കേരളത്തിന്റെ ഗോവ, കാണാനേറെയുണ്ട് ഇവിടെ; കൊച്ചി ട്രാവൽ ഗൈഡ്

Mail This Article
വെള്ളച്ചാട്ടം കാണാനും മല കയറാനും പച്ചപ്പിന്റെ മടിത്തട്ടിലൂടെ മതിമറന്ന് പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാനും പുതിയ ഇടങ്ങൾ തേടി സഞ്ചരിക്കുന്നത് എത്രയെത്ര മനുഷ്യരാണ്. അരുണാചൽ പ്രദേശും മേഘാലയയും സിക്കിമും ഒക്കെ ഇന്ന് സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളാണ്. അതിൽ വലിപ്പത്തിൽ ചെറുതാണെങ്കിലും നല്ല വൈബ് തരുന്ന മനസ്സിനെ തൃപ്തിപ്പെടുത്തുന്ന മനോഹര ഇടങ്ങളുണ്ട് ഇങ്ങ് കൊച്ചു കേരളത്തിൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് മനുഷ്യരെത്തുന്നുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് എറാണാകുളം ജില്ല. അതിർത്തികളും കടന്നു സഞ്ചരിച്ച ‘കൊച്ചി’ഒരു സഞ്ചാരിയും മറക്കാനിടയില്ല. മണിച്ചിത്രത്താഴ്, കുമ്പളങ്ങി നൈറ്റ്സ്, ഹണി ബീ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ എറണാകുളത്തിന്റെ പ്രധാനപ്പെട്ട പല ഇടങ്ങളും സൗന്ദര്യവും ഒപ്പിയെടുത്തതാണ്. ടെൻഷനും തിരക്കുകളുമെല്ലാം മാറ്റിവച്ച് അവധി ദിനങ്ങൾ ആഘോഷമാക്കാൻ എറണാകുളത്ത് എത്തുന്നവർക്ക് ഒരുപാട് ഓപ്ഷനുകളാണ് ഉള്ളത്. കാട്ടിലൂടെയുള്ള വെള്ളച്ചാട്ടവും പ്രകൃതിയുടെ തണുപ്പുമെല്ലാം അനുഭവിച്ചറിയേണ്ട ഒന്നു തന്നെയാണ്. ഇന്ന് ഇതൊക്കെ ആസ്വദിക്കാൻ ഒരുപാട് സ്ഥലങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇക്കാര്യത്തിൽ എറണാകുളം ജില്ലയിലെത്തുന്നവർക്ക് ഒട്ടും നിരാശരാകേണ്ടി വരില്ല. ഇവിടുത്തെ കാഴ്ചകളിലൂടെ ഒരു യാത്ര...
അരീക്കൽ വെള്ളച്ചാട്ടം
പേടിയൊന്നും കൂടാതെ സുരക്ഷിതമായി ഇറങ്ങാൻ പറ്റുന്ന വെള്ളച്ചാട്ടമാണ് അരീക്കൽ വെള്ളച്ചാട്ടം. മഴക്കാലമായാൽ ഇങ്ങോട്ടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. നഗരത്തിന്റെ തിരക്കിൽ നിന്നും മാറി കാടുകൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. എറണാകുളം – തൊടുപുഴ റോഡിന് സമീപമായാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം -കൂത്താട്ടുകുളം (പിറവം വഴി) റോഡില്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. എറണാകുളത്തു നിന്ന് ഒരു മണിക്കൂർ ഡ്രൈവ് മാത്രമേയുള്ളൂ.
ഹിൽ പാലസും ഡച്ച് പാലസും
കൊച്ചിയിലെത്തിയാൽ പഴമകളുറങ്ങുന്ന ഹിൽ പാലസും ഡച്ച് പാലസും കാണാതെ എങ്ങനെ പോകും. മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രത്തിലൂടെ ഹിൽ പാലസിനെ മലയാളികളും നെഞ്ചേറ്റിയതാണ്. ഈ സിനിമയിൽ കണ്ട സ്ഥലങ്ങൾ നേരിട്ട് കാണാൻ ഒരു ബുദ്ധിമുട്ടുമില്ല. കൊച്ചിയിലെത്തുന്നവർക്ക് തൃപ്പൂണിത്തുറയിൽ സ്ഥിതി ചെയ്യുന്ന പാലസിലേക്കെത്താൻ അധികം ദൂരമില്ല. പരമ്പരാഗത വാസ്തുവിദ്യ ശൈലിയിൽ നിർമിച്ച 49 കെട്ടിടങ്ങളടക്കം 54 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് ഹിൽ പാലസ് അഥവ കനകക്കുന്ന് പാലസ്. 1865 ൽ അന്നത്തെ കൊച്ചി രാജാവായിരുന്നു ഹിൽ പാലസ് നിർമിച്ചത്. കിരീടങ്ങൾ, ആഭരണങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ എന്നു തുടങ്ങി നിരവധി വസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. തിങ്കൾ, ദേശീയ/സംസ്ഥാന അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയുമാണ് ഹില്‍ പാലസ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്.എറണാകുളം നഗരത്തിൽ നിന്നും നിരവധി ബസുകൾ ഹിൽപാലസിന്റെ മുന്നിൽക്കൂടി കടന്നു പോകുന്നുണ്ട്. അതല്ലെങ്കിൽ തൃപ്പൂണിത്തുറ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോയ്ക്കോ ടാക്സിക്കോ ഇങ്ങോട്ടെത്താം. ഇനി മെട്രോ കയറി വരണോ, അതിനും വഴിയുണ്ട്. മെട്രോയുടെ തൃപ്പൂണിത്തുറ, എസ് എൻ ജംഗ്ഷൻ എന്നിവയിലേതെങ്കിലും സ്റ്റേഷനിലിറങ്ങിയാലും ഇങ്ങോട്ടേക്കെത്താൻ എളുപ്പമാണ്.
കൊച്ചി മഹാരാജാവായിരുന്ന വീര കേരള വർമയ്ക്ക് സമ്മാനമായി പോർച്ചുഗീസുകാർ നിർമിച്ചു നൽകിയ പാലസാണ് ഡച്ച് പാലസ് . ഏകദേശം 1545 ലാണ് ഇതിന്റെ പണി കഴിപ്പിച്ചത്. ഡച്ചുകാർ പിന്നീട് കൊട്ടാരത്തിൽ അറ്റകുറ്റ പണികളും മറ്റും നടത്തി. എറണാകുളത്തു നിന്നും 12 കിലോമീറ്റർ അകലെ മട്ടാഞ്ചേരിയിലാണ് ഈ പാലസ്. വെള്ളി ഒഴികെ ബാക്കി എല്ലാ ദിവസവും 10 മണി മുതൽ വൈകിട്ട് 5.00 മണി വരെയാണ് സന്ദർശന സമയം. ഇവിടെ എത്തുന്നവർക്ക് എന്തായാലും നിരാശരാകേണ്ടി വരില്ല.
∙ മട്ടാഞ്ചേരിയിലെ ജൂത തെരുവും സിനഗോഗും
ചുറ്റി കാണാൻ ഒരുപാട് ഇടങ്ങളുണ്ട്, അതിൽ കാണേണ്ട ഒന്നു തന്നെയാണ് ജൂത തെരുവ്. ആന്റിക് ശേഖരണങ്ങളൊക്കെയുള്ള ഒരുപാട് കടകളും ഇവിടെയുണ്ട്. കൊച്ചിയുടെ ജൂത പാരമ്പര്യമറിയാനും സിനഗോഗ് കാണാനും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. വാസ്തു വിദ്യ കൊണ്ടും മനോഹാരിത കൊണ്ടും കൊച്ചിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുകയാണ് ഇവിടം. 1568 ൽ പണി കഴിപ്പിച്ച സിനഗോഗ് നൂറ്റാണ്ടുകളുടെ ചരിത്രം പേറിയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പഴയ നിയമത്തിലെ ആദ്യ അഞ്ചു പുസ്തകങ്ങളായ തോറയുടെ ചുരുളുകളാണ് സിനഗോഗിന്റെ പ്രധാന ആകർഷണം. തേക്ക് തടി കൊണ്ടുള്ള പെട്ടകം, കൈകൊണ്ട് നെയ്ത ഓറിയന്റൽ പരവതാനി, തോറയുടെ ചുരുളുകൾ, പഴയ ചെമ്പ് തകിടുകൾ, വിലപിടിപ്പുള്ള സ്വർണ്ണ, വെള്ളി കിരീടങ്ങൾ എന്നിങ്ങനെയുള്ള പുരാവസ്തുക്കളും കരകൗശല വസ്തുക്കളും സിനഗോഗിലെ പ്രധാന ആകർഷണമാണ്. ശനിയാഴ്ച സിനഗോഗ് അവധിയാണ്.
∙ ബീച്ചുകളുടെ മനോഹാരിത ആസ്വദിക്കാം...
സൂര്യാസ്തമയവും കണ്ട് കടൽ കാറ്റ് കൊണ്ട് മണൽത്തരികളിലിരുന്ന് വൈകുന്നേരം ആസ്വദിക്കാൻ ബീച്ചുകളിലേക്ക് പോകാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത് ? എറണാകുളത്തുമുണ്ട് അത്തരത്തിൽ ആസ്വദിക്കാൻ പറ്റിയ സുന്ദരമായ ബീച്ചുകൾ.
∙ പുതുവൈപ്പ് ബീച്ച് ആൻഡ് ലൈറ്റ് ഹൗസ്
യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള പല ബീച്ചുകളും ഇവിടെയുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പുതുവൈപ്പ് ബീച്ച്. മനോഹരമായ ബീച്ചുകളുടെ ഒരു ഹബ്ബാണ് വൈപ്പിൻ ഐലൻഡ്. അതിൽ ഒരു ബീച്ചാണ് ഒറ്റ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്ന പുതുവൈപ്പ് ബീച്ച്. എറണാകുളത്തു നിന്നും അഞ്ച് കിലോ മീറ്റർ മാറി സ്ഥിതി ചെയ്യുന്ന വൈപിൻ ഐലൻഡ് ഏകദേശം 25 കിലോ മീറ്ററോളം ചുറ്റളവിലാണ് വ്യാപിച്ചു കിടക്കുന്നത്. ടൂറിസത്തിനായി പൂർണമായി വികസനം വന്നില്ലെങ്കിലും ബീച്ചിന്റെ തനതായ ഭംഗിയിലാണ് ഇപ്പോഴുമുള്ളത്. ബീച്ചിന്റെ തൊട്ടടുത്തു തന്നെ ലൈറ്റ് ഹൗസും ഉണ്ട്. എല്ലാ ദിവസവും വൈകിട്ട് 3.00 മണി മുതൽ 5.00 മണി വരെ ലൈറ്റ് ഹൗസ് സന്ദർശിക്കാം.
∙ ചെറായ് ബീച്ച്
കേരളത്തിലെ പേരുകേട്ട ബീച്ചുകളിലൊന്നാണിത്. പച്ചപ്പു കൂട്ടുന്ന തെങ്ങിൻ തോപ്പുകളും കടലോരത്തെ ചീന വലകളുമെല്ലാം ബീച്ചിനെ സന്ദർശകർക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നു. നീന്താൻ എന്തുകൊണ്ടും യോചിച്ച സ്ഥലമാണിത്. സമാധാനപരമായി സൂര്യാസ്തമയം ആസ്വദിക്കാനും വൈകുന്നേരങ്ങൾ ചെലവഴിക്കാനും പറ്റിയ ഇടമാണ് എറണാകുളത്തെ ചെറായ് ബീച്ച്.
∙ മുനമ്പം ബീച്ച്
എറണാകുളം വൈപ്പിൻ ദ്വീപിലെ മുനമ്പം ബീച്ച് ഒരിക്കൽ പോയാൽ വീണ്ടും പോകാൻ തോന്നുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടമാണ്. അധികം തിരക്കൊന്നുമില്ലാത്ത ശാന്തമായൊരിടമാണ് മുനമ്പം ബീച്ച്. കുട്ടികൾക്ക് കളിക്കാനായി ബീച്ചിനോട് ചേർന്ന് ഒരു കളി സ്ഥലവുമുണ്ട്. പട്ടം പറത്തലിനും പേരുകേട്ട ഇടമാണിത്.
∙ കടമക്കുടി ഐലൻഡ്
കൊച്ചിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണ് കടമക്കുടി. എല്ലാ തിരക്കുകളിൽ നിന്നും മാറി റിലാക്സ് ചെയ്യാൻ പറ്റിയയിടം. പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിവയാണവ. ഇവയില്‍ വലിയ കടമക്കുടിയാണ് പ്രധാനദ്വീപ്. ഇവിടുത്തെ ഉദയവും അസ്തമയവും അതി മനോഹരമാണ്. അതിരാവിലെ കായലിലൂടെ ബോട്ടിങ് യാത്ര നടത്താനും ദേശാടന പക്ഷികളെ കാണാനും സാധിക്കും.
∙ വെല്ലിങ്ടൻ ദ്വീപ്
കൊച്ചിയിലെ മറ്റൊരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് വെല്ലിങ്ടൻ ദ്വീപ്. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദ്വീപ് ആണ് ഇത്. അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും മികച്ച ബീച്ച് റിസോർട്ടുകളും ഹോട്ടലുകളും ഇവിടെയുണ്ട്. ഇന്ത്യൻ നാവികസേനയുടെ കൊച്ചി നേവൽ ബേസ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി തുറമുഖം തുടങ്ങി നിരവധി ലാൻഡ് മാർക്കുകളും ഇവിടെയുണ്ട്. ഫെറി റൈഡുകൾ ഉൾപ്പെടെയുള്ള ജലവിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്.
∙ മാമലക്കണ്ടം
ഈ പേര് കേൾക്കുമ്പോൾ തന്നെ സ്ഥലം ഏതെന്ന് പിടികിട്ടും. റീൽസിലൂടെയും മറ്റും വൈറലായ ഒരുപാടു കാര്യങ്ങൾ ഒളിഞ്ഞും മറഞ്ഞും കിടക്കുന്ന ഒരു ഗ്രാമമാണ് മാമലക്കണ്ടം. ഇടുക്കിയുടെ അതേ കാലാവസ്ഥലയും പ്രകൃതിയുമാണ് ഈ നാടിന്റെ പ്രത്യേകത. കുട്ടമ്പുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം, മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്. മാമലക്കണ്ടത്തെ മുനിയറ ഒരു ചരിത്ര ശിലാ യുഗത്തിന്റെ ബാക്കി പത്രമാണ്. കോയിനിപ്പറ ഹിൽസാണ് മാമലക്കണ്ടത്തെ ഏറ്റവും വലിയ ആകർഷണം. കൊച്ചിയിൽ നിന്നു 60 കിലോമീറ്റർ യാത്ര ചെയ്താൽ മാമലക്കണ്ടത്ത് എത്താം. സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുത്തോ സ്വന്തം വാഹനത്തിലോ എത്തിച്ചേരാം. ഭക്ഷണ പ്രേമികൾക്കും പറ്റിയ ഇടമാണ്.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പൂയംകുട്ടി. നാട്ടിലെ പൊള്ളുന്ന ചൂടിൽ നിന്നു മാറി കാട് കണ്ട് കാട്ടാറിൽ കുളിച്ചുതിമിർക്കാനും കഥകൾ പറഞ്ഞിരിക്കാനും പൂയംകുട്ടിയേക്കാൾ സുന്ദരമായ മറ്റൊരിടമില്ല. എറണാകുളത്തു നിന്നൊരു ഏകദിനയാത്രയ്ക്ക് ഏറെ അനുയോജ്യമാണ് പൂയംകുട്ടി. ആനയിറങ്ങും നാടും എവിടേക്കു നോക്കിയാലും കാണുന്ന കാടും ചേർന്ന പൂയംകുട്ടിയിലൂടെയായിരുന്നു പണ്ടത്തെ മൂന്നാർ-ആലുവ റോഡ്. കോതമംഗലത്ത് നിന്ന് 17 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പൂയംകുട്ടിയില്‍ എത്തിച്ചേരാം. എറണാകുളത്തുനിന്നും വെറും ഒന്നരമണിക്കൂർ മതി ഇവിടെയെത്താൻ. സ്വന്തം വാഹനത്തിലോ, സ്വകാര്യവാഹനങ്ങളിലോ ഇങ്ങോട്ടെയ്ക്കെത്താം. കോതമംഗലത്തുനിന്നും പൂയംകുട്ടിയിലേയ്ക്ക് പ്രൈവറ്റ് ബസ് സർവീസുകളുമുണ്ട്.
∙ പാണിയേലി പോര്
എറണാകുളം ജില്ലയുടെ മറ്റൊരു മുഖം കാണണമെങ്കിൽ യാത്ര പാണയേലി പോരിൽ നിന്നും തുടങ്ങണം. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ശാന്തമായ സ്ഥലമാണ് പാണിയേലി പോര്. കൊച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പാറക്കെട്ടുകളിലൂടെയും സമൃദ്ധമായ വനങ്ങളിലൂടെയും ഒഴുകിയെത്തുന്ന പെരിയാറിന്റെ സുന്ദരമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. പെരുമ്പാവൂരിൽ നിന്നും ആലുവയിൽ നിന്നും പാണിയേലി പോരിലേക്കു സ്വകാര്യ ബസ് സർവ്വീസുകളുമുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം അവിടെ അടുത്ത് ഭക്ഷണശാലകളൊന്നുമില്ല . അതുകൊണ്ട് നിങ്ങൾ പോകുമ്പോൾ ആവശ്യത്തിന് വെള്ളവും മറ്റും കരുതുന്നത് നല്ലതാണ്. പിന്നെ വേസ്റ്റും മറ്റും അവിടെ ഇട്ടുപോരാതെയും ശ്രദ്ധിക്കണം.
∙ മറൈൻ ഡ്രൈവ്
കൊച്ചിയിലെ ഏറ്റവും മികച്ച, ഒപ്പം പ്രകൃതിരമണീയമായ ആകർഷണങ്ങളിൽ ഒന്നാണ് മറൈൻ ഡ്രൈവ്. സൂര്യാസ്തമയം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് മറൈൻ ഡ്രൈവിലേക്ക് എത്തുന്നത്. ചെറിയ തുകയ്ക്ക് ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകളും കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും ഇവിടെ കാണാവുന്നതാണ്. തിരമാലകൾ ആസ്വദിച്ച് വെറുതെ കടല കൊറിച്ച് ഇരിക്കാനുള്ള ബെഞ്ചുകളും ഇവിടെയുണ്ട്. ഇവിടെയുള്ള റെയിൻബോ ബ്രിജും ഒരു പ്രധാന ആകർഷണമാണ്.
∙ കുമ്പളങ്ങി
പച്ചപ്പ് കൊണ്ടും കായൽ ഭംഗി കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന, കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ മനസ്സിൽ ഇടംപിടിച്ച സ്ഥലമാണ് കുമ്പളങ്ങി. ഒരുവട്ടമെങ്കിലും അങ്ങോട്ടേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവർ കുറവല്ല. കേരളത്തിലെ ആദ്യ ടൂറിസം വില്ലേജായ കുമ്പളങ്ങിയിലെ പ്രധാന ആകർഷണം കവരാണ്. വേനൽക്കാലത്ത് ശാന്തമായി കാണുന്ന കുമ്പളങ്ങിയിലെ കായലുകളിൽ ഓളം തട്ടുമ്പോൾ ഒരു നീല വെളിച്ചം തെളിയും അതാണ് കവര്. കൊച്ചി സിറ്റിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് കുമ്പളങ്ങി. കായലുകളാൽ നിറഞ്ഞ കുമ്പളങ്ങിയിൽ എവിടെ നോക്കിയാലും ചീന വലകൾ കാണാം. കൃഷിയും മീൻപിടിത്തവുമാണ് ഇവിടുത്തെ ആളുകളുടെ തൊഴിൽ. ഇവിടെ സന്ദശിക്കുന്ന ആളുകൾക്ക് നിരാശയൊന്നും കൂടാതെ തന്നെ മടങ്ങാം.
∙ കൊച്ചി കായൽ
എറണാകുളത്ത് വന്നാൽ കായലുകൾ കാണാതെ എങ്ങനെ പോകും. കായലും ബോട്ട് യാത്രയും സൂര്യാസ്തമയവും ഒക്കെ ആസ്വദിക്കാൻ പറ്റിയ ഇടമാണ്. കായലിൽ നിന്നുള്ള കൊച്ചി നഗരത്തിന്റെ കാഴ്ചകളും സ്പീഡ് ബോട്ടിലെ യാത്രയും മീൻപിടുത്ത വലകളുടെ കാഴ്ചയും ഒക്കെ കാഴ്ചക്കാർക്ക് ഉറപ്പായും നല്ല അനുഭവം നൽകുന്നതാണ്. കൊച്ചി കായലിലൂടെയുള്ള യാത്ര നല്ലൊരു അനുഭവം തന്നെയായിരിക്കും.
ആത്മീയ യാത്രയ്ക്കും പോകാം
പുഴയും കടലും എല്ലാം മാറ്റി നിർത്തി ആത്മീയ ദർശനം ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. ഇത്തരത്തിൽ സന്ദർശിക്കാൻ പറ്റുന്ന ഒരുപാട് ദേവാലയങ്ങളും ക്ഷേത്രങ്ങളുമുണ്ട് എറണാകുളത്ത്. ഇങ്ങോട്ടേക്ക് യാത്ര ചെയ്തു വരുന്ന ആളുകൾക്ക് എന്തായാലും നിരാശപ്പെടേണ്ടിവരില്ല. വല്ലാർപാടം ബസലിക്ക, കണ്ണമാലി സെൻ്റ് ആൻ്റണീസ് ഫെറോന ദേവാലയം...നിരവധി തീർഥാടന കേന്ദ്രങ്ങളും ജില്ലയിലുണ്ട്.
∙സെന്റ് ജോർജ് ഫെറോന പള്ളി
നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ഇടപ്പള്ളിയിലാണ് സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന റോമൻ കാത്തോലിക്ക പള്ളികളിൽ ഒന്നായ സെന്റ് ജോർജ് ഫെറോന പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ നിർമാണ സമയത്ത് എഡി 594 ൽ ഇടപ്പള്ളി പള്ളി എന്നായിരുന്നു ഇവിടെ അറിയപ്പെട്ടത്. പിന്നീട് എഡി 1080 ൽ പഴയ പള്ളിയോട് ചേർന്ന് മറ്റൊരു വലിയ പള്ളി നിർമിച്ചു. ഏപ്രിൽ – മേയ് മാസങ്ങളിലാണ് ഇവിടെ പള്ളിപ്പെരുന്നാൾ നടത്തുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഉത്സവത്തിൽ പങ്കെടുക്കുന്നത്.
∙ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
ഒരുപാട് ഐതിഹ്യങ്ങൾ നിറഞ്ഞ കേരളത്തിലെ പേരു കേട്ട ക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ ചരിത്രം എഡി പത്താം നൂറ്റാണ്ടിലാണ്. നിരവധി ഐതിഹ്യങ്ങളും പുരാണങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തിന് പിന്നിലുണ്ട്. കുംഭ മാസത്തിലെ മകം തൊഴൽ ക്ഷേത്രത്തിലെപ്രധാനപ്പെട്ട ദിവസമാണ്. നിരവധി ഭക്തരാണ് അന്ന് ക്ഷേത്രത്തിൽ എത്തുക. ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. മേക്കാവും കീഴ്ക്കാവും. കന്നി മാസത്തിലെ നവരാത്രിയും കുംഭ മാസത്തിലെ ഉത്സവവും ഇവിടുത്തെ പ്രധാന ആഘോഷങ്ങളാണ്.
∙പറവൂർ സിനഗോഗ്
ജൂത സംസ്കാരത്തിന്റെ ചരിത്രം നിലകൊള്ളുന്ന സിനഗോഗ് ആണ് എറണാകുളം സിറ്റിയിൽ നിന്നും ഏകദേശം 26 കിലോമീറ്റർ മാറി പറവൂരിൽ സ്ഥിതി ചെയ്യുന്ന പറവൂർ ജൂത സിനഗോഗ്. ജൂതന്മാരുടെ ചരിത്ര മ്യൂസിയമാണ് പറവൂരിലേത്. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5.00 വരെ ഇവിടെ സന്ദർശനം അനുവദിക്കും.