ഗ്യാപ്പില്ലാ കാഴ്ചകൾ കണ്ട്, റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിലൊരു സൂപ്പർ യാത്ര
Mail This Article
അതിരാവിലെ മൂന്നാറിലെത്തിയാൽ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് അടിപൊളി യാത്രയാണ്. റോയൽ വ്യൂ ഡബിൾ ഡക്കർ ബസാണ് മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സഞ്ചാരികളെ കാത്ത് കിടക്കുന്നത്. ബസ് മിസ്സാകണ്ടല്ലോ എന്നു കരുതി അതിരാവിലെ തന്നെ കോട്ടയത്തു നിന്നും മൂന്നാറിലേക്കുള്ള യാത്ര തുടങ്ങി. ബസ് യാത്രയ്ക്കുള്ള ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നതു കൊണ്ട് സീറ്റിന്റെ കാര്യത്തിൽ യാതൊരു ടെൻഷനുമില്ല. മൂന്നാറിൽ എത്തുന്നവർക്ക് ഓൺലൈനിൽ അല്ലാതെ ഇവിടെ നേരിട്ട് എത്തിയും ടിക്കറ്റ് എടുക്കാം. ഓൺലൈൻ ബുക്കിങ് പൂർത്തിയായില്ലെങ്കിൽ ടിക്കറ്റ് ലഭിക്കും. വണ്ടിയ്ക്കുള്ളിൽ മുകൾനിലയിൽ 38, താഴെ 12 സീറ്റുകളും താഴത്തെ നിലയിൽ 5 പേർക്കിരിക്കാവുന്ന ബെർത്തും ഒരുക്കിയിട്ടുണ്ട്.

മുകളിലത്തെ നിലയിലേക്ക് സ്റ്റെപ്പ് വഴി കയറി, മുൻനിരയിൽ തന്നെ ഇരിപ്പ് ഉറപ്പിച്ചു. കൃത്യം 9 ന് തന്നെ യാത്ര തുടങ്ങി. മൂന്നാറിലെ ഗ്യാപ് റോഡിലെ കാഴ്ചകൾ ആസ്വദിക്കുന്ന തിരക്കിലാണ് ബസിലെ യാത്രക്കാർ. മൂന്നാർ ടൗണിൽ നിന്ന് ബസ് മുന്നോട്ട് പോകുന്നു, റോഡിന് ഇരുവശത്തും തേയിലത്തോട്ടങ്ങൾ കണ്ടുകണ്ട് പോകാം...ലോകത്തിലെ ഏറ്റവും മനോഹരമായ മലമ്പാതകളിലൊന്നായിരിക്കും ഇത്.
റീൽസിലെ താരം
മാട്ടുപ്പെട്ടിയും ഹിൽ സ്റ്റേഷനും ഇക്കോപോയിന്റും മറയൂരും കാന്തല്ലൂരും വട്ടവടയും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം കാണാൻ പ്ലാൻ ചെയ്താണ് എല്ലാവരും മൂന്നാർ യാത്ര പ്ലാൻ ചെയ്യാറുള്ളത്. ഈ കാഴ്ചകൾ കൂടാതെ ഇപ്പോൾ സഞ്ചാരികൾക്കിടയിൽ താരമാണ് ഗ്യാപ് റോഡ് വഴിയുള്ള ഡബിൾ ഡക്കർ ബസ് യാത്ര.
മൂന്നാർ ടൗണിൽനിന്ന് ദേവികുളം റൂട്ട് പിടിച്ച് ചിന്നക്കനാൽ കടക്കുമ്പോൾ തുടങ്ങും ഗ്യാപ് റോഡിലെ കാഴ്ചകൾ, പ്രത്യേകിച്ച് ഡബിൾ ഡക്കർ ബസ്സിന്റെ മുകളിൽ നിന്നും നോക്കുമ്പോൾ എന്താ ഭംഗി. ഗ്യാപ് റോഡ് എന്നാണ് പേരെങ്കിലും കാഴ്ചകൾക്ക് ഒരു ഗ്യാപ്പും ഇല്ല.

ഗ്യാപ് റോഡ്, ഗ്യാപ്പില്ലാ കാഴ്ചകൾ!
തുടക്കം മുതൽ ഒടുക്കം വരെ അവസാനിക്കാത്ത മനോഹര കാഴ്ചകളാണു കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 41.78 കിലോമീറ്റർ റോഡിലുള്ളത്. മൂന്നാറിൽനിന്നു യാത്ര ആരംഭിച്ചാൽ സിഗ്നൽ പോയിന്റാണ് ആദ്യത്തെ സ്റ്റോപ്. വ്യൂ പോയിന്റിൽ നിന്നും ചിത്രങ്ങൾ പകർത്താം. പിന്നീടെത്തുന്നത് കാഴ്ചകൾക്കു ഗ്യാപ് ഇല്ലാത്ത ഗ്യാപ് റോഡിലാണ്.

ഗ്യാപ് റോഡ് കഴിഞ്ഞാലുടൻ പെരിയകനാൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച് യാത്ര തുടരാം. പെരിയകനാലിനും പൂപ്പാറയ്ക്കും ഇടയിലാണ് ആനയിറങ്കൽ ജലാശയവും ജലാശയത്തിന്റെ ചുറ്റുമുള്ള വനമേഖലയും. ആനയിറങ്കൽ ജലാശയത്തിന്റെ വിദൂരദൃശ്യം കാണാൻ കഴിയുന്ന ഒന്നിലധികം വ്യൂപോയിന്റുകൾ ഉണ്ട്. മഴക്കാലത്ത് ഈ റോഡിലൂടെ പോകുമ്പോൾ ധാരാളം വെള്ളച്ചാട്ടങ്ങൾ കാണാം. (ഇപ്പോൾ വെള്ളം തുള്ളി പോലുമില്ല)
ബസ് യാത്രയിൽ ആദ്യത്തെ സ്റ്റോപ്പ്
∙ആദ്യത്തെ ഫോട്ടോ പോയിന്റ് സിഗ്നൽ പോയിന്റാണ്. നല്ല വെയിലുണ്ടെങ്കിലും പുറത്തിറങ്ങി ചിത്രങ്ങൾ എടുക്കുന്ന തിരക്കിലാണ് എല്ലാവരും. എല്ലാ സ്ഥലത്തും പത്തു മിനിറ്റ് സമയം വണ്ടി നിറുത്തിയിടും.
∙രണ്ടാമത്തെ ഫോട്ടോ പോയിന്റ്. ചൊക്രമുടിയുടെ വിദൂര കാഴ്ച സമ്മനിക്കുന്ന വ്യൂ പോയിന്റാണ്.
∙ കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ലാക്കാട് കുരിശടിക്കു സമീപമുള്ള ദേവികുളം ടോൾ പ്ലാസയും ഈ ഗ്യാപ് റോഡിലാണ്, ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസയാണ് ഇത്.
∙മൂന്നാമത്തെ ഫോട്ടോ പോയിന്റ് റോക്ക് കേവ്, ഇവിടെ കാണാം മലൈക്കള്ളൻ തങ്കയ്യൻ താമസിച്ച ഗുഹ!. ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡിലാണ് കുപ്രസിദ്ധ മോഷ്ടാവ് തങ്കയ്യൻ ഒളിച്ചു താമസിച്ചിരുന്നതെന്ന് കരുതുന്ന ഗുഹയുള്ളത്. കായംകുളം കൊച്ചുണ്ണിയെ പോലെ നന്മയുള്ള കള്ളനായാണ് തങ്കയ്യനെ തമിഴ് വംശജരിൽ ചിലരെങ്കിലും കരുതുന്നത്. ദേശീയപാത വീതികൂട്ടി പുനർ നിർമിച്ചപ്പോഴും ഇൗ ഗുഹ അതേപടി നിലനിർത്താൻ അധികൃതർ ശ്രദ്ധിച്ചു. ഒട്ടേറെ സഞ്ചാരികളാണ് തങ്കയ്യൻ ഗുഹ കാണാനെത്തുന്നത്. ഗുഹയുടെ എതിർഭാഗത്ത് നിന്ന് നോക്കിയാൽ ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തിന്റെ വിദൂര ദൃശ്യവും ഇവിടെ നിന്നും മുന്നിലേക്കു നോക്കിയാൽ കാണാം. സമുദ്രനിരപ്പിൽനിന്നു 1,800 കിലോമീറ്റർ ഉയരത്തിലുള്ള ഗ്യാപ്പ് റോഡിൽ തന്നെയാണ് പവർഹൗസ് വെള്ളച്ചാട്ടം.

പോകുന്ന വഴിക്ക് വ്യൂപോയിന്റുകളിലെ ഓറഞ്ചു മരങ്ങൾ കണ്ട് ചിത്രങ്ങളെടുക്കാം. അങ്ങനെ സഞ്ചാരം ആസ്വദിച്ച് ഫൈനൽ ഡെസ്റ്റിനേഷൻ പോയിന്റായ ആനയിറങ്കൽ ഡാം എത്തി, ദാ അങ്ങു ദൂരെ കാണാം. ഇവിടെ നിന്നും ബസ്സിലെ യാത്രക്കാരെല്ലാം ചേർന്ന് ചിത്രമെടുത്തു, ഇനി തിരിച്ചു പോവുകയാണ്.

യാത്ര തിരിച്ചു മൂന്നാറിലേക്കു വരുമ്പോൾ അൽപം ചൂട് ഉണ്ട്, പക്ഷേ മനോഹര കാഴ്ചകൾ കാണുമ്പോൾ അതൊക്കെ മറക്കും. വഴികൾ അവസാനിക്കാറില്ലല്ലോ. പ്രകൃതിഭംഗി ആസ്വദിച്ച് ഈ വഴിയുള്ള യാത്രകൾ, കാഴ്ചകൾ.. നല്ലൊരു അനുഭവം ആയിരിക്കും, ഉറപ്പ്...സോളോയായും സുഹൃത്തുക്കൾക്കൊപ്പവും വളരെ രസകരമായി പോയിവരാവുന്ന യാത്രാ പ്ലാനാണിത്.

ഡബിൾ ഡെക്കർ യാത്ര ബുക്കിങ് ഈ രീതിയിൽ
കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്ന് സെർച് ചെയ്താൽ ബസ് ബുക്കിങ് കാണാം.യാത്ര ചെയ്യാൻ ഉദ്യേശിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുത്ത് പേയ്മെന്റ് ചെയ്യാം.മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയാണ് നിരക്ക്.മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്.EnteKSRTC Neo-oprs' ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ബുക്കിങ്ങിന് - https://onlineksrtcswift.com/