ADVERTISEMENT

ജീവിതം ഇടുക്കിക്കാർക്കു നൂൽപ്പാലത്തിലൂടെയുള്ള അപകടം പിടിച്ച അഭ്യാസമാണ്. പ്രകൃതിയുടെ കാഠിന്യത്തെ മനക്കരുത്തിന്റെ ഉരുക്കുബലം കൊണ്ടു മറികടക്കാൻ ശീലിച്ചവരെന്നു ഹൈറേഞ്ചിലെ ജനതയെ പൊതുവായി വിശേഷിപ്പിക്കാം. ഇവിടുത്തെ യാത്രകളിലുമുണ്ട് ഒരു അപകടംപിടിച്ച സാഹസികത. എന്നാൽ സഞ്ചാരികളായി ഹരം കയറി ഇവിടെ എത്തുന്നവരെ നിരാശരാക്കില്ല ഇടുക്കി. പച്ച പരവതാനിയുടെ കുട പിടിച്ചു നിൽക്കുന്ന കുന്നുകളും താഴ്​വരകളും എല്ലാമടങ്ങുന്ന സുന്ദരി, കേരളത്തിന്റെ സ്വന്തം ഇടുക്കി. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ ഒന്നല്ല രണ്ടല്ല അറിയപ്പെടുന്നതും അറിയാത്തതുമായ ഒരുപാട് സ്ഥലങ്ങൾ. അവിടെ ഒന്നു കാതോർത്തിരുന്നാൽ പ്രകൃതിയുടെ നനുത്ത മന്ത്രണം കാതുകളിൽ മുഴച്ചു നിൽക്കും. ഇടുക്കി എന്ന മിടുക്കിയെ അറിയണമെങ്കിൽ അനുഭവിക്കണമെങ്കിൽ അവിടേക്ക് ഇറങ്ങി ചെല്ലണം.

idukki-tourist-places01-mob
ഇടുക്കി ജില്ലയിലെ പ്രധാന കാഴ്ചകളിലൂടെ. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്
idukki-tourist-places01-mob
ഇടുക്കി ജില്ലയിലെ പ്രധാന കാഴ്ചകളിലൂടെ. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്

പെരിയാറിൻ കര തൊട്ട്...

ഓർമയില്ലേ ‘മഹേഷിന്റെ പ്രതികാരം’. ‘മലമേലെ തിരിവച്ച് പെരിയാറിൻ കര തൊട്ട്’ എന്നു തുടങ്ങുന്ന ഗാനം ഇടുക്കിയെ മാത്രം വർണിക്കുന്നതായിരുന്നു. ഇടുക്കിയായിരുന്നു സിനിമയുടെ ലൊക്കേഷനും. അങ്ങനെ എത്രയെത്ര സിനിമകൾ. പക്ഷേ സിനിമകളിൽ കുറച്ച് മാത്രമെ നമ്മൾ കാണുന്നുള്ളൂ, ബാക്കിയുള്ളത് അവിടെ ചെന്ന് കണ്ടറിയണം. മൂന്നാർ, വാഗമൺ , തേക്കടി എന്നു തുടങ്ങി ചെറുതും വലുതുമായ സ്ഥലങ്ങൾ. എല്ലായിടത്തും സഞ്ചാരികളുടെ ഒഴുക്കാണ്. പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിൽ നിന്നും കൊത്തിയെടുത്ത, കേരളത്തിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഇടുക്കി. വ്യത്യസ്തമായ ഭൂപ്രകൃതികൾ, വിവിധതരംവന്യജീവികൾ, ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആർച്ച് ഡാമുകളിൽ ഒന്നായ ഇടുക്കി ആർച്ച് ഡാം, കൂടാതെ "കേരളത്തിന്റെ സുഗന്ധവ്യഞ്ജന തോട്ടം" എന്നും അറിയപ്പെടുന്നു." മൂടൽമ‍ഞ്ഞിൽ പൊതിഞ്ഞ മലനിരകൾ, തേയില തോട്ടങ്ങൾ, കുന്നിൻചെരിവുകൾ ,പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥാനം പിടിച്ച ഈ കാഴ്ചകളൊക്കെ ഒരിക്കലെങ്കിലും കാണണ്ടേ.  മലകയറാ‍ൻ ചിലർക്ക് മടിയായിരിക്കും പക്ഷേ കയറിക്കഴിഞ്ഞാലുള്ള ആ സുന്ദര കാഴ്ച പ്രത്യേക അനുഭൂതിയായിരിക്കും.  കണ്ണിന് കുളിർമ എന്നതിലുപരി മനസ്സിന് സമാധാനം പകരും. ഇത്തരം യാത്രകൾ നല്ല അടിപൊളി വൈബ് തന്നെയാണ്. സഞ്ചാരികൾക്ക് പറ്റിയ ഇടമാണ് ഇടുക്കി. നോക്കാം ജില്ലയിലെ പ്രധാന സ്പോട്ടുകൾ. 

idukki-tourist-places02-mob
മൂന്നാർ ടൗണിൽ നിന്നും വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്
idukki-tourist-places02-mob
മൂന്നാർ ടൗണിൽ നിന്നും വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്

∙മൂന്നാർ

ഇവിടെ പ്രത്യേകം വർണനയുടെ ആവശ്യമില്ല. കാരണം മൂന്നാറെന്നു കേൾക്കാത്തവർ ആരാണുള്ളത്. സീസണാകുമ്പോൾ മുന്നാറിലേക്കു വിട്ടാലോ എന്ന് ചോദിക്കാത്തവർ ചുരുക്കമായിരിക്കും. പച്ച പട്ടുടുത്ത തേയിലത്തോട്ടങ്ങൾ, ശരീരത്തെ തണുപ്പിക്കുന്ന തണുപ്പ് മേഘങ്ങളുമായി മുട്ടിയുരുമി നിൽക്കുന്ന കുന്നിൻ ചരിവുകൾ, ചെറു പട്ടണങ്ങൾ, ഉയർന്നും വളഞ്ഞും പോകുന്ന പാതകൾ അങ്ങനെ അങ്ങനെ നീളുന്നു മൂന്നാർ. മൺസൂണിൽ കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന നീർച്ചാലുകളും പ്രത്യേക ഭംഗിയാണ്. ലോക പ്രശസ്തമായ ഈ ഇടത്തേക്കു വിദേശികളടക്കം സഞ്ചാരികളുടെ ഒഴുക്കാണ്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് ആറുകളുടെ സംഗമസ്ഥാനമാണ് മൂന്നാർ. 12 വർഷം കൂടി പൂക്കുന്ന നീലക്കുറിഞ്ഞിയും മൂന്നാറിന്റ മാത്രം പ്രത്യേകതകളാണ്. അടുത്തുള്ള റെയിൽവെ സ്റ്റേഷനായ ആലുവായിൽ നിന്നും 108 കിലോമീറ്റർ അകലെയാണ് മൂന്നാർ. ഇവിടുത്തെ സലീംഅലി പക്ഷി സങ്കേതവും ട്രെക്കിങ് സ്പോട്ടുകളും,താഴ്​വരകളുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുകയാണ്. നല്ല ഉഗ്രൻ തേയില ഉള്ളതു കൊണ്ടുതന്നെ നല്ല ചായയും ലഭിക്കും. ചായ മാത്രമല്ല, ചരിത്രത്തെ വിളിച്ചോതുന്ന ഒരു ടീ മ്യൂസിയവും ഇവിടെയുണ്ട്. പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങൾ ഇവിടെ ധാരാളം. അതേ സമയം ബ്രിട്ടീഷുകാരാണ് മൂന്നാർ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകൾ നിർമിച്ചത്. ഇവിടെ വന്നാൽ തിരിച്ചു പോകാൻ തോന്നില്ല!

idukki-tourist-places04-mob
ഈരാറ്റുപേട്ട – ഏലപ്പാറയ്ക്കും ഇടയ്ക്കുള്ള വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്
idukki-tourist-places04-mob
ഈരാറ്റുപേട്ട – ഏലപ്പാറയ്ക്കും ഇടയ്ക്കുള്ള വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്

വാഗമൺ

സഞ്ചാരികളുടെ മറ്റൊരു പ്രിയപ്പെട്ട ഇടം. കോട്ടയത്തു നിന്നും 64 കിലോമീറ്റർ  അകലെയായി കോട്ടയം–ഇടുക്കി അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാഗമൺ. സിറ്റിയിലെ തിരക്കുകളിൽ നിന്നും മാറി അവധി ദിനങ്ങൾ ആസ്വാദ്യകരമാക്കാൻ പറ്റിയ ഇടം. തണുത്ത കാലാവസ്ഥയുള്ള പച്ചപ്പ് നിറഞ്ഞ , മൂടൽമഞ്ഞ് മൂടിയ താഴ്​വരകളുള്ള മനോഹരമായ സ്ഥലമാണിവിടം. ഇടതൂർന്ന് നിൽക്കുന്ന പൈൻവാലി മരങ്ങളും വാഗമൺ തടാകവും യാത്രയുടെ മാധുര്യം കൂട്ടും. റോഡിന് ഇരുവശത്തും നിറഞ്ഞു നിൽക്കുന്ന പൈൻ മരങ്ങളുടെ ഇടയിലൂടെയുള്ള ഡ്രൈവും നല്ല രസമാണ്. ഇനി സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അതിനും കഴിയും. ഗ്ലാസ് ബ്രിജ്, ട്രെക്കിങ്, പാരാഗ്ലൈഡിങ്, സൈക്ലിങ്, റോക് ക്ലൈബിങ് പോലുള്ളവ ചെയ്യാനും സൗകര്യമുണ്ട്. 

idukki-tourist-places07-mob_gif
രാമക്കൽമേട്ടിൽ നിന്നും വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്
idukki-tourist-places07-mob_gif
രാമക്കൽമേട്ടിൽ നിന്നും വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്

∙രാമക്കൽമേട്

പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും 43 കിലോമീറ്റർ  ദുരത്താണ് രാമക്കൽമേട്. മൂന്നാറിൽ നിന്നും 70 കിലോമീറ്റർ  ദൂരം റോഡ് മാർഗം സഞ്ചരിച്ചാൽ ഇവിടെയെത്താം. നിലയ്ക്കാത്ത കാറ്റാണ് ഇവിടുത്തെ പ്രത്യേകത. ഏഷ്യയിലെ ഏറ്റവും കാറ്റുള്ള സ്ഥലങ്ങളിൽ ഒന്നാണ് രാമക്കൽമേട്. മണിക്കൂറിൽ 35 കിലോമീറ്റർ  വേഗത്തിൽ കാറ്റ് വീശും. ചിലപ്പോൾ മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും അത്. ചെറിയൊരു കാറ്റാടി വൈദ്യുത പാടവും ഇവിടെയുണ്ട്.  ഇവിടുത്തെ പ്രധാന ആകർഷണമാണ് കുറവൻ കുറത്തി ശിൽപം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും ഇതുതന്നെ.  രാമക്കൽമേടിലെ കുന്നുകളിൽ നിന്നു നോക്കുമ്പോൾ തമിഴ്നാട്ടിലെ ഗ്രാമങ്ങളുടെ മനോഹര കാഴ്ചകൾ കാണാനാകും. പിന്നെ വരച്ചിട്ടപോലെ റോഡുകൾ. അതിമനോഹരമായ സൂര്യാസ്തമയവും വൈകുന്നേരങ്ങളും ഒക്കെ സഞ്ചാരികൾക്ക് വേറിട്ട അനുഭവമായിരിക്കും. ഒഴിവു ദിനങ്ങൾ മനോഹരമാക്കാൻ രാമക്കൽമേട്ടിലേക്ക് വരുന്നവർക്ക് ഒരിക്കലും റിഗ്രറ്റ് ചെയ്യേണ്ടിവരില്ല. 

idukki-tourist-places06-mob
ഇടുക്കിയിൽ നിന്നും തേക്കടിയിലേക്ക് 48.2 കിലോമീറ്റർ ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്
idukki-tourist-places06-mob
ഇടുക്കിയിൽ നിന്നും തേക്കടിയിലേക്ക് 48.2 കിലോമീറ്റർ ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്

∙ തേക്കടി

മനോഹരമായ ഭൂപ്രകൃതിയുള്ള മലകളും വനങ്ങളാലും നിറഞ്ഞ ഈ സ്ഥലം എങ്ങനെ ഓർക്കാതിരിക്കും. ഒരുപാട് കാഴ്ചകളുള്ള സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ് തേക്കടി. സവിശേഷമായ പലതും ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് തേക്കടി. ആന, കടുവ, കാട്ടുപോത്ത്, പുള്ളിപ്പുലി, സിംഹവാലൻ കുരങ്ങ് തുടങ്ങി നിരവധി വന്യജീവികൾ വസിക്കുന്നുണ്ട്. ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലമായ തേക്കടി തടാകത്തിലൂടെ ബോട്ട് സർവ്വീസും ഉണ്ട്. ഈ ബോട്ട് യാത്രയിൽ കാട്ടിൽ നിന്നുള്ള ആന കൂട്ടങ്ങളെയും മറ്റ് മൃഗങ്ങളെയും കാണാൻ സാധിക്കും. വന്യജീവികളെ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല അനുഭവമായിരിക്കും. സെപ്റ്റംബർ മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യ സമയം.

പീരുമേട്

ആകാശത്തെ മുത്തമിട്ട് നിൽക്കുന്ന കുന്നുകൾ വിശാലമായി പരന്നുകിടക്കുന്ന പുൽമേടുകൾ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം അങ്ങനെ കാഴ്ചക്കാരനു വിരുന്നൊരുക്കും പീരുമേട്. ഒരുപാട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലം കൂടിയാണ് പീരുമേട്. തേയിലത്തോട്ടങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പൈൻ മരങ്ങളും അരുവികളും എല്ലാം നിറഞ്ഞ ഇവിടം ഒരു സുന്ദര കാഴ്ച തന്നെയാണ്. 

idukki-tourist-places05-mob
മുണ്ടക്കയത്തു നിന്നും 14.2 കിലോമീറ്റർ ദൂരമാണ് പാഞ്ചാലിമേട്ടിലേക്ക്. അവിടെ നിന്നും കുട്ടിക്കാനം എത്തി വലത്തേക്ക് തിരിഞ്ഞാൽ പരുന്തുംപാറയിലെത്തും. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്
idukki-tourist-places05-mob
മുണ്ടക്കയത്തു നിന്നും 14.2 കിലോമീറ്റർ ദൂരമാണ് പാഞ്ചാലിമേട്ടിലേക്ക്. അവിടെ നിന്നും കുട്ടിക്കാനം എത്തി വലത്തേക്ക് തിരിഞ്ഞാൽ പരുന്തുംപാറയിലെത്തും. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്

∙ പാഞ്ചാലിമേട്

സഞ്ചാരികളെ ലഹരി പിടിപ്പിക്കുന്ന വശ്യചാരുതയോടെ കോടമഞ്ഞിൽ പുതച്ചിരിക്കുന്ന മല നിരകളും തണുപ്പും എല്ലാമടങ്ങിയ ഇടുക്കിയിലെ ഒരു സുന്ദരിയാണ് പാഞ്ചാലി മേട്. ഒരുപാട് ഐതിഹ്യങ്ങളുറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. പാണ്ഡവര്‍ താമസിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും പാണ്ഡവരുടെ വനവാസ കാലത്ത് പാഞ്ചാലിയുടെ നീരാട്ടിനായി ഭീമസേനന്‍ കുഴിച്ചതെന്നു കരുതപ്പെടുന്ന പാഞ്ചാലിക്കുളവും സഞ്ചാരികളിൽ കൗതുകമുണർത്തും. പാഞ്ചാലിമേട്ടിലെ ഒരു കുന്നിൽ സ്ഥിതി ചെയ്യുന്ന ശ്രീഭുവനേശ്വരി ക്ഷേത്രവും മറ്റൊരു കുന്നിൽ സ്ഥിതി ചെയ്യുന്ന കുരിശു മലയും സഞ്ചാരികൾക്ക് നല്ല അനുഭവമാകും. ഇരിക്കാനായി ബെഞ്ചുകൾ, നടപ്പാത, വിശ്രമ മുറികൾ, മഴ ഷെൽട്ടറുകൾ അങ്ങനെയെല്ലാം ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കോട്ടയം - കുമളി ദേശീയ പാതയിലെ മുറിഞ്ഞപുഴയില്‍നിന്നു നാലു കിലോമീറ്ററോളം ദൂരെയാണ് പാഞ്ചാലിമേട്. ഇവിടെ സന്ദർശിച്ചാൽ എന്തായാലും നഷ്ടമാകില്ലെന്നുറപ്പ്. 

∙ദേവികുളം

മൂന്നാറിൽ നിന്നും എട്ട് കിലോമീറ്റർ ദൂരെയാണ് മനുഷ്യന്റെ മനം മയക്കുന്ന ഈ സുന്ദര ലോകം. മൂന്നാറിലെത്തുന്നവർ ഉറപ്പായും സന്ദർശിക്കേണ്ട ഇടം കൂടിയാണിത്. ഇവിടെയുള്ള സീതദേവി തടാകവും വളരെ പ്രശസ്തമാണ്. 

സമാധാനമീ വെള്ളച്ചാട്ടം

പകലാണെങ്കിലും ഇരുട്ടു മൂടി നിൽക്കുന്ന അന്തരീക്ഷം, നല്ല തണുപ്പ് ചുറ്റും വാനോളം പൊക്കമുള്ള മരങ്ങളും, കാടും അതിനിടയിൽ കൂടെ താഴ്വരകളിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം...ആ അനുഭവം എങ്ങനെയുണ്ടാകും? ഭൂരിഭാഗം സഞ്ചാരികളുടെ ഇഷ്ടയിടമാണ് വെള്ളച്ചാട്ടങ്ങൾ. അപ്പോൾ വെള്ളച്ചാട്ടം കണ്ടാൽ ചാടിയിറങ്ങാൻ തോന്നുന്നതിൽ തെറ്റും പറയാൻ പറ്റില്ല. ഇങ്ങനെ ഇടുക്കിയിലുമുണ്ട് കുറച്ച് സ്പോട്ടുകൾ. ഒരിക്കൽ കണ്ടാൽ അതിലേക്ക് ഇറങ്ങാൻ തോന്നിയില്ലെങ്കിലെ അദ്ഭുതമുള്ളൂ. 

ലക്കം വെള്ളച്ചാട്ടം

വെള്ളച്ചാട്ടത്തിന്റെ എല്ലാവിധ സൗന്ദര്യവും ഒപ്പിയെടുത്ത അതിമനോഹരി. ഒഴുകിയെത്തുന്ന വെള്ളം വീഴുന്നത് ഒരു പൂളു പോലെ തോന്നുന്നിടത്ത്. പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന വെള്ളം കാണുമ്പോൾ തന്നെ മനസ്സ് ശാന്തം. ഇതിന്റെ പരിസരങ്ങളിൽ ആൾത്താമസമൊന്നുമില്ലാത്തതിനാൽ മാല്യന്യമൊന്നും കലരാത്ത ശുദ്ധമായ വെള്ളമാണ് മല നിരകളിൽ നിന്നും ഒഴുകിയെത്തുന്നത്. ചെറിയകുട്ടികൾക്ക് ഒട്ടും ഭയമില്ലാതെ ഇറങ്ങാൻ സാധിക്കും. ടിക്കറ്റെടുത്ത് വേണം ഉള്ളിലേക്ക് പ്രവേശിക്കാൻ. മൂന്നാർ–മറയൂർ അന്തർ സംസ്ഥാന പാതയിൽ മൂന്നാറിൽ നിന്ന് 24 കിലോമീറ്റർ അകലെയും മറയൂരിൽ നിന്ന് 16 കിലോമീറ്റർ അകലെയുമാണ് ലക്കം. ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട വെള്ളച്ചാട്ടം മഴക്കാലത്ത് അതി മനോഹരിയാണ്. 

ചീയപ്പാറ വെള്ളച്ചാട്ടം

മൂന്നാർ സന്ദർശിക്കാൻ വരുന്നവർ മിസ് ചെയ്യാൻ പാടില്ലാത്ത ഇടമാണ് ചീയപ്പാറ. ഏഴ് തട്ടുകളിൽ നിന്നും ഒഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. ഈ ഏഴ് തട്ടുകളെയും വേർതിരിച്ച് കാണാന്‍ സാധിക്കും. ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം മഴക്കാലമാണ്. നേര്യമംഗലത്തിനും അടിമാലിക്കുമിടയിൽ ഏകദേശം 10 കിലോമീറ്റർ ദൂരത്തിലാണ് ചീയപ്പാറ. കൊച്ചി–മധുരൈ ദേശീയപാത വഴി വരുന്ന സഞ്ചാരികൾക്കു മലമുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം കൺകുളിർക്കെ കണ്ട് ആസ്വദിക്കാം. ഈ ഭാഗത്ത് ട്രെക്കിങ് ചെയ്യാനും സാധിക്കും. 

∙വളഞ്ഞങ്ങാനം വെള്ളച്ചാട്ടം

കോട്ടയം–കുമളി ഹൈവേയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണിത്. ചാർളി സിനിമയിൽ ദുൽഖർ ഈ വെള്ളച്ചാട്ടത്തിനരികിൽ നിൽക്കുന്നൊരു രംഗം ഉണ്ട്. പാറക്കെട്ടുകൾക്കിടയിലൂടെ ചിതറി തെറിക്കുന്ന വെള്ളച്ചാട്ടം കാണാൻ തന്നെ എന്തൊരു ഭംഗി. ഇതുവഴി പോകുന്നവരുടെ സ്ഥിരം ഇടത്താവളമാണ് വളഞ്ഞങ്ങാനം. മഴക്കാലമാകുമ്പോൾ ഉഗ്ര രൂപത്തിൽ നിറഞ്ഞൊഴുകുന്നതും കാണാം. 75 അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. കുട്ടിക്കാനത്തു നിന്ന് നാല് കിലോമീറ്ററും കോട്ടയത്ത് നിന്ന് 68 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. 

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

ഇടുക്കി തൊടുപുഴയ്ക്കടുത്താണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. പക്ഷേ തൊമ്മൻകുത്ത് ഒരു വെള്ളച്ചാട്ടമല്ല കാടിനുള്ളിലുള്ള ഏഴ് വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. കുത്ത് എന്നാൽ വെള്ളച്ചാട്ടമെന്നാണ് അർഥമാക്കുന്നത്. തൊമ്മൻകുത്തിലെത്തി ടിക്കറ്റെടുത്താൽ രണ്ട് വെള്ളച്ചാട്ടങ്ങൾ മാത്രമെ കാണാനാകൂ.  ബാക്കിയുള്ളവ കാണണമെങ്കിൽ ട്രെക്കിങ് പാക്കേജ് എടുക്കണം. ട്രെക്കിങ് നടത്തുമ്പോൾ ചിലപ്പോൾ വന്യമൃഗങ്ങളെയും കണ്ടെന്നു വരാം. ഇടതൂർന്ന വനവും ഗുഹയും ഗോത്ര വാസസ്ഥലങ്ങളും എല്ലാം സഞ്ചാരികളുടെ മനസ്സ് നിറയ്ക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശനം. 

 വന്യജീവിയോ.. എവിടെ?

കടുവയും ആനയുമൊക്കെ നാട്ടിലിറങ്ങുന്നുണ്ട്. ഭീതി പടർത്തുന്നുണ്ട്. പക്ഷേ പേടിയൊന്നും കൂടാതെ നമുക്ക് മൃഗങ്ങളെയെല്ലാം കാണണമെങ്കിൽ ഇടുക്കിയിലേക്കു പുറപ്പെട്ടോളു.  ഇവിടെയുണ്ട് പ്രകൃതിയോട്, പശ്ചിമഘട്ടത്തോട് ഇഴ ചേർന്നു നിൽക്കുന്ന മനോഹര വന്യജീവി സങ്കേതങ്ങൾ. വംശനാശ ഭീഷണി നേരിടുന്ന ജീവികളടക്കം ഇവിടെ സംരക്ഷിക്കപ്പെടുന്നു. 

 ∙ പെരിയാർ വന്യജീവി സങ്കേതം

പെരിയാർ തടാകത്തിന്റെ തീരത്ത് ഇടതൂർന്നു തിങ്ങിഞെരുങ്ങി നിൽക്കുന്ന കാടുകൾക്കിടയിലൂടെ പുറത്തേക്കിറങ്ങുന്ന ആനക്കൂട്ടം. ദൂരെ നിന്നെങ്കിലും ഇതൊക്കെ കാണാൻ എന്ത് ഭംഗിയാണ്. മനോഹരമാണ് പെരിയാർ വന്യജീവി സങ്കേതം. കടുവകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. വംശനാശം നേരിടുന്ന ജീവികൾ, ഉരഗങ്ങൾ, ചിത്ര ശലഭങ്ങൾ, കാട്ടു പന്നികൾ തുടങ്ങി വ്യത്യസ്തയിനം ജീവികൾ ഇവിടെകാണപ്പെടുന്നു. നീലഗിരി താർ വിദേശ സിംഹവാലൻ കുരങ്ങ് എന്നിവയും ഇവിടെയുണ്ട്. പെരിയാർ തടാകത്തിലൂടെ ബോട്ട് സഫാരി നടത്തിയാൽ വന്യ മൃഗങ്ങളെ കാണാം. ജീപ്പ് സഫാരി, ട്രെക്കിങ് ബാംബു റാഫ്റ്റിങ് എന്നിവയും ഇവിടെയുണ്ട്. 

idukki-thekkadi-boating1
തേക്കടി ബോട്ടിങ്

ഇരവികുളം ദേശീയോദ്യാനം

പച്ചപ്പിനുള്ളിലെ ഒരു ദേശീയോദ്യാനം, വരയാടുകളെ കാണണമെങ്കിൽ ഒട്ടും സംശയിക്കേണ്ട ഇവിടേക്കു തന്നെ പുറപ്പെട്ടോളൂ. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സന്ദർശകർ ഇവിടെ എത്താറുണ്ട്.  തലയെടുപ്പോടെ നിൽക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ  കൊടുമുടി ആനമുടി ഇവിടെ നിന്ന് കാണാം. രാജമല വരെ മാത്രമെ സന്ദർശകർക്ക് പ്രവേശനമുള്ളൂ. വരയാടുകളെ കൂടുതലായി കാണാനാകുന്നതും ഇവിടെയാണ്. നേർത്ത തണുപ്പിൽ നീണ്ടു നിവർന്നു കിടക്കുന്ന പുൽമേടുകളിലൂടെയുള്ള സഞ്ചാരം സുഖമുള്ള അനുഭവമാണ്. വംശനാശ ഭീഷണി നേരിടുന്ന നീലഗിരി താറിന്റെ ആവാസസ്ഥലം കൂടിയാണ് ഈ ദേശീയോദ്യാനം. 

ഇടുക്കി വന്യജീവി സങ്കേതം

പ്രകൃതി അകമഴിഞ്ഞ് സ്നേഹിച്ച ഇടുക്കിയുടെ മടിത്തട്ടിലെ മനോഹരമായ വന്യജീവി സങ്കേതം. ചെറുതോണി പെരിയാർ നദികളുടെ കരകളിലും ഇടുക്കി ആർച്ച് ഡാം അതിരിടുന്നിടത്തുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖലാ മഴക്കാടുകളും ഇലപൊഴിയും കാടുകളുമാണ് തടാക തീരത്ത് കൂടുതലും. ജലാശയങ്ങളിലൂടെ ബോട്ട് യാത്രയുണ്ട്. ഇതുവഴി വനത്തിലുള്ള വന്യജീവികളെ കാണാൻ സാധിക്കും. ഇവിടേക്ക് എത്താൻ  കോട്ടയമാണ് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. 77 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇടുക്കി വന്യജീവി സങ്കേതം 1984 ൽ ആണ് സ്ഥാപിതമായത്. ആന, കടുവ, മാൻ, കാട്ടു പൂച്ചകൾ തുടങ്ങി പല വംശനാശം നേരിടുന്ന ജീവികൾ വരെ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇടുക്കി ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. 

ചിന്നാർ വന്യജീവി സങ്കേതം

സവിശേഷമായ ഭൂപ്രകൃതി, ഇലപൊഴിയും കാടുകൾ, പുൽമേടുകൾ, കാട് എന്നിവയെല്ലാം ചേർന്നയിടം. ചിന്നാർ വന്യജീവി സങ്കേതം സഞ്ചാരികൾക്കൊരു സ്വർഗമാണ്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്നു. അപൂർവ ഇനത്തിൽ പെട്ടതും വൈവിധ്യമാർന്നതുമായ ചിത്ര ശലഭങ്ങൾ , വംശനാശ ഭീഷണി നേരിടുന്ന ചമ്പൽ മലയണ്ണാൻ ഉൾപ്പടെയുള്ള ജീവികളുടെ ആവാസ കേന്ദ്രമാണിത്. കാടിന്റെ ഭംഗി ഒപ്പിയെടുത്ത് കൊണ്ട് വിനോദ സഞ്ചാരികൾക്ക് ഇവിടെ ട്രെക്കിങ് ചെയ്യാനും പക്ഷി നിരീക്ഷണം നടത്താനും സാധിക്കും. കരിം പരുന്ത്, മഞ്ഞഞ്ഞാലി ബുൾബുൾ , ചാരമുണ്ടി തുടങ്ങി വ്യത്യസ്തയിനം പക്ഷികൾ ഉള്ളതിനാൽ പക്ഷി നിരീക്ഷകർക്കും ചിന്നാർ ഒരു പറുദീസയാണ്.വന്യ ജീവികളെ കാണാനും കാടിനെ അടുത്തറിയാനുമായി ജീപ്പ് സഫാരിയും കൂടാതെ ട്രീ ഹൗസ് സൗകര്യവും  ഒരുക്കിയിട്ടുണ്ട്.  വഴി മധ്യേയുള്ള തൂവാനം വെള്ളച്ചാട്ടവും ചന്ദന വനങ്ങളും സഞ്ചാരികളുടെ കണ്ണിലുടക്കുന്ന കാഴ്ച തന്നെയാണ്.

പാമ്പാടും ചോല ദേശീയോദ്യാനം

പേരിൽ തന്നെ കൗതുകം, അപ്പോൾ കാഴ്ചയിലോ? മറ്റുള്ളവയെ പോലെയല്ല കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടും ചോല. മൂന്നാറിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്കെത്താം. 2003 ലാണ് പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികൾക്കായി ഇക്കോ ടൂറിസവും ഒരുക്കിയിട്ടുണ്ട്. ട്രെക്കിങ്, ക്യാംപിങ് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ആന, കാട്ടുപോത്ത്, പുള്ളിപ്പുലി, സാമ്പാർ മാൻ എന്നിവയും വിവിധ തരം പക്ഷികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. 

idukki-tourist-places03-mob-new
ഇടുക്കി അണക്കെട്ടിൽ നിന്നും ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്
idukki-tourist-places03-mob-new
ഇടുക്കി അണക്കെട്ടിൽ നിന്നും ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഇൻഫോഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ്

അണക്കെട്ടുകൾ കാണാം

അണക്കെട്ടുകൾ വെറും അണക്കെട്ടുകൾ മാത്രമല്ല മറിച്ച് കാഴ്ചയുടെ വിസ്മയം തന്നെയാണ്. അണക്കെട്ടിന് ചുറ്റുമുള്ള സ്ഥലങ്ങൾ സഞ്ചാരികളെ പിടിച്ചു നിർത്തും.  പച്ചപ്പിന്റെ നടുവിൽ, മലനിരകളുടെ ഇടയിൽ നിന്നും ഒഴുകി വരുന്ന വെള്ളം, മഴക്കാലമായാലോ പതഞ്ഞ് നുരഞ്ഞ് ശക്തിയിൽ ഒലിച്ചിറങ്ങും. എന്നാലും കാണാൻ സുഖമുള്ള കാഴ്ച തന്നെയാണ്. ഇടുക്കിയിലെ പ്രധാന അണക്കെട്ടുകൾ പരിചയപ്പെടാം.

ഇടുക്കി അണക്കെട്ട്

സ്വദേശികളും വിദേശികളും എത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആർച് ഡാം. കുറവൻ മല കുറത്തി മല എന്നീ രണ്ട് മലകൾക്കിടയിൽ പെരിയാര്‍ നദിക്ക് കുറുകെ നിർമിച്ച അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. ഇടുക്കി വന്യജീവി സങ്കേതം ഇതിനടുത്തായാണ്. ഡാം മാത്രമല്ല ഡാമിനു ചുറ്റുമുള്ള സ്ഥലവും പ്രകൃതിരമണീയമാണ്. ഡാമിന് സമീപം ട്രെക്കിങ് ചെയ്യുന്നത് വേറെത്തന്നെ അനുഭവമാണ്. ഡാമിന്റെയും പരിസര പ്രദേശങ്ങളുടെയും ഭംഗി ആസ്വദിച്ചുകൊണ്ട് റിസർവോയറിലൂടെയുള്ള ബോട്ട് യാത്ര എന്തുകൊണ്ടും മനോഹരമായിരിക്കും. 

∙ചെറുതോണി അണക്കെട്ട്

പ്രകൃതി ഭംഗിയാൽ സന്ദർശകരെ ആകർഷിക്കുന്ന ഇടം.  സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും ഇവിടെ നിന്നുമുള്ള കാഴ്ച അതി മനോഹരമാണ്. ചെറുതോണി അണക്കെട്ടിലേക്ക് കാൽനടയായോ ജീപ്പിലോ മാത്രമേ എത്താൻ പറ്റുള്ളൂ. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ചെറുതോണി, ഇടുക്കി, കുളമാവ് എന്നീ അണക്കെട്ടുകൾ നിർമിച്ചത്. കുളമാവിനും ഇടുക്കിക്കും ഇടയിലുള്ള  രണ്ട് മണിക്കൂർ നീണ്ട ക്രൂയിസാണ് മറ്റൊരു പ്രധാന ആകർഷണം. ഇടുക്കിയിൽ‌ വന്ന് ഇതുവഴി പോകുന്നവരാണെങ്കിൽ ചെറുതോണി ഒരിക്കലും മിസ്സ് ചെയ്യരുത്. ചെറുതോണി ബസ്സ്റ്റാൻഡിൽ നിന്നും 2.3 കിലോമീറ്ററാണ് ദൂരം. 

∙ആനയിറങ്കൽ അണക്കെട്ട് 

മൂന്നാറിൽ നിന്നും 22 കിലോമീറ്റർ അകലെ ഒരു വശം വനങ്ങളാലും മറുവശം തേയില തോട്ടങ്ങളാലും നിറഞ്ഞു നിൽക്കുന്ന ശാന്ത സുന്ദരമായ ഇടം. ഉറപ്പായും നിങ്ങൾ ഇറങ്ങി ചെല്ലുന്നത് മറ്റൊരു ലോകത്തായിരിക്കും. റിസർവോയറിലൂടെയുള്ള ബോട്ട് യാത്ര, മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, കാട്ടാന, കുരങ്ങ് തുടങ്ങിയവയുടെ സാനിധ്യമെല്ലാം സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിക്കും. ആനയിറങ്കൽ അണക്കെട്ടിന് ചുറ്റുമുള്ള വ്യൂ പോയിന്റുകൾ സഞ്ചാരികളെ വീണ്ടും വരാൻ പ്രേരിപ്പിക്കുന്നതാണ്. ഫൊട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ആളുകൾക്ക് ആനയിറങ്കൽ അണക്കെട്ട് വളരെ നല്ലൊരു ഓപ്ഷനാണ്. നല്ല തണുപ്പുള്ള അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുക. വേനൽ കടുത്താലും അണക്കെട്ടിൽ വെള്ളം നിറഞ്ഞു നിൽക്കും. കാടിനുള്ളിൽ നിന്നും വെള്ളം കുടിക്കാനായി കൂട്ടത്തോടെ കാട്ടാന കൂട്ടം എത്തുന്നതിവിടെയാണ്.അതിനു ശേഷമാണ് ഇവിടം ആനയിറങ്കൽ അണക്കെട്ടായി മാറിയത്. ചിന്നക്കനാൽ ശാതമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്. കുമളി–മൂന്നാർ റൂട്ടിൽ 22 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. ഗ്യാപ് റോഡ് വഴിയുള്ള ഡബിൾ ഡക്കർ ബസിലും മൂന്നാറിൽ നിന്ന് ഇവിടേക്ക് എത്താം.

∙മാട്ടുപ്പെട്ടി അണക്കെട്ട് 

മൂന്നാറിനു സമീപം തമിഴ്‌നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന ഉയർന്ന കുന്നുംപ്രദേശത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള കോൺക്രീറ്റ് ഡാമാണിത്. ദൈനംദിന തിരക്കുകളിൽ നിന്നും മാറി വനങ്ങളുടെയും തോയിലത്തോട്ടങ്ങളുടെയും മനം മയക്കുന്ന ഭംഗിയിൽ സമയം ചെലവഴിക്കാൻ പറ്റിയ ഇടം. കൗബോയ് പാർക്ക്, എക്കോപോയിന്റ്, പുൽമേടുകൾ എന്നിവയും ഇവിടെയുണ്ട്. തടാകത്തിലൂടെയുള്ള ബോട്ടിങ് യാത്രയും വിലമതിക്കാനാകാത്തതാണ്. മൂന്നാർ ബസ് സ്റ്റാൻഡിൽ നിന്നും 10.3 കിലോമീറ്ററാണ് മാട്ടുപ്പെട്ടി അണക്കെട്ടിലേക്കുള്ള ദൂരം. തൊടുപുഴയിൽ നിന്നു 84 കിലോമീറ്റർ , കട്ടപ്പനയിൽ നിന്ന് 69 കിലോമീറ്ററുമാണ് ദൂരം.

കുണ്ടള ഡാം

തൊടുപുഴയിൽ നിന്ന് 97 കിലോമീറ്റർ, കട്ടപ്പനയിൽ നിന്ന് 83 കിലോമീറ്റർ എനിങ്ങനെയാണ് ദൂരം. 

ആരാധനാലയങ്ങളും ഇവിടുണ്ട്

പ്രക‍ൃതി സൗന്ദര്യത്തിനപ്പുറം സാംസ്കാരികവും മതപരവുമായ കാര്യങ്ങൾക്കും ഇടുക്കി പിന്നിലല്ല. ചില സ്ഥലങ്ങൾ സഞ്ചാരികൾക്ക് ഒഴിച്ചുകൂടാൻ പറ്റില്ല. നോക്കാം ഇടുക്കിയിലെ ചില ആരാധനാലയങ്ങൾ. 

∙വാഗമൺ കുരിശുമല

വീശിയടിക്കുന്ന കാറ്റും പച്ചപ്പ് നിറഞ്ഞ കുന്നിൻചരിവും കാണാൻ തന്നെ സുന്ദരം. വാഗമണിൽ നിന്നും മൂന്ന് കിലോമീറ്റർ  ദൂരെയാണ് കുരിശുമല. ജാതിമത വ്യത്യാസമില്ലാതെ ആർക്കും ഇവിടെ പ്രവേശിക്കാം.  കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ. നടന്നാണ് ഇവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ. പാലായിൽ നിന്നും 37.7 കിലോമീറ്ററും ഈരാറ്റുപേട്ടയിൽ നിന്നും 24.6 കിലോമീറ്ററും വാഗമണ്ണിൽ നിന്നും 3.9 കിലോമീറ്ററും കട്ടപ്പനയിൽ നിന്നും 39.9 കിലോമീറ്ററും ദൂരമുണ്ട്.

∙തങ്ങൾ പാറ

വാഗമണിനടുത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ മുസ്ലിം തീർഥാടന കേന്ദ്രം. ഐതിഹ്യമനുസരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൂഫി സന്ന്യാസി 

ഹുസ്രത്ത് ഷെയ്ഖ് ഫരീരുദ്ദീൻ ബാബയുടെ അന്ത്യവിശ്രമ സ്ഥലമാണ് തങ്ങൾ പാറ എന്ന് വിശ്വസിക്കപ്പെടുന്നു. പാറയുടെ ഗോളാകൃതി തന്നെയാണ് പ്രധാന ആകർഷണം. കൊടും വേനലിലും വറ്റാതെ പാറകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളവും കൗതുകകരമായ കാഴ്ചയാണ്. ഇവിടെ ട്രെക്കിങ് നടത്താനും അവസരമുണ്ട്. ഏപ്രിലിൽ നടക്കുന്ന വാർഷിക ഉറൂസാണ് മറ്റൊരു ആകർഷണം. ഈ സമയം തീർഥാടകരും വിനോദ സഞ്ചാരികളുമടക്കം നിരവധി പേരാണ് തങ്ങൾ പാറ സന്ദർശിക്കാനെത്തുന്നത്. തങ്ങൾ പാറയിൽ നിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും മനോഹരമാണ്. 

മുരുകൻ മല

വാഗമണിൽ നിന്നും രണ്ട് കിലോമീറ്റർ  അകലെയാണ് മുരുകൻ പാറ എന്നറിയപ്പെടുന്ന മുരുകൻ മല സ്ഥിതി ചെയ്യുന്നത്. ഒരു കൂറ്റൻ പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന മുരുകന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ടിവിടെ. പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുതന്നെ മലമുകളിലെത്താം. ചുറ്റും കുന്നുകളും തണുത്ത കാറ്റും മലയെ തൊട്ടുരുമ്മി നിൽക്കുന്ന മേഘങ്ങളും എല്ലാം നല്ലൊരു വിരുന്നാണ് സഞ്ചാരികൾക്കായി കാത്തുവയ്ക്കുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടെ സന്ദർശിക്കാൻ അനുയോജ്യം. 

കോടമഞ്ഞിൻ കാഴ്ചകാണാൻ

ടോപ് സ്റ്റേഷൻ 

മൂന്നാറിന്റെ അതിർത്തിയിലുള്ള മലഞ്ചെരിവുകൾ കണ്ടാസ്വദിക്കാവുന്ന സ്ഥലമാണു ടോപ് സ്റ്റേഷൻ. മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷൻ. തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷനില്‍ സഞ്ചാരികളെ സ്വീകരിക്കാൻ ഒരു റസ്റ്ററന്റുണ്ട്. മൂന്നാറിൽ നിന്നു 36 കിലോമീറ്റർ  അകലെയാണ് ടോപ് സ്റ്റേഷൻ. മൂന്നാർ കൊടൈക്കനാൽ റോഡ് വഴി എത്തിച്ചേരാം. 

∙വട്ടവട

ഈ പേര് കേൾക്കാത്തവരുണ്ടോ? സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന സ്ഥമാണ് വട്ടവട. മൂന്നാറിൽ നിന്നും 45 കിലോമീറ്റർ  യാത്ര ചെയ്താൽ വട്ടവടയിലെത്താം. ഭൂപ്രകൃതിക്കും കൃഷി രീതിക്കും പേരുകേട്ട നാട്. പച്ചക്കറി തോട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം. പല വർണങ്ങളിൽ തട്ടുകളായി കാണുന്ന കൃഷിത്തോട്ടങ്ങൾ ആരെയും ഒന്നു പിടിച്ചു നിർത്തും. പച്ചപ്പിന്റെ താഴ്​വരയായ വട്ടവടയിൽ സുഖമുള്ള കാലാവസ്ഥയാണ്, തണുപ്പും കോടയും എല്ലാമായി സഞ്ചാരികളുടെ മനസ്സ് നിറഞ്ഞു മാത്രമേ ഇവിടെ നിന്നും തിരികെ പോകാൻ സാധിക്കുകയുള്ളൂ. 

English Summary:

Explore the breathtaking beauty of Idukki, Kerala's spice garden. Discover stunning hill stations, cascading waterfalls, abundant wildlife, and majestic dams in this captivating high-range destination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com