കോട്ടയത്തിന്റെ ‘മിനി ഗ്യാപ് റോഡ്’; 14 കിലോമീറ്റർ റോഡിന്റെ മനോഹരകാഴ്ച

Mail This Article
കൊച്ചി– ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാർ – ബോഡിമെട്ട് റോഡിൽ മൂന്നാറിൽനിന്ന് 13 കിലോമീറ്റർ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലുള്ള പ്രദേശത്തിനു മൂന്നാർ ഗ്യാപ് റോഡ് എന്നാണു പേര്.
തേയിലത്തോട്ടങ്ങളും വ്യൂ പോയിന്റുകളും നിറഞ്ഞ ഗ്യാപ് റോഡ് സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്. ഇതുപോലെ കാഴ്ചകൾ നൽകുന്ന ഒരു റോഡ് കോട്ടയം– ഇടുക്കി ജില്ലാ അതിർത്തിയിലുണ്ട്. ഒരു ‘മിനി ഗ്യാപ് റോഡ്’.
14 കിലോമീറ്റർ
ദേശീയപാത 183ൽ ഇടുക്കി ജില്ലയിലെ 35ാം മൈലിൽനിന്ന് ബോയ്സ് എസ്റ്റേറ്റ്– കൊക്കയാർ– കോട്ടയം ജില്ലയിലെ കൂട്ടിക്കൽ– കാവാലി– വഴി ചോലത്തടം റോഡ്. നിർദിഷ്ട മലയോര ഹൈവേയുടെ ഭാഗമാണ് ഈ റോഡ്. ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തതോടെയാണു റോഡിന്റെ ഭംഗിയേറിയത്.

35 മൈൽ– ബോയ്സ് എസ്റ്റേറ്റ്– കൊക്കയാർ– കൂട്ടിക്കൽ : 6.5 കിലോമീറ്റർ (ഇടുക്കി ജില്ലയിലെ പെരുവന്താനം, കൊക്കയാർ, കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തുകൾ).
35ാം മൈലിൽ നിന്നു പ്രവേശിക്കുമ്പോൾത്തന്നെ കൈതത്തോട്ടങ്ങൾ നിറഞ്ഞ ഭാഗത്തേക്ക് റോഡ് എത്തും. കൈതകൾക്ക് ഇടയിലൂടെ വളഞ്ഞുപുളഞ്ഞ് റബർ തോട്ടത്തിന്റെ നേരിയ ഇരുട്ടിലേക്ക് റോഡ് പ്രവേശിക്കും.
മേലോരം, പെരുവന്താനം, വെംബ്ലിയിലെ വെള്ളച്ചാട്ടങ്ങൾ, ഉറുമ്പിക്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഈ റോഡിൽനിന്നു തിരിഞ്ഞു പോകാം. ഒട്ടേറെ കാഴ്ചകൾ ഈ സ്ഥലങ്ങളിലുമുണ്ട്.കൂട്ടിക്കൽ– താളുങ്കൽ–കാവാലി– ചോലത്തടം: 7.5 കിലോമീറ്റർ (കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകൾ)

കൂട്ടിക്കലിൽനിന്നു കാവാലി വഴി ചോലത്തടത്തേക്കുള്ള റോഡിൽ കാവാലി വ്യൂപോയിന്റ് അടക്കം കാഴ്ചകൾ. ഹെയർപിൻ വളവുകളും എസ് വളവുകളും നിറഞ്ഞ റോഡ്. മഴക്കാലത്ത് റോഡിനു സമീപത്തു നിറയെ വെള്ളച്ചാട്ടങ്ങളും കാണാം. ചോലത്തടത്തുനിന്നു പൂഞ്ഞാർ റോഡിൽ പാതാമ്പുഴ വരെ കുത്തനെയുള്ള ഇറക്കവും എസ് വളവുകളുമാണ്.– ഫീലിങ് ഹൈറേഞ്ച് മോഡ്.
ഗുണം
ഇടുക്കി ജില്ലയിൽ കുട്ടിക്കാനം ഭാഗത്തുനിന്നു വരുന്നവർക്ക് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരക്കു കുറഞ്ഞ് വേഗത്തിൽ എത്താവുന്ന പാത. 35ാം മൈലിൽനിന്നു ചോലത്തടം– പാതാമ്പുഴ– പൂഞ്ഞാർ– ഈരാറ്റുപേട്ട– തൊടുപുഴ വഴി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു യാത്ര ചെയ്യാം. കുട്ടിക്കാനം ഭാഗത്തുനിന്ന് ഈരാറ്റുപേട്ട– പാലാ ഭാഗത്തേക്കും വേഗത്തിൽ എത്താവുന്ന വഴി.
ശ്രദ്ധിക്കാം
മലയോരപാതയാണ്. മഴക്കാല യാത്ര ഒഴിവാക്കുന്നത് നല്ലത്. കയറ്റവും ഇറക്കവും നിറഞ്ഞ റോഡിൽ അമിതവേഗം അപകടം. കയറ്റം കയറുന്ന അതേ ഗിയറിൽത്തന്നെ ഇറക്കം ഇറങ്ങണം.