മസ്കറ്റ് ഹോട്ടലിൽ ചിക്കൻ വിഭവങ്ങളുടെ ‘കൊക്കരക്കോ’

chickenfest
SHARE

നോൺവെജ് ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികളുടെ ലിസ്റ്റിൽ ആദ്യം ഇടംപിടിക്കുന്നത് ചിക്കൻ വിഭവങ്ങളാണ്. റോസ്റ്റായും കറിയായും ഫ്രൈയായും വ്യത്യസ്ത രുചിയിലും ഭാവത്തിലും അലങ്കരിച്ച് തീൻമേശകളിൽ നിറയുന്ന ചിക്കൻ വിഭവങ്ങൾ കാഴ്ചയിൽ തന്നെ നാവിനെ കൊതിപ്പിക്കും. രുചി വൈവിധ്യങ്ങൾക്കൊപ്പം മറുനാടൻ ചിക്കൻ വിഭവങ്ങളുടെ പെരുമയും ആസ്വദിക്കാം. ചിക്കൻവിഭവങ്ങളുടെ മഹാമേളയുമായി  മസ്കറ്റ് ഹോട്ടല്‍ ഒരുങ്ങികഴിഞ്ഞു. പേരു കേട്ടാൽ നാവിൽ വെള്ളമൂറുന്ന ചിക്കൻ വിഭവങ്ങളുടെ മേള സെപ്റ്റംബർ 19 മുതൽ മസ്കറ്റ് ഹോട്ടൽ സായാഹ്ന റെസ്റ്റൊറന്റിൽ തുടക്കമാകുന്നു. തനിനാടൻ രുചിക്കൊപ്പം വിദേശീയ രുചികൂട്ടിൽ തയാറാക്കുന്ന ചിക്കൻ വിഭവങ്ങളും സായാഹാന റെസ്റ്ററന്റിലെ ‘കൊക്കരക്കോ’യിലെത്തിയാൽ ആസ്വദിക്കാം.

വയനാടൻ കാന്താരി ചിക്കനിൽ തുടങ്ങി, വിവിധ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ അട്ടപ്പാടി വനസുന്ദരി ചിക്കൻ, കുരുമുളകും ഉള്ളിയും വിതറിയ ചെങ്കോട്ട ബോർഡർ ചിക്കൻ, പയ്യോളി പൊരിച്ച കോഴി, തെക്കൻ കേരളത്തിന്റെ നാടൻ ചിക്കൻ വിഭവമായ കോഴി പിരട്ട്, പേരിൽ വിസ്മയവുമായി കോലാപൂരി കൊമ്പിടി, നീലഗിരി ചിക്കൻ കുറുമ, കുണുക്കിട്ട കോഴി എന്നിവയും ഭക്ഷണപ്രിയരെ കാത്ത് റെഡിയാണ്. കൂടാതെ സായാഹ്ന റെസ്റ്ററന്റിലെ ഷെഫ്മാർ തയാറാക്കുന്ന പ്രത്യേക വിഭവമായ ചിക്കൻ കലിപ്പ്, തുടങ്ങി പലരുചിയിലൊരുങ്ങിയ  ചിക്കൻ വിഭവങ്ങളുടെ മേളയാണ് കൊക്കരക്കോയില്‍ ഒരുക്കിയിരിക്കുന്നത്.

കടൽ കടന്ന ചിക്കൻ വിഭവങ്ങളുടെ രുചിയും നുണയാം. നാട്ടിൽ പരിചിതമല്ലാത്ത ഗോവൻ ഗലീന കാഫ്രിയൽ ചിക്കൻ, ജമയ്ക്കൻ ജർക്ക് ചിക്കൻ, ഇന്തോനേഷ്യൻ ചിക്കൻ സറ്റായ് എന്നിങ്ങനെ നീളുന്ന ചിക്കൻ വിഭവങ്ങളും, ചിക്കൻ സാത്തേ, വനസുന്ദരി, ജർക്ക് ചിക്കൻ എന്നിവയും നെയ് പത്തൽ ഉൾപ്പെടുത്തിയുള്ള ജംബോ കൊക്കരക്കോ എന്നിങ്ങനെ വിവിധങ്ങളായ ചിക്കൻ രുചികളും ഭക്ഷണപ്രിയർക്ക് ആസ്വദിക്കാം.

തിരുവനന്തപുരത്തെ പ്രശാന്ത സുന്ദരമായ മസ്ക്കറ്റ് ഹോട്ടലിലെ ഓപ്പണ്‍ റെസ്റ്റൊറന്റിലാണ് മഹാ ചിക്കൻ മേള അരങ്ങേറുന്നത്. കുട്ടികൾക്കായി പ്രത്യേക വിഭവങ്ങളും ഡസർട്ടുകളും ബിവറേജസുകളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയോട് ചേർന്ന് സായാഹ്നത്തിന്റെ സൗന്ദര്യം ആസ്വദിച്ച് കുടുംബവുമൊത്ത് ചിലവഴിക്കാൻ പറ്റിയ ഇടം. 

മസ്കറ്റ് സായാഹ്ന റെസ്റ്റൊറന്റിലെ അ‍ഞ്ചാമത്തെ മേളയാണ് ‘കൊക്കരക്കോ’. സെപ്റ്റംബർ 19 മുതൽ 23 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ 11 മണി വരെയാണ് ചിക്കൻ മേള. എല്ലാദിവസവും രാവിലെ 11 മണി മുതൽ 7മണിവരെയുള്ള ‘ഹാപ്പി അവേഴ്സ്’ തെരഞ്ഞെടുത്ത ബിവറേജസിനു പ്രത്യേക ഓഫറുകളും ലഭ്യമാണ്. ഈ ഓഫർ മേള കഴിഞ്ഞുള്ള ദിവസങ്ങളിലും സായാഹ്ന റെസ്റ്റൊറന്റില്‍ തുടർന്നും ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA