ADVERTISEMENT

തിരുനെല്ലി ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നാൽ ബ്രഹ്മഗിരി മലനിരകൾ കാണാം. രാവിലെ ക്ഷേത്ര ദർശനം നടത്തി. സമീപത്തുള്ള ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ചു. ഏഴര ആകുമ്പോഴേക്കും ഫോറസ്റ്റിന്റെ ബ്രഹ്മഗിരി ഇക്കോ ടൂറിസം സെന്ററിൽ എത്തണം. എട്ടുമണിക്കു മുൻപ് ട്രെക്കിങ് തുടങ്ങിയാലേ മൂന്നു മണിക്കു മുൻപായി മടങ്ങി എത്താൻ കഴിയുകയുള്ളൂ. അഗസ്ത്യാർകൂടം കയറിയപ്പോൾ കിട്ടിയവരിൽ രണ്ടു കൂട്ടുകാർ ഒഴികെ ബാക്കി എല്ലാവരും ബ്രഹ്മഗിരി കയറാൻ എത്തിയിരുന്നു.

brahmagiri-trek-1

വീണ്ടും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു. പേരും വിശദാംശങ്ങളും പൂരിപ്പിച്ച് നൽകി. കാർഡ്, ഗൂഗിൾ പേ തുടങ്ങിയ ഡിജിറ്റൽ പേയ്മെൻ്റുകളാണ് ഇവിടെ സ്വീകാര്യം. മല കയറാൻ 'കൈ സഹായ'മാകാൻ പോകുന്ന നാച്ചുറൽ ഹൈക്കിങ് പോളുകൾ ഇവിടെ നിന്ന് ലഭിക്കും. പണമൊന്നും നൽകേണ്ട. ഇഷ്ടമുള്ള വടി എടുക്കാം, തിരിച്ചു വരുമ്പോൾ അത് അവിടെ തന്നെ വയ്ക്കുക. കാരണം, ഇനിയും ഈ മല കയറാൻ എത്തുന്ന നിരവധി ആളുകൾക്ക് ഊന്നുവടിയാകേണ്ടതാണ് അത്.

brahmagiri-trek-2
ബ്രഹ്മഗിരി ഇക്കോ ടൂറിസം കേന്ദ്രം

ട്രെക്കിങ് ആരംഭിക്കുന്ന പ്രവേശന കവാടത്തിൽ ഇരുന്ന് ഒരു ഫോട്ടോയ്ക്കു പോസ് ചെയ്തു. അതിനു ശേഷം ആ ദിവസത്തെ ഒന്നാമത്തെ മലകയറ്റക്കാരായി ഞങ്ങൾ ട്രെക്കിങ് ആരംഭിച്ചു. ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ പ്രഭാതസൂര്യന്റെ കിരണങ്ങൾ അരിച്ചിറങ്ങുന്നു. യാത്ര മുകളിലോട്ട് നീങ്ങുന്നതിനിടയിൽ, പാപനാശിനിയിൽ നിന്നു തിരുനെല്ലി ക്ഷേത്രത്തിലേക്കു വെള്ളമെത്തിക്കുന്ന ശിലാകനാലിന്റെ ആരംഭം കണ്ടു. പാപനാശിനി കടന്നു മുന്നോട്ട് നീങ്ങുമ്പോൾ ഇലകളുടെ മറവിൽ അനക്കം കേട്ടു. നോക്കിയപ്പോൾ മരങ്ങൾക്ക് ഇടയിലൂടെ ഒരു മാൻ ഓടിപ്പോകുന്നു. 

brahmagiri-trek-3
ബ്രഹ്മഗിരി ഇക്കോ ടൂറിസം കേന്ദ്രം

വിശേഷം പറച്ചിൽ ഇച്ചിരി കൂടിയപ്പോൾ ഞങ്ങൾക്കൊപ്പം ഗൈഡ് ആയി വന്ന ഉണ്ണിക്കൃഷ്ണൻ ചേട്ടന്റെ  നിർദ്ദേശം: 'കാട് അറിയാതെ, കാടിനെ അറിയിക്കാതെ വേണം കാട്  കയറാൻ'. വലിയ വർത്തമാനത്തിന് ചെറിയൊരു ഇടവേള നൽകി. നടന്നു പോകുന്ന വഴികളിൽ ആനപ്പിണ്ടം ഇടയ്ക്കിടയ്ക്ക് കാണുന്നുണ്ട്. ആനയെ ഒന്നു കാണണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്, ഉള്ളിൽ ചെറിയ പേടിയുണ്ടെങ്കിലും.

brahmagiri-trek-4

നടത്തം തുടർന്നു കൊണ്ടേയിരുന്നു. കയറ്റമായതിനാൽ ഇടയ്ക്ക് ചെറിയ മടുപ്പ് തോന്നി. എന്നാൽ, വാച്ച് ടവർ എത്തിയിട്ട് വിശ്രമിക്കാമെന്ന് ഉണ്ണിച്ചേട്ടൻ പറഞ്ഞു. അതോടെ വേഗത കുറച്ചും വെള്ളം കുടിച്ചും നടപ്പ് തുടർന്നു. അതിനിടയിലാണ് വഴിയരികിലായി കരിയിലകൾ ഒരു ചെറിയ വട്ടത്തിൽ അമർത്തി വച്ചിരിക്കുന്ന കാഴ്ച. കടുവ തന്റെ ടെറിട്ടറി അഥവാ അധീനപ്രദേശം അടയാളപ്പെടുത്തിയതാണ് അതെന്ന്  ഗൈഡ് പറഞ്ഞു. ഇക്കഴിഞ്ഞ രാത്രിയിലാണ് അത് നടന്നിരിക്കുന്നത്. 

brahmagiri-trek-5
ബ്രഹ്മഗിരി ഇക്കോ ടൂറിസം കേന്ദ്രം

ടെറിട്ടറി ലംഘിച്ച് മറ്റൊരു കടുവ അകത്ത് കടന്നാൽ അവിടെ യുദ്ധസമാനമാകും. അതിർത്തിപ്രശ്നങ്ങൾ മനുഷ്യർക്കു മാത്രമല്ല ജീവജാലങ്ങൾക്കു മൊത്തത്തിലുണ്ടെന്ന് സാരം. ഏകദേശം 70 മുതൽ 100 ചതുരശ്ര കിലോമീറ്റർ ആയിരിക്കും ആൺകടുവകളുടെ അധീനപ്രദേശം. പെൺകടുവകളുടേത് 25 ചതുരശ്ര കിലോമീറ്റർ ആയിരിക്കും. ഒരു ആൺകടുവയുടെ ടെറിട്ടറിക്കുള്ളിൽ പെൺകടുവകൾ ഉണ്ടാകും. പക്ഷേ, അവിടേക്ക് വേറൊരു ആൺകടുവ എത്തിയാൽ അത് ആൺകടുവകൾ തമ്മിലുള്ള പോരാട്ടത്തിലും ഒരാളുടെ അന്ത്യത്തിലും ആയിരിക്കും അവസാനിക്കുക.

brahmagiri-trek-6

കടുവ ടെറിട്ടറി അടയാളപ്പെടുത്തിയത് കണ്ട സന്തോഷത്തിൽ യാത്ര മുന്നോട്ട് നീങ്ങി. ആദ്യത്തെ 3 കിലോമീറ്റർ മരങ്ങൾക്കിടയിലൂടെയാണ് യാത്ര. ആ യാത്ര ചെന്നു നിൽക്കുന്നത് വാച്ച് ടവറിലാണ്. ഏകദേശം 25 മീറ്റർ ഉയരമുണ്ട് വാച്ച് ടവറിന്. ഇവിടെ നിന്നാൽ പച്ചപ്പിൽ പുതച്ചു കിടക്കുന്ന മലനിരകൾ കാണാം. അങ്ങ് ദൂരെ തിരുനെല്ലി ക്ഷേത്രം. 

brahmagiri-trek-7

ശക്തമായ കാറ്റ് അടിക്കുന്നതിനാൽ വാച്ച് ടവറിൽ പിടിച്ചു നിന്നാൽ നന്നായിരിക്കും. ഒരു സമയം അഞ്ചുപേർക്ക് മാത്രമാണ് വാച്ച് ടവറിന്റെ മുകളിലേക്ക് പോകാൻ അനുവാദമുള്ളൂ. അങ്ങനെ പോകുന്നതാണ് നല്ലതും.

brahmagiri-trek-8

വാച്ച് ടവറിന് അടുത്തു തന്നെ ഫോറസ്റ്റിന്റെ കെട്ടിടമുണ്ട്. ട്രെക്കിങ്ങിന് ഇടയിൽ ഇവിടെ വിശ്രമിക്കാവുന്നതാണ്. ടോയിലറ്റ് സൗകര്യവുമുണ്ട്. വാച്ച് ടവർ കഴിഞ്ഞാൽ അടുത്തത് പുൽമേടാണ്. ഇനി മൂന്നു കിലോമീറ്റർ മുകളിലോട്ടു നടക്കേണ്ടത് പുൽമേട്ടിലൂടെയാണ്. പോകുന്ന വഴിയിൽ എവിടെയും വെള്ളമില്ല. അതുകൊണ്ടു തന്നെ ഓരോരുത്തരും അവരുടെ കൈവശം കുറഞ്ഞത് ഒരു ലിറ്റർ വെള്ളമെങ്കിലും കരുതണം. കാരണം, പൊരിവെയിലത്തു 3 കിലോമീറ്റർ മുകളിലോട്ട് മാത്രം പോയാൽ പോരാ, അതേ ദൂരം തിരിച്ചിറങ്ങുകയും വേണം.

brahmagiri-trek-9

പുൽമേട്ടിൽ ഇടയ്ക്ക് ചില മരങ്ങൾ കാണാം. അതിന്റെ ചുവട്ടിൽ അൽപസമയം ഇരുന്നു വിശ്രമിച്ച് യാത്ര തുടരാം. ഞങ്ങളുടെ കൂട്ടത്തിലെ സീനിയർ ആയ സോംജി പതിവുപോലെ ഒരു താളത്തിൽ നടപ്പ് തുടങ്ങി ഞങ്ങളേക്കാൾ നേരത്തെ ബ്രഹ്മഗിരിയുടെ നെറുകയിൽ തൊട്ടു. പിന്നാലെ, ഹഫ്സാനയും നിധിനും റിജാസും ജമീലും എത്തി. പൂക്കളെയും കല്ലിനെയും ചെറുതായി ഒന്ന് ഗവേഷണം നടത്താൻ പോയെങ്കിലും തൊട്ടു പിന്നാലെ തന്നെ ഞാനും ആകാശും എത്തി. ആദ്യമായി ട്രെക്കിങ്ങിന് എത്തിയ സുജിത്തിനും സിബിക്കും നടത്തം അൽപം കഠിനമായിരുന്നു. പക്ഷേ, ഞങ്ങൾ മുകളിലെത്തി ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവരും എത്തി.

brahmagiri-trek-10

ബ്രഹ്മഗിരി മലകളുടെ മുകളിൽ മനോഹരമായ ഒരു കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അത് 2 സംസ്ഥാനങ്ങൾ വനാതിർത്തി പങ്കിടുന്നതാണ്. കേരളവും കർണാടകയും വനാതിർത്തി പങ്കിടുന്നത് ഇവിടെ കാണാം. അതിർത്തി രേഖ മണ്ണുകൊണ്ടുള്ള ഒരു ചെറിയ റോഡ് പോലെയാണ്. അവിടെ പുല്ലില്ല. അതിന് കാരണമുണ്ട്, ഏതെങ്കിലും വനത്തിൽ തീ പിടിച്ചാൽ അത് അയൽസംസ്ഥാനത്തിന്റെ വനത്തിലേക്കു പടരാൻ പാടില്ല. അതുകൊണ്ടു തന്നെ അതിർത്തിയിലെ പുല്ല് ഒരു നിശ്ചിത മീറ്റർ വീതിയിൽ എടുത്തു മാറ്റിയിട്ടുണ്ട്. ആ അതിർത്തി കടന്ന് കേരളത്തിൽ ഉള്ളവർക്ക് കർണാടകയിലേക്കു പോകാനോ കർണാടകയിൽ ഉള്ളവർക്ക് കേരളത്തിലേക്കു വരാനോ അനുവാദമില്ല.

ബ്രഹ്മഗിരി മലമുകളിൽ നിന്നാൽ കർണാടക കൂർഗ് ഭാഗവും കുട്ട ഭാഗവും കാണാൻ സാധിക്കും. ദൂരെ തിരുനെല്ലി ക്ഷേത്രവും പരിസരവും കാണാം. നേരത്തെ ബ്രഹ്മഗിരി ട്രെക്കിങ് പക്ഷിപ്പാതാളം വരെ ഉണ്ടായിരുന്നു. എന്നാൽ, 2015 മുതൽ അത് നിർത്തലാക്കി. മാവോയിസ്റ്റ് വിഷയം ഉള്ളതിനാലാണ് പക്ഷിപ്പാതാളത്തിലേക്ക് ഇപ്പോൾ ട്രെക്കിങ് അനുവദിക്കാത്തത്. ചരിത്രത്തിലെ വിവാദമായ ഒരു മരണം നടന്നതും ഈ മലമുകളിലാണ്. നക്സൽ വർഗീസിനെ പൊലീസുകാർ വെടിവച്ചു കൊന്നത് തിരുനെല്ലി മലനിരകളിൽ വച്ചായിരുന്നു. 

നിരവധി കാട്ടു പഴങ്ങളും കായ്കളും ബ്രഹ്മഗിരി മലനിരകളിൽ ലഭിക്കും. കൊട്ടപ്പഴം, ഞാവൽപ്പഴം, ഈന്ത് അങ്ങനെ ഭക്ഷ്യയോഗ്യമായ പഴങ്ങളുണ്ട്. ഫെബ്രുവരി മാസം പൂവിടുന്ന സമയമാണ്. കാട്ടുമാങ്ങയും ഞാവലും കൊട്ടപ്പഴവും എല്ലാം പൂവിടുന്ന സമയം. ജൂൺ മാസമാകുമ്പോഴേക്കും മൂത്ത് തുടങ്ങും. കൂടാതെ നിരവധി ഔഷധസസ്യങ്ങളും ഈ കാടുകളിൽ ഉണ്ട്. ഞങ്ങൾ മലമുകളിലേക്ക് എത്തുന്നതിനു മുന്നേ അവിടെ എത്തിയ വിദേശികൾക്ക് കർണാടക വനമേഖലയിൽ ആനയെ കാണാൻ കഴിഞ്ഞു. വാച്ച് ടവറിൽ ഫോട്ടോ എടുത്തും വിഡിയോ എടുത്തും നിന്ന സമയത്ത് ഞങ്ങളെ മറികടന്ന് മുന്നിലെത്തിയവരായിരുന്നു അവർ. ആന മാത്രമല്ല കാട്ടുപോത്ത്,പുലി, കടുവ, കരടി, മലമാൻ, കേഴമാൻ, കൂരമാൻ, മുള്ളൻ പന്നി എന്ന് തുടങ്ങി നിരവധി മൃഗങ്ങളും ഈ കാട്ടിലുണ്ട്. 

ഏകദേശം ഒരു മണിക്കൂർ നേരം മുകളിൽ ചെലവഴിച്ചതിനു ശേഷം തിരിച്ചിറങ്ങി. ഉച്ചവെയിലത്ത് പുൽമേട്ടിലൂടെയുള്ള ആ തിരിച്ചിറക്കം ഒട്ടും സുഖകരമായിരുന്നില്ല. അതിന് പ്രധാന കാരണം കൈവശമുള്ള മുഴുവൻ വെള്ളവും തീർന്നു പോയിരുന്നു എന്നതാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് വാച്ച് ടവർ നിൽക്കുന്ന ഇടത്തേക്ക് എത്തുക എന്നുള്ളതായിരുന്നു പ്രധാനം. എത്തിയപ്പോൾ ഏറ്റവും ആദ്യം പോയത് വെള്ളം കുടിക്കാൻ ആയിരുന്നു. കാട്ടരുവിയിൽ നിന്ന് പൈപ്പ് വഴി എത്തിക്കുന്ന വെള്ളത്തിന് പൊരിവെയിലത്തും നല്ല തണുപ്പ്. ജീവജലം എന്നതിന് അർഥം വന്ന നിമിഷം. ആവോളം വെള്ളം കുടിച്ച് ഫോറസ്റ്റിന്റെ കെട്ടിടത്തിൽ അൽപനേരം ഇരുന്നു വിശ്രമിച്ചു.

മടുപ്പ് ഒക്കെ മാറി തുടങ്ങിയപ്പോൾ പതിയെ മല ഇറങ്ങാൻ ആരംഭിച്ചു. മടക്കയാത്രയ്ക്കിടയിൽ മലയണ്ണാനെ കണ്ടു. സോപ്പും കായയുടെ മരം കണ്ടു. സോപ്പും കായ ഉപയോഗിക്കുന്ന വിധം ഗൈഡ് കാണിച്ചു തന്നു. രണ്ടരയോടെ തിരുനെല്ലിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് എത്തി. ഗൈഡ് ഉണ്ണിക്കൃഷ്ണൻ ചേട്ടനൊപ്പവും ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുർജിത്ത് സാറിനൊപ്പവും ഫോട്ടോയെടുത്തു മടക്കം. എല്ലാവർക്കും നല്ല വിശപ്പ് ഉണ്ടായിരുന്നു. മൂന്നുമണി ആയതിനാൽ ഊണ് കിട്ടാൻ കാട്ടിക്കുളം വരെ എത്തേണ്ടി വന്നു. അവിടെയുള്ള വനിത ഹോട്ടലിൽ നിന്ന് ഉച്ചയൂണ് കഴിച്ചപ്പോൾ അമൃത് കഴിച്ച പ്രതീതി. ഒപ്പമുണ്ടായിരുന്ന ആകാശിന്റെ വീട് മാനന്തവാടിയിൽ ആയിരുന്നു. ഊണ് കഴിച്ചതിനു ശേഷം വണ്ടി നേരെ അങ്ങോട്ട് വിട്ടു. ആകാശിന്റെ അമ്മ നാടൻ കാപ്പിപൊടി ഉപയോഗിച്ച് ഉണ്ടാക്കിയ കാപ്പി കുടിച്ചപ്പോൾ എല്ലാ ക്ഷീണവും മാറി. ഇനി അടുത്ത ട്രെക്കിങ് എന്നെന്ന ചോദ്യം ബാക്കിയാക്കി ഞങ്ങൾ വഴി പിരിഞ്ഞു.

English Summary:

Experience the breathtaking Brahmagiri trek, where Kerala and Karnataka share a forest border. Witness stunning views, diverse wildlife, and the rich biodiversity of the Western Ghats.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com