sections
MORE

കാഴ്ചകളുടെ വസന്തം,ചെന്നൈയിൽനിന്ന് കേരളത്തിലേക്കൊരു ട്രെയിൻ യാത്ര

കൊല്ലം – താംബരം പാതയിലെ തുരങ്കം കടന്നു വരുന്ന ട്രെയിൻ.
SHARE

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിങ്കളാഴ്ചയും ബുധനാഴ്ചയും വൈകിട്ട് അഞ്ചിനു ശേഷം താംബരം സ്റ്റേഷനിൽ മലയാളികളുടെ തിരക്കാണ്. ചെന്നൈ സെൻട്രൽ, എഗ്‍മൂർ സ്റ്റേഷനുകളിൽ കേരളത്തിലേക്കുള്ള ട്രെയിൻ പ്ലാറ്റ്ഫോം പിടിക്കുമ്പോഴുള്ള അതേ തിരക്കു താംബരത്തും സൃഷ്ടിക്കുന്നത് ഒരു ‘സ്പെഷൽ’ ട്രെയിനാണ്. താംബരം–കൊല്ലം സ്പെഷൽ (06027).

തമിഴ്നാടിന്റെയും കേരളത്തിന്റെയും തലസ്ഥാനങ്ങളെ ഏറ്റവും ചെറിയ ദൂരത്തിൽ ബന്ധിപ്പിക്കുന്ന കൊല്ലം–ചെങ്കോട്ട റെയിൽപാതയിലൂടെ കടന്നുപോകുന്ന ഈ സ്പെഷൽ ട്രെയിന്റെ റൂട്ട് നമുക്കു പണ്ടേ സുപരിചിതമാണ്. തെക്കൻ കേരളത്തിൽ നിന്നുള്ളവർ മുൻപു മദ്രാസിലേക്ക് എത്തിയിരുന്നത് തന്നെ ഈ റൂട്ടിലൂടെയുള്ള ട്രെയിനിലായിരുന്നു.ഗേജ് മാറ്റം വേണ്ടിവന്നതോടെ 2010 സെപ്റ്റംബറിൽ പുനലൂർ–ചെങ്കോട്ട പാതയിലെ സർവീസ് നിർത്തിവച്ചു. പണികൾ പൂർത്തിയായ ശേഷം ഈ റൂട്ടിലൂടെ സർവീസ് ആരംഭിച്ച സ്പെഷൽ ട്രെയിൻ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. 

പുതിയ കാഴ്ചകൾ

 സാധാരണ കേരളത്തിൽ നിന്നു ചെന്നൈയിലേക്കു വരുന്ന ട്രെയിനുകൾ ബഹുഭൂരിപക്ഷവും കോയമ്പത്തൂർ ഈറോ‍ഡ് സേലം റൂട്ടിലൂടെയാണ് സർവീസ് നടത്തുന്നത്. എന്നാൽ ചെങ്കോട്ട–പുനലൂർ–കൊട്ടാരക്കര വഴി കൊല്ലത്തേക്കുള്ള സ്പെഷൽ ട്രെയിൻ തമിഴ്നാടിന്റെ ഹൃദയഭാഗങ്ങളിലൂടെ വിരിച്ച റെയിൽപാളങ്ങളിലൂടെ ഓടിയാണു കേരളത്തിന്റെ തെക്കേയറ്റത്തേക്കു പ്രവേശിക്കുന്നത്. വൈകിട്ട് 5.30നു താംബരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ ആറിനു ചെങ്കൽപ്പേട്ട് എത്തും. അവിടെ നിന്നു വില്ലുപുരം വരെ എത്താൻ ഒന്നര മണിക്കൂർ കൂടി വേണം.

chennai-train-sceneട്രെയിൻ പുറപ്പെടുന്നതു മുതൽ വില്ലുപുരത്തോട് അടുക്കുന്നതു വരെയുള്ള കാഴ്ചകളിൽ കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പാടങ്ങളും, വലിയ ജലാശയങ്ങളും റെയിൽപാതയ്ക്കു സമാന്തരമായുള്ള റോഡുകളുമെല്ലാം കടന്നുവരും.വില്ലുപുരം എത്തുന്നതിനു മുൻപുതന്നെ റെയിൽവേയിലെ അംഗീകൃത ഭക്ഷണ വിതരണക്കാരുടെ പ്രതിനിധികൾ ഭക്ഷണം ആവശ്യമുണ്ടോയെന്നു ചോദിച്ചെത്തും. ചപ്പാത്തി, പൊറോട്ട, ദോശ, ഇഡലി തുടങ്ങിയവ ഓർഡർ നൽകുന്നവർക്ക് അവർ വില്ലുപുരം സ്റ്റേഷനിൽ എത്തുമ്പോൾ എത്തിച്ചുനൽകും. വില്ലുപുരം സ്റ്റേഷനിൽ നിന്നു ഭക്ഷണം വാങ്ങാം.

വില്ലുപുരത്തു നിന്നുള്ള യാത്ര ആരംഭിക്കുമ്പോഴേക്കും ഇരുട്ടു പരന്നിരിക്കും. ഇനി പുറത്തുള്ള കാഴ്ചകൾ അത്രയ്ക്ക് ആസ്വദിക്കാൻ കഴിയില്ല. വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ എന്നീ സ്റ്റേഷനുകൾ പിന്നിട്ട് പുലർച്ചെ ഒന്നരയ്ക്ക് ട്രെയിൻ മധുരയിലെത്തും. ഇവിടെ നിന്നു യാത്ര തുടർന്നു വിരുദുനഗർ, ശിവകാശി, ശ്രീവില്ലിപുത്തൂർ, രാജപാളയം തുടങ്ങിയ സ്റ്റേഷനുകൾ പിന്നിട്ട് പുലർച്ചെ 5.15ന് തെങ്കാശിയിലും രാവിലെ ആറിന് ചെങ്കോട്ടയിലുമെത്തും. 

നേരം പുലരുമ്പോൾ കാഴ്ചകളും പുലരും 

ചെങ്കോട്ടയിൽ എത്തുമ്പോഴേക്കും നേരം പുലരും. താംബരത്തു നിന്ന് 638 കിലോമീറ്റർ സഞ്ചരിച്ചെത്തിയ സ്പെഷൽ ട്രെയിനിന് ഇനി വേഗം കുറയും. താംബരത്തു നിന്നു വലിച്ചുകൊണ്ടുവന്ന കുറച്ചു കോച്ചുകളെ ചെങ്കോട്ടയിൽ ഉപേക്ഷിച്ചാണു മുന്നോട്ടുള്ള യാത്ര.638 കിലോമീറ്റർ സഞ്ചരിക്കാൻ പന്ത്രണ്ടര മണിക്കൂർ എടുത്ത ട്രെയിൻ, ചെങ്കോട്ടയിൽ നി‌ന്ന് ഏഴു കിലോമീറ്റർ മാത്രം അകലെയുള്ള അടുത്ത സ്റ്റോപ്പായ ഭഗവതീപുരത്ത് എത്താൻ 15 മിനിറ്റ് എടുക്കും. ചെങ്കോട്ടയിൽ നിന്നു 15 കിലോമീറ്റർ മാറിയുള്ള കേരളത്തിലെ ആര്യങ്കാവ് സ്റ്റേഷനിൽ എത്താൻ 43 മിനിറ്റ് വേണം.മലകളെ ചുറ്റിത്തിരിഞ്ഞുപോകുന്ന, കയറ്റിറക്കങ്ങളും തുരങ്കങ്ങളും നിറഞ്ഞ പാതയിലൂടെ ട്രെയിൻ പതിയെ മാത്രമേ സഞ്ചരിക്കൂ. യാത്രക്കാർ കാഴ്ചകൾ കണ്ടോട്ടെ എന്നു കരുതിക്കൂടിയാകും ഈ മെല്ലെപ്പോക്ക്... 

കാട്ടിലൂടെ ഒരു പാത 

ട്രെയിനിന്റെ ചൂളംവിളി ഇനിയുമെത്താത്ത വയനാട്ടിലൂടെ ഒരു ട്രെയിൻ കടന്നുപോയാൽ എങ്ങനെയിരിക്കും. അങ്ങനെയൊരു അനുഭവമാണ് ചെങ്കോട്ടയിൽ നിന്നുള്ള യാത്ര സമ്മാനിക്കുക. മാനംമുട്ടെ വളർന്നുനിൽക്കുന്ന കാട്ടിലെ മരങ്ങളുടെ ഇടയിലൂടെ, പാറകൾ തുരന്നുണ്ടാക്കിയ തുരങ്കങ്ങളിലൂടെ സ്പെഷൽ ട്രെയിൻ മുന്നോട്ട്. ട്രെയിൻ ഒരു വളവ് തിരിഞ്ഞിരുന്നെങ്കിൽ മുന്നിലും പിന്നിലുമുള്ള ബോഗികൾ കാണാമെന്നു സാധാരണ ട്രെയിൻ യാത്രകളിൽ ആലോചിക്കുന്നവർ, ഈ ട്രെയിൻ ഒന്നു നേരെ ഓടിയിരുന്നെങ്കിൽ കുറച്ചുനേരം പിന്നിലും മുന്നിലുമുള്ള കോച്ചുകൾ കാണാതിരിക്കാമായിരുന്നുവെന്നു പറയും. പുനലൂർ വരെയുള്ള യാത്രയുടെ ബഹുഭൂരിപക്ഷം സമയങ്ങളിലും വളവുകളും തിരിവുകളും തന്നെ.മലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒട്ടേറെ പാലങ്ങളുള്ള പാതയെന്ന പ്രത്യേകതയുമുണ്ട് ചെങ്കോട്ട–പുനലൂർ റൂട്ടിന്. പാലങ്ങളിൽ ഏറ്റവും ശ്രദ്ധേയം കഴുതുരുട്ടി സ്റ്റേഷനും തെൻമലയ്ക്കും ഇടയിലുള്ള പതിമൂന്ന് കണ്ണറ പാലമാണ്. 13 കമാനങ്ങളുള്ള ഈ പാലം കൊല്ലം–തിരുമംഗലം ദേശീയപാതയ്ക്കു സമാന്തരമായാണ് കടന്നുപോകുന്നത്. കൊല്ലം–ചെങ്കോട്ട പാതയെന്നു കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് കടന്നുവരുന്ന ചിത്രം കണ്ണറ പാലത്തിന്റേതാകും. 13 കമാനങ്ങളുള്ള ഈ പാലം ബ്രിട്ടിഷ് എൻജിനീയർമാരുടെ കരവിരുതിന്റെ തെളിവായി ഒരു നൂറ്റാണ്ടിനുശേഷവും നിലകൊള്ളുന്നു.

 ഫോട്ടോകൾ... റ്റാറ്റകൾ

 സ്പെഷൽ ട്രെയിനിലെ മിക്ക യാത്രക്കാരുടെ കൈയിലും കാണും ഫോട്ടോ എടുക്കാൻ തയാറാക്കിവച്ചിരിക്കുന്ന ഒരു മൊബൈൽ ക്യാമറ. ട്രെയിൻ വളഞ്ഞുപോകുമ്പോൾ മുന്നിലും പിന്നിലുമുള്ള കംപാർട്ട്മെന്റുകളുടെ ജനലുകളിലേക്ക് നോക്കിയാൽ കാണാം ഫോട്ടോയ്ക്കായി പുറത്തേക്ക് നോക്കി ക്ലിക്ക് ചെയ്യുന്ന നൂറുകണക്കിനു കരങ്ങളെ.ജനവാസ മേഖലയിലേക്കു ട്രെയിൻ കടക്കുമ്പോൾ നമ്മെ സ്വീകരിക്കാനെന്നോണം ചില അതിഥികൾ കാത്തിരിപ്പുണ്ടാകും. ട്രെയിൻ കടന്നുപോകുന്ന പാതയ്ക്കു സമീപത്തായി താമസിക്കുന്ന കുട്ടികൾ ഇരുവശത്തും നിന്നു കൈകൾ വീശി യാത്രക്കാർക്ക് റ്റാറ്റാ നൽകും. ചില യാത്രക്കാർ കുട്ടികളെ തിരികെയും കൈവീശി കാണിക്കും. 

ഒരു റൂട്ട് വഴി  പല റൂട്ടിലേക്ക്

പുതിയ പാതയിലൂടെ സ്ഥിരം ട്രെയിൻ ഉടൻ ഓടിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഏവരും. തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ട്രെയിനുകൾ ലഭിക്കുന്ന സ്റ്റേഷനുകളിലൂടെയാണ് കൊല്ലം–ചെങ്കോട്ട–താംബരം റൂട്ടിലെ ട്രെയിൻ കടന്നുപോകുന്നതെന്ന പ്രത്യേകതയുണ്ട്.മധുരയിൽ ഇറങ്ങിയാൽ മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകാം. തഞ്ചാവൂരിൽ നിന്നു വേളാങ്കണ്ണിയിലേക്കും നാഗൂരിലേക്കും പോകുന്നതിന് കണക്‌ഷൻ ട്രെയിൻ ലഭിക്കും.വേളാങ്കണ്ണി പള്ളിയിലേക്കും നാഗൂർ ദർഗയിലേക്കും എത്തുന്നവർക്ക് ഈ വഴി ഉപയോഗിക്കാം.വില്ലുപുരത്ത് ഇറങ്ങിയാൽ പുതുച്ചേരിയിലേക്ക് എത്താൻ ഇവിടെ നിന്നു 38 കിലോമീറ്റർ കൂടി ട്രെയിനിൽ സഞ്ചരിച്ചാൽ മതിയാകും.ഇതിനാൽ പുതുച്ചേരിയിലേക്കുള്ള യാത്രക്കാർക്കും ഈ റൂട്ടിലൂടെയുള്ള ട്രെയിൻ പ്രയോജനകരമാകും. തെന്മല, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങൾ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളാണെന്നതും ഈ റൂട്ടിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA