ഇതൊക്കെ ഒരിക്കലെങ്കിലും കാണണം...; ഈ വഴി പോയാൽ ഒന്നല്ല 3 സ്ഥലങ്ങളാണ്

Mail This Article
യാത്രാ പ്രേമികൾക്ക് മഴക്കാലമെന്നോ വേനൽക്കാലമെന്നോ ഇല്ല. സമയം ഒത്തുവന്നാൽ അല്ലെങ്കിൽ സമയം കണ്ടെത്തി പോകേണ്ട സ്ഥലത്ത് പോകും. എന്നാൽ ചിലർക്ക് മഴക്കാലമാകുമ്പോൾ യാത്ര പോകുന്നതായിരിക്കും ഇഷ്ടം. അത്തരക്കാർക്ക് എന്തുകൊണ്ടും ഇത് നല്ല സമയമാണല്ലോ. ഇനിയുള്ള ദിവസങ്ങളിൽ മഴയും കൂടും. ഈ സമയത്ത് സന്ദർശിക്കാൻ പറ്റുന്ന ഒരുപാട് സ്ഥലങ്ങൾ കേരളത്തിലുണ്ട്. മഴക്കാലത്ത് ഈ സ്ഥലങ്ങളുടെയെല്ലാം സൗന്ദര്യം ഒന്നു വേറെ തന്നെയായിരിക്കും. തൃശൂർ ജില്ലയിലെ ഈ മൂന്ന് സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ട് കണ്ട് വരാം.
അതിരപ്പിള്ളി
മഴക്കാലമായതോടെ തന്നെ കണ്ണുകളെ ആകർഷിക്കുന്ന തരത്തിൽ നിറഞ്ഞൊഴുകി താഴേക്ക് പതിക്കുകയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ആരും ആ സൗന്ദര്യം നോക്കി നിന്നു പോകും. നിരവധി പേരാണ് അതിരപ്പിള്ളിയിലേക്ക് എത്തുന്നത്. ഇവിടേക്കുള്ള വഴിയും മനോഹരമാണ്. ഏതൊരു യാത്രക്കാരനും പോകാൻ പറ്റിയ ഇടം. എൺപതടി ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലേക്ക് ചിന്നിചിതറി വീഴുന്ന വെള്ളം. കാതുകളിൽ പ്രകൃതിയുടെ സംഗീതം മാത്രം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി സന്ദർശകരെ നിരാശരാക്കില്ല. തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയാണ് അതിരപ്പിള്ളി. ചാലക്കുടിയിൽ നിന്നു 33 കിലോമീറ്റർ ആനമല റോഡിലൂടെ സഞ്ചരിച്ചാൽ അതിരപ്പിള്ളിയിലെത്താം. ടിക്കറ്റെടുത്താണ് പ്രവേശനം.
വിവിധ ഭാഷകളിലായി പല സിനിമകളിലും അതിരപ്പിള്ളിയുടെ രൗദ്രഭാവം കാണാം. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം. ഷോളയാർ വനമേഖലയുടെ ഭാഗമാണ് ഇവിടം. ആർത്തലച്ച് ഒഴുകുന്ന അതിരപ്പിള്ളിയുടെ സൗന്ദര്യം അടുത്തറിയാൻ അതിനടുത്തേക്ക് പോകണം. പച്ചപ്പ് നിറഞ്ഞ കാടിനുള്ളിലൂടെ നടന്ന് താഴെയെത്തുമ്പോൾ വെള്ളച്ചാട്ടത്തിനെ അടുത്തു കാണാം. പ്രത്യേകം ശ്രദ്ധിക്കുക മഴക്കാലം ആയതുകൊണ്ടുതന്നെ സാഹസം കാണിക്കാതിരിക്കുക. അതിരപ്പിള്ളി ഫേമസ് ആണെങ്കിലും ബാഹുബലി സിനിമയിലൂടെയാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. പിന്നീടങ്ങോട്ട് ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് കണക്കില്ല. ഇതു കൂടാതെ മറ്റു പല സിനിമകളിലും ഈ സ്ഥലം ഉണ്ട്. പിന്നീടത് ഇന്ത്യയും കടന്ന് മറ്റു രാജ്യക്കാരിലേക്കും എത്തിത്തുടങ്ങി.

വാഴച്ചാൽ വെള്ളച്ചാട്ടം
അതിരപ്പിള്ളിയിൽ വന്ന സ്ഥിതിക്ക് മറ്റൊരു സ്ഥലം കൂടെ ഉണ്ട് കാണാൻ, വാഴച്ചാൽ. വളരെ പ്രശസ്ഥമാണിവിടം. അതിരപ്പിള്ളിയിലെത്തുന്ന ആളുകൾ അതിനടുത്തായുള്ള ഈ മനോഹര സ്ഥലവും സന്ദർശിച്ചാണ് മടങ്ങാറുള്ളത്. അതിരപ്പിള്ളിയിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. വെള്ളച്ചാട്ടത്തിന് ചുറ്റും വനമാണ്. രണ്ടിന്റെ സൗന്ദര്യവും ഒരുമിച്ച് ആസ്വദിക്കാം. ഇതും ചാലക്കുടി പുഴയുടെ ഭാഗം തന്നെയാണ്. നേർത്ത തണുപ്പും ചെറിയ മഴയുമെല്ലാം ഉള്ളം തണുപ്പിക്കും. ഷോളയാർ വനങ്ങളുടെ ഭാഗം കൂടിയാണ് വാഴച്ചാൽ വെള്ളച്ചാട്ടം. മഴക്കാലമായതുകൊണ്ടുതന്നെ വെള്ളച്ചാട്ടങ്ങളെല്ലാം സജീവമായി. നല്ല റോഡും വഴിയുമാണ് ഇവിടെ, ചിലപ്പോൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ വന്യജീവികളെയും കാണാം. ഒറ്റ ദിവസം കൊണ്ടുതന്നെ ഈ സ്ഥലങ്ങളെല്ലാം കാണാൻ സാധിക്കും. മഴ കനത്താൽ പ്രവേശനത്തിന് തടസ്സങ്ങളുണ്ടാകാം. അതിനാൽ തന്നെ അന്വേഷിച്ച് വേണം പോകാൻ.

ചാർപ വെള്ളച്ചാട്ടം
അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു സുന്ദരി കൂടിയുണ്ട്. അതാണ് ചാർപ. വേനൽ കാലത്ത് അധികം വെള്ളമൊന്നും ഉണ്ടാകില്ല. എന്നാൽ മഴക്കാലമാകുമ്പോഴേക്കും നിറഞ്ഞൊഴുകും. ഈ വഴിക്കു വരികയാണെങ്കിൽ ചാർപയെ വിട്ടു പോകരുത്. ചാലക്കുടി പുഴയുടെ പോഷക നദിയിലാണ് ചാർപ വെള്ളച്ചാട്ടം. ചാലക്കുടി–വാൽപാറ പാതയ്ക്കരികിലായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നാലും ജലപാതം കാണാവുന്നതാണ്.