പേടിക്കേണ്ട,ഇവിടെ പോകാൻ വലിയ റിസ്കില്ല;സാഹസം അരുതേ

Mail This Article
മഴ, തണുപ്പ്, വെള്ളച്ചാട്ടം ഇതെല്ലാം ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇപ്പോൾ മഴ നേരത്തെ എത്തിയതോടെ വെള്ളച്ചാട്ടങ്ങളും സജീവമായി. ഈ സമയങ്ങളിൽ വെള്ളച്ചാട്ടങ്ങളുടെ ഭംഗി കണ്ടു തന്നെ അറിയണം. ഇടങ്ങൾ ഒരുപാടുണ്ട് പക്ഷേ എല്ലാ സ്ഥലത്തും പോകാനോ നിലവിൽ ഇറങ്ങാനോ തടസ്സങ്ങൾ ഉണ്ടാകും. എന്നാൽ കോട്ടയത്ത് അധികം റിസ്കില്ലാതെ പോകാൻ പറ്റുന്ന ഒരു സ്ഥലമുണ്ട്. അരുവിക്കുഴി.

അരുവിക്കുഴി വെള്ളച്ചാട്ടം ഈ പറഞ്ഞതിൽ പെടുന്നതാണ്. കോട്ടയത്താണ് സ്ഥലം. പോകുന്ന വഴിയിൽ വലിയ കുഴപ്പമില്ലാത്ത റോഡുകളാണ്. ബ്ലോക്കും കുറവാണ്. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിലാണ് അരിവിക്കുഴി വെള്ളച്ചാട്ടം വരുന്നത്. സിറ്റിയിലെ സഞ്ചാരം കഴിഞ്ഞാൽ പോകെ പോകെ റബർതോട്ടങ്ങൾക്കിടയിലൂടെയാണ് യാത്ര. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതും ഈ തോട്ടങ്ങൾക്കിടയിലാണ്. റോഡ് സൈഡിൽ എത്തുമ്പോൾ തന്നെ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ കാതുകളിലെത്തും. ഒപ്പം റോഡിൽ നിന്നു തന്നെ വെള്ളച്ചാട്ടത്തിന്റെ ഭാഗവും കാണാം. ഒറ്റ നോട്ടത്തിൽ ഒരു പാൽപ്പുഴ ഒഴുകുന്നതു പോലെ തോന്നും. കാണാൻ തന്നെ എന്തൊരു ഭംഗി.
സുഖമായിട്ട് ഒരു ദിവസം കൊണ്ട് പോയിവരാം.ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥലത്തേക്ക് വെറുതെ പോകാൻ പറ്റില്ല. ടിക്കറ്റ് എടുക്കണം. ടിക്കറ്റെന്ന് പറയുമ്പോൾ റൗണ്ട് ചെയ്ത് പറയുന്നതു പോലെ 26 രൂപയാണ് നിരക്ക്. നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്ത് ഇറങ്ങാൻ പറ്റില്ല. മുകൾ ഭാഗത്ത് നിന്ന് കാണാനാണ് സാധിക്കുക. റോഡിൽ നിന്നും സ്റ്റെപ്പുകളിറങ്ങി താഴേക്ക് നടന്നുകൊണ്ട് വെള്ളച്ചാട്ടം കാണാനും ആസ്വദിക്കാനും സാധിക്കും.
പോകുന്ന വഴിയിൽ വിശ്രമിക്കാനും മറ്റും ഇരിപ്പിടങ്ങളുണ്ട്. എല്ലാം നടന്നു കണ്ടാൽ പിന്നെ ചെറിയ ഒരു പാലമാണ്. ഇതിനു മുകളിൽ നിന്നു കൊണ്ട് വെള്ളച്ചാട്ടത്തിനെ കുറച്ചുകൂടി മനോഹരിയായി കാണാനാകും. നിലവിൽ പാലത്തിന്റെ അപ്പുറത്തേക്ക് കടത്തിവിടില്ല. എങ്കിലും നിരാശപ്പെടേണ്ടിവരില്ല. വെള്ളച്ചാട്ടത്തിന് ചുറ്റും പച്ചപ്പ് മാത്രം. ശാന്തമായ ചുറ്റുപാടാണ്, കാതടപ്പിക്കുന്ന ശബ്ദങ്ങളൊന്നുമില്ല. 30 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുകയാണ്.കോട്ടയത്ത് നിന്നും 19 കിലോമീറ്ററാണ് ദൂരം. കോട്ടയത്ത് നിന്നും പള്ളിക്കത്തോടിൽ എത്തിയാൽ അവിടെ നിന്നും ഒരു കിലോമീറ്റർ മാറിയാണ് അരുവിക്കുഴി വെള്ളച്ചാട്ടം. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശന സമയം.
സൂക്ഷിച്ചാൽ നല്ലത്
∙ഉദ്ദേശിച്ച സ്ഥലത്ത് പോകുന്നതിന് മുൻപ് സ്ഥലത്തെ പറ്റി ഒന്നു കൂടെ അന്വേഷിക്കുക
∙പോകുന്നത് ചിലപ്പോൾ പരിചയം ഇല്ലാത്ത സ്ഥലമാകാം. അതുകൊണ്ടുതന്നെ സാഹസത്തിന് മുതിരരുത്
∙ഗാർഡിന്റെ ഇൻസ്ട്രക്ഷൻസ് അനുസരിക്കുക
∙വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ടെങ്കിൽ ശ്രദ്ധിക്കുക