കുന്ന കേരളത്തിലെ നാല് സ്ഥലങ്ങളിലേക്ക് തെല്ലും ഭയമില്ലാത്ത ഒരു യാത്ര.

revised-Info-Card---Travel---Weekend-Special-Wayanad

വയനാടൻ കാഴ്ചകരിന്തണ്ടന്റെ ആത്മാവ് ഉറങ്ങുന്ന ലക്കിടി

ഒരിക്കലെങ്കിലും വയനാടിന്റെ സൗന്ദര്യം കാണാൻ ചുരം കയറിയിട്ടുള്ളവരായിരിക്കും നമ്മിൽ ഒട്ടുമിക്കവരും. വയനാടിന്റെ കവാടമായ ലക്കിടി, കരിന്തണ്ടന്റെ ആത്മാവ് അലഞ്ഞു നടക്കുന്ന ഒരിടമാണ്. കഥ തുടങ്ങുന്നത് ബ്രിട്ടീഷ് കാലത്തു നിന്നാണ്. വയനാട്ടിലേക്ക് വഴിയന്വേഷിച്ചെത്തിയ ഒരു ബ്രിട്ടീഷ് എൻജിനീയർക്കു ദുർഘടമായ മലയിടുക്കുകളിലൂടെ വഴികാട്ടിയത് കരിന്തണ്ടൻ എന്ന ആദിവാസി യുവാവായിരുന്നു. ആ സഹായത്തിനു അയാൾക്ക്‌ കിട്ടിയതോ മരണശിക്ഷയും. വഴി കണ്ടുപിടിച്ചതിന്റെ ബഹുമതി സ്വന്തമാക്കാനായിരുന്നു ഇങ്ങനൊരു നിഷ്ഠൂരകൃത്യത്തിനു എൻജിനീയർ തുനിഞ്ഞത്. മരണമടഞ്ഞ കരിന്തണ്ടന്റെ ആത്മാവ് വെറുതെയിരുന്നില്ല. ചങ്ങലമരംതാൻ കണ്ടുപിടിച്ച വഴിയിലൂടെ യാത്ര ചെയ്യുന്നവരെയെല്ലാം ശല്യം ചെയ്യാൻ തുടങ്ങി. ഉപദ്രവമേറി വന്നപ്പോൾ ഏതോ മന്ത്രവാദി കരിന്തണ്ടനെ ചങ്ങലയാൽ ബന്ധിച്ചു ഒരു മരത്തിൽ കെട്ടിയിട്ടു. മരം വളരുന്നതിനൊപ്പം ആ ചങ്ങലയും വളരുന്നുണ്ടെന്ന വിശ്വാസവും അവിടെ പറഞ്ഞു കേൾക്കുന്നുണ്ട്. ഇപ്പോഴും ഇരുട്ടിനു കനംവയ്ക്കമ്പോൾ സമയം പാതിരയോടടുക്കുമ്പോൾ..ആരുടെയോ ഹൃദയം നുറുങ്ങുന്ന ഞരക്കങ്ങളും മൂളലുകളും കേൾക്കാം..ഒറ്റമുണ്ടു മാത്രമുടുത്ത, കറുത്ത് മെലിഞ്ഞ ഒരു രൂപം ഇരുട്ടിൽ നിന്ന് തുറിച്ചു നോക്കുന്നതു കാണാം.. അതിലെ കടന്നു പോകുന്ന അനുഭവസ്ഥർ ഇപ്പോഴും ഭയപ്പാടോടെ മാത്രമേ ചങ്ങല മരത്തെയും കരിന്തണ്ടനെയും കാണാറുള്ളൂ.

Bonacaud-Bungalow
ബോണക്കാട് ബംഗ്ലാവ്

ബാധയുള്ള ബോണക്കാട് ബംഗ്ലാവ്

ബോണക്കാട് ബംഗ്ലാവിനെ അറിയുന്നവർക്ക് എന്നും ഭയപ്പെടുത്തുന്ന ഓർമകളെ പങ്കിടാനുണ്ടാകൂ. ഇതിനെ ചുറ്റിയുള്ള കഥകൾ ആരംഭിക്കുന്നത് ഏകദേശം 68 വർഷങ്ങൾക്കു മുമ്പാണ്. ഒരു വിദേശിയാണ് ഈ ബംഗ്ലാവ് നിർമ്മിച്ചത്. തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റർ ദൂരമുണ്ട് ബോണക്കാടിന്. കുടുംബവുമൊത്തു സന്തോഷത്തോടെ ഇവിടെ താമസമാരംഭിച്ച അയാൾക്ക്‌, ആ സന്തോഷം നഷ്ടപ്പെടാൻ അധിക കാലം വേണ്ടി വന്നില്ല. പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ മകൾ വളരെ ദുരൂഹമായ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ടു. മകളുടെ മരണത്തിൽ മനംനൊന്ത് ആ കുടുംബം തിരികെ ലണ്ടനിലേക്ക് മടങ്ങി. പിന്നെ ഈ ബംഗ്ലാവിലെത്തിയവർക്ക്‌ എന്നും ഭയപെടുത്തുന്ന രാത്രികളായിരുന്നു. പലരും ആ പെണ്‍കുട്ടിയെ അവിടെ കണ്ടെന്നു പറയുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആ വീട്ടിൽ നിന്നും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ചിലപ്പോൾ നിലവിളികൾ കേൾക്കാറുണ്ടെന്നു സമീപവാസികൾ പറയാറുണ്ട്. ധൈര്യശാലികളായ പലരും പിന്നീട് ഇവിടെ താമസിക്കാനെത്തിയെങ്കിലും അർധരാത്രികളിൽ ആ പെൺകുട്ടിയെ കണ്ടു ബോധം മറഞ്ഞ കഥകളും നിരവധിയുണ്ട്. തോട്ടം തൊഴിലാളികളാണ് ഇന്ന് ബോണക്കാട് താമസിക്കുന്നത്. അവർക്കും സമാനമായ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെ വിറകു പെറുക്കാൻ ചെന്ന ഒരു പെൺകുട്ടി പിന്നീട് ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ തുടങ്ങിയതുമെല്ലാം ബോണക്കാട് ബംഗ്ലാവിനെ പറ്റി പറഞ്ഞു കേൾക്കുന്ന കഥകളാണ്.

Athirappilly. Image Credit: Crystal Frame Photography/istockphoto
Athirappilly. Image Credit: Crystal Frame Photography/istockphoto

ഇരുളിൽ തിളങ്ങുന്ന അതിരപ്പള്ളി കാടുകൾ

അതിരപ്പള്ളി വെള്ളച്ചാട്ടവും കാടുമെല്ലാം പകൽ വെളിച്ചത്തിൽ എത്രത്തോളം മനോഹരമായ കാഴ്ചയാണെന്നു യാത്രകളെ സ്നേഹിക്കുന്ന ആർക്കും വിശദീകരിച്ചു തരേണ്ട കാര്യമുണ്ടാകില്ല. സിനിമകളിലൂടെയും നേരിട്ടുമൊക്കെ ആ വെള്ളച്ചാട്ടത്തിന്റെയും കാടിന്റെയുമൊക്കെ സൗന്ദര്യം എല്ലാക്കാലത്തും ആസ്വദിക്കുന്നവരാണ് മിക്കവരും. പകലിന്റെ വെളിച്ചം മറയുമ്പോൾ. ഇരുട്ടിൽ ആ കാടിനുള്ളിൽ തിളങ്ങുന്ന കണ്ണുകളോടെ സഞ്ചാരികളെ ഭയപ്പെടുത്തുന്ന ഒരു കൊച്ചു രൂപമുണ്ട്. ട്രെക്കിങ്ങിനു ഇവിടെയെത്തുന്ന സഞ്ചാരികൾ രാത്രികളിൽ ഇവിടെ ക്യാമ്പ് ഫെയർ സംഘടിപ്പിച്ചു യാത്ര ആസ്വദിച്ചിരിക്കുമ്പോൾ, ചിലപ്പോഴൊക്കെ അവനെ കണ്ടിട്ടുണ്ട്. പക്ഷേ പകലിൽ അങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടായിട്ടില്ല. പണ്ടെപ്പോഴോ അവിടെ വെച്ച് മരിച്ചുപോയ ഒരു കുഞ്ഞു ബാലന്റെ ആത്മാവാണിതെന്നു പറയപ്പെടുന്നു. പേടിപ്പിക്കാൻ ഇരുട്ടത്ത് തിളങ്ങുന്ന കണ്ണുകളുമായി അവൻ അവിടെ നിൽപ്പുണ്ട്..അതിരപ്പള്ളിയെ ആസ്വദിക്കാൻ എത്തുന്നവരെയും കാത്ത്....

കാനന പാതയിലൂടെ ശബരിമല

അയ്യനെ കാണാൻ കാനന പാതയിലൂടെ ശബരിമലക്ക് എത്തുന്നവർക്ക് മൃഗങ്ങളുടെ രൂപത്തിൽ നിരവധി പേടിപ്പിക്കുന്ന അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതിനൊക്കെ അപ്പുറത്തു ഉൾക്കാടുകളിൽ നിന്ന് ഉണ്ടാകുന്ന ചില ശബ്ദങ്ങൾ അത് യാത്രകളെ ഭീതിയുടെ മുൾമുനയിൽ നിർത്തും. എന്തെന്ന് മനസ്സിലാക്കാൻ കഴിയാത്ത ആ ശബ്ദങ്ങൾക്ക് ഏതൊരു ധൈര്യശാലിയിലും പേടി ഉണർത്താൻ കഴിയും. ഇതിന്റെ ഉറവിടമെവിടെന്നു കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് വൈചിത്ര്യം.

ഭയത്തിന്റെ മുൾമുനയിൽ നിറുത്തിയ നിങ്ങളുടെ യാത്രാ അനുഭവങ്ങൾ പങ്കുവയ്ക്കാം customersupport@mm.co.in

English Summary:

Discover four spine-chilling haunted locations in Kerala, from the spirit of Karinthandan in Lakkidi to the terrifying Bonacaud bungalow. Dare to explore these mysterious places?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com