ADVERTISEMENT

ടലും മലയും രണ്ടനുഭവങ്ങളാണ്. കടൽക്കരയിൽ താമസിക്കുന്നവർ കൂടുതൽ സാഹസികരും മലയടിവാരത്തിൽ താമസിക്കുന്നവർ ശാന്തശീലരും എന്ന് പറയാറുണ്ട്. ഏറെക്കുറെ ശരിയുമാണ്. ഏകനായി മല മുകളിൽ ഇരുന്നു മനസ്സിനെ പട്ടം പോലെ പറത്തിവിട്ടാൽ നാം ജിദ്ദു കൃഷ്ണമൂർത്തിയെ പോലെ ഓഷോയെ പോലെ ചിന്തകനോ കാസനോവയെ പോലെ കാമുകനോ ഒക്കെ ആയി മാറാം. ഞങ്ങളുടെ കുഞ്ഞാലിപ്പാറയിൽ ഇരുന്നു നോക്കിയാൽ തെങ്ങും മരങ്ങളും നിറഞ്ഞ പച്ചപ്പ്‌ മാത്രം. മുൻപ് കാണുമായിരുന്ന നീണ്ട വയലുകൾ മരങ്ങൾ വളർന്നു മറഞ്ഞുതുടങ്ങിയിരിക്കുന്നു,പല പാടങ്ങളും വിസ്‌മൃതിയിലായിരിക്കുന്നു. എന്നാൽ ഇന്നും അവിടെ പോയാൽ ചപലത നിറഞ്ഞ ഒരു കൗമാരകാലം നമുക്ക് തിരിച്ചുകിട്ടും. തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒമ്പതുങ്ങൽ ദേശത്താണ് കുഞ്ഞാലിപ്പാറ സ്ഥിതി ചെയ്യുന്നത്- കൃത്യമായി പറഞ്ഞാൽ കനകമല പള്ളിയുടെ അടിവാരം. 

തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒമ്പതുങ്ങൽ ദേശത്താണ് കുഞ്ഞാലിപ്പാറ.
തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒമ്പതുങ്ങൽ ദേശത്താണ് കുഞ്ഞാലിപ്പാറ.

സായംസന്ധ്യയിലാണ് മലയുടെ സൗന്ദര്യം ഇളം കാറ്റേറ്റു കൂടുതൽ ആസ്വദിക്കുവാൻ സാധിക്കുക എന്നു പറയുമെങ്കിലും പുലർക്കാലത്താണ് മലയിൽ പോകേണ്ടത്. നേരം വെളുത്തു വരുന്ന ആ സമയത്തു മല കയറണം, മഞ്ഞുത്തുള്ളികൾ ഒട്ടിപിടിച്ചുനിൽക്കുന്ന പുൽനാമ്പുകളിൽ ചിലതു ശരീരത്തിൽ കൊണ്ടാൽ മുറിയും, അപ്പോൾ അറിയണമെന്നില്ല, കുഞ്ഞാലിപ്പാറയിൽ എത്തിക്കഴിഞ്ഞു വിശ്രമിക്കുമ്പോൾ ഒരു ചെറിയ നീറ്റൽ അനുഭവപ്പെടും, സുഖകരമായ നോവെന്നുപറയുന്ന പോലെ അത് അനുഭവിച്ചു വേണം കുഞ്ഞാലിപ്പാറയിൽ ഇരിക്കാൻ. മഴക്കാലത്താണ് കുഞ്ഞാലിപ്പാറയുടെ സൗന്ദര്യം ഏറ്റവും ഉന്നതിയിൽ നിൽക്കുക. ഉറക്കമെണീറ്റു കിളികൾ കുശലം പറഞ്ഞു തുടങ്ങിരിക്കും, ആലസ്യം മാറി മര ശിഖരങ്ങൾ ആടിത്തുടങ്ങിയിരിക്കും, ചീവീടുകൾ നിറുത്താതെ ശണ്ഠകൂടുന്നുണ്ടാകും.

തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒമ്പതുങ്ങൽ ദേശത്താണ് കുഞ്ഞാലിപ്പാറ.
തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒമ്പതുങ്ങൽ ദേശത്താണ് കുഞ്ഞാലിപ്പാറ.

കുറെ നാളുകൾക്കു ശേഷം കണ്ട ചങ്ങാതിയെ വാരിപുണരുവാൻ എന്ന പോലെ മന്ദമാരുതൻ പുറകിൽ നിന്ന് വന്നു തലോടി പോകും. ഇനിയും ആരെങ്കിലും ഉറക്കം തെളിയാതെ ഇരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു  കിളികൾ ഓരോ മരങ്ങളും കയറി കൂവി പോകുന്നുണ്ട്.  ഇപ്പോൾ കുഞ്ഞാലിപ്പാറയുടെ വെള്ളം കെട്ടിനിൽക്കുന്ന ചെറിയ പൊത്തുകളുടെ അടുത്തായിരിക്കും നിങ്ങൾ നിൽക്കുന്നുണ്ടാവുക. അവിടെ നിന്നു തിരിഞ്ഞു പുറകിലെ ഏറ്റവും പൊക്കം കൂടിയ തെക്കൻ മലയെ നോക്കണം. വിശ്രമിക്കുന്ന വലിയ ഒരു മുതലയുടെ പുറം പോലെ നീണ്ടു കിടക്കുന്ന കുഞ്ഞാലിപ്പാറ, ഇടയ്ക്കു മഞ്ഞകലർന്ന പച്ചപ്പ്‌ നിറഞ്ഞ പുല്ലുകൾ, ആ നോട്ടം ചെന്ന് നിൽക്കുന്നത് ഗാംഭീര്യം നിറഞ്ഞ തെക്കൻ മലയിലാണ്. നെഞ്ചിലെ ഇടതൂർന്ന  രോമം പോലെ ദേഹം മൊത്തം കടുംപച്ച മരങ്ങൾ, തെക്കൻ മല കുറച്ചു കർക്കശക്കാരനാണ്. അവിടെ നിന്നു പതുക്കെ കണ്ണ് പായിച്ചാൽ കാണുക പുല്ലൻ പാറയാണ്. ദേഹപ്രകൃതിയിൽ വലിയ മാറ്റമില്ലെങ്കിലും എന്തോ കാത്തിരിക്കുന്ന ഭാവത്തോടെ മുഖം  കാണാം, വലിയ ഒരു പാറ മുകളിൽ കാണാം. ഒരു കാമുക ഭാവമാണ് പുല്ലൻ പാറക്കെപ്പോഴും. ചിലപ്പോൾ നിരാശ, മഴക്കാലത്താണ് കൂടുതൽ  സന്തോഷഭാവം. ഇനി വരുന്ന കാഴ്ചയാണ് കനകമല.

തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒമ്പതുങ്ങൽ ദേശത്താണ് കുഞ്ഞാലിപ്പാറ.
തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒമ്പതുങ്ങൽ ദേശത്താണ് കുഞ്ഞാലിപ്പാറ.

മുൻപിലെ വലിയൊരു മലയിടുക്ക് കഴിഞ്ഞാണ് കനകമല നിൽക്കുന്നത്. കണ്ണെടുക്കാതെ നോക്കിനിൽക്കാൻ തോന്നുന്ന സൗന്ദര്യം. എന്നും നിത്യ യൗവനം കൊണ്ടു നടക്കുന്ന സുന്ദരി. ഈ സമയത്തു ആറേശ്വരം കുന്നിന്റെ അടുത്ത് കൂടുതൽ പ്രകാശം എത്തിയിരിക്കും. ഇനി കാണുന്നത് നിരന്ന അടിവാരമാണ്. തെങ്ങും കവുങ്ങും എണ്ണിയാലൊടുങ്ങാത്ത മരങ്ങളും നിറഞ്ഞ അങ്ങനെ പറന്നു കിടക്കുന്ന ഭൂപ്രകൃതി. കണ്ണെത്താത്താ ദൂരത്തു വീണ്ടും മലകളാണ്, പാലക്കാടൻ മലകൾ. അവിടെ മലക്ക് നീലനിറമാണ്. മഞ്ഞും മേഘവും വീണുകിടക്കുന്ന ആ ദൂരക്കാഴ്ചകൾ ...അവിടെ നിന്നു പതുക്കെ പതുക്കെ അടുത്തുള്ള സ്ഥലങ്ങളിലേക്കു കണ്ണോടിക്കണം. ചെറിയ വയലുകൾ,കുന്നിൻപുറത്തെ അമ്പലം, വെണ്മനിറഞ്ഞ പള്ളി, അതെല്ലാം കണ്ടു തൊട്ടടുത്ത് നിൽക്കുന്ന ചില മരങ്ങളിൽ എത്തുമ്പോൾ മറ്റെങ്ങും കാണാത്ത നിറങ്ങളുള്ള പൂക്കൾ, വാലാട്ടിക്കിളികൾ ....അപ്പോൾ മാത്രമാണ് നമുക്കുവേണ്ടി മാത്രം പാടുന്ന കുയിലുകളെ കാണുവാൻ കഴിയുക. 

തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒമ്പതുങ്ങൽ ദേശത്താണ് കുഞ്ഞാലിപ്പാറ.
തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഒമ്പതുങ്ങൽ ദേശത്താണ് കുഞ്ഞാലിപ്പാറ.

ഇങ്ങനെ  നിന്ന നിൽപ്പിൽ കറങ്ങി കാഴ്ചകൾ കണ്ടു വീണ്ടും തെക്കൻ മലയിൽ എത്തി നിൽക്കുമ്പോൾ ഒരു ശൂന്യത ആയിരിക്കും മനസ്സിൽ. കണ്ണിൽ ചുറ്റിലെ കാഴ്ചകളുടെ നിറഭേദങ്ങൾ. ഈ സമയത്തൊരു ചാറ്റൽ മഴ വരും, വിജനമായ മനസ്സിലേക്ക് സംഗീതമായാണ് അത് ആദ്യം വരിക, അകലെ നിന്ന് കാറ്റിന്റെ താളം പിടിച്ചു ഒന്ന് നനച്ചു നമ്മളെ അത് കടന്നു പോകും. തെക്കൻ മലയുടെ മുകളിലെ മേഘത്തിന്റെ നിറം പതുക്കെ മാറുന്നത് കാണാം, കറുത്തിരുണ്ട മഴമേഘമായി അത് രൂപപ്പെട്ടു, കാറ്റിന്റെ താളം കുറച്ചു ദ്രുതഗതിയിലായി, കിളികൾ ഉച്ചത്തിൽ ശ്വാസം വലിച്ചു അതിവേഗം പറന്നു പോകുന്നു. മേഘം ഇപ്പോൾ കനകമലയുടെ അടുത്തെത്തിയിട്ടുണ്ടാകും, ആ യുവതിയുടെ മനസ്സറിഞ്ഞാകാം അവിടെ നിന്നാണ് മഴ പെയ്തിറങ്ങുന്നത്.  നാം നോക്കി നിൽക്കെ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ പേമാരിയായി നമ്മുടെ അടുത്തേക്കോടിയെത്താൻ നിമിഷങ്ങൾ മതി. പാറപ്പുറത്തു  കൈരണ്ടും പുറകിൽകുത്തി  മാനത്തേക്ക് നോക്കിയിരിക്കണം അപ്പോൾ, നെറ്റിയിലും മുഖത്തും ശക്തമായി വീഴുന്ന ആ മഴത്തുള്ളികൾ കണ്ണടച്ച് ആസ്വദിക്കണം. കാലിൽ മുൻപ് പറ്റിയ പുൽനാമ്പു മുറിവിലിപ്പോൾ ഇക്കിളിയാണ് അനുഭവപ്പെടുക. ശക്തമായ കാറ്റിന്റെ ഗതി പതുക്കെ കുറഞ്ഞു വരുന്നുണ്ട്, നമ്മെ കോരിത്തരിപ്പിക്കുവാൻ മാത്രം പെയ്ത ആ മഴ പതുക്കെ പതുക്കെ വിട്ടൊഴിഞ്ഞു പോവുകയായി. അങ്ങനെ ആകെ നനഞ്ഞു കഴിഞ്ഞു മഴ മാറിയാൽ തലയ്ക്കു പുറകിൽ കൈവച്ചു അവിടെ കിടക്കണം. കാർമേഘം ഒഴിഞ്ഞു വെണ്​മേഘം പുഞ്ചിരിയോടെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ വരവായി, ഇപ്പോഴാണ് ഒരു തണുത്തകാറ്റു വരിക, നമ്മളെ ഒന്ന് രോമാഞ്ചം കൊള്ളിക്കാൻ മാത്രമാണ് ഉദ്ദേശ്യം. അത് ഒന്ന് ആഞ്ഞടിക്കുമ്പോൾ ഒരു തണുപ്പ് വരും. ഇത്ര സുഖമുള്ള ഒരു തണുപ്പ് എവിടെ കിട്ടും? ശരീരത്തിലെ വസ്ത്രങ്ങൾ ആ തണുപ്പിനെ കൂടുതൽ നേരം പിടിച്ചിരുത്തും. അറിയാതെ ഒരു കുടച്ചിൽ, രോമകൂപങ്ങൾ എണീറ്റുനിൽക്കുന്ന രോമാഞ്ചം ഇപ്പോഴാണ് അനുഭവപ്പെടുക. 

ലേഖകൻ
ലേഖകൻ

കുഞ്ഞാലിപ്പാറയോട് നന്ദി പറഞ്ഞു ഒന്നുകൂടെ ചുറ്റും കണ്ണോടിച്ചു പതുക്കെ മലയിറങ്ങുക. രാവിലെ കുശലം പറഞ്ഞ കിളികളും മരങ്ങളുമെല്ലാം മൗനത്തിലാണിപ്പോൾ. യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവർക്കറിയാം വീണ്ടും വരുമെന്ന്. മഴക്കാലത്താണ് മലകയറേണ്ടത്, അത് ഞങ്ങളുടെ കുഞ്ഞാലിപ്പാറയെങ്കിൽ നിങ്ങളെ നിരാശപ്പെടുത്തില്ല.  

English Summary:

Kunjali Para: A Monsoon Paradise in Thrissur, Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com