സഞ്ചാരികളെ കാത്ത് മീശപ്പുലിമലയിലെ ‘ലൗ ലേക്’

Mail This Article
മൂന്നാർ ∙ മീശപ്പുലിമലയിൽ പ്രകൃതി ഒരുക്കിയ ‘ലൗ ലേക്കി’നോടു സഞ്ചാരികൾക്കു പ്രണയമേറുന്നു. മിക്ക സമയവും നൂൽമഞ്ഞു പൊഴിയുന്ന മൂന്നാറിലെ മീശപ്പുലിമലയിലാണ് ലൗ ലേക് സഞ്ചാരികളെ കാത്തിരിക്കുന്നത്. ട്രെക്കിങ് ആരംഭിക്കുന്ന റോഡോ മാൻഷനിൽ നിന്നുള്ള 8 കിലോമീറ്റർ യാത്രയ്ക്കിടെയാണു താഴ്‌വാരത്തിലായി പുൽമേടുകൾക്കിടയിൽ ലൗ ലേക്കുള്ളത്. ഹൃദയത്തിന്റെ അടയാളത്തിൽ പ്രകൃതി ഒരുക്കിയ ചെറിയ അരുവി– അതാണ് ലൗ ലേക്.

ഏതു വേനൽക്കാലത്തും ആകാശനീലിമ പ്രതിഫലിപ്പിക്കുന്ന തെളിനീർ സഞ്ചാരികളുടെ മനംമയക്കുകയാണ്. മീശപ്പുലിമലയിലേക്കുള്ള ട്രെക്കിങ്ങിലെ ഇടത്താവളമായി ലൗ ലേക് മാറിക്കഴിഞ്ഞു.
പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മീശപ്പുലിമല സമുദ്രനിരപ്പിൽ നിന്ന് 2640 മീറ്റർ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്.
മൂന്നാറിൽ നിന്ന് 31 കിലോമീറ്റർ ദൂരെയാണു മീശപ്പുലിമല. വനംവകുപ്പിനു കീഴിലുള്ള കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനാണ് (കെഎഫ്ഡിസി) ഇവിടേക്കു ട്രെക്കിങ് നടത്തുന്നത്.