മറക്കാനാകുമോ നമുക്ക് ‘തീറ്റ റപ്പായി’യെ?

rappai
SHARE

ദൈവചിത്രങ്ങൾക്കുപുറമെ ഹോട്ടലുകളിലെ ഭിത്തിയിൽ ഫ്രെയിം ചെയ്തു സൂക്ഷിക്കാറുള്ളതു വിടപറഞ്ഞ സ്ഥാപകന്റെയോ  ഉടമസ്ഥരുടെയോ ചിത്രങ്ങളായിരിക്കും. ഒരു ഹോട്ടൽ പോയിട്ട് മുറുക്കാൻകട പോലും സ്ഥാപിച്ചിട്ടില്ലെങ്കിലും ഒന്നിലധികം ഹോട്ടലുകളുടെ ഭിത്തികളിൽ ചിത്രമായി ഓർമിപ്പിക്കപ്പെടുന്ന ഒരു മനുഷ്യനുണ്ട് കേരളത്തിൽ–തൃശൂരിലെ റപ്പായി. പേരു മാത്രം പറഞ്ഞാൽ പരിചയം തോന്നാത്തവരും പെട്ടെന്നു തിരിച്ചറിയും ‘തീറ്റ റപ്പായി’ എന്നോ ‘ഇഡ്‍ഡലി റപ്പായി’ എന്നോ പറഞ്ഞാൽ. ഒരു വ്യക്തി എന്നതിലുപരി രുചികരമായ ഭക്ഷണത്തിന്റെയും വിശപ്പിന്റെയും പ്രതീകമായിരുന്ന റപ്പായി. 2006 ഡിസംബർ 9 ന് 67–ാം വയസ്സിൽ വിടപറഞ്ഞെങ്കിലും ഇന്നും തൃശൂർ നഗരത്തിന്റെ രുചിസാമ്രാജ്യത്തിലെ ഒരേയൊരു റപ്പായി.

കയ്യിൽ കാശില്ലാതെവന്ന് അമിതമായി ഭക്ഷിക്കുന്നവരെ ഭയത്തോടെയായിരിക്കും ഹോട്ടലുകൾ കാണുന്നത്. എന്നാൽ അമിതമായി ഭക്ഷിക്കുമെങ്കിലും റപ്പായിയെ കണ്ടാൽ വാതിൽ തുറന്നിടുമായിരുന്നു ഹോട്ടലുകാർ, ചായക്കടകൾ, രുചികരമായ ഭക്ഷണം വിളമ്പുന്ന ഏതിടവും. കാരണം റപ്പായി വരുമ്പോൾ വരുന്നത് ഒരു വ്യക്തി മാത്രമല്ല; ഭാഗ്യം കൂടിയാണ്. വലിയൊരു ശരീരത്തിന്റെ ഉടമയാണെങ്കിലും നിഷ്കളങ്കമായ ചിരിയുമായി വരുന്ന ആ മനുഷ്യൻ വിശപ്പിന്റെ മാത്രം പ്രതീകമായിരുന്നില്ല; സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും അടയാളം കൂടിയായിരുന്നു.അക്കാരണം കൊണ്ടാണ് തൃശൂർ നഗരത്തിലെ ഒന്നിലധികം ഹോട്ടലുകളുടെ ചുവരുകളിൽ ഇന്നും ചിരിച്ചുകൊണ്ടിരിക്കുന്ന റപ്പായിയെ കാണാനാവുന്നത്. 

theetta-rappayi-5.

രാവിലെ പ്രഭാതഭക്ഷണത്തിന്റെ സമയത്തു കടയിൽ വരികയും നാലു പേർക്ക് ഇരിക്കാവുന്ന മേശയുടെ ഒഴിഞ്ഞ മൂലയിൽ ഇടംപിടിക്കുകയും ചെയ്യുന്ന റപ്പായിയെ ഇന്നും വ്യക്തമായി ഓർമിക്കുന്നു തൃശൂരിലെ ന്യൂ ഗോപി കഫേയുടെ ഉടമ ഗോപി. നാല് ഇഡ്‍ലിയും ഒരു പാത്രം സാമ്പാറും. റപ്പായിയുടെ ലളിതമായ തുടക്കം. കഫേയിൽനിന്നിറങ്ങുന്ന റപ്പായി നേരെ പോകുന്നത് ജൂബിലി മിഷൻ ആശുപത്രിയുടെ ക്വാർട്ടേഴ്സുകളിലേക്ക്. 

Read this in English

പ്രഭാതഭക്ഷണത്തിൽനിന്നും മിച്ചംപിടിച്ച തീറ്റസാധനങ്ങൾ തങ്ങളുടെ സഹായിക്കുവേണ്ടി അവിടെ കാത്തുവച്ചിട്ടുണ്ടാവും. അടങ്ങാത്ത വിശപ്പിനെ അടക്കാൻ ശ്രമിക്കുകയായി റപ്പായി. ഉച്ചയ്ക്കു മുമ്പായി 75 ഇഡ്‍ലി വരെ കഴിക്കുമായിരുന്നു റപ്പായി. ഒരു ബക്കറ്റ് സാമ്പാറും ഒരു പാത്രം ചമ്മന്തിയും. ഉച്ചയാകുമ്പോഴേക്കും കഴിച്ചതെല്ലാം ദഹിപ്പിക്കാൻ ശേഷിയുണ്ടായിരുന്നു ആ വലിയ ശരീരത്തിന്റെ കുഞ്ഞുമനസ്സിന്റെയും ഉടമയ്ക്ക്. ഉച്ചയ്ക്കും പാത്രം കണക്കിനു ചോറും പച്ചക്കറിയും കഴിക്കാനുള്ളതാണ്. രാവിലെ കുറച്ചധികം കഴിച്ചെന്നുകരുതി മുടക്കാനാകില്ല ഉച്ചയൂണ്. റപ്പായിയുടെ ഭക്ഷണത്തോടുള്ള അത്യാർത്തിക്ക് ഡോക്ടർമാർ പേരിട്ടു: പോളിഫാഗിയ അഥവാ ഹെപ്പർഫാഗിയ. പക്ഷേ റപ്പായി മരിച്ചത് അമിത ഭക്ഷണം മൂലമായിരുന്നില്ല. പ്രമേഹവും രക്തസമ്മർദവുമായിരുന്നു മരണ കാരണങ്ങൾ.

റപ്പായിയെക്കുറിച്ചോർക്കുമ്പോൾ ഇന്നും പലരുടെയും മനസ്സിൽ ഓടിയെത്തും ഇഡ്‍ലിയും സാമ്പാറും– അദ്ദേഹത്തിന്റെ ഇഷ്ടവിഭവങ്ങൾ. റപ്പായിക്കൊപ്പമാണു ഞാൻ വളർന്നുവന്നത്. പരിചയപ്പെട്ടകാലം മുതൽ എന്നും റപ്പായിക്ക് ആഹാരം കൊടുക്കാൻ കഴി​ഞ്ഞതിൽ എനിക്കഭിമാനമുണ്ട്: തൃശൂർ നഗരത്തിലെ പ്രശസ്തമായ ഭാരത് റസ്റ്റോറന്റിന്റെ ഉടമ നന്ദകുമാർ പറയുന്നു. ഉച്ചയൂണ് കഴിക്കാൻ റപ്പായി എന്നുമെത്തുന്നതു ഭാരതിലായിരുന്നു.

theetta-rappayi1

തീറ്റയുടെ പേരിൽ‌ അറിയപ്പെട്ട റപ്പായി ഒന്നാംതരം ഒരു സസ്യാഹാരി ആയിരുന്നു. വിവാഹത്തോടു ജീവിതത്തിലുടനീളം മുഖം തിരിച്ചുനിന്നയാളും. ഒരു വയറിന്റെ വിശപ്പു തീർക്കുന്ന പാട് എത്രയാണെന്നു നമുക്കറിയാം. അപ്പോൾ രണ്ടു വയറുകളുടെ കാര്യമോ– വിവാഹത്തെക്കുറിച്ചു ചോദിച്ചപ്പോൾ റപ്പായി ഇങ്ങനെയാണു മറുപടി പറഞ്ഞതെന്ന് ഓർമിക്കുന്നു നന്ദകുമാർ. അദ്ദേഹത്തിനും മൂന്നു സഹോദരൻമാർക്കും ഓർമയിലെ സുവർണകാലമായിരുന്നു റപ്പായിയുടെ ജീവിതകാലം. പ്രക്ഷോഭകാരിയും പത്രപ്രവർത്തകനുമായിരുന്ന നവാബ് രാജേന്ദ്രനും റപ്പായിയും ഉൾപ്പടെയുള്ളവർ കടയിൽ ഒത്തുകൂടുകയും മണിക്കൂറുകളോളം ചൂടുപിടിച്ച ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യും. ഓർഡർ ചെയ്യുന്ന ചായയ്ക്കും മസാല ദോശയ്ക്കുമൊന്നും കണക്കില്ലായിരുന്നു–കടന്നുപോയ ആ കാലത്തെക്കുറിച്ചുള്ള ഓർമകൾ ഇന്നും പച്ചപിടിച്ചുനിൽക്കുന്നു നന്ദകുമാറിന്റെ മനസ്സിൽ.

റപ്പായിയുടെ ചിത്രം തങ്ങളുടെ ലോഗോയിൽ ഉൾപ്പെടുത്തിയ ഹോട്ടലുകളുണ്ട്. പ്രശസ്തമായ പുത്തൻപള്ളിക്കു പിന്നിലുള്ള ഹോട്ടൽ അരുണിമയുടെ ചുവരിൽ മരണത്തിനു 11 വർഷത്തിനുശേഷവും റപ്പായിയുടെ ചിത്രം ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. പൂമാലയും ചാർത്തിയിട്ടുണ്ട് ചിത്രത്തിൽ. അരുണിമയുടെ ഉടമസ്ഥൻ ഡേവിഡ് ചാക്കോയുടെ മനസ്സിൽ നിറം പിടിച്ചുനിൽക്കുന്നതു റപ്പായിയുടെ പൊറോട്ട പ്രേമം. റപ്പായിയേട്ടൻ വരുന്നതു വൈകുന്നേരങ്ങളിലായിരിക്കും. ഏഴു പൊറോട്ടയെങ്കിലും കുറഞ്ഞതു കഴിക്കും. സാമ്പാറും. 'എന്റെ ചെറുപ്പകാലത്തായിരുന്നു റപ്പായിയേട്ടന്റെ വരവ്. ഇന്നും എന്റെ മനസ്സിലുണ്ട് ആ വലിയ ദേഹം'- ഡേവിഡ് ചാക്കോ അനുസ്മരിക്കുന്നു. 

തൃശൂർ നഗരത്തിനടുത്തുള്ള കിഴക്കുംപാട്ടുകര എന്ന പ്രദേശത്തെ ഒരു സാധാരണകുടുംബത്തിലായിരുന്നു റപ്പായിയുടെ ജനനം. കുരിയപ്പൻ–താണ്ട ദമ്പതികളുടെ ആറുമക്കളിൽ മൂത്ത മകൻ. തയ്യൽജോലിയായിരുന്നു പിതാവിന്. ചെറുപ്പത്തിലേ റപ്പായിയും തയ്യൽ പഠിച്ച് പിതാവിനൊപ്പം കൂടി. ജൂബിലി മിഷൻ ആശുപത്രിയിലെ ഡോക്ടർമാർക്കും സഹായി ആയിരുന്നു റപ്പായി. വീട്ടിൽ വലിയ തീറ്റക്കാരനൊന്നും ആയിരുന്നില്ല റപ്പായി. രണ്ടു സഹോദരൻമാരും മൂന്നു സഹോദരിമാരും അവരുടെ മക്കളുമൊക്കെ ദിവസവേതനക്കാർ.

വർത്തമാന പത്രങ്ങളിലും മാസികകളിലുമൊക്കെ വാർത്തയും പടവും വരാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ റപ്പായിയെ മനസ്സിലാക്കുന്നത്. തന്നെക്കുറിച്ചുവരുന്ന വാർത്തകളെല്ലാം ശേഖരിച്ചു ഫയലാക്കിവയ്ക്കുമായിരുന്നു റപ്പായിയേട്ടൻ. അമ്മയും ഞാനുമാണ് റപ്പായിയേട്ടനെ അവസാനകാലത്തു ശുശ്രൂഷിച്ചത്. ആരോഗ്യമുള്ള ശരീരമായിരുന്നു അവസാനകാലം വരെ. ഏട്ടന്റെ സാമൂഹിക ജീവിതമൊന്നും ഞങ്ങൾക്ക് അത്രയ്ക്ക് അറിയില്ലായിരുന്നു: ഇളയ സഹോദരി ഫിലോമിന പറയുന്നു.

rappai2

പൊലീസ് വകുപ്പിലും പ്രശസ്തനായിരുന്നു റപ്പായി. അനേകം പൊലീസുകാർ സുഹൃത്തുക്കളായി ഉണ്ടായിരുന്നു അദ്ദേഹത്തിന്. പൊലീസ് യൂണിഫോമിനു സമാനമായിരുന്നു റപ്പായിയുടെ ഷർട്ട്– കാക്കി. എൻഐ ഡേവിഡ് എന്ന വിരമിച്ച പൊലീസ് സൂപ്രണ്ടാണ് ആ വേഷം റപ്പായിക്കു സമ്മാനിക്കുന്നത് ഡേവിഡിന്റെ സഹയാത്രികനുമായിരുന്നു റപ്പായി. അതുകൊണ്ടുതന്നെ ഷാഡോ പൊലീസ് എന്ന പേരിലും അറിയപ്പെട്ടു റപ്പായി സുഹൃത്തുക്കൾക്കിടയിൽ.

ഒരുസമയം ഏറ്റവും കൂടുതൽ ഇ‍‍‍ഡ്ഡലികൾ തിന്നതിന്റെ ലിംക റെക്കോർഡ് ഇപ്പോഴും റപ്പായിയുടെ പേരിലാണ്. വലിയ ദേഹത്തിൽ കുഞ്ഞുമനസ്സുമായി ജീവിച്ച റപ്പായിയെ അടക്കിയതു ലൂർദ് പള്ളിയിൽ; റപ്പായിക്കുവേണ്ടി പ്രത്യേകമായി ശവപ്പെട്ടി നിർമിച്ചു. കുഴിയും പതിവിലും കുടുതൽ വലുപ്പത്തിൽ കുഴിക്കേണ്ടിവന്നു. 

ആർക്കും മതിവരുവോളം കഴിക്കാം എന്ന പരസ്യവുമായി ഹോട്ടൽ ലൂസിയ ഒരുക്കിയ ബുഫെ ഇന്നും ന്യൂ ഗോപി കഫെയുടെ ഉടമ ഗോപിയുടെ മനസ്സിലുണ്ട്. പച്ചക്കറിയും ഡെസർടും ഉൾപ്പെടെ ഏതാണ്ട് 25 കിലോയുടെ ചോറെങ്കിലും അന്നു റപ്പായി കഴിച്ചു. അമ്പരന്നുനിന്ന ഹോട്ടലുകാരോട് ഒടുവിൽ റപ്പായി പറഞ്ഞു:എനിക്കു വിശക്കുന്നു!.

പക്ഷേ, അദ്ഭുതം ഇതൊന്നുമല്ല. ഇഡ്‍ലി കഴിച്ചും കിലോക്കണക്കിന് അരിയുടെ ചോറുണ്ടും നാട്ടുകാരെ വിസ്മയിപ്പിച്ച റപ്പായി അഞ്ച് ഇഡ്‍ലിയിൽ കൂടുതൽ കഴിക്കുന്നത് വീട്ടുകാർ കണ്ടിട്ടേയില്ല! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA