തെൻമലയിലെ അവിസ്മരണീയ അനുഭവങ്ങൾ: ട്രെക്കിങ്, ബോട്ടിങ്, ജംഗിൾ ക്യാംപിങ്... എല്ലാം ഒരിടത്ത്!

Mail This Article
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളെയും കൂട്ടി എങ്ങോട്ട് പോകും എന്ന ചിന്തയിലാണോ? കാടിന്റെ അകത്തളങ്ങളിൽ, തടാകക്കുളിരേറ്റ്, കാറ്റ് കൊണ്ട് രാത്രി താമസിക്കാൻ താൽപര്യമുണ്ടോ.... അവധിക്കാലമാണ്. കുടുംബത്തോടൊത്തും സുഹൃത്തുക്കൾക്കൊപ്പവും യാത്ര ചെയ്യാൻ പറ്റിയ ഇടമുണ്ട്, അങ്ങ് തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിൽ. ഒറ്റ നിബന്ധനയേ ഉള്ളൂ- ടൂറിനു പോകുന്ന ലാഘവത്തോടെ കാട്ടിലേക്കു പോകരുത്. കാടിനെ അടുത്തറിയാനും കാടിന്റെ വശ്യഭംഗി നുകരാനും പ്രകൃതിയെ സ്നേഹിക്കാനും മനസ്സുണ്ടാകണം.കൊല്ലം ജില്ലയിലെ ഒരു സൂപ്പർ ലൊക്കേഷൻ പരിചയപ്പെടാം. ജൈവവൈവിധ്യ സമ്പന്നമായ ഉഷ്ണമേഖലാ ആവാസഗേഹത്തിന് ഉത്തമ ഉദാഹരണമാണ് ശെന്തുരുണി, അതിൽ തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ ധാരാളം ജീവജാലങ്ങളും ഉൾപ്പെടുന്നു. 1296 ഇനം സപുഷ്പികളായ സസ്യങ്ങളും 55 ഇനം സസ്തനികൾ, 295 ഇനം പക്ഷികൾ, 52 ഇനം മത്സ്യങ്ങൾ, 52 ഇനം ഉരഗങ്ങൾ, 49 ഇനം ഉഭയജീവികൾ, 283 ഇനം ചിത്രശലഭങ്ങൾ, 300 ഇനം നിശാശലഭങ്ങൾ, 124 ഇനം തുമ്പികൾ, 65 ഇനം ചിലന്തികൾ, 68 ഇനം ഉറുമ്പുകളും ഇവിടെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അപൂർവവും ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്നതും സ്ഥാനീയവുമായ ചില പക്ഷികളുടെ സാന്നിധ്യം ധാരാളം പക്ഷി പ്രേമികളെ ഇവിടേക്ക് ആകർഷിക്കുന്നു. വനംവകുപ്പ് 1995 മുതൽ ഇവിടെ വാർഷിക പക്ഷി സർവേ നടത്തി വരുന്നുണ്ട്.

∙ ശെന്തുരുണി ഇക്കോടൂറിസം
ശെന്തുരുണിയിലെ വിവിധങ്ങളായ ഇക്കോടൂറിസം പാക്കേജുകൾ പശ്ചിമഘട്ട വനമേഖലയിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാനും വന്യജീവികളുടെ ആവാസ വ്യവസ്ഥ അടുത്തറിയുവാനും വർഷംതോറും ധാരാളം സഞ്ചാരികൾക്ക് അവസരം ഒരുക്കുന്നു. ശെന്തുരുണി ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ മേൽനോട്ടത്തിൽ തെന്മല ഡാം ജംഗ്ഷൻ ആസ്ഥാനമായി 2014 ഡിസംബറിൽ ആരംഭിച്ച ശെന്തുരുണി ഇക്കോടൂറിസം പദ്ധതി ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോടൂറിസം പദ്ധതിയായ തെന്മല ഇക്കോടൂറിസം കേന്ദ്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ശെന്തുരുണി ഇക്കോടൂറിസം ഉത്തരവാദിത്ത്വ പൂർണവും സുസ്ഥിരവുമായ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രദേശവാസികളുടെ സാമൂഹിക– സാമ്പത്തിക ഉന്നമനവുമാണ് ലക്ഷ്യമിടുന്നത്. പ്രകൃതിസ്നേഹികളായ സഞ്ചാരികൾക്ക് പ്രകൃതിയുടെ സമ്പൂർണ അനുഭവം ലഭ്യമാകുന്നതിനായി ട്രെക്കിങ്, ഫോറസ്റ്റ് സഫാരി, ബോട്ടിങ്, കൂട്ടവഞ്ചി യാത്ര, ജംഗിൾ ക്യാംപിങ്, പ്രകൃതി പഠന ക്യാംപുകൾ, പക്ഷി നിരീക്ഷണം, വന്യജീവി ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി ഇക്കോടൂറിസം പാക്കേജുകൾ ഒരുക്കിയിരിക്കുന്നു.

ഇക്കോടൂറിസം പാക്കേജുകൾ
∙ ട്രെക്കിങ് പാക്കേജുകൾ
സാഹസിക വനയാത്രയ്ക്കൊപ്പം വന്യജീവി സംരക്ഷണത്തിൽ പരിസ്ഥിതി സ്നേഹികളായ സഞ്ചാരികളുടെ പ്രാതിനിധ്യം ഉൾക്കൊള്ളിച്ചുകൊണ്ട് ഇക്കോഡവലപ്പ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) കളുടെ സഹകരണത്തോടെയുള്ള നിരവധി ട്രെക്കിങ് പാക്കേജുകൾ ശെന്തുരുണി വാഗ്ദാനം ചെയ്യുന്നു. നയനമനോഹമായ ശെന്തുരുണി വനഭൂമിയിലൂടെയുള്ള പദയാത്രകൾ, ശെന്തുരുണി താഴ്വരയുടെ അതുല്യമായ വന്യ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നു. അതിമനോഹരവും വൈവിധ്യവുമാർന്ന ഭൂപ്രകൃതിയും വന്യജീവി സമ്പത്തും ശെന്തുരുണിയെ പശ്ചിമഘട്ട വനമേഖലയിലെ സാഹസിക സഞ്ചാരികളുടെയും പക്ഷി നിരീക്ഷകരുടെയും പറുദീസയായി മാറ്റിയിരിക്കുന്നു.

∙ ബേഡേഴ്സ് ട്രയൽ പക്ഷിനീരീക്ഷണ യാത്ര
ദേശാടകരും, സ്ഥിരവാസികളുമായ വൈവിധ്യമാർന്ന മുന്നൂറോളം പക്ഷികളെ റിപ്പോർട്ട് ചെയ്തിട്ടുള്ള ശെന്തുരുണി കേരളത്തിലെ മികച്ച പക്ഷിനിരീക്ഷണ കേന്ദ്രങ്ങളിലൊന്നാണ്. നിത്യഹരിത വനങ്ങൾ, അർധനിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ, നദീതീര വനങ്ങൾ, തടാക തീരം, ജാതി ചതുപ്പുകൾ മുതലായ വ്യത്യസ്തമാർന്ന ആവാസ വ്യവസ്ഥകളിലൂടെയുള്ള യാത്ര വേളകളിലെ പക്ഷി സാന്നിധ്യം സാഹസിക ട്രെക്കിങ്ങിനൊപ്പം സന്ദർശകർക്ക് ഈ സവിശേഷ പാക്കേജ് അവിസ്മരണീയമായ അനുഭവം പ്രധാനം ചെയ്യുമെന്നതുറപ്പാണ്.
∙ സോഫ്റ്റ് ട്രെക്കിങ്
ശെന്തുരുണിയിലെ മൂന്ന് മണിക്കൂർ നീണ്ട ഈ വനയാത്രയ്ക്ക് ഏകദേശം ആറ് കിലോമീറ്റർ ദൈർഘ്യമുണ്ട്. യാത്രാവേളയിൽ സന്ദർശകർക്ക് ശെന്തുരുണിയിലെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥ നേരിട്ടറിയാനും റിസർവോയർ കാഴ്ചകൾ ആസ്വദിക്കാനുമുള്ള അവസരമുണ്ട്. കട്ടിളപ്പാറ, റോസ്മല, തെന്മല എന്നിവിടങ്ങളിലെ വനമേഖലയിൽ ഇത്തരം ട്രെക്കിങ് പാക്കേജുകൾ ലഭ്യമാണ്.
∙ മിനി ട്രെക്കിങ്
ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ട്രെക്കിങ് പാക്കേജാണിത്. കളംകുന്ന്, തെന്മല റിസർവോയർ, എർത്ത് ഡാം ജാതി ചതുപ്പുകൾ വഴി ഏകദേശം മൂന്ന് കിലോമീറ്റർ നീളുന്നു. മനോഹരമായ ഈ വനയാത്ര എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ട്രെക്കിങ് പാക്കേജാണ്.
∙ പ്രകൃതി നടത്തം (വിദ്യാർഥികളുടെ നേച്ചർ വാക്ക്)
വന്യജീവി സംരക്ഷണ അവബോധം ലക്ഷ്യമിട്ട് ശാസ്ത്രത്തിലും പ്രകൃതിസംരക്ഷണത്തിലും താൽപര്യമുള്ള വിദ്യാർഥികൾക്കായി രൂപകൽപന ചെയ്തിട്ടുള്ള രണ്ടു മണിക്കൂർ വരെ നീളുന്ന ട്രെക്കിങ് പ്രോഗ്രാമാണിത്. കട്ടിളപ്പാറ, റോസ്മല, കളംകുന്ന് വനങ്ങളിലൂടെയാണ് ട്രെക്ക് പാത്തുകൾ കടന്നുപോകുന്നത്.
∙ ഹാർഡ് ട്രെക്കിങ്
യാത്രാ വേളയിൽ സന്ദർശകർക്ക് സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിന് മുകളിൽ വരെ ഉയരത്തിൽ എത്തി വന്യജീവി സങ്കേതത്തിന്റെ അതിശയകരമായ വനപ്രദേശങ്ങളുടെയും നീർത്തടങ്ങളുടെയും ഉപരിതല വിസ്മയം ആസ്വദിക്കാൻ കഴിയുന്ന ആറ് മണിക്കൂർ നീണ്ടു നിൽക്കുന്ന ട്രെക്കിങ് അനുഭവം ആണിത്. സങ്കേതത്തിലെ നിത്യഹരിതവും അർധഹരിതവുമായ വനമേഖലയിലൂടെയാണ് പാത കടന്നു പോകുന്നത്. കടുവ, ആന, കരടി, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യജീവികളെ ഈ സാഹസിക യാത്രയിൽ കാണാൻ സാധ്യതയുണ്ട്. കട്ടിളപ്പാറയിൽ നിന്നും തെന്മലയിൽ നിന്നും ആരംഭിക്കുന്ന വ്യത്യസ്തമായ ഹാർഡ് ട്രെക്കിങ് പാക്കേജുകൾ നിലവിലുണ്ട്.
∙ റോസ്മല വ്യൂവിങ് ടവർ
ആര്യങ്കാവിൽ നിന്ന് തെക്ക്കിഴക്കായി ഏകദേശം 15 കിലോമീറ്റർ അകലെ പൂര്ണമായി ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി െചയ്യുന്ന ഒരു വനഗ്രാമമാണ് റോസ്മല. വനയാത്ര, ഓഫ് റോഡ് ഡ്രൈവ്, വാച്ച് ടവർ, തടാകത്തിലെ കാഴ്ചകൾ എന്നിവയാണ് റോസ്മലയിലെ പ്രധാന ആകർഷണം. ഭീമാകാരമായ കുന്നുകളാൽ ചുറ്റപ്പെട്ട തെന്മല ഡാം റിസർവോയറിന്റെ മനോഹാരിത വാച്ച് ടവറിൽ നിന്നാൽ കാണാം. ശെന്തുരുണി ഇക്കോടൂറിസത്തിലെ സന്ദർശകരിൽ പകുതിയും റോസ്മല പ്രദേശം കാണാൻ വരുന്ന സഞ്ചാരികളാണ്. വ്യൂ ടവറിന് സമീപം ഒരു ഇക്കോഷോപ്പ് ഉണ്ട്. ഇവിടെനിന്ന് സന്ദർശകർക്ക് തേൻ, കുന്തിരിക്കം തുടങ്ങിയ വനവിഭവങ്ങൾ വാങ്ങാം.
∙ ബോട്ട് സഫാരി
വന്യജീവി സങ്കേതത്തിലെ പരപ്പാർ റിസർവോയറിലെ ബോട്ടിങ് പാക്കേജാണിത്. ശെന്തുരുണിയിലെ അതിശയകരമായ വന്യജീവി സമ്പത്തും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കാണാനുള്ള മികച്ച അവസരമാണ് ബോട്ട് സഫാരി നൽകുന്നത്. ഈ യാത്രയിൽ താൽപര്യമുള്ളവർക്ക് എട്ട് പേരടങ്ങുന്ന ഗ്രൂപ്പുകളായി ഒരു മണിക്കൂർ സമയദൈർഘ്യമുള്ള ബോട്ട് യാത്രയിൽ പങ്കെടുക്കാവുന്നതാണ്.
∙ കുട്ടവഞ്ചി സഫാരി
കുളത്തൂപ്പുഴയാറ്, പരപ്പാർ റിസർവോയറിൽ പതിക്കുന്ന സ്ഥലത്തിന് സമീപം പള്ളംവെട്ടിയിൽ സന്ദർശകർക്കായി കുട്ടവഞ്ചികൾ ക്രമീകരിച്ചിട്ടുണ്ട്. തടാകവും ശെന്തുരുണി താഴ്വരയിലെ വിശാലമായ കാഴ്ചകളുടെ മനോഹാരിതയും ആസ്വദിക്കുന്നതിനു പുറമേ, ഇത് വ്യത്യസ്തമായൊരനുഭവം സന്ദർശകർക്ക് പകരുന്നു.
∙ ജംഗിൾ സഫാരി പാക്കേജുകൾ
അതുല്യമായ കാനനഭംഗി ആസ്വദിക്കുവാനായി സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന വാഹന വനയാത്രകളാണ് ജംഗിൾ സഫാരികൾ. സന്ദർശകരുടെ മനംകവരുന്നതരത്തിലുള്ള വ്യത്യസ്തങ്ങളായ ജംഗിൾ സഫാരികൾ ശെന്തുരുണിയിൽ സജ്ജീകരിച്ചിട്ടുണ്ട്. അവ വൈറ്റ് & വൈൽഡ് ട്രയൽ, റോസ്മല ചെങ്കുറുഞ്ഞി ട്രയൽ, കളാംകുന്ന് സഫാരി, ജീപ്പ് സഫാരി, ഡ്രീം ട്രയൽ നൈറ്റ് സഫാരി എന്നിവയാണ്.
∙ റോസ്മല ജംഗിള് സഫാരി (ചെങ്കുറുഞ്ഞി ട്രയൽ)
ശെന്തുരുണി ഈറ്റപ്പടപ്പ് സെക്ഷനിലെ റോസ്മല വനഗ്രാമത്തിലേക്കുള്ള ഒരു യാത്രയാണ് ചെങ്കുറിഞ്ഞി ട്രയൽ. ഈ വനയാത്രയിൽ റോസ്മല, റോസ്മലയിലെ വ്യൂവിങ് ടവർ, വന്യജീവി സങ്കേതത്തിന്റെ പേരിന് കാരണമായ ചെങ്കുറിഞ്ഞി മരമുത്തശ്ശിയുടെ കാഴ്ച എന്നിവയോടൊപ്പം ശെന്തുരുണി താഴ്വരയുടെയും കളംകുന്നിന്റെയും മനോഹാരിതയിലൂടെയും കടന്നു പോകുന്നു. തെന്മല ഡാം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ഈ ബസ് സഫാരി തെന്മല പതിമൂന്ന് കണ്ണറപ്പാലം, ആര്യങ്കാവ് ശെന്തുരുണി വനത്തിലൂടെ നമ്മളെ റോസ്മലയിൽ കൊണ്ടെത്തിക്കുന്നു.
∙ കളംകുന്ന് സഫാരി
ശെന്തുരുണിയിലെ ഏറ്റവും ചെലവ് കുറഞ്ഞ ജംഗിൾ സഫാരി പാക്കേജാണിത്. ഈ സഫാരി സന്ദർശകർക്ക് പശ്ചിമഘട്ട മലനിരകളുടെയും തെന്മല റിസർവോയറിന്റെയും അതിശയകരമായ നയനാനുഭവം പ്രദാനം ചെയ്യുന്നു. ടീമിൽ എത്ര അംഗങ്ങളുണ്ട് എന്നതിനെ ആശ്രയിച്ച് ജീപ്പിലോ ബസിലോ യാത്ര ചെയ്യാവുന്നതാണ്.
∙ ജംഗിള് സ്റ്റേ പാക്കേജുകൾ
സന്ദർശകർക്ക് വന്യതയുടെ നിശ്ശബ്ദതയിൽ കാടിന്റെ മനോഹാരിത അടുത്തറിഞ്ഞ്, സഹ്യസാനു തന് വശ്യതയിൽ ഉറങ്ങി ഉണരാനും കാട്ടരുവികളുടെ സംഗീതം അറിഞ്ഞ് അതിന്റെ കുളിരിൻ ആഴങ്ങളിലേക്ക് മതിയാവോളം ഊളിയിടാനും അവസരമൊരുക്കുന്നു. അതെ അവിസ്മരണീയമായ ജംഗിൾ ക്യാംപിങ് പാക്കേജുകൾ ശെന്തുരുണിയിൽ നമുക്കായ് കാത്തിരിക്കുന്നു.
∙ നേച്ചേഴ്സ് ബൗണ്ടി ഇടിമുഴങ്ങൻ പാറ
ശെന്തുരുണിയിലെ ഏറ്റവും ആകർഷകമായ ജംഗിൾ ക്യാംപിങ് പാക്കേജുകളിലൊന്നാണിത്. കല്ലട റിസർവോയറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ക്യാംപിങ്ങ് സൈറ്റാണിത്. ഇവിടെക്കുള്ള ബോട്ടുയാത്ര. റിസർവോയറിൽ നിന്ന് വെള്ളം കുടിക്കാനെത്തുന്ന വന്യജീവികൾ, കാട്ടരുവിയിലുള്ള കുളി എന്നീ ആവേശകരമായ ആകർഷണങ്ങളാണ് പാക്കേജ് വാഗ്ദാനം ചെയ്യുന്നത്.
∙ പാരഡൈസ് ഹോം റോക്ക് വുഡ്
തെന്മലയിൽ നിന്ന് 28 കിലോമീറ്റർ അകലെ ശെന്തുരുണിയുടെ ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന റോക്ക് വുഡ് ജംഗിൾ ക്യാംപിങ് നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. വന്യജീവികളെ കാണാൻ സാധ്യതയുള്ള വൃക്ഷനിബിഡമായ വനങ്ങളിലൂടെ അരുവികളോട് ചേർന്നുള്ള ദീർഘദൂര യാത്ര ഈ ക്യാംപിന്റെ സവിശേഷതയാണ്. ഇവിടെ ഒരു സമയം പരമാവധി ആറ് സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയും.
∙ റോസ്മല ഹെവൻ പള്ളിവാസൽ
തെന്മലയിൽ നിന്ന് 30 കിലോമീറ്ററോളം അകലെ റോസ്മലയിലെ പളളി വാസലിലെ ക്യാംപിങ്, പള്ളിവാസൽ അരുവിയിൽ കുളിക്കാനും സാധിക്കും.
പ്രാദേശിക സന്ദർശകർക്കായി നേച്ചേഴ്സ് ബൗണ്ടി ഇടിമുഴങ്ങാൻ പാറ, പാരഡൈസ് ഹോം റോക്ക്വുഡ്, റോസ്മല ഹെവൻ പള്ളിവാസൽ എന്നീ ജംഗിൾ ക്യാംപിങ് പാക്കേജുകളിൽ പതിനെട്ട് വയസ്സിന് താഴെയുള്ള രണ്ട് കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടുന്ന നാലു പേർക്ക് വരെ പങ്കെടുക്കാവുന്ന 10,000 രൂപയുടെ ഫാമിലി പാക്കേജും ലഭ്യമാണ്.
∙ ട്വിൻ ടവർ കുറുന്തോട്ടി വളവ്
ശെന്തുരുണി വന്യജീവി സങ്കേതത്തിൽ കട്ടിളപ്പാറയ്ക്ക് സമീപം മലഞ്ചെരുവിലെ ചെറുക്യാംപാണ് കുറുന്തോട്ടി ട്വിൻ ടവർ ഹട്ട്. പ്രകൃതി സ്നേഹികളായ ദമ്പതികൾക്ക് അനുയോജ്യമായതും ലളിതവും ശാന്തവും ചന്തമേറിയതുമാണ് ഈ ജംഗിൾ ക്യാംപ്. ആ ചെറിയ ഹട്ടിൽ ഒരേസമയം ആറ് േപർക്ക് വരെ താമസിക്കാൻ കഴിയും.
∙ ബാംബൂ ഹട്ട് കളംകുന്ന്
ശാന്തമായ വിശ്രമം ആഗ്രഹിക്കുന്നവർക്കും ഏകാന്തത ഇഷ്ടപ്പെടുന്ന പ്രകൃതി സ്നേഹികൾക്കും അനുയോജ്യമായ ക്യാംപിങ് പാക്കേജാകും. പരപ്പാർ റിസർവോയറിലെ കളംകുന്ന് തുരുത്തിലെ ഈ െചറുമുളം കുടിൽ. ഈ തുരുത്തിലെ താമസം സന്ദർശകർക്ക് ശെന്തുരുണി താഴ്വരയുടെയും പരപ്പാർ റിസർവോയറിന്റെയും അതിമനോഹരമായ കാഴ്ചകൾ പകർന്നു നൽകും. ഇവിടുത്തെ സൂര്യോദയത്തിന്റെയും സൂര്യാസ്തമനത്തിന്റെയും സൗന്ദര്യം ഒരുപോലെ ആസ്വാദക പ്രിയവും അവർണനീയവുമാണ്. ശാന്തമായ ദ്വീപാന്തരീക്ഷത്തിലെ ബോട്ടിങ്ങും വിശ്രമവും വൈവിധ്യമാർന്ന ജലപക്ഷികളുടെ സാന്നിധ്യവും സന്ദർശകർക്ക് ഊഷ്മളമായ ഒരനുഭവമാകും തീർച്ച.
∙ ജംഗിൾ റിട്രീറ്റ് കളംകുന്ന്
തെന്മലയിൽ നിന്നും മൂന്ന് കിലോമീറ്ററകലെ പരപ്പാർ ഡാമിന് സമീപം സ്ഥിതി ചെയ്യുന്ന ഹൃദ്യമായ ക്യാംപിങ് ബംഗ്ലാവാണിത്. റിസർവോയറിന്റെ അതിമനോഹരമായ ജലപ്പരപ്പും വിശാലമായ ആകാശക്കാഴ്ചകളും മഴ മേഘങ്ങളും മറുകരകളിലെ ഉത്തുംഗമായ മലനിരകളും ചേർന്ന് അവർണനീയമായ ചിത്രങ്ങൾ ഓരോ നിമിഷവും നിങ്ങൾക്ക് മുന്നിൽ വരച്ചു മായ്ക്കുന്നുണ്ടാകും. അതെ ഇവിടെ ഈ വനാതിർത്തിയിൽ മധുര മനോഹര നിമിഷങ്ങളുടെ ഒരു ആഡംബര രാത്രി തന്നെ നിങ്ങൾക്ക് ആസ്വദിക്കാം.
∙ കാലാവസ്ഥയും സന്ദർശനത്തിന് അനുയോജ്യമായ സമയവും
ശെന്തുരുണിയിൽ വർഷം മുഴുവനും സുഖകരമായ മിതോഷ്ണ കാലാവസ്ഥയാണുള്ളത്. അന്തരീക്ഷ താപനില 24 ഡിഗ്രി മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിലൂടെയും വടക്കുകിഴക്കൻ മൺസൂണിലൂടെയും ധാരാളമായി മഴ ലഭിക്കുന്ന പ്രദേശമാണിത്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് ശെന്തുരുണി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

∙ ശെന്തുരുണിയിലേക്ക് സ്വാഗതം
പുനലൂരിൽ നിന്ന് 20 കി. മീ അകലെ തെന്മലയാണ് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം. ഇത് കൊല്ലത്ത് നിന്ന് 66 കിലോമീറ്റരും തിരുവനന്തപുരത്ത് നിന്ന് 75 കിലോമീറ്ററും തെങ്കാശിയിൽ നിന്ന് 36 കിലോമീറ്ററും അകലെയാണ്. കെ.എസ്.ആർ.ടി.സി / ടി.എൻ.എസ്.ടി.സി തിരുവനന്തപുരം, പുനലൂർ, കൊല്ലം, തെങ്കാശി എന്നിവിടങ്ങളിൽ നിന്ന് തെന്മലയിലേക്ക് സ്ഥിരമായി ബസ് സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം (75 കി.മീ) ആണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. സങ്കേത ആസ്ഥാനത്തു നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് തെന്മല റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
ശെന്തുരുണി ഇക്കോടൂറിസം
വന വിജ്ഞാന കേന്ദ്രം
തെന്മല ഡാം (പി.ഒ), കൊല്ലം
കേരളം – 691308
ഫോൺ – +91 0475 2344100, 8547 602931, 8547 567935