കണ്ണിനു കുളിർക്കാഴ്ചയൊരുക്കി കോഴിക്കോട്ട് ഒരു താമരപ്പാടം
Mail This Article
കൊയിലാണ്ടി പൊയിൽക്കാവ് കാലോപൊയിൽ റോഡിലാണ് ഈ താമരപ്പാടമുളളത്. 2 വർഷം മുൻപു പ്രദീപൻ എന്നയാളാണു കുറച്ചു താമരത്തണ്ടുകൾ പാടത്തു നട്ടത്. അതു ക്രമേണ പാടത്തു വ്യാപിക്കുകയും ഇത്തവണ കൂട്ടത്തോടെ വിരിയുകയുമായിരുന്നു. സ്വകാര്യ വ്യക്തിയുടെ വയലിലെ താമരപ്പാടം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, ദൃശ്യങ്ങൾ പകർത്താനും മറ്റുമായി ഇവിടേക്കു കാണികളുടെ ഒഴുക്കായി.. കാറ്റത്ത് തലയാട്ടി നിൽക്കുന്ന താമരപ്പൂക്കളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങളും വിഡിയോയും മറ്റും പകർത്താൻ എത്തുന്നവരും ഏറെ.

ഈ പാടത്തു കൂടി കടന്നുപോകുന്ന പാതയോരത്ത് പൂട്ടുകട്ടകൾ പാകി ഇരിപ്പിട സൗകര്യവും വഴിവിളക്കുകളും ഏർപ്പാടാക്കിയാൽ തിരക്കേറിയ ഒരു ടൂറിസ്റ്റ് സ്പോട്ടായി ഇത് മാറുമെന്നാണ് നാട്ടുകാർ പറയുന്നത്.

നൂറു കണക്കിനാളുകളാണ് അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ ഇവിടേക്കെത്തുന്നത്. താമര വിരിഞ്ഞു തുടങ്ങിയിട്ട് 2 മാസത്തിലേറെയായതായി നാട്ടുകാരനായ കെ.ടി.സത്യൻ പറഞ്ഞു. പല ക്ഷേത്രങ്ങളിലേക്കും ഇവിടെ നിന്നു താമരപ്പൂക്കൾ കൊണ്ടുപോയതായും സത്യൻ പറയുന്നു. വീട്ടിലെ കുളത്തിൽ ഇടാനായി താമരത്തണ്ടുകൾ വേരോടെ പറിച്ചെടുക്കാൻ വരുന്നവരുമുണ്ട്. സന്ദർശകരിൽ മിക്കവരും താമരപ്പൂ പറിച്ചെടുത്താണു മടങ്ങുന്നത്. ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ, ചെങ്ങോട്ടുകാവ്– കലോപ്പൊയിൽ റോഡരികിലാണു പാടം. പാടത്ത് ആഴമുള്ള ഇടങ്ങളുമുണ്ട്. താമരപ്പൂക്കൾക്കിടയിൽ നിന്നു ദൃശ്യം പകർത്താനും പൂ പറിക്കാനുമൊക്കെ പാടത്തിറങ്ങുന്നവർക്ക് ഒരു മുന്നറിയിപ്പു കൂടിയുണ്ട്: പാടത്ത്, പാമ്പുകളുണ്ട്.