ഉരുളിക്കുണ്ട് വിളിക്കുന്നു; വെള്ളത്തിൽ ഉല്ലസിക്കാം

kannur--waterfalls
SHARE

ഇരിക്കൂർ ∙ മലമടക്കുകൾ താണ്ടി പതഞ്ഞൊഴുകുന്ന ഉരുളിക്കുണ്ടിൽ സന്ദർശകരുടെ തിരക്കായി. ബ്ലാത്തൂർ, കല്യാട് മേഖലകളിൽ നിന്നു കുന്നിറങ്ങിവന്ന കാട്ടരുവി കൊച്ചു വെള്ളച്ചാട്ടമായി മാറുന്ന പൈസായി സെമിനാരി – ബ്ലാത്തൂർ റോഡിലെ ഉരുളിക്കുണ്ടിൽ ഇപ്പോൾ നിത്യേനയെത്തുന്നതു നൂറുകണക്കിനു സന്ദർശകരാണ്. അൻപതടിയോളം താഴ്ചയിലേക്കു മടക്കുകളായി പതഞ്ഞൊഴുകുന്ന വെള്ളത്തിൽ ഉല്ലസിക്കുന്നതിനു സമീപ ജില്ലകളിൽ നിന്നുവരെ വിനോദസഞ്ചാരികൾ എത്തുന്നു. പാറക്കൂട്ടങ്ങളിൽ തട്ടിത്തെറിച്ചും വേരുകൾക്കിടയിൽ കൂടിയും ഒഴുകിയെത്തുന്ന വെള്ളം എത്ര ശക്തമായ മഴയിലും കലങ്ങില്ലെന്നതും എത്ര കൊടുംവെയിലിലും കുളിർമ നഷ്ടപ്പെടില്ലെന്നതും ഇവിടത്തെ സവിശേഷതയാണ്. 

ഏതു നേരവും നല്ല തണുത്ത വെള്ളമായതിനാലും ഭൂപ്രകൃതിയുടെ പ്രത്യേകതയും കാരണം ഇവിടെ ഒരിക്കൽ വരുന്നവർ വീണ്ടും സന്ദർശകരായി മാറുകയാണ്. നുരഞ്ഞൊഴുകുന്ന വെള്ളത്തിനു നടുവിലുള്ള പാറക്കെട്ടുകളിൽ കൂടി ഇരുനൂറു മീറ്ററോളം ദൂരത്തിൽ പടവുകൾ പോലെ കയറിപ്പോകുവാൻ ഇവിടെ കഴിയും. വള്ളിപ്പടർപ്പുകളാൽ മൂടപ്പെട്ടും വൻമരത്തിന്റെ വേരുകളാൽ ചുറ്റപ്പെട്ടും കിടക്കുന്ന ഇവിടെ കുട്ടികൾക്കു പോലും സഞ്ചരിക്കുവാൻ വളരെ എളുപ്പമാണ്. വെള്ളച്ചാട്ടം പോലെ കുതിച്ചൊഴുകുന്ന തുടക്കവും താഴെ ഉരുളിപോലെ വട്ടത്തിൽ കിടക്കുന്ന ഉരുളിക്കുണ്ട് എന്ന സ്ഥലവുമാണു സന്ദർശകരുടെ ഇഷ്ടയിടങ്ങൾ. ഉരുളിക്കുണ്ടിൽ കുളിക്കുന്നതിനും നീന്തൽ പഠിക്കുന്നതിനും കഴിയും വിധമാണ് ഇതിന്റെ കിടപ്പ്. അതുകൊണ്ടുതന്നെ അവധിസമയങ്ങളിൽ വിദ്യാർഥികളാണ് ഇവിടെ എത്തിച്ചേരുന്നതിലേറെയും. ഇവിടെ വരെ ഗതാഗതയോഗ്യമായ റോഡുള്ളതും സന്ദർശകർക്ക് അനുഗ്രഹമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA