ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് ഇവിടുണ്ട്; മനം കവർന്ന്...മനസ്സ് നിറച്ച് കോട്ടയം

Mail This Article
‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ ഇങ്ങനെ ചോദിക്കുന്നവർക്ക് ഇതങ്ങ് കാണിച്ചു കൊടുക്കണം. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ള കുമരകം മുതൽ കാഴ്ചകളുടെ മലകയറിയെത്താൻ കഴിയുന്ന ഇടങ്ങൾ വരെ കോട്ടയം ജില്ലയിലുണ്ട്. എന്നാപ്പിന്നെ അതൊക്കെ ഒന്നു കണ്ടാലോ. വിശ്വാസികളും ഭക്തരും പോകാനാഗ്രഹിക്കുന്ന തീർഥാടന കേന്ദ്രങ്ങളും ആത്മീയ കേന്ദ്രങ്ങളും ദേവാലയങ്ങളുമൊക്കെയായി ഇതിലുൾപ്പെടാത്ത വേറെയും കേന്ദ്രങ്ങളുണ്ട് ജില്ലയിൽ. പച്ചപ്പ് നിറഞ്ഞ മനോഹരമായ കുന്നുകൾ, ഒരു വശത്ത് ശാന്തമായി ഒഴുകുന്ന കായലുകൾ, ഗൃഹാതുരത്വം തുളുമ്പുന്ന ഗ്രാമഭംഗി മറുവശത്ത് വെള്ളിച്ചില്ല് പോലെ താഴെ പതിക്കുന്ന വെള്ളച്ചാട്ടം. ഒന്നു സങ്കൽപ്പിച്ചു നോക്കൂ ഇതിനെല്ലാം ഇടയിൽ നിൽക്കുമ്പോഴുള്ള അനുഭൂതി. ഇതാണ് കോട്ടയം. ഇവിടെ കാണാൻ എന്താണ് ഉള്ളതെന്ന് ചോദിക്കുന്നവരോട് പറ ഒന്നല്ല,രണ്ടല്ല അനവധി സ്ഥലങ്ങളാണ് ഉള്ളത്. പ്രകൃതിയും സംസ്കാരവും എല്ലാം ഇഴചേർന്നിരിക്കുന്ന മനോഹരമായ നാട്.
മൂന്ന് L കളുടെ നാട്
Letters, Latex, Lakes. 1989-ൽ സമ്പൂർണ സാക്ഷരതയുള്ള ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ജില്ലയാണ് കോട്ടയം. കോട്ടയത്ത് ധാരാളം റബ്ബർ തോട്ടങ്ങൾ ഉള്ളതിനാൽ ഇത് ലാറ്റക്‌സിന്റെ പേരിലും അറിയപ്പെടുന്നു. മനോഹരമായ പച്ചപ്പ് നിറഞ്ഞ കായലുകൾക്ക് പേരുകേട്ട നഗരവും കോട്ടയം തന്നെ. വേമ്പനാട് കായലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകവും സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ തടാകവും.
∙മാടിവിളിക്കുമീ മലയോരം
കാഴ്ചകളുടെ ഇൻഫിനിറ്റിയാണ് ഇവിടെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. കോട്ടയം കണ്ടറിയാൻ ആദ്യം മലമുകളിൽ നിന്നു തന്നെ തുടങ്ങാം. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ വാഗമൺ, ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, അരുവിക്കച്ചാൽ വെള്ളച്ചാട്ടം, അയ്യമ്പാറ, അരുവിത്തുറ വല്യച്ചൻ മല...എന്നിങ്ങനെ പോകുന്നു. കുന്നിൻ മുകളിൽ നിന്നു കാണുന്ന സൂര്യോദയവും നനുത്ത കാറ്റും എത്ര അനുഭവിച്ചാലും മതിവരില്ല. മല കയറാൻ അൽപം കഷ്ടപ്പാട് ഉണ്ടാകുമെങ്കിലും മുകളിൽ നിന്നുള്ള കാഴ്ച്ച ആ ക്ഷീണത്തെയും മടുപ്പിനെയും എല്ലാം മായ്ച്ചു കളയും. അൽപ നേരം വിദൂരതയിൽ പ്രകൃതി ഭംഗി ആസ്വദിച്ച് ഇരുന്നാൽ തന്നെ മനസ്സ് ശാന്തമാകും.
ഇല്ലിക്കൽ കല്ല്
വിശലമായ പുൽപ്പരപ്പ്, കണ്ണെത്താ ദൂരമുള്ള കാഴ്ചകൾ, കോട മഞ്ഞ്, കാറ്റ് ഇതെല്ലാം കാണാനും അനുഭവിക്കാനും ആഗ്രഹമുണ്ടെങ്കിൽ ഇല്ലിക്കൽ കല്ലിലേക്ക് പോകാം. മഞ്ഞിൽ പുതഞ്ഞ ഈ റാണിയെ കാണാൻ ഒരിക്കലെങ്കിലും വരണം. സമുദ്രനിരപ്പിൽനിന്ന് ഏകദേശം മൂവായിരം അടി മുകളിലാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം. താഴെ പാർക്കിങ്ങിനുള്ള സൗകര്യമുണ്ട്. അവിടെ നിന്നും നടക്കണം, ആവശ്യമെങ്കിൽ ജീപ്പ് സർവീസും ഉണ്ട്. ഈരാറ്റുപേട്ടയിൽ നിന്നു തീക്കോയി മേലടുക്കം വഴിയും മൂന്നിലവു വഴിയും ഇവിടെയെത്താം. 24 കിലോമീറ്റർ ദൂരം. കോട്ടയത്ത് നിന്നാണെങ്കിൽ 56.1 കിലോമീറ്റർ ദൂരമുണ്ട്.
മുതുകോരമല
പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യത്താൽ കാഴ്ച്ചക്കാരെ കൊതിപ്പിക്കുന്ന സ്ഥലമാണ് മുതുകോരമല. കോട്ടയം ജില്ലയില്‍ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയിൽനിന്നു ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാൽ മുതുകോരമലയായി. ഇവിടെ എത്തുമ്പോൾ സൂക്ഷിക്കണം. അൽപം അപകടം പിടിച്ചതാണ് മുതുകോരമലയുടെ താഴ്‌വാരം. ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ്. അതുകൊണ്ടു തന്നെ പാറയുടെ മുകളിലെ നിൽപ് സാഹസികമാണ്. കൈപ്പള്ളിയിൽനിന്നു 3 കിലോമീറ്റർ ഓഫ് റോഡ് യാത്രയാണ്. തുടർന്നു കാഴ്ചകൾ കണ്ടു നടക്കണം. കോട്ടയത്ത് നിന്നും 50.8 കിലോമീറ്ററാണ് ദൂരം.
ഓട്ടുപാറ കുന്നുകൾ
മനോഹരമായ ഒരു കാടിനുള്ളിലാണ് ഈ സ്ഥലം. ഇവിടെ നിന്നും മനോഹരമായ സൂര്യോദയമാണ് നിങ്ങൾക്ക് കാണാനാവുക. കാട്ടിലുള്ളിലൂടെ രണ്ട് കിലോമീറ്റർ ട്രക്ക് ചെയ്ത് വേണം മലമുകളിലെത്താൻ. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്കും പറ്റിയ സ്ഥലമാണ്. കൂറ്റൻ മരങ്ങൾ കൂടി നിൽക്കുന്നതിനാൽ നല്ല തണലും കൂടെയാണ് ഇവിടെ. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ അനുയോജ്യം. കോട്ടയത്ത് നിന്നും 44 കിലോമീറ്റർ ദുരമുണ്ട്.
കോട്ടത്താവളം
വാഗമണ്ണിലെ മുരുഗൻ മലയ്ക്ക് സമീപമാണ് കോട്ടത്താവളം. പേര് സൂചിപ്പിക്കുന്നതു പോലെ ഇതൊരു താവളം തന്നെയാണ്. പണ്ടു കാലത്തെ വിശ്രമ സ്ഥലമായിരുന്നു. ഇവിടെ ഗുഹയ്ക്കുള്ളിൽ കസേരകളുടെയും കട്ടിലിന്റെയും ആകൃതിയിൽ കൊത്തിയെടുത്ത പാറക്കല്ലുകളും കാണാം. ദൈവങ്ങളുടെ അടക്കം ശിൽപ്പങ്ങളും ഗുഹയ്ക്കുള്ളിലുണ്ട്.
വാഗമൺ
വാഗമൺ എന്ന പേര് കേൾക്കാത്തവർ കുറവായിരിക്കും. മൊട്ട കുന്നുകളും ഉദ്യാനങ്ങളും എന്നു തുടങ്ങി സ്ഥലത്തെ ഇഷ്ടപ്പെടാൻ പാകത്തിലുള്ള എല്ലാം ഇവിടെ കാണാനാകും. തേയില തോട്ടങ്ങളും പുൽമേടുകളും നിറഞ്ഞ വാഗമൺ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ്. ഏതു സമയത്തും മികച്ച കാലാവസ്ഥ തന്നെയാണ് വാഗമണ്ണിൽ. അതുകൊണ്ടുതന്നെ ഇവിടേക്ക് എത്തുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. സാഹസിക നടത്തം, പാരാഗ്ലൈഡിങ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കും പറ്റിയ ഇടമാണ് വാഗമണ്‍. കോടയിറങ്ങുന്ന പുല്‍മേടുകള്‍, ചെറിയ തേയിലത്തോട്ടങ്ങള്‍, അരുവികള്‍, പൈൻമരക്കാടുകള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താൽ സമ്പന്നമാണ് വാഗമൺ. കോട്ടയത്ത് നിന്നും 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ഇലവീഴാപ്പൂഞ്ചിറ
ഈ പേരിൽ ഒരു സിനിമ വരെയുണ്ട്. പേരുപോലെ തന്നെ കൗതുകം ജനിപ്പിക്കുന്ന ഇടമാണ് ഇലവീഴാപ്പൂഞ്ചിറ. മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മൂന്ന് മലനിരകൾക്കിടയിലായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3200 അടി മുകളിലാണ് ഇലാവീഴാപ്പൂഞ്ചിറയുടെ സ്ഥാനം. ജീപ്പും ബൈക്കും മാത്രമെ ഇവിടെ എത്തിച്ചേരുകയുള്ളൂ. ഈരാറ്റുപേട്ടയിൽ നിന്നു മേലുകാവ് വഴി 30 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താം. മുകളിൽ നിന്നും കാണുന്ന അതിമനോഹരമായ കാഴ്ച്ചകൾ ഒരിക്കലെങ്കിലും കാണേണ്ടതാണ്. ട്രക്കിങ് ഇഷ്ടപ്പെടുന്ന ആളുകൾക്കും നല്ലൊരു ഓപ്ഷനാണ് ഇവിടം. മേലുകാവ് ബസ് സ്റ്റോപ്പിൽ നിന്നും 11 കിലോമീറ്ററാണ് ദൂരം.
കോട്ടയത്തെ കായൽ കാഴ്ച്ചകൾ അതി മനോഹരമാണ്. ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യണം. കായൽ യാത്രയുടെ ഭാഗമായി അതിനോട് ചേർന്ന മറ്റ് സ്ഥലങ്ങളും കാണാനാകും.
വേമ്പനാട്ട് കായൽ
വേമ്പനാട്ടു കായലിലൂടെയുള്ള ബോട്ട് യാത്ര ഒരിക്കലെങ്കിലും അനുഭവിക്കണം. കായലിന്റെ നെറുകയിൽ ഓളപ്പരപ്പുകളിലൂടെ യാത്ര ചെയ്യുന്നത് വേറെ തന്നെ അനുഭവമാണ്. കേരളാ ടൂറിസത്തിൽ വലിയ പ്രാധാന്യമാണ് ഈ കായലിനുള്ളത്. കെട്ടുവള്ളത്തിലൂടെയുള്ള സഞ്ചാരവും രുചിയേറിയ ഭക്ഷണവുമെല്ലാം മനസ്സിൽ തങ്ങി നിൽക്കും. കായലിന്റെ തീരത്തെ കാഴ്ച്ചകളും കുമരകം, നെൽപ്പാടങ്ങൾ, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് എന്നിവയെല്ലാം നിങ്ങൾക്ക് എക്സ്പീരിയൻസ് ചെയ്യാം.
∙ മനം മയക്കുമീ പ്രകൃതി ഭംഗി
മലമുകളിൽ നിന്നും പാൽപ്പുഴ പോലെ താഴേക്ക് ആർത്തിരമ്പുന്ന വെള്ളച്ചാട്ടം. ഉച്ചത്തിൽ താഴേക്ക് പതിക്കുമ്പോഴും വെള്ളം പതഞ്ഞൊഴുകുമ്പോഴും കണ്ണുകൾക്കും കാതുകൾക്കും പ്രത്യേക അനുഭൂതി. എത്ര കണ്ടാലും മടുക്കില്ല ഈ വെള്ളച്ചാട്ടങ്ങൾ. ജില്ലയിലുമുണ്ട് മനം മയക്കി ഒഴുകിയകലുന്ന വെള്ളച്ചാട്ടങ്ങൾ.
അരുവിക്കച്ചാൽ വെള്ളച്ചാട്ടം
കേരളത്തിലെ മറ്റ് ചില വെള്ളച്ചാട്ടങ്ങൾ പോലെ മഴക്കാലമാകുമ്പോഴാണ് അരുവിക്കച്ചാലും നിറഞ്ഞു കവിയുന്നത്. മഴ കനക്കുന്നതോടെ അതി മനോഹരിയാകുന്ന ഈ വെള്ളച്ചാട്ടം കാണാൻ എറ്റവും നല്ല സമയം ജൂൺ മുതൽ ഒക്ടോബർ വരെയാണ്. അപകടഭീതിയില്ലാതെ വെള്ളത്തിൽ നീന്താനും കുളിക്കാനും സാധിക്കും. കോട്ടയത്തെ സുരക്ഷിതമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. എങ്കിലും വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിച്ചാൽ നല്ലത്. ഈരാറ്റുപേട്ടയിൽനിന്നു പൂഞ്ഞാർ മുണ്ടക്കയം റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ അരുവിക്കച്ചാലിൽ എത്താം. വാഹനം പോകുന്ന വഴിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിന് അടുത്തെത്താം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 46 കിലോമീറ്ററാണ് ദൂരം.
അരുവിക്കുഴി വെള്ളച്ചാട്ടം
30 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച് പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന വെള്ളം. റബർ തോട്ടങ്ങൾക്കിടയിലായാണ് അരുവിക്കുഴിയുടെ സ്ഥാനം. ചുറ്റിലും പച്ചപ്പ് മാത്രം. കാണുന്നവരുടെയും ഉള്ളം തണുപ്പിക്കുന്ന അരുവിക്കുഴി സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്. വേനൽക്കാലത്ത് ഇവിടെ വെള്ളം വറ്റി വരളും.സാഹസികത ഇഷ്ടപ്പെടുന്ന ആളുകൾക്ക് വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ട്രക്കിങ് ചെയ്യാവുന്നതാണ്. മനോഹരമായ ഒരു പിക്നിക് സ്ഥലം കൂടിയാണ് അരുവിക്കുഴി. പള്ളിക്കതോടിൽ എത്തിയാൽ അവിടെ നിന്നും ഒരു കിലോമീറ്റർ മാറിയാണ് വെള്ളച്ചാട്ടം. കോട്ടയത്ത് നിന്നും ഏകദേശം 19 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
കാട്ടിക്കയം വെള്ളച്ചാട്ടം
സാഹസികത ഇഷ്ടപ്പെടുന്നവർ മിസ്സ് ചെയ്യാൻ പാടില്ലാത്ത അടിപൊളി സ്ഥലമാണ് അധികം ആരും എത്താത്ത കാട്ടിക്കയം വെള്ളച്ചാട്ടം. ഒന്നു കാണുമ്പോൾ തന്നെ മനം കവരുന്ന ഭംഗിയാണ് ഈ കൊച്ചു സുന്ദരിക്ക്. 50 അടി ഉയരത്തിൽ നിന്നും മൂന്ന് തട്ടുകളായി താഴേക്ക് പതിച്ചാണ് വെള്ളച്ചാട്ടത്തിന്റെ പിന്നീടുള്ള ഒഴുക്ക്. കോട്ടയം മേലുകാവിലെ മേച്ചലിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈരാറ്റുപേട്ടയിൽ നിന്നും 17.1 കിലോമീറ്ററും കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 54 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
മാർമല വെള്ളച്ചാട്ടം
കോട്ടയത്തെ ഒളിഞ്ഞിരിക്കുന്ന നിധിയാണ് മാർമല. പ്രകൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രതീതിയാണ് ഇവിടേക്ക് വരുമ്പോൾ. വാഗമണ്ണിലേക്കുള്ള വഴിയാണ് ഈ വെള്ളച്ചാട്ടം. വെള്ളിക്കുളം വഴിയുള്ള റൂട്ടിൽ ഒരു സ്വകാര്യ റബർ തോട്ടത്തിനിടയിലായാണ് മാർമല വെള്ളച്ചാട്ടം. ഇടുങ്ങിയ വഴിയിലൂടെ കുറച്ചു നടന്നു വേണം ഇവിടേക്കെത്താൻ. വെള്ളച്ചാട്ടം വന്നുപതിക്കുന്നത് പാറക്കെട്ടുകളെല്ലാമുള്ള തടാകത്തിലാണ്. ഇതിന് ഏകദേശം 30 അടി ആഴം വരും. കാണാൻ ഭംഗി ആണെങ്കിലും വെള്ളത്തിലേക്ക് ഇറങ്ങുന്നത് അത്ര സുരക്ഷിതമല്ല. എങ്കിലും സാഹസികത കാണിക്കാതെ വെള്ളത്തിലിറങ്ങാം. തീക്കോയ് ബസ് സ്റ്റോപ്പിൽ നിന്ന് ഏകദേശം 9 കിലോമീറ്ററും കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 45 കിലോമീറ്ററും സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്താം.
പാമ്പനാൽ വെള്ളച്ചാട്ടം
കോട്ടയം ജില്ലയിലെ മാനത്തൂരിലാണ് പാമ്പനാൽ വെള്ളച്ചാട്ടം. പച്ചപ്പിനാൽ ചുറ്റപ്പെട്ട ഇവിടം സഞ്ചാരികളെ ആകർഷിക്കും. മഴക്കാലത്ത് കൂടുതൽ ഭംഗിയോടെ കാണപ്പെടുന്ന വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താൻ പ്രയാസമാണ്. വെള്ളച്ചാട്ടത്തിലേക്കുള്ള വഴി അൽപം സാഹസികത നിറഞ്ഞതാണ്. കോട്ടയത്തു നിന്ന് 45 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
∙വിശ്വാസികളെ ഇതിലേ
വിശ്വാസികൾക്കായി നിരവധി ആരാധനാലയങ്ങളാണ് കോട്ടയത്തുള്ളത്. അതിൽ പേരുകേട്ട ക്ഷേത്രങ്ങളും പള്ളികളും ജുമാ മസ്ജിദുമെല്ലാം ഉൾപ്പെടും.
സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്
പുതുപ്പള്ളി അല്ലെങ്കിൽ പുതുപ്പള്ളി വലിയപള്ളി എന്നാണ് ഇവിടം അറിയപ്പെടുന്നത്. പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചതാണ് പള്ളിയെ. ഈ ദേവാലയത്തെ മൂന്നു പള്ളികൾ ചേർന്നുള്ള ഒരു ദേവാലയ സമുച്ചയമായാണു നിർമിച്ചിരിക്കുന്നത്. കാണാനും മനോഹരമാണ്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഒട്ടനവധി പേരാണ് ഇവിടേക്കെത്തുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ആറ് കിലോമീറ്റർ ദൂരമാണ് പുതുപ്പള്ളിയിലേക്ക്. ഇവിടെയാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സ്ഥിലതി ചെയ്യുന്നത്.

ഭരണങ്ങാനം സെന്റ് മേരീസ് പള്ളി
കോട്ടയം ജില്ലയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമാണ് ഭരണങ്ങാനം സെന്റ് മേരീസ് പള്ളി. ഈ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിട്ടുണ്ട്. എല്ലാ വർഷവും പെരുന്നാൾ വേളയിൽ ആയിരങ്ങളാണ് ഈ വിശുദ്ധ ദേവാലയത്തിൽ ഒത്തുകൂടുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 32 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.

തിരുനക്കര ക്ഷേത്രം
കോട്ടയം നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര. കോട്ടയത്തെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. അത്രമേൽ ഇഴുകിച്ചേർന്നുകിടക്കുന്നതാണ് തിരുനക്കര ക്ഷേത്രവും കോട്ടയം നഗരവും. ക്ഷേത്രത്തിൽ മീനമാസത്തിൽ നടക്കുന്ന ഉത്സവം കോട്ടയത്തിന്റെ ആഘോഷമാണ്. ഇതിനോടനുബന്ധിച്ചുള്ള പകൽപ്പൂരം പ്രസിദ്ധമാണ്. തൃശ്ശൂർ പൂരത്തിന്റെ അതേ രൂപത്തിൽ നടത്തുന്ന ഈ ചടങ്ങ് അതിവിശേഷമാണ്. നിരവധി ആളുകളാണ് ഇത് കാണാനായി കോട്ടയത്തെത്തുന്നത്.

താഴത്തങ്ങാടി ജുമാമസ്ജിദ്
ആയിരം വർഷത്തിലധികം പഴക്കമുള്ളതും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലും ഒന്നാണ് താഴത്തങ്ങാടി ജുമാമസ്ജിദ്. ആറായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് താഴത്തങ്ങാടി പള്ളിക്ക്. കൊട്ടാരങ്ങളുടെ പൂമുഖം പോലെ മട്ടുപ്പാവ്, മുഖപ്പ് എന്നിവയാണ് പള്ളിയുടെ മുൻഭാഗത്തെ അലങ്കാരങ്ങൾ. തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര മികവും തെളിഞ്ഞു നിൽക്കുന്നു. കോട്ടയത്ത് നിന്നു നാല് കിലോമീറ്റർ ദൂരം മാത്രമെയുള്ളൂ പള്ളിയിലേക്ക്.
വാവർ ജുമാ മസ്ജിദ്
കേരളത്തിലെ വളരെ പ്രസിദ്ധമായ പള്ളിയാണ് വാവർ ജുമാ മസ്ജിദ്. അയ്യപ്പ ഭക്തർ ശബരിമലയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ഇവിടെ സന്ദർശിക്കുന്നത് പതിവാണ്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും 45 കിലോമീറ്റർ ദൂരമുണ്ട് ജുമാ മസ്ജിദിലേക്ക്.

ഏറ്റുമാനൂർ ക്ഷേത്രം
കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. എല്ലാ വർഷവും അരങ്ങേറുന്ന ഏഴരുപൊന്നാന എഴുന്നള്ളത് വളരെ പ്രസിദ്ധമാണ്. ഏഴ് വലിയ ആനകളും ഒരു ചെറിയആനയുമടങ്ങുന്ന ശിൽപ രൂപമാണിത്. ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന് ജില്ലയുടെ നാനാ ഭാഗത്തു നിന്നും ,നിരവധി പേരാണ് എത്താറുള്ളത്. കോട്ടയത്ത് നിന്നും 11 കിലോമീറ്റർ അകലെയാണ് ക്ഷേത്രം.
അരുവിത്തുറ പള്ളി, കുരിശുമല, പനച്ചിക്കാട് ക്ഷേത്രം, മണർകാട് പള്ളി, വൈക്കം മഹാദേവ ക്ഷേത്രം തുടങ്ങിയവയാണ് സന്ദർശിക്കേണ്ട മറ്റ് സ്ഥലങ്ങൾ.
ഇനി മറ്റുചില സ്ഥലങ്ങൾ കൂടി നോക്കാം.
മലരിക്കൽ
കണ്ണുകൾക്കും ക്യാമറകൾക്കും ഒരുപോലെ ആനന്ദം പകരും മലരിക്കൽ. വെറും മലരിക്കലല്ല ആമ്പൽ പാടങ്ങളുടെ പറുദീസയായ മലരിക്കൽ. ഇവിടെ സഞ്ചാരികളുടെ ഒഴുക്കാണ്. പല വർണ്ണങ്ങളിലുള്ള ആമ്പൽ പാടങ്ങൾ ആരെയും പിടിച്ചു നിർത്തും. ആമ്പൽ പൂക്കളെ കാണാൻ അതിരാവിലെ വന്നാൽ വളരെ നല്ലത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഈ ആമ്പൽപാടം അതി സുന്ദരിയാകുന്നത്. ഈ സമയം വന്നാൽ ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടാകും. വള്ളങ്ങളിൽ കയറി ആമ്പൽ പാടങ്ങൾ കാണാനും അവസരമുണ്ട്. 100 രൂപ മുതലുള്ള നിരക്കാണ് വള്ളങ്ങൾക്ക് ഈടാക്കുന്നത്. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം.
കുമരകം പക്ഷി സങ്കേതം
കുമരകത്ത് വരുമ്പോൾ ഈ പക്ഷി സങ്കേതം കാണാൻ വിട്ടു പോകല്ലേ. നാടൻ പക്ഷികളെ മുതൽ ദേശാടന പക്ഷികളെ വരെ ഇവിടെ കാണാൻ സാധിക്കും. അൽപ സമയം മാറ്റിവച്ചാൽ എല്ലാം കണ്ടു തീർക്കാം. 14 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നതാണ് ഈ സങ്കേതം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശനം. ഇതുമാത്രമല്ല ബോട്ട് യാത്രയും സന്ദർശകർക്കായി ഇവിടെയുണ്ട്. കുമരകത്തിന്റെ യഥാർഥ ഭംഗി അറിയണമെങ്കിൽ കായൽ യാത്ര തന്നെ ധാരാളം. ഇടുങ്ങിയ കനാലുകളിലൂടെയുള്ള കനോ സവാരിയും ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരവും വേറിട്ട അനുഭവമായിരിക്കും. കോട്ടയം ജില്ലയിൽ വേമ്പനാട്ടു കായലിനോട് ചേർന്നുകിടക്കുന്ന ഒരു കൂട്ടം ദ്വീപുകളാണ് കുമരകം. ഇനി റിസോർട്ടിൽ താമസിച്ച് അവധി ദിനം ആസ്വദിക്കാനാണെങ്കിൽ അതിനും നിരവധി അവസരങ്ങളാണ് ഉള്ളത്. ഇവിടെ നിന്നും ബോട്ട് യാത്ര ചെയ്യുകയാണെങ്കിൽ പാതിരാമണൽ ദ്വീപും സഞ്ചാരികൾക്ക് കാണാൻ സാധിക്കും. സൂര്യാസ്തമയത്തിന്റെ ഭംഗി പിന്നെ പറയേണ്ടതില്ലല്ലോ. പുരവഞ്ചി, കെട്ടുവള്ളം എന്നിവയിലെല്ലാം അവധിക്കാല പേക്കേജുകളും സന്ദർശകർക്കായുണ്ട്. കോട്ടയത്ത് നിന്നും 14 കിലോ മീറ്റർ അകലൈയാണ് സഞ്ചാരികളെ ആകർഷിക്കുന്ന കുമരകം.