പുട്ടും മട്ടന്‍ ചാപ്സും പിന്നെ പപ്പടവും

puttu-image.784.410
SHARE

കണ്ണൂർ  എംഎ റോഡിലെ നെയിം ബോർഡില്ലാത്ത ഹോട്ടൽ. പക്ഷേ ഭക്ഷണപ്രേമികൾക്കെല്ലാം അറിയാം, ഇത് ഒണക്കൻ ഭാരതി ഹോട്ടലാണെന്ന്. ജനഹൃദത്തിലും നാവിന്റെ രസമുകുളങ്ങളിലും പതിഞ്ഞ ഒരു ഭക്ഷണാലയത്തിന് എന്തിനാണ് നെയിം ബോർഡും പരസ്യവും.ഒണക്കൻ ഭാരതിയിലേക്ക് കയറിച്ചെല്ലുമ്പോൾ സെറാമിക് പ്ലേറ്റുകളിൽ സ്റ്റീൽ ടീ സ്പൂണുകൾകൊണ്ടു താളം പിടിക്കുന്ന ശബ്ദം കേൾക്കാം. പുട്ടും മട്ടൻ ചാപ്സും പപ്പടവും ചേർത്ത് ആസ്വദിച്ച് കഴിക്കുന്ന രുചിപ്രേമികളുടെ ആമാശയ താളം കൂടിയാണത്. തേങ്ങ വറുത്തരച്ച് തയാറാക്കുന്ന മട്ടൻകറിയാണ് മട്ടൻചാപ്സ്.

അതെ, ഒണക്കൻ ഭാരതിയിലെ ക്രൗഡ് പുള്ളറാണ് പുട്ടും മട്ടൻചാപ്സും. 75 വർഷക്കാലമായി കണ്ണൂർ നഗരത്തിൽ രുചി വിളമ്പുന്ന ഒണക്കൻ ഭാരതിയിൽ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി രീതികളൊന്നും മാറിയിട്ടില്ല. പഴയ ബെ‍ഞ്ചും ഡെസ്കും സെറാമിക് പ്ലേറ്റുകളും. പുട്ടുണ്ടാക്കുന്നത് ഇപ്പോഴും മുളകൊണ്ടുള്ള പുട്ടുകുറ്റിയിൽ. ഭക്ഷണം തയാറാക്കുന്നതിനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമെല്ലാം വീട്ടിൽ തന്നെ ഒരുക്കുന്നത്.കേരളത്തിന്റെ പരമ്പരാഗത പ്രാതൽ ഇനമായ പുട്ട് തന്നെയാണ് ഇവിടെ എപ്പോഴും വിളമ്പുന്നത്. ലഞ്ചും ഡിന്നറും എല്ലാം പുട്ടു തന്നെ. രാവിലെ ആറിനു തുടങ്ങുന്ന പുട്ടുകച്ചവടം രാത്രി 8.30 വരെ തുടരും. പുട്ടും മട്ടനും ഒപ്പം പപ്പടവും ചേർന്നാൽ ക്രിസ്പി ഫുഡ് റെഡി. വെജിറ്റേറിയൻ‌ വേണ്ടവർക്ക് ചെറുപയർ കറിയോ പഴമോ കിട്ടും.

പുട്ടിനു പുറമെ ഒണക്കനിലെ മറ്റൊരു ജനപ്രിയ ഇനമാണ് അവിലും പാലും. ഇംഗ്ലിഷുകാരുടെ പ്രാതൽ ഇനമായ കോൺഫ്ലക്സ് വിത്ത് മിൽക്കിന്റെ നാടൻ പതിപ്പ്. കോൺഫ്ലക്സിനു പകരം അവൽ ആണെന്നു മാത്രം. അവലിൽ പാലും പ‍ഞ്ചസാരയും ചേർത്ത് കഴിക്കാം.അടിച്ചായ എന്നു വിളിക്കുന്ന നീട്ടിയടിച്ചു തയാറാക്കുന്ന നാടൻചായ കൂടി കഴിച്ചാൽ മനവും വയറും നിറയും.

ഭാരതി വിലാസം ഹോട്ടൽ എന്നാണ് ഒണക്കൻ ഭാരതി ഹോട്ടലിന്റെ യഥാർത്ഥ പേര്.പതിറ്റാണ്ടുകൾക്കു മുൻപ് അഴീക്കോട് സ്വദേശി ഒണക്കൻ ആരംഭിച്ചതാണ് ഈ ഹോട്ടൽ. അന്ന് ഭാരതി ഹോട്ടൽ വേറെയും ഉണ്ടായിരുന്നതിനാൽ എംഎ റോഡിലെ ഹോട്ടലിനെ ആളുകൾ ഒണക്കൻ ഭാരതി എന്നുവിളിച്ചു. ഒണക്കന്റെ സഹോദര പുത്രൻ സുമേഷ് ആണ് ഇപ്പോൾ ഹോട്ടൽ നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA