കേരളത്തനിമ ചോരാത്ത കാഴ്ചകളൊരുക്കി കേരള ട്രാവൽ മാർട്ട്

Kettu1.jpg1
SHARE

കൊച്ചി∙ കേരളത്തനിമയുടെ കാഴ്ചകൾ തേടി മൂന്നുനാൾ വിദേശികൾ കേരളം മുഴുവൻ ചുറ്റേണ്ട. എറണാകുളം വെല്ലിങ്ടൺ ഐലൻഡിൽ ഒരുക്കിയിട്ടുള്ള കേരള ട്രാവൽ മാർട്ടിൽ എത്തിയാൽ മതിയാകും. 30ാം തീയതിവരെ ഇവിടെ കേരളക്കാഴ്ചയുടെ ഉൽസവമാണ്. കേേരള ടൂറിസം സ്റ്റാൾ ഇവിടെ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് രണ്ട് കൂറ്റന്‍ കെട്ടുകാളകളെ ഒരുക്കി. ഓലമേഞ്ഞ കുടിലിനു മുന്നിൽ ഓലമെടയുന്ന മലയാളിപ്പെൺകൊടി. വെള്ളം കൃഷിയിടത്തിൽ നിന്നു പുറത്തേയ്ക്ക് ഒഴുക്കിക്കളയാൻ ഉപയോഗിച്ചിരുന്ന വലിയ മരച്ചക്രം ചവിട്ടുന്ന യുവാവ്. ഇത് ഒരുകാലത്ത് കുട്ടനാടിന്റെ സാധാരണകാഴ്ച മാത്രമായിരുന്നെങ്കിൽ ഇന്നത് കൂറ്റൻ മോട്ടോറുകൾക്ക് വഴി. എങ്കിലും വിനോദസഞ്ചാരത്തിന് ഇത് പ്രിയപ്പെട്ട കാഴ്ചയാണ്.് കേരളീയ സാംസ്കാരിക പൈതൃകത്തിന്‍റെ നേരിട്ടുള്ള അനുഭവമാണ് സ്റ്റാളിലെ കാഴ്ചകളെല്ലാം.

കേരളത്തില്‍ ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളാണ് കെട്ടുകാഴ്ചകള്‍ക്ക് പ്രശസ്തം. കാളകള്‍, കുതിരകള്‍ എന്നിവയുടെ വലിയ രൂപങ്ങള്‍ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ് കെട്ടുകാഴ്ചകള്‍. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര മേഖലയാണ് കെട്ടുകാഴ്ചകള്‍ക്ക് ഏറെ പ്രസിദ്ധം. ഇതുകൂടാതെ കൊല്ലം, പാലക്കാട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലും ഇവ അലങ്കാരങ്ങളായി മാറുന്നു. പാ‌ലക്കാടും തെക്കന്‍കേരളത്തിലുള്ള കെട്ടുകാഴ്ചകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. തെക്കന്‍ കേരളത്തില്‍ കെട്ടുകാഴ്ചകളില്‍ അലങ്കാരപ്പണികള്‍ കൂടുതലായി കാണാം. എന്നാല്‍ പാലക്കാട്ടേക്ക് ചെല്ലുമ്പോള്‍ ഗ്രാമങ്ങള്‍ തോറും ഇത്തരം രൂപങ്ങളുണ്ട്. 

ചെട്ടിക്കുളങ്ങര ഭരണി, പാലക്കാട് ചെനക്കത്തൂര്‍ പൂരം എന്നിയാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടുകാഴ്ച ഉത്സവങ്ങള്‍. ചെട്ടിക്കുളങ്ങരയില്‍ രഥങ്ങളില്‍ അലങ്കരിച്ച 17 കെട്ടുകാഴ്ചകളാണ് പടനിലങ്ങളിലെത്തിക്കുന്നത്. കുതിരകളുടെ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന രഥങ്ങളില്‍ ഭീമന്‍, ഹനുമാന്‍ എന്നിവരുടെ രൂപങ്ങളും വയ്ക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും കൊയ്ത്തു കാലത്തെ ഗ്രാമീണ ഉത്സവങ്ങളാണിത്. കേരളത്തിലുടനീളമുള്ള ദേവീക്ഷേത്രങ്ങളില്‍ കാളകളി പോലുള്ള കലാരൂപങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കേരള ടൂറിസത്തിന്‍റെ ലിവ് ഇന്‍സ്പയേഡ് എന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് കെടിഎമ്മില്‍ കെട്ടുകാഴ്ച ഒരുക്കിയിരിക്കുന്നത്.

പ്രകൃതിദത്തമായ വസ്തുക്കളാണ് ഈ ദൃശ്യങ്ങള്‍ക്കായി സെറ്റിൽ ഉപയോഗിച്ചിട്ടുള്ളത്. പുല്ലും മണ്ണും വെള്ളവും ജീവനുള്ള മനുഷ്യരും ജീവികളും എല്ലാമാണ് ഇവിടെ കാഴ്ചവസന്തമൊരുക്കുന്നത്. വിളഞ്ഞ നെൽപാടവും, പാടവരമ്പുകളും താറാവുകൾ നീന്തിത്തുടക്കിക്കുന്ന കുളങ്ങളുമെല്ലാം വിദേശ ടൂറിസം ഓപ്പറേറ്റർമാരെ ഏറെ ആകർഷിക്കുന്നു. കേരളത്തിലെ പ്രകൃതിയുടെ സ്വാഭാവികത നിലനിർത്താനുള്ള എല്ലാ ഘടകങ്ങളും ഇവിടെയുണ്ട്. തീരപ്രേദശങ്ങളിലെ പൂഴിമണ്ണും, നെൽപ്പാടങ്ങളിലെ ചെളിമണ്ണും, കായലിൽ നിറഞ്ഞുനിൽക്കുന്ന കുളവാഴയ്ക്കു പോലും മാറ്റമില്ല. കളിമണ്ണുകൊണ്ടുണ്ടാക്കിയ വീട്ടിൽ കേരളത്തിലെ പഴയ കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA