സഞ്ചാരികൾക്ക് ഒലിപ്പുറത്തേക്ക് സ്വാഗതം; ആമ്പൽപൂക്കൾ കൊണ്ട് മനോഹരമായ പാടം

Mail This Article
ഏക്കറുകണക്കിന് സ്ഥലത്ത് ആമ്പൽപൂക്കൾ വിരിഞ്ഞു നിന്നപ്പോൾ കോട്ടയം ജില്ലയിലെ മലരിക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഓഗസ്റ്റ് മാസമായിരുന്നു മലരിക്കലിൽ വസന്തം തീർത്ത് ആമ്പൽപ്പൂക്കൾ വിരിഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലരിക്കൽ ഉൾപ്പെടെ പലയിടങ്ങളിലും ഇത്തരത്തിൽ ആമ്പൽ പൂക്കൾ സഞ്ചാരികളെ ആകർഷിച്ചു. മിക്കപ്പോഴും മൺസൂൺ സമയത്ത് ആരംഭിക്കുന്ന ഈ വസന്തം ഒക്ടോബർ അവസാനം വരെയാണ് ഉണ്ടാകുക. ഏതായാലും ഇപ്പോൾ കൊച്ചിയിലും ഇതുപോലൊരു വസന്തകാലം ആണ്. എടക്കാട്ടുവയലിന് സമീപമുള്ള ഒലിപ്പുറത്ത് ആണ് പിങ്ക് നിറത്തിലുള്ള ആമ്പലുകൾ നിറഞ്ഞു നിൽക്കുന്നത്. ഒലിപ്പുറം ആമ്പൽ പാടം എന്നാണ് ഗൂഗിൾ മാപ്പിൽ കാണാൻ കഴിയുന്നത്.
എന്താണ് ഇവിടെ കാണാൻ കഴിയുന്നത് ?
നിറയെ ആമ്പലുകൾ നിറഞ്ഞ ഒരു പാടമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഗ്രാമീണതയുടെ മുഴുവൻ സൗന്ദര്യവും ഇവിടേക്ക് എത്തിയാൽ ആസ്വദിക്കാൻ സാധിക്കും. നെൽപ്പാടങ്ങൾക്കും അരികിലായുള്ള കനാലിലാണ് ആമ്പലുകൾ പൂത്തു നിൽക്കുന്നത്. രാവിലെ ഇവിടേക്ക് എത്തിയാൽ ആമ്പലുകൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ സാധിക്കും. വെയിൽ കൂടുന്നതിന് അനുസരിച്ച് പൂക്കൾ വാടിപ്പോകും. നിലവിൽ ഇവിടേക്ക് എത്താൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ല.
ഒരു പുതിയ സ്പോട്ട് ആയതിനാൽ തന്നെ ഇവിടെ വേറെ ആക്ടിവിറ്റികൾക്കൊന്നും അവസരമില്ല. ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ ആവശ്യമായ മനോഹരമായ ചിത്രങ്ങളും വിഡിയോകളും ലഭിക്കും.
മറ്റ് കാഴ്ചകൾ
അരീക്കൽ വെള്ളച്ചാട്ടവും കൊച്ചരീക്കൽ ഗുഹകളും ഒലിപ്പുറത്തിന് അടുത്തുള്ള കാഴ്ചകളാണ്. അരീക്കൽ വെള്ളച്ചാട്ടം കൊച്ചിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ്. റബ്ബർ തോട്ടങ്ങൾക്കു നടുവിലാണ് ഈ സ്ഥലം. മഴക്കാലമാണ് അരീക്കൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ സമയം. കൊച്ചിയിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ ഡ്രൈവ് കൊണ്ട് എത്തിച്ചേരാവുന്ന സ്ഥലമാണ് കൊച്ചരീക്കൽ ഗുഹകൾ. കൂറ്റൻ മരങ്ങളുടെ വേരുകളാൽ മൂടപ്പെട്ട രീതിയിലാണ് ഈ ഗുഹകൾ. ഒരു മുത്തശ്ശിക്കഥ പോലെ സുന്ദരമാണ് ഇത്.
ഇവിടേക്ക് എത്തിച്ചേരാൻ
ആരക്കുന്നം, എടക്കാട്ടവയൽ വഴിയും അരയൻകാവ് വഴിയും ഒലിപ്പുറത്ത് എത്താം. എറണകുളം ജില്ലയിലെ നെല്ലറ ആയ തോട്ടറ പുഞ്ച ഇതിന്റെ ഭാഗമാണ്. എറണാകുളത്തു നിന്ന് നേരെ ആരക്കുന്നം എടക്കാട്ടുവയലിലേക്ക് എത്തുക. എടക്കാട്ടുവയലിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് ഒലിപ്പുറം.